തനിക്ക് ഇൻസ്റ്റഗ്രാമിനേക്കാൾ കൂടുതൽ താൽപര്യം ഫേസ്ബുക്കിനോടാണ് എന്ന് നടൻ അജു വർഗീസ്. യൂട്യൂബിലും ഫേസ്ബുക്കിലും ഉള്ളതുപോലെത്തന്നെ വീഡിയോ കണ്ടന്റുകൾ ഇൻസ്റ്റയിൽ നിന്നും ലഭിക്കുമെങ്കിലും വളരെ രസകരമായ എഴുത്തുകൾ നമുക്ക് ഫേസ്ബുക്കിൽ നിന്നേ ലഭിക്കാറുള്ളു. പിന്നെ, യൂട്യൂബ് ഇന്റർവ്യൂകളുടെ വലിയ ആരാധകരാണ് താനും ധ്യാൻ ശ്രീനിവാസനും എന്നും അജു വർഗീസ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
അജു വർഗീസിന്റെ വാക്കുകൾ
മൊബൈൽ ഫോണുകൾ നമ്മെ അഡിക്റ്റഡാക്കും. അതിന്റെ വിക്റ്റിമാണ് ഞാൻ. ടിവി അത്ര അഡിക്ഷനാകും മുന്നേ ജീവിതത്തിൽ നിന്നും പോയിരുന്നു. കാരണം, അപ്പോഴേക്കും കോളേജായി, പുറത്ത് പോയി. പക്ഷെ, മൊബൈൽ നമ്മളെ അഡിക്റ്റഡാക്കി കളയും. അതിലും സോഷ്യൽ മീഡിയയിൽ ഇൻസ്റ്റഗ്രാമിനോട് എനിക്ക് താൽപര്യമില്ല, ഞാൻ ഫേസ്ബുക്കിന്റെ ആളാണ്. എനിക്ക് റീൽസ് കാണുന്നത് ഇഷ്ടമല്ല, ഓരോ എഴുത്തുകൾ വായിക്കാനാണ് ഇപ്പോഴും താൽപര്യം. അത് ഫേസ്ബുക്കിലേ ഉള്ളൂ, ഇൻസ്റ്റയിൽ അതില്ല. പക്ഷെ, എന്തുതന്നെ ആണെങ്കിലും കൂടുതലും സിനിമാ സംബന്ധമായ കാര്യങ്ങൾ മാത്രമാണ് വായിക്കാറ്.
പിന്നെ ഞാൻ യൂട്യൂബിൽ വരുന്ന എല്ലാ ഇന്റർവ്യൂകളും ഞാൻ ഇരുന്ന് കാണാറുണ്ട്. ഞാൻ മാത്രമല്ല ധ്യാനും അതിന്റെ ആളാണ്. കാരണം, ഓരോരുത്തർക്കും അവരവരുടേതായിട്ടുള്ള കഥകൾ പറയാനുണ്ടാകും. ബേസിക്കലി, എല്ലാവർക്കും മറ്റുള്ളവരുടെ കാര്യം അറിയാൻ ഭയങ്കര ഇഷ്ടമാണ്. ഞാൻ അത്ര വലിയ ട്രാവലറൊന്നും അല്ല. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയൊക്കെ കാണണമെങ്കിൽ അത്രമാത്രം പ്രധാനപ്പെട്ട ഒന്നായിരിക്കണം. ഉദാഹരണത്തിന് മോഹൻലാൽ സിനിമകൾ. പക്ഷെ പരമാവധി സിനിമകളും തിയറ്ററിൽ പോയി കാണാൻ ശ്രമിക്കാറുണ്ട്.