Film News

'ഞങ്ങളുമായി ബന്ധപ്പെട്ട ഒരു കാര്യമല്ല, റിപ്പോർട്ടിൽ തീരുമാനം സർക്കാരിന്റേത്,' ഹേമ കമ്മറ്റി റിപ്പോർട്ടിൽ താരസംഘടന 'അമ്മ'യുടെ പ്രതികരണം

ഹേമാ കമ്മിറ്റിയെ സർക്കാർ നിയമിച്ചതാണെന്നും ആ റിപ്പോർട്ട് പുറത്തുവിടണോ വേണ്ടയോ എന്നത് സർക്കാരിന്റെ തീരുമാനമാണന്നും താരസംഘടനയായ 'അമ്മ'. കൊച്ചിയിൽ ചേർന്ന എക്സിക്യുട്ടീവ് കമ്മിറ്റിക്ക് ശേഷമാണ് പ്രതികരണം. ഹേമ കമ്മീഷൻ റിപ്പോർട്ടുമായി താരസംഘടനക്ക് യാതൊരു തരത്തിലുമുള്ള ബന്ധവുമില്ലെന്നും ജനറൽ സെക്രട്ടറിയും നടനുമായ സിദ്ധിഖ്. നടൻ സത്യന്റെ മകനായ സതീഷ് സത്യൻ അമ്മയിലെ അം​ഗത്വത്തിന് വേണ്ടി അപേക്ഷിച്ചില്ലെന്നും അ​ദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിച്ചതിന് ശേഷം സംഘടനയിലേക്ക് സ്വാ​ഗതം ചെയ്യുമെന്നും അമ്മ നേതൃത്വം വ്യക്തമാക്കി. സംഘടനയിൽ അപേക്ഷ നല‍്കിയിട്ടും അം​ഗത്വം നിഷേധിച്ചതായി സതീഷ് സത്യൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. രമേഷ് പിഷാരടി അമ്മ എക്സിക്യുട്ടീവ് ഇലക്ഷനുമായി ബന്ധപ്പെട്ട് ഉയർത്തിയ പ്രശ്നം അവസാനിച്ചുവെന്നും അടുത്ത ഇലക്ഷനിൽ അത്തരത്തിലുള്ള പരാതികൾ വരാത്ത വിധം മാനദണ്ഡങ്ങൾ വയ്ക്കുമെന്നും ജോയിന്റ് സെക്രട്ടറിമാരിൽ ഒരാളായ ജഗദീഷും അറിയിച്ചു.

AMMA അം​ഗങ്ങൾ പറഞ്ഞത്:

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ഞങ്ങളുമായി ബന്ധപ്പെട്ട ഒരു കാര്യമല്ല അത്. സർക്കാർ ലെവലിൽ സർക്കാർ നിയോ​ഗിച്ച ഒരു കമ്മീഷനാണ് ​ഹേമ കമ്മീഷൻ, റിപ്പോർട്ട് പബ്ലിഷ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സർക്കാരാണ്. അമ്മയ്ക്ക് അതുമായി യാതൊരു തരത്തിലുമുള്ള ഇടപെടലുമില്ല. താരങ്ങൾ പ്രതിഫലം ഉയർത്തുന്നു എന്ന ആരോപണം ആരും ഉന്നയിച്ചിട്ടില്ല. അത് നമുക്ക് അകത്തുള്ള കാര്യമാണ് എങ്കിൽ പോലും അങ്ങനെയുള്ള ഫീസിന്റെ കാര്യത്തിൽ ഇളവുകളും അതിന്റെ ഇൻസ്റ്റാൾമെന്റും ഒക്കെ നമ്മൾ ഇന്റേണലായിട്ട് തന്നെ തീരുമാനിച്ചിട്ടുണ്ട് അത്തരം ഒരു പരാതി ചലച്ചിത്ര മേഖലയിലെ ഒരു ഭാ​ഗത്ത് നിന്നും ഇനി ഉണ്ടാകില്ല. രമേഷ് പിഷാരടി ഉന്നയിച്ച പ്രശ്നത്തിന്റെ നിയമപരമായിട്ടുള്ള കാര്യങ്ങൾ അഭിഭാഷകരുമായിട്ട് ചർച്ച ചെയ്തിട്ടുണ്ട്. അതിന്റെ കാര്യത്തിൽ പുതിയ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കും. അടുത്ത ഇലക്ഷനിൽ അത്തരത്തിലുള്ള പരാതി വരാത്ത തരത്തിൽ മാനദണ്ഡങ്ങൾ വയ്ക്കും. സത്യന്റെ മകൻ സതീഷ് സത്യൻ അമ്മയിലെ അം​ഗത്വത്തിന് വേണ്ടി അപേക്ഷിച്ചിട്ടില്ല. അദ്ദേഹം ബന്ധപ്പെട്ടു എന്ന് പറയുന്നുണ്ട്. പക്ഷേ എന്റെ അറിവിൽ ഇല്ല. അദ്ദേഹവുമായി നേരിട്ട് സംസാരിച്ച് അദ്ദേഹത്തെ സംഘടനയിലേക്ക് സ്വാ​ഗതം ചെയ്യാൻ തന്നെയാണ് തീരുമാനം.

അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ജോമോളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തതായും സിദ്ധിഖ് അറിയിച്ചു. ഇടക്കാലത്ത് നിന്നുപോയ കൈനീട്ടം പദ്ധതി വീണ്ടും തുടങ്ങാനും യോ​ഗത്തിൽ തീരുമാനമായി. ഒപ്പം പുറത്തു നിന്നുള്ളവരെ കൂടി ഉൾക്കൊള്ളിച്ചു കൊണ്ട് അഭിനയം, നൃത്തം തുടങ്ങിയ മേഖലകളിൽ വർക് ഷോപ്പുകൾ നടത്തുമെന്നും അനു മോഹൻ, സരയു, അനന്യ, അൻസിബ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ അമ്മയുടെ സോഷ്യൽ മീഡിയ പേജുകൾ കൂടുതൽ സജീവമാക്കുമെന്നും സിദ്ധിഖ് അറിയിച്ചു

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT