Film Events

വീണ്ടും പു.ക.സ, രാജ്യദ്രോഹി മുസ്ലിം, ദരിദ്ര ബ്രാഹ്മണന്‍; പിണറായി സര്‍ക്കാരിന് വോട്ട് തേടിയുള്ള ഹ്രസ്വസിനിമ യില്‍ വ്യാപകപ്രതിഷേധം

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുസര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ഇടതുപക്ഷ സംഘടന പുരോഗമന കലാസാഹിത്യസംഘം തയ്യാറാക്കിയ ചെറുസിനിമക്കെതിരെ വ്യാപകവിമര്‍ശനം. മുസ്ലിമിനെ രാജ്യദ്രോഹിയായും ബ്രാഹ്മണ സമുദായത്തെ അഷ്ടിക്ക് വകയില്ലാതെ വിഷമിക്കുന്നവരായും ചിത്രീകരിക്കുന്ന വീഡിയോയുടേത് ഇസ്ലാമോഫോബിക് ഉള്ളടക്കമെന്നാണ് പ്രധാന വിമര്‍ശനം. താരങ്ങളായ സന്തോഷ് കീഴാറ്റൂര്‍, തെസ്‌നിഖാന്‍, കലാഭവന്‍ റഹ്മാന്‍, ഗായത്രി എന്നിവര്‍ അഭിനയിച്ച വീഡിയോ ഇന്നലെയാണ് പുകസ പുറത്തിറക്കിയത്.

രണ്ട് വീഡിയോകളില്‍ സന്തോഷ് കീഴാറ്റൂര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ക്ഷേത്രങ്ങള്‍ അടച്ചിട്ടത്തോടെ പട്ടിണിയിലായ ബ്രാഹ്മണന്റെ കുടുംബത്തെ സര്‍ക്കാര്‍ എങ്ങന കരകയറ്റിയെന്നാണ് പറയുന്നത്. തീവ്രവാദിയായ മകന്റെ മൃതദേഹം കാണേണ്ടെന്ന് തീരുമാനിച്ച ഉമ്മ ഇടതുപക്ഷത്തിന്റെ ഉറപ്പില്‍ വിശ്വസിക്കുന്നുവെന്നാണ് രണ്ടാമത്തെ വീഡിയോ. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ഉറപ്പാണ് എല്‍ഡിഎഫ് എന്ന പ്രചരണ വാക്യവും മുന്‍നിര്‍ത്തിയാണ് വീഡിയോ.

അയിത്തവും തീണ്ടലും കൊവിഡ് കാലത്ത് പ്രസക്തമാണെന്ന് വാദിച്ച് പുരോഗമന കലാസാഹിത്യസംഘം പുറത്തിറക്കിയ ഹ്രസ്വചിത്രം നേരത്തെ വന്‍ വിവാദമായിരുന്നു.

പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയും കവിയുമായ രാവുണ്ണി കേന്ദ്രകഥാപാത്രമായാണ് 'ഒരു തീണ്ടാപ്പാടകലെ' എന്ന പേരിലുള്ള ഷോര്‍ട്ട് ഫിലിം. കൊറോണാ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യവും ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ പ്രസക്തിയും മുന്‍നിര്‍ത്തി ചെയ്ത ഷോര്‍ട്ട് ഫിലിം എന്നായിരുന്നു അവകാശവാദം.

സോഷ്യല്‍ ഡിസ്റ്റന്‍സിംഗിനെ കീഴ്ജാതിയില്‍പ്പെട്ട മനുഷ്യര്‍ നേരിട്ട അയിത്താചരണത്തിനുള്ള പ്രയോഗമായ തീണ്ടാപ്പാടകലെ എന്നും ഷോര്‍ട്ട് ഫിലിമില്‍ ഉപയോഗിച്ചിരിക്കുന്നു. ക്ഷേത്രക്കുളത്തിലെ കുളി കഴിഞ്ഞ ശേഷം അമ്പലത്തിലെത്തുന്ന ബ്രാഹ്മണന്‍ ദളിതനായ അയ്യപ്പനില്‍ നിന്ന് അകന്ന് നില്‍ക്കാനൊരുങ്ങുന്നിടത്താണ് ഷോര്‍ട്ട് ഫിലിം തുടങ്ങുന്നത്. തീണ്ടലിനെയും തൊട്ടുകൂടായ്മയെയും സോഷ്യല്‍ ഡിസ്റ്റന്‍സിംഗിന്റെ വ്യാഖ്യാനമാക്കിയാണ് ഹ്രസ്വചിത്രം. നാടകപ്രവര്‍ത്തകനായ എം ആര്‍ ബാലചന്ദ്രനാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനുമായ അശോകന്‍ ചരുവില്‍ ഉള്‍പ്പെടെ അയിത്തം പ്രചരിപ്പിക്കുന്ന ഹ്രസ്വചിത്രത്തിനെതിരെ അന്ന് രംഗത്ത് വന്നിരുന്നു. ഇസ്ലാമോഫോബിക് ഉള്ളടക്കമുള്ള ഹ്രസ്വചിത്രം വിവാദമായതില്‍ പുകസയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT