Film News

മലയാള സിനിമയില്‍ സ്ത്രീകള്‍ ഇപ്പോഴും സുരക്ഷിതരല്ല: അഞ്ജലി മേനോന്‍

മലയാള സിനിമാ മേഖലയില്‍ ഇപ്പോഴും സ്ത്രീകള്‍ അരക്ഷിതരെന്ന് സംവിധായിക അഞ്ജലി മേനോന്‍. ജോലി സ്ഥലത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നിയമം ഇപ്പോഴും മലയാള സിനിമയില്‍ നടപ്പാക്കിയിട്ടില്ല. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരം കാണാനും നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ പുറത്തുവിടാത്തതും അങ്ങേയറ്റം നിരാശജനകമാണ്. ഡബ്ല്യു.സി.സി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട 2017 മുതല്‍ ഇതുവരെയുള്ള 5 വര്‍ഷത്തിനിടയില്‍ ഒരുമാറ്റത്തിനും വഴിയൊരുങ്ങിയിട്ടില്ലെന്ന് മീഡിയ വണ്‍ എഡിറ്റോറിയല്‍ അഭിമുഖത്തില്‍ അഞ്ജലി മേനോന്‍ പറഞ്ഞു.

അഞ്ജലി മേനോന്റെ വാക്കുകള്‍:

ലൈംഗിക ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം പ്രതീക്ഷിച്ചാണ് എത്രയോ വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്നില്‍ മണിക്കൂറുകള്‍ എടുത്ത് തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. എല്ലാത്തിനും ഒരു മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് അന്ന് എല്ലാവരും കമ്മിറ്റിയോട് സഹകരിച്ചത്. പക്ഷെ വഞ്ചിതരായെന്ന തോന്നലാണ് അവര്‍ക്ക് ഇപ്പോള്‍. അതയാത് കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ പുറത്തുവരാതിരിക്കുകയും നിര്‍ദേശങ്ങള്‍ നടപ്പിലാക്കാതിരിക്കുകയും ചെയ്തതോടെ സിനിമയില്‍ എല്ലാം അതേപടി തുടരുകയാണ്.

ജോലി സ്ഥലത്ത് സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടാതിരിക്കുന്നതിനുള്ള നിയമം ഇപ്പോഴും മലയാള സിനിമയില്‍ നടപ്പാക്കിയിട്ടില്ലെന്നും അഞ്ജലി മേനോന്‍ പറയുന്നു.

പോഷ് ആക്റ്റ് (Prevention of Sexual Harrassment Act) 2013ലാണ് പുറത്തിറക്കുന്നത്. വിശാഖ മാനദണ്ഡങ്ങള്‍ക്ക് പകരമായാണ് ഈ ആക്റ്റ് വന്നിരിക്കുന്നത്. സിനിമ മേഖലയിലേക്ക് വരുമ്പോള്‍ പോഷ് ആക്റ്റ് വളരെ ചുരുക്കം കമ്പനികള്‍ മാത്രമാണ് നടപ്പിലാക്കി കണ്ടിട്ടുള്ളത്. 2013ല്‍ ഞാന്‍ എക്സല്‍ എന്റര്‍ട്ടെയിന്‍മെന്റ്സിന്റെ ഓഫീസില്‍ പോയപ്പോള്‍ 'ലൈംഗിക അതിക്രമം ഇവിടെ നിരോധിച്ചിരിക്കുന്നു' എന്ന പോസ്റ്റര്‍ ഞാന്‍ കണ്ടിരുന്നു. അതെന്നെ അത്ഭുതപ്പെടുത്തി. പക്ഷെ അത് ജോലി സ്ഥലത്ത് വളരെ നിര്‍ബന്ധമായ കാര്യമാണെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു. ഓരോ സിനിമ സെറ്റിലും അത്തരത്തിലുള്ള പോസ്റ്ററുകള്‍ വേണമെന്നാണ് നിയമം. അത് ചെയ്യാത്ത പക്ഷം ആ കമ്പനിക്കെതിരെ പിഴ ഏര്‍പ്പെടുത്തുകയോ, ലൈസന്‍സ് നിരോധിക്കുകയോ ചെയ്യാവുന്നതാണ്. അത്രയും ശക്തമായൊരു നിയമമാണ് പോഷ്. അത് വളരെ കൃത്യമായി തന്നെ എന്താണൊരു ജോലി സ്ഥലം, ആരാണ് ജോലി ചെയ്യുന്നവര്‍ എന്നൊക്കെ പറഞ്ഞു വെക്കുന്നുണ്ട്. അത് സ്ത്രീകള്‍ക്ക് അത്രയും സുരക്ഷ ഉറപ്പ് വരുത്താന്‍ വേണ്ടിയാണ്. ഇത് ഞങ്ങള്‍ ഓരോരുത്തരുടെയും അവകാശമാണ്. പക്ഷെ ജോലിസ്ഥലത്ത് സ്ത്രീ സുരക്ഷാ ഉറപ്പു വരുത്താനുള്ള നിയമം ഇപ്പോഴും മലയാള ചലച്ചിത്ര മേഖലയില്‍ നടപ്പാക്കിയിട്ടില്ല.'

പോഷ് ആക്റ്റില്ലാതെ പത്ത് പേര് ഒരു ജോലി സ്ഥലത്ത് ചെയ്യുന്ന എന്ത് കാര്യവും നിയമവിരുദ്ധമാണ്. അങ്ങനെ ഇരിക്കെയാണ് ഒരു സിനിമ മേഖല മുഴുവനും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വളരെ ചുരുക്കം യൂണിറ്റുകളിലാണ് ഒരു ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി പോലുള്ള കാര്യങ്ങള്‍ നടപ്പിലാക്കുന്നത്. അവര്‍ പോലും അത് പുറത്ത് പറയാന്‍ സാധിക്കാത്ത കാര്യമായാണ് നടപ്പിലാക്കുന്നതെന്നും അഞ്ജലി മേനോന്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുടെ രക്ഷയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ പുതു തലമുറയിലെ സംവിധായകരുടെ പിന്തുണ പോലും കിട്ടുന്നില്ല. അതിന് പ്രധാന കാരണം മിക്കവര്‍ക്കും ഇതേക്കുറിച്ച് ഒരു അവബോധമില്ല. പോഷ് എന്താണെന്ന് പോലും പലര്‍ക്കും അറിയില്ല. മലയാളത്തില്‍ ഒരുപാട് നടന്‍മാര്‍ ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ കൂടിയാണ്. അവരെല്ലാം സ്ത്രീകള്‍ക്ക് സിനിമ സെറ്റില്‍ സുരക്ഷ ഉറപ്പാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടതെന്നും അഞ്ജലി മേനോന്‍ പറയുന്നു. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ പുനരന്വേഷണം പ്രതീക്ഷ നല്‍കുന്നതാണെന്നും അഞ്ജലി മേനോന്‍ വ്യക്തമാക്കി.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT