Film News

'ഈ പുരസ്കാര വേദിയിലും എനിക്ക് സന്തോഷിക്കാൻ കഴിയുന്നില്ല, വയനാട്ടിലെ എന്റെ ജനങ്ങൾ അതിജീവനത്തിന് വേണ്ടി കഷ്ടപ്പെടുകയാണ്'; മമ്മൂട്ടി

അറുപത്തിയൊമ്പതാം ഫിലിം ഫെയർ അവാർഡ്‌സിൽ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി നടൻ മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‍കാരം സ്വന്തമാക്കിയത്. അവാർഡ് ഏറ്റുവാങ്ങിയ ശേഷം മമ്മൂട്ടി നടത്തിയ പ്രസം​ഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാണ്. ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവർത്തകർക്കും നന്ദി അറിയിച്ച മമ്മൂട്ടി ഇത് തന്‍റെ 15 -ാമത്തെ ഫിലിം ഫെയര്‍ അവാര്‍ഡാണെന്നും എന്നാല്‍ ഈ അവാര്‍ഡ് നേട്ടം തന്നെ സന്തോഷിപ്പിക്കുന്നില്ലെന്നും പറ‍ഞ്ഞു. വയനാടിന്‍റെ വേദനയാണ് മനസിലെന്നും. ജീവനും ഉപജീവനവും നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണെന്നും മമ്മൂട്ടി പറഞ്ഞു. 2023 -ൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങൾക്കുള്ള പുരസ്‍കാരങ്ങളാണ് ഫിലിം ഫെയർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതും വിതരണം ചെയ്തതും. 1980 - കൾ മുതലുള്ള അഞ്ച് ദശാബ്ദങ്ങളിലും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് നേടിയ ഒരേയൊരു ഇന്ത്യൻ നടൻ കൂടിയായി ഇതോടെ മമ്മൂട്ടി മാറി.

നമസ്കാരം, ഫിലിം ഫെയറിന് നന്ദി, ഇത് എന്റെ പതിനഞ്ചാമത്തെ ഫിലിം ഫെയർ അവാർഡാണ്. നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലെ അഭിനയത്തിനാണ് എനിക്ക് ഈ അവാർഡ് ലഭിച്ചിരിക്കുന്നത്. മലയാളവും തമിഴും ഒരു പോലെ കടന്നുവരുന്ന ബൈലിം​ഗ്വൽ സിനിമയാണ് നൻപകൽ നേരത്ത് മയക്കം. തമിഴും മലയാളവും തുല്യമായി കടന്നുവരുന്ന കഥാപാത്രത്തെയാണ് ഞാൻ ഈ സിനിമയിൽ അവതരിപ്പിച്ചത്. ഞാൻ തന്നെയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. എന്റെ സംവിധായകനും ടീമിനും സഹതാരങ്ങൾക്കും ഞാൻ നന്ദി അറിയിക്കുന്നു.

അവാർഡ് ദാന ചടങ്ങിൽ ഏറെ വികാരാധീനനായാണ് മമ്മൂട്ടി സംസാരിച്ചത്. വയനാട് ദുരന്തത്തിൽ അകപ്പെട്ട തന്റെ മനുഷ്യരെ ഈ വേദിയിൽ താൻ ഓർക്കുന്നു എന്ന് പറഞ്ഞ മമ്മൂട്ടി അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള എല്ലാതരത്തിലുമുള്ള പിന്തുണയും അദ്ദേഹം വേദിയിൽ അഭ്യർത്ഥിച്ചു.

നേരത്തെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ രക്ഷാപ്രവര്‍ത്തനത്തിനായി മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേർന്ന് വയനാടിന് സാമ്പത്തിക സഹായം നല്‍കിയിരുന്നു. മമ്മൂട്ടിയുടെ 20 ലക്ഷവും ദുല്‍ഖറിന്റെ 15 ലക്ഷവും ചേര്‍ത്ത് 35 ലക്ഷം രൂപയാണ് മന്ത്രി പി രാജീവിന് മമ്മൂട്ടി ആദ്യഘട്ട സഹായമായി കൈമാറിയത്.

താൻ കൊടുത്തത് ഒരു ചെറിയ സംഖ്യയാണ് എന്നും ആവശ്യമായി വന്നാല്‍ ഇനിയും കൊടുക്കാന്‍ തയാറാണ് എന്നുമാണ് ചെക്ക് കെെമാറിക്കൊണ്ട് മമ്മൂട്ടി അറിയിച്ചത്. എല്ലാവരും അവര്‍ക്ക് കൊടുക്കാന്‍ കഴിയുന്ന പോലെ സഹായിക്കണം എന്നും രണ്ടു ദിവസം മുന്‍പുള്ള അവസ്ഥയല്ല അവര്‍ക്കിപ്പോളുള്ളതെന്നും മമ്മൂട്ടി പറഞ്ഞു. ഇതിന് പുറമേ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന വയനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങാവാന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷനും രം​ഗത്തുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT