വനിത തിയറ്ററിലേക്ക് പോകാൻ തന്നെ പേടിയാണ് എന്ന് നടി സാനിയ അയ്യപ്പൻ. സുഹൃത്തിന്റെ പടത്തിന്റെ റിലീസിന് പോലും ബുക്ക് ചെയ്ത തിയറ്റർ വനിതയാണെന്ന് അറിഞ്ഞ് വരുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്. കുറെപ്പേർ ചേർന്ന് ഫാൻസി ഡ്രസ്സ് കോമ്പറ്റീഷൻ നടത്തുന്ന ഒരു സ്ഥലമായി വനിത തിയറ്റർ മാറിയിട്ടുണ്ടെന്നും മീഡിയ എന്തിന് വേണ്ടിയിട്ടാണ് ഇത്തരം ആളുകളെക്കൊണ്ട് കോമാളിത്തരങ്ങൾ ചെയ്യിക്കുന്നതെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും സാനിയ പറയുന്നു. മീഡിയയുടെ കോണ്ടന്റിന് വേണ്ടി അവർ കോമാളിത്തരം കാട്ടുകയാണെല്ലോ. അവർക്ക് ഇത് മനസ്സിലാവുന്നുണ്ടോ എന്നോർത്ത് ചില സമയത്ത് എനിക്ക് വിഷമം തോന്നും. അതേ സമയം അത് വളരെ അരോചകവുമാണ്. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സാനിയ പറഞ്ഞു.
സാനിയ പറഞ്ഞത്:
എന്റെ ഒരു സുഹൃത്തിന്റെ പടത്തിന്റെ റിലീസ് ഉണ്ടായിരുന്നു. ഞാൻ വളരെ ആവേശത്തിൽ അവനോട് ചോദിച്ചു നീ എന്താ എന്നെ വിളിക്കാതിരുന്നത് എന്ന്. ഞാൻ ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തിട്ടുണ്ട് നീ വരുന്നെങ്കിൽ വാ എന്ന് അവൻ പറഞ്ഞു. നീ ഏത് തിയറ്ററിലാണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് ഞാൻ അവനോട് ചോദിച്ചു. വനിത തിയറ്ററിലാണെന്ന് മറുപടി വന്നപ്പോൾ ഞാൻ വരുന്നില്ല പിന്നെ പോയി ഞാൻ സിനിമ കണ്ടോളാം എന്നു പറഞ്ഞു. ഫാൻസി ഷോ നടക്കുന്ന ഒരു സ്ഥലം പോലെ ആയി മാറി അവിടം. എന്താണ് പറയേണ്ടതെന്ന് അറിയില്ല. അവിടെ പോകാൻ പേടിയാണ്. എന്തൊക്കെയാണ് അവിടെ നടക്കുന്നത്? മീഡിയ എന്തിനാണ് ഈ പാവങ്ങളെ ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എനിക്ക് ചില സമയത്ത് പാവം തോന്നും. സാധുക്കൾ എന്ത് മനസ്സിലാക്കിയിട്ടാണ് എന്ന്. മീഡിയയുടെ കോണ്ടന്റിന് വേണ്ടി അവർ കോമാളിത്തരം കാട്ടുകയാണെല്ലോ. അവർക്ക് ഇത് മനസ്സിലാവുന്നുണ്ടോ എന്നോർത്ത് ചില സമയത്ത് എനിക്ക് അവരെയോർത്ത് വിഷമം തോന്നും. അതേ സമയം അത് വളരെ അരോചകവുമാണ്.