അഖിൽ സത്യൻ-നിവിൻ പോളി ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് അൽത്താഫ് സലീം. ചിത്രത്തിന്റെ കഥയും വിഷനും അഖിലിന്റേതാണെന്നും താൻ തിരക്കഥയുടെ ഭാഗം മാത്രമാണെന്നും അൽത്താഫ് പറഞ്ഞു. അഖിൽ ഇപ്പോൾ കുറച്ച് പരസ്യചിത്രങ്ങളുടെ തിരക്കിലാണ്. അത് പൂർത്തിയായ ശേഷം സിനിമയുടെ മറ്റു വർക്കുകൾ ആരംഭിക്കും എന്നും അൽത്താഫ് ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ പറഞ്ഞു.
'അഖിൽ സംവിധാനം ചെയ്യുന്ന സിനിമയാണ്. നിവിനാണ് നായകൻ. അജു വർഗീസും സിനിമയുടെ ഭാഗമാണ്. ചിത്രത്തിന്റെ കഥയും വിഷനും അഖിലിന്റേത് തന്നെയാണ്. അത് അങ്ങനെ തന്നെയാകുന്നതാണ് നല്ലതും. തിരക്കഥയും സംഭാഷണവുമാണ് ഞാനും കൂടി കൊളാബ് ചെയ്ത് പോകുന്നത്. അതിന്റെ ആദ്യ ചർച്ചകൾ പൂർത്തിയായി. അഖിൽ ഇപ്പോൾ കുറച്ച് പരസ്യചിത്രങ്ങളുടെ തിരക്കിലാണ്. അത് പൂർത്തിയായ ശേഷം ഈ സിനിമയുടെ മറ്റു വർക്കുകൾ ആരംഭിക്കും. ഒരു അഖിൽ സത്യൻ ഫൺ സോൺ ചിത്രമായിരിക്കും അത്. എന്റേതായ ചെറിയ ടച്ച് ആ സിനിമയിലുണ്ടാകും. എപ്പോഴും സംവിധായകന്റെ വിഷനിൽ പോകുന്നതും സപ്പോർട്ടിങ് റൈറ്ററായി ഇരിക്കുന്നതുമാണ് എനിക്ക് ഇഷ്ടം,' അൽത്താഫ് സലീം പറഞ്ഞു.
സർവ്വം മായ റിലീസിന് മുന്നോടിയായി ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ വെച്ചാണ് അഖിൽ സത്യൻ അൽത്താഫ് സലീമിനൊപ്പം ഒരു സിനിമയുടെ വർക്ക് തുടങ്ങിയതായി വെളിപ്പെടുത്തിയത്. 'നിവിനൊപ്പമുള്ള പ്രോജക്ടുകൾ മാത്രമാണ് ഇപ്പോൾ ആലോചനയിൽ ഉള്ളത്. അത് അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ടാണ്. ഞാനും അൽതാഫ് സലീമും ചേർന്ന് ഒരു സിനിമയുടെ ചർച്ചയിലാണ്. അതും ഒരു എന്റർടെയ്നിങ് സിനിമയായിരിക്കും,' എന്നായിരുന്നു അഖിൽ പറഞ്ഞത്. ഈ വർഷം സിനിമയുടെ ലൊക്കേഷൻ ഹണ്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.