തലസ്ഥാന നഗരം ചലച്ചിത്രോത്സവത്തിന്റെ ആഘോഷത്തിലാണ്. ഡിസംബർ 13 മുതൽ 20 വരെയാണ് സിനിമ പ്രേമികൾക്ക് വേണ്ടി ചലച്ചിത്ര മേള നടക്കുന്നത്. ഭാഷയും സംസ്കാരവും കടന്ന് സിനിമകൾ ചർച്ച ചെയ്യപ്പെടുന്ന iffk യുടെ വേദിയിൽ ഇക്കുറി മലയാളത്തിൽ നിന്ന് ഒരുപിടി നവാഗത സംവിധായകരും തങ്ങളുടെ സിനിമയുമായി എത്തുന്നുണ്ട്. ഫാസിൽ മുഹമ്മദ്, ശിവരഞ്ജിനി, മിഥുൻ മുരളി, ശോഭന പടിഞ്ഞാറ്റിൽ, സിറിൾ എബ്രഹാം, ആദിത്യ ബേബി എന്നിവർ സ്വന്തം സിനിമയുമായി ഫെസ്റ്റിവലിന്റെ ഭാഗമാകുന്നതിന്റെ അനുഭവം ക്യു സ്റ്റുഡിയോയുമായി പങ്കുവയ്ക്കുന്നു.
കിസ് വാഗൺ / മിഥുൻ മുരളി
ഒരുപാട് കാലമായി ഡെലിഗേറ്റായി പങ്കെടുക്കുന്ന ഫിലിം ഫെസ്റ്റിവലാണിത്. ഇവിടെ സ്വന്തം സിനിമ പ്രദർശിപ്പിക്കണം എന്നത് ഒരു ആഗ്രഹമായിരുന്നു. എന്റെ ആദ്യത്തെ രണ്ട് സിനിമകൾ ഇവിടെ അയച്ചിരുന്നില്ല. മൂന്നാമത്തെ സിനിമയായ 'കിസ് വാഗണി'ലാണ് എനിക്ക് ആ ആഗ്രഹം സാധിച്ചത്. വളരെ സന്തോഷമുണ്ട്. മറ്റുള്ള ഫെസ്റ്റിവലുകളെ വെച്ച് നോക്കുമ്പോൾ ആളുകൾ സിനിമയെ കൂടുതൽ സ്വീകരിച്ച ഒരു ഫെസ്റ്റിവലായിരുന്നു ഇത്.
വിക്ടോറിയ / ശിവരഞ്ജിനി
ഡയറക്ടർ എന്ന നിലയിൽ ഇത്തവണ iffk യിൽ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ട്. കഴിഞ്ഞ ദിവസം നടന്ന വിക്ടോറിയ എന്ന എന്റെ ചിത്രത്തിന്റെ പ്രീമിയർ ഷോയിൽ ഒരുപാട് പേർ സിനിമ കാണാൻ എത്തിയിരുന്നു. ഇത്രയും കാലം ഞാനും ക്യൂവിൽ നിന്ന് സിനിമ കാണുകയായിരുന്നല്ലോ. സ്വന്തം സിനിമയ്ക്കും ആളുകൾ അങ്ങനെ വന്നു കാണുന്നു എന്നുള്ളത് വലിയ അത്ഭുതമാണ്. ഇത്തവണ ഒരുപാട് പുതിയ ആളുകളുടെ സിനിമകളുണ്ട്. അതെല്ലാം കാണാൻ ശ്രമിക്കുന്നുണ്ട്.
ഫെമിനിച്ചി ഫാത്തിമ / ഫാസിൽ മുഹമ്മദ്
'ആയിരത്തൊന്ന് നുണകൾ' എന്ന സിനിമയിൽ മുൻപ് ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. ആ സിനിമ ചെയ്തപ്പോൾ തന്നെ മനസ്സിലുണ്ടായിരുന്നതാണ് സ്വന്തം സിനിമയുമായി ഫെസ്റ്റിവലിൽ വരണം എന്നുള്ളത്. ഈ വർഷം അത് സാധിച്ചു. മത്സരവിഭാഗത്തിൽ തന്നെ വരാൻ കഴിഞ്ഞു എന്നുള്ളതാണ്. ഇത്രയും കാലം സിനിമയിൽ വർക്ക് ചെയ്തതിന്റെ ഫലമാണിത്. ഞാൻ സിനിമയ്ക്ക് വേണ്ടി കൊടുത്ത ഒരു സമയമുണ്ട്. ആ സമയത്തിന്റെ റിസൾട്ടാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. സിനിമ ആളുകൾ കണ്ട് മികച്ച അഭിപ്രായമാണ് പറയുന്നത്.
