Film News

'തിരക്കഥ പോലും കേട്ടില്ല, രജിനി സാർ പടം എന്ന് പറഞ്ഞപ്പോൾ തന്നെ ലോകേഷിനോട് സമ്മതം പറഞ്ഞു'; 'കൂലി'യിലെ അതിഥി വേഷം സ്ഥിരീകരിച്ച് ആമിർ ഖാൻ

രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയിൽ നടൻ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തും. ആമിർ ഖാൻ തന്നെയാണ് ഇക്കാര്യം ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്ഥിരീകരിച്ചത്. താൻ വലിയൊരു രജിനികാന്ത് ആരാധകനാണെന്നും ലോകേഷ് കൂലിയിലേക്ക് ക്ഷണിച്ചപ്പോൾ തിരക്കഥ പോലും കേൾക്കാതെയാണ് സിനിമയിലെ കാമിയോ വേഷത്തിന് വേണ്ടി താൻ സമ്മതം അറിയിച്ചതെന്നും സൂമിന് നൽകിയ അഭിമുഖത്തിൽ ആമിർ ഖാൻ വ്യക്തമാക്കി.

ആമിർ ഖാൻ‌ പറഞ്ഞത്:

ലോകേഷ് കനകരാജുമായി ഞാൻ ഒരു സിനിമ ചെയ്യുന്നുണ്ട്. കൂടാതെ കൂലിയിൽ ഒരു അതിഥി വേഷവും ഞാൻ ചെയ്യുന്നുണ്ട്. വളരെ ആസ്വദിച്ചാണ് ഞാൻ അത് ചെയ്തത്. രജിനികാന്തിന്റെ വലിയൊരു ആരാധകനാണ് ഞാൻ. അദ്ദേഹത്തോട് എനിക്ക് ഒരുപാട് സ്നേഹവും ബഹുമാനവും ഉണ്ട്. അതുകൊണ്ട് തന്നെ തിരക്കഥ പോലും ഞാൻ കേട്ടില്ല. രജിനിസാറിന്റെ സിനിമയിൽ ഒരു കാമിയോ ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ തന്നെ അദ്ദേഹത്തോട് ഞാൻ ഓക്കെ പറയുകയാണ് ഉണ്ടായത്. കൈതിക്ക് ശേഷം ലോകേഷും ഞാനും ഒന്നിക്കുന്ന സിനിമ അടുത്ത വർഷം ആരംഭിക്കും.

മാനഗരം, കൈതി, മാസ്റ്റര്‍, വിക്രം, ലിയോ എന്നീ സിനിമകള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. 350 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.

അതേസമയം സിത്താകരേ സമീൻ പർ ആണ് ഇനി തിയറ്ററുകളിലേക്ക് എത്താനിരിക്കുന്ന പുതിയ ആമിർ ഖാൻ ചിത്രം. ചിത്രം ജൂൺ 20 ന് ലോകമെമ്പാടും റിലീസ് ചെയ്യും. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ - എഹ്സാൻ - ലോയ് ആണ് സംഗീതം. മൂന്ന്‌ വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററിലെത്തുന്ന ആമിർ ഖാൻ സിനിമയാണിത്.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT