അജിത്തിനെ നായകനാക്കി മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വിടാമുയർച്ചി. ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. എന്നാൽ ടീസർ പുറത്തു വന്നതിന് പിന്നാലെ ചിത്രത്തിനെതിരെ നോട്ടീസ് അയച്ചിരിക്കുകയാണ് ഹോളിവുഡിലെ പ്രമുഖ നിർമാണ കമ്പനിയായ പാരാമൗണ്ട് പിക്‌ചേഴ്‌സ്. പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് 150 കോടിയുടെ നോട്ടിസാണ് വിടാമുയര്‍ച്ചിയുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സിന് പാരാമൗണ്ട് പിക്‌ചേഴ്‌സ് അയച്ചിരിക്കുന്നത്. എന്നാല്‍ ലൈക്കയോ വിടാമുയര്‍ച്ചി ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകരോ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
1997ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ക് ഡൗണിന്റെ റീമേക്കായാണ് വിടാമുയര്‍ച്ചി ഒരുങ്ങുന്നതെന്ന് നേരത്തെ തന്നെ സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറിലും ഈ ചിത്രവുമായുള്ള സാദൃശ്യം പ്രകടമാണെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാരമൗണ്ട് പിക്‌ചേഴ്‌സ് 15 മില്യൺ യുഎസ് ഡോളർ (150 കോടി) നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദൂരെ യാത്ര പോകുന്ന ദമ്പതികളുടെ കാർ കേടാകുകയും അവരെ സഹായിക്കാനായി ഒരു ട്രക്ക് ഡ്രൈവർ എത്തുന്നതും തുടർന്ന് ആ ദമ്പതികളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ബ്രേക്ക് ഡൗണിന്റെ ഇതിവൃത്തം.
അതേസമയം പൊങ്കൽ റിലീസായി ജനുവരിയിലാണ് വിടാമുയർച്ചി തിയറ്ററുകളിലെത്തുക. 'മങ്കാത്ത' എന്ന ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ മറ്റൊരു പ്രത്യേകത. ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അർജുനും റെജീന കസാന്ദ്രയും ചിത്രത്തിൽ വില്ലൻ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത് കുമാർ കോംബോ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വിടാമുയർച്ചി'. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിയിട്ടുണ്ട്.