കാമദേവൻ നക്ഷത്രം കണ്ടു/ ആദിത്യ ബേബി
ഒരുപാട് സന്തോഷമുണ്ട് ഫെസ്റ്റിവലിന്റെ ഭാഗമായതിൽ. കാരണം യാതൊരു ലാഭവും നോക്കാതെ സിനിമ മാത്രം സ്വപ്നം കണ്ട് നടന്നിരുന്ന ഒരു കൂട്ടം ആളുകളുടെ പ്രയത്‌നമാണ് 'കാമദേവൻ നക്ഷത്രം കണ്ടു' എന്ന സിനിമ. iffk പോലൊരു വേദിയിൽ സിനിമ പ്രദർശിപ്പിക്കപ്പെടുന്നു എന്നത് വലിയ സന്തോഷമാണ്. സിനിമയാണ് ഞങ്ങളുടെ ടീമിനെ കൂട്ടിച്ചേർത്തത്. 52 സ്ത്രീ സംവിധായകരുടെ സിനിമകളാണ് ഇത്തവണ ഫെസ്റ്റിവലിൽ ഉള്ളത്. സ്ത്രീ പ്രാധിനിത്യം ഉറപ്പു വരുത്തിയിട്ടുള്ള ചലച്ചിത്രോത്സവം തന്നെയാണിത്. ഇങ്ങനെയൊരു വേദിയിൽ വന്നു നിൽക്കാൻ കഴിയുന്നു എന്നത് ഒരുപാട് അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണ്.
ഗേൾ ഫ്രണ്ട്‌സ്/ ശോഭന പടിഞ്ഞാറ്റിൽ
വളരെ എക്സൈറ്റിങ് ആയ അനുഭവമാണ് iffk യിൽ നിന്ന് ലഭിക്കുന്നത്. ഇതുവരെ പ്രേക്ഷക എന്ന നിലയിലാണ് iffk യിൽ പങ്കെടുത്തിട്ടുള്ളത്. ഒരു വർഷം ഞാനും എന്റെ സിനിമയുമായി വരും എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. അടുത്ത കൊല്ലം എന്റെ സിനിമ ഉണ്ടാകുമെന്ന് എന്റെ അടുത്ത സുഹൃത്തുക്കളോട് പറയുമായിരുന്നു. ഇപ്പോൾ അത് സാധ്യമായി. വളരെ മുൻപ് തൊട്ടു തന്നെ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാറുണ്ടായിരുന്നു. വളരെ കുറച്ച് സ്ത്രീകൾ മാത്രമാണ് ആ സമയത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാറുണ്ടായുള്ളു. ഒരു ഷോയ്ക്ക് മാക്സിമം പത്ത് സ്ത്രീകൾ ഒക്കെയാണ് ഉണ്ടാകാറുണ്ടായിരുന്നത്. കുറെ ആണുങ്ങളുടെ ഇടയിൽ കുറച്ചു സ്ത്രീകൾ മാത്രം ഉള്ളപ്പോൾ എല്ലാവരും അവരെ ശ്രദ്ധിക്കും. ശ്രീചിത്ര ലൈബ്രറിയിൽ ട്രെയ്‌നിയായി ജോലി ചെയ്യുകയായിരുന്നു ആ സമയത്ത്. ഫെസ്റ്റിവലിൽ പോകുമ്പോൾ അവിടെയുള്ളവർ പരിഹസിക്കുമായിരുന്നു. അന്ന് പരിഹസിച്ചവരൊക്കെ ഇന്ന് സിനിമ കാണാൻ ക്യൂ നിൽക്കുകയാണ്. ഒരുപാട് പെൺകുട്ടികൾ സിനിമ കാണാൻ എത്തുന്നുണ്ട്.
വാട്ടുസി സോംബി/സിറിൾ എബ്രഹാം
എന്റെ ആദ്യത്തെ iffk യാണിത്. മുൻപ് iffk യിൽ വരാൻ ആഗ്രഹിച്ചിരുന്നു. പരീക്ഷകൾ പലപ്പോഴും ഈ സമയത്ത് നടക്കുന്നതുകൊണ്ടാണ് മിസ്സായത്. ഈ വർഷം വരാൻ പറ്റിയതിൽ സന്തോഷമുണ്ട്. സ്വന്തം സിനിമ ആളുകൾ ബുക്ക് ചെയ്തും ക്യൂ നിന്നും കാണുന്നു എന്നത് ഇതുവരെ എക്സ്പീരിയൻസ് ചെയ്യാത്ത ഒന്നാണ്. സിനിമ തിയറ്ററിൽ എത്തുമ്പോഴുള്ള ഒരു സന്തോഷമുണ്ട്. സിനിമയെക്കുറിച്ച് നല്ല അഭിപ്രായമാണ് ഇതുവരെ കേട്ടത്. വ്യത്യസ്തമായ പ്രതികരണങ്ങൾ ലഭിക്കുന്നത് നല്ല കാര്യമായിട്ടാണ് തോന്നുന്നത്. ഇത്രയും കാലം ചെയ്ത കാര്യങ്ങൾ യൂട്യൂബിൽ റിലീസ് ചെയ്യുമ്പോൾ സുഹൃത്തുക്കൾ മാത്രമാണ് കണ്ടിട്ടുള്ളത്. അവർ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും പൊതുവായി ആളുകളുടെ അഭിപ്രായം എന്താണെന്ന് അറിയാൻ കഴിയില്ലായിരുന്നു. ആ രീതിയിൽ നോക്കുമ്പോൾ ഇവിടെ കാര്യങ്ങൾ വ്യത്യസ്തമാണ്. പ്രേക്ഷകരെ നോക്കുമ്പോൾ പല പ്രായത്തിലുള്ള വ്യത്യസ്തരായ ആളുകളാണ് സിനിമ കാണുന്നത്.