Nithin Lukose's debut feature PAKA to have its World Premiere at TIFF 
Film Events

ആദ്യസിനിമ ടൊറന്റോ ഫെസ്റ്റിവലില്‍ പ്രിമിയര്‍, 'പക'യുമായി നിതിന്‍ ലൂക്കോസ്; നിര്‍മ്മാണം അനുരാഗ് കശ്യപ്

സംവിധായകനായ ആദ്യ ചിത്രം പ്രശസ്തമായ ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രിമിയര്‍ ചെയ്യുന്നുവെന്ന നേട്ടവുമായി നിതിന്‍ ലൂക്കോസ്. പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ് നിര്‍മ്മാണ പങ്കാളിയായ 'പക' എന്ന മലയാള ചിത്രമാണ് ടിഫില്‍ ആദ്യ പ്രദര്‍ശനം നടത്തുന്നത്.

'റിവര്‍ ഓഫ് ബ്ലഡ്' എന്ന ടാഗ് ലൈനോടെ എത്തുന്ന പക എന്ന സിനിമ കാലങ്ങളായി കുടിപ്പകയില്‍ കഴിയുന്ന കുടുംബങ്ങളിലൂടെ വികസിക്കുന്ന സിനിമയാണ്. റിയലിസ്റ്റിക് പരിചരണം കൊണ്ടും ആഖ്യാനത്തിലെ സവിശേഷതയാലും മികച്ചുനില്‍ക്കുന്ന ചിത്രവുമാണ് പക. ഡിസ്‌കവറി സെക്ഷനിലാണ് ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പക പ്രദര്‍ശിപ്പിക്കുന്നത്.

മല്ലേശം എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജ് രച്ചകൊണ്ടയാണ് അനുരാഗിനൊപ്പം സിനിമയുടെ നിര്‍മ്മാണപങ്കാളി.

ബോളിവുഡിലും ഇതരഭാഷകളിലുമായി നിരവധി സിനിമകള്‍ക്ക് സൗണ്ട് ഡിസൈനിംഗ് നിര്‍വഹിച്ചയാളാണ് നിതിന്‍ ലൂക്കോസ്.ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ 'ഗോള്‍ഡന്‍ ലിയോപാര്‍ഡ്' പുരസ്‌കാരം നേടിയ കന്നഡ ചിത്രം 'തിഥി'യുടെ സൗണ്ട് ഡിസൈനറായിരുന്നു. സജിന്‍ ബാബു സംവിധാനം ചെയ്ത അയാള്‍ ശശി, ജോണ്‍പോളിന്റെ അമ്പിളി എന്നീ സിനികമളുടെ സൗണ്ട് ഡിസൈനും നിതിനായിരുന്നു.

ബേസില്‍ പൗലോസ്, വിനിത കോശി, ജോസ് കിഴക്കന്‍, അതുല്‍ ജോണ്‍, നിതിന്‍ ജോര്‍ജ്, ജോസഫ് മാണിക്കല്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ശ്രീകാന്ത് കാബോത്ത് ആണ് ക്യാമറ. അരുണിമ ശങ്കര്‍ എഡിറ്റിംഗ്. ഫൈസല്‍ അഹമ്മദാണ് പശ്ചാത്തല സംഗീതം. എന്‍എഫ്ഡിസി വര്‍ക്ക് ഇന്‍ പ്രോഗസ് ലാബില്‍ മികച്ച പ്രൊജക്ടായി പക തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമാ പഠനം പൂര്‍ത്തിയാക്കിയ നിതിന്‍ ലൂക്കോസ് വയനാട് സ്വദേശിയാണ്. ചെറുപ്പകാലത്ത് അമ്മൂമ്മ പറഞ്ഞ കഥകളും മിത്തുകളുമാണ് പകയുടെ പ്രചോദനമെന്ന് നിതിന്‍ ലൂക്കോസ്. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് പക ഇഷ്ടപ്പെട്ട അനുരാഗ് കശ്യപ് നിര്‍മ്മാണ പങ്കാളിയായി