Film Events

ഹാസ്യവും ക്രൗര്യവും ദൈന്യതയും സൂക്ഷ്മ തലത്തില്‍ ഒരേ പോലെ വഴങ്ങുന്ന മൂന്നു മുഖങ്ങള്‍, മീനയെ ഓര്‍ത്തെടുത്ത് ശാരദക്കുട്ടി

നടി മീനയെ ചരമവാര്‍ഷിക ദിനത്തില്‍ ഓര്‍ത്തെടുത്ത് എഴുത്തുകാരി ശാരദക്കുട്ടിയുടെ കുറിപ്പ്. ഹാസ്യവും ക്രൗര്യവും ദൈന്യതയും സൂക്ഷ്മ തലത്തില്‍ ഒരേ പോലെ വഴങ്ങുന്ന മൂന്നു മുഖങ്ങള്‍ മലയാളത്തില്‍ കല്‍പനക്കും ഉര്‍വ്വശിക്കും മീനക്കുമാണ് കണ്ടിട്ടുള്ളതെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ എഴുതുന്നു.

ശാരദക്കുട്ടിയുടെ കുറിപ്പ്

ചന്ദനം മാത്രമല്ല, കാഞ്ഞിരവും മണക്കുന്ന മീനയെ ആണെനിക്കിഷ്ടം

മീന എന്ന മലയാളത്തിലെ മികച്ച നടിയുടെ ഓര്‍മ്മ ദിവസമാണിന്ന് മീന എന്നു ഗൂഗിളില്‍ സര്‍ച്ച് ചെയ്താല്‍ പഴയ കാല നടി മീനയെ കിട്ടാന്‍ പ്രയാസപ്പെടും . ഭാസി - മീന, ബഹദൂര്‍-മീന എന്നൊക്കെ ചേര്‍ത്തു കൊടുത്താലേ കിട്ടു.

മിഥുനത്തിലെ ചെവി പൊത്തിപ്പിടിച്ച് അയ്യോ എന്നലറുന്ന മീന , പിന്നാലെ ദേഷ്യപ്പെട്ടു വരുന്ന മോഹന്‍ലാലിനെ ഭയന്ന് മുണ്ട് ഒരു കൈ കൊണ്ട് തെറുത്തു പിടിച്ച് പറമ്പിലൂടെ ഓടുന്ന മീന, 'ഇനി അവളെങ്ങാനും നിങ്ങടെ പേരു പറയുമോ' എന്ന് ഭര്‍ത്താവിനോട് കൂസലില്ലാതെ ചോദിച്ച് ആട്ടു വാങ്ങുന്ന മേലേപ്പറമ്പില്‍ ആണ്‍വീട്ടിലെ മീന, ചട്ടക്കാരിയിലെ ശശി (മോഹന്‍ ) ന്റെ അമ്മ, മര്‍മ്മരത്തിലെ ദൈന്യത നിറഞ്ഞ മുഖമുള്ള ബ്രാഹ്മണസ്ത്രീ, സസ്‌നേഹത്തിലെ നായകന്റെ അമ്മ, സ്ത്രീധനത്തിലെ അമ്മായിയമ്മ... മറക്കാനാവാത്ത എത്ര മുഹൂര്‍ത്തങ്ങള്‍ സൂക്ഷ്മ ഭാവാഭിനയത്തിലൂടെ ഗംഭീരമാക്കിയ നടി.

ഹാസ്യവും ക്രൗര്യവും ദൈന്യതയും സൂക്ഷ്മ തലത്തില്‍ ഒരേ പോലെ വഴങ്ങുന്ന മൂന്നു മുഖങ്ങള്‍ മലയാളത്തില്‍ കല്‍പനക്കും ഉര്‍വ്വശിക്കും മീനക്കുമാണ് ഞാന്‍ കണ്ടിട്ടുള്ളത്.

'ചന്ദനം മരമാണെന്നമ്മ, കാഞ്ഞിരമാണീ ക്കുഞ്ഞമ്മ' എന്നു പ്രേംനസീര്‍ പാടി കോക്രി കാണിക്കുന്നത് മീനയുടെ മുഖത്തേക്കു നോക്കിയാണ് . പ്രവാഹമാണ് ചിത്രം . ചന്ദനം മണക്കുന്ന അമ്മ കവിയൂര്‍ പൊന്നമ്മയും . കാഞ്ഞിരം മണക്കുന്ന ഈ കുഞ്ഞമ്മക്കാണ് ഏതു കഥാപാത്രമായും പെട്ടെന്നു രൂപാന്തരപ്പെടാനുള്ള അഭിനയ ശേഷി ഉണ്ടായിരുന്നത്. എത്രയെത്ര വേഷങ്ങള്‍ ഓര്‍ത്തെടുക്കാനുണ്ട്.

കവിയൂര്‍ പൊന്നമ്മയോ സുകുമാരിയോ കെ.പി എസി ലളിതയോ ഫിലോമിനയോ ആയില്ല ഇവര്‍. നിശ്ശബ്ദമായിരുന്നു സ്വകാര്യ ജീവിതം .

മീന എന്ന പ്രതിഭാധനയായ നടിയെ ഓര്‍മ്മിക്കുന്നു സ്‌നേഹിക്കുന്നു. പ്രണമിക്കുന്നു. ശരിക്കും നഷ്ടപ്പെട്ടു പോയല്ലോ എന്നു വേദന തോന്നിപ്പിക്കുന്ന അതുല്യ കലാകാരിയാണവര്‍.

എസ് ശാരദക്കുട്ടി .

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT