മോഹൻലാലിന്റെ 'എന്താ മോനേ' എന്ന വിളി വളരെ ഐക്കാണിക്കാണ് എന്ന് നടൻ അജു വർഗീസ്. മറ്റു പലരും ഈ വാക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും, മോഹൻലാലിന്റെ വിളിയിൽ എതിരെ നിൽക്കുന്നവർക്കുള്ള ബഹുമാനവും അടങ്ങിയിട്ടുണ്ട്. ആ വിളി സെലിബ്രേറ്റ് ചെയ്യപ്പെടേണ്ടതാണ്. ഈയടുത്ത് ഒരു വീഡിയോയിൽ കണ്ടത് പോലെ, ഇറ്റ്സ് നോട്ട് ഈസി ടു ബി മോഹൻലാൽ എന്നത് സത്യമാണ് എന്നും അജു വർഗീസ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
അജു വർഗീസിന്റെ വാക്കുകൾ
മോഹൻലാൽ സാറിന്റെ 'എന്താ മോനേ' എന്ന വിളി വളരെ ഐക്കോണിക്കാണ്. അത് പല സ്ഥലങ്ങളിൽ നിന്നും കേട്ടിട്ടുണ്ട്. നേരിട്ട് കേട്ടിട്ടുണ്ട്. എതിരെ നിൽക്കുന്നയാൾക്ക് പൂർണമായും ബഹുമാനം കൊടുത്തുകൊണ്ടാണ് അദ്ദേഹം മോനേ എന്ന് വിളിക്കുന്നത്. മറ്റുള്ളവർ വിളിക്കുമ്പോൾ ചിലപ്പോൾ ആ ബഹുമാനവും സ്നേഹവും ഒന്നും ഉണ്ടാവണമെന്നില്ല, പക്ഷെ, മോഹൻലാലിന്റെ വിളിക്ക് അതുണ്ട്. അത് സെലിബ്രേറ്റ് ചെയ്യപ്പെടേണ്ടതാണ്.
ഈയടുത്ത് ഒരു പയ്യൻ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ഇട്ടിരുന്നു. ആരോ എനിക്ക് അത് അയച്ചുതന്നു. മൈക്ക് തട്ടി മാറ്റിയ സംഭവം പോലും ഒരു പാഠമാണ്. രണ്ടുപേർക്കും അറിയാം അറിഞ്ഞുകൊണ്ട് സംഭവിച്ചതല്ല എന്ന്. എന്നാൽ അത് എന്ത് കയ്യടക്കത്തോടെയാണ് മോഹൻലാൽ നേരിട്ടത്. അത് അത്ര എളുപ്പമല്ല. അതുകൊണ്ടാണ് ആ വീഡിയോ ഞാൻ ശ്രദ്ധിച്ചത്. അതിൽ പറയുന്നുണ്ട്, ഇറ്റ്സ് നോട്ട് ഈസി ടു ബി മോഹൻലാൽ എന്ന്. ഞാൻ മാത്രമല്ല, മഹാരധന്മാരായ സംവിധായകരും ഇത് പറയുന്നുണ്ട്. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷത്തെക്കുറിച്ച്. അതുപോലൊരു കലാകാരനായി മാറുക അത്ര എളുപ്പമല്ലല്ലോ. ക്ഷമ, കംപാഷൻ, ബഹുമാനം, എല്ലാം കൊണ്ടും മോഹൻലാൽ എന്നാൽ ഐക്കോണിക്ക് തന്നെയാണ്.