variyamkunnan
variyamkunnan 
Film News

'വാരിയംകുന്നന്‍, പൃഥ്വിരാജും ആഷിക് അബുവും പിന്‍മാറി; നിര്‍മ്മാതാക്കളുമായി ഭിന്നത

'മലബാര്‍ കലാപം' പശ്ചാത്തലമാക്കി ആഷിക് അബു സംവിധാനം ചെയ്യാനിരുന്ന 'വാരിയംകുന്നന്‍' എന്ന സിനിമ അനിശ്ചിതത്വത്തില്‍. സിനിമയില്‍ നിന്ന് പൃഥ്വിരാജ് സുകുമാരനും സംവിധായകന്‍ ആഷിക് അബുവും പിന്‍മാറി. സിനിമയുടെ നിര്‍മ്മാതാക്കളുമായുള്ള ഭിന്നതകളെ തുടര്‍ന്ന് ഏഴ് മാസം മുമ്പ് തന്നെ പൃഥ്വിരാജും ആഷിക് അബുവും കഴിഞ്ഞ വര്‍ഷം തന്നെ സിനിമയില്‍ നിന്ന് പിന്‍മാറിയിരുന്നുവെന്നാണ് അറിയുന്നത്.

വിക്രമിനെ നായനാക്കി അന്‍വര്‍ റഷീദാണ് വാരിയംകുന്നന്‍ ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീട് ഈ പ്രൊജക്ട് ആഷിക് അബു ഏറ്റെടുക്കുകയായിരുന്നു. അന്‍വര്‍ റഷീദ് കൂടുതല്‍ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പ്രൊജക്ട് അന്ന് ഉപേക്ഷിച്ചിരുന്നതെന്ന് സഹതിരക്കഥാകൃത്ത് റമീസ് ദ ക്യുവിനോട് പ്രതികരിച്ചിരുന്നു. വാരിയംകുന്നന്‍ 2021ല്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചിക്കുന്നത്. സിക്കന്ദര്‍, മൊയ്തീന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കോംപസ് മുവീസും ആഷിഖ് അബുവും റിമാ കല്ലിങ്കലും നേതൃത്വം നല്‍കുന്ന ഒപിഎം സിനിമാസുമായിരുന്നു നിര്‍മ്മാണം. ഉണ്ട, പുഴു എന്നീ സിനിമകളുടെ തിരക്കഥാകൃത്തുക്കളായ ഹര്‍ഷദും റമീസും ചേര്‍ന്നാണ് വാരിയംകുന്നന്‍ തിരക്കഥ എഴുതിയത്. മുഹസിന്‍ പരാരിയായിരുന്നു കോ ഡയറക്ടര്‍. ഷൈജു ഖാലിദ് ക്യാമറയും.

സിനിമ ഉപേക്ഷിക്കണമെന്നും പുറത്തിറക്കിയാല്‍ പ്രതിഷേധിക്കുമെന്നും സംഘപരിവാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണവും നടന്നിരുന്നു. സിനിമയില്‍ നിന്ന് പിന്‍മാറണമെന്ന് ബിജെപി-ആര്‍.എസ്.എസ് നേതാക്കള്‍ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പൃഥ്വിരാജിനോട് ആവശ്യപ്പെട്ടിരുന്നു.

വാരിയംകുന്നന്‍ ഉപേക്ഷിച്ചതിന് പിന്നാലെയാണ് ആഷിക് അബു പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈക്കം മുഹമ്മദ് ബഷീറിന്റെ 'നീലവെളിച്ചം' ആസ്പദമാക്കി ഇതേപേരിലുള്ള സിനിമ പ്രഖ്യാപിച്ചതെന്നാണ് അറിയുന്നത്. കുഞ്ചാക്കോ ബോബന്‍, റിമ ലീന രാജന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് നീലവെളിച്ചത്തിലെ അഭിനേതാക്കള്‍. ബഷീറിന്റെ 113ാം ജന്മദിനത്തിലാണ് ഈ സിനിമ പ്രഖ്യാപിച്ചിരുന്നത്.

പൃഥ്വിരാജ് സുകുമാരന്‍ വാരിയംകുന്നന്‍ ഉപേക്ഷിച്ചത് സംഘപരിവാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശങ്കു.ടി ദാസ് ഉള്‍പ്പെടെയുള്ളവരുടെ വാദം. വാരിയംകുന്നന്‍ സിനിമ ചെയ്യുന്നതില്‍ ഇടതുപക്ഷ സഹയാത്രികനായ ആഷിക് അബു സിപിഎമ്മിനകത്ത് നിന്നും എതിര്‍പ്പ് നേരിട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആഷിക് അബുവും പൃഥ്വിരാജ് സുകുമാരനും പിന്‍മാറിയ സാഹചര്യത്തില്‍ മറ്റൊരു ടീമുമായി സിനിമയുമായി മുന്നോട്ട് പോകുമോ എന്ന കാര്യത്തില്‍ നിര്‍മ്മാതാക്കളും തിരക്കഥാകൃത്തുക്കളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

SCROLL FOR NEXT