Film News

മാർച്ച 12 പാർവതിയുടെ ദിനം; റിലീസ് ചെയ്യുന്നത് രണ്ട് ചിത്രങ്ങൾ

പാർവതി കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ആർക്കറിയാം' 'വർത്തമാനം' എന്നീ ചിത്രങ്ങളുടെ റിലീസ് തീയതി മാറ്റി. മാര്‍ച്ച് 12ലേക്കാണ് രണ്ട് സിനിമകളുടെയും റിലീസ് തീയതി മാറ്റിവെച്ചത്. ഫെബ്രുവരി 26ന് ആയിരുന്നു 'ആര്‍ക്കറിയാം' എന്ന സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചിരുന്നത്. ഈ മാസം 19നായിരുന്നു 'വർത്തമാനം' റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.

സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ജെഎന്‍യു സമരം പ്രമേയമായ 'വർത്തമാനം' സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത് നേരത്തെ വിവാദം ആയിരുന്നു. മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി ആണ് ചെറുമാറ്റത്തോടെ ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കിയത്. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. ആര്യാടന്‍ ഷൗക്കത്താണ് വര്‍ത്തമാനത്തിന്റെ തിരക്കഥാകൃത്ത്. തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ പ്രദര്‍ശനാനുമതി നല്‍കുന്നതെന്നും അത് അംഗീകരിക്കാനാവില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ ചില രംഗങ്ങള്‍ ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചിരുന്നത്. ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും കഥാപാത്രങ്ങളാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. നിവിന്‍ പോളി നായകനായ സഖാവിന് ശേഷം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ത്തമാനം.

ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന 'ആര്‍ക്കറിയാം' ലോക്ക് ഡൗണ്‍ പശ്ചാത്തലമാകുന്ന സിനിമയാണ്. ബിജു മേനോന്റെ മേക്ക് ഓവര്‍ ആയിരുന്നു അപ്രതീക്ഷിതമായെത്തിയ സിനിമയിലെ ടീസറിലെ പ്രധാന ആകര്‍ഷണം. 72 കാരനായ റിട്ടയേഡ് അധ്യാപകനാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. സാനു ജോണ്‍ വര്‍ഗീസും രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനനുമാണ് തിരക്കഥ. ബിജു മേനോന്റെ മകളുടെ റോളിലാണ് പാര്‍വതി തിരുവോത്ത്. നേരത്തെ ആസിഫലിയുടെ അച്ഛന്‍ കഥാപാത്രമായി അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയില്‍ ബിജു മേനോന്‍ എത്തിയിരുന്നു. കോട്ടയം വാമൊഴിയിലാണ് ഈ രണ്ട് കഥാപാത്രങ്ങളുടെയും സംഭാഷണം. ജി ശ്രീനിവാസ റെഡ്ഡിയാണ് ക്യാമറ. മഹേഷ് നാരായണന്‍ എഡിറ്റിംഗ്. ഷറഫുദ്ദീനാണ് മറ്റൊരു പ്രധാന റോളില്‍. ഒപിഎം സിനിമാസും മൂണ്‍ ഷോട്ട് എന്റര്‍ടെയിന്മെന്റും ചേര്‍ന്നാണ് നിര്‍മ്മാണം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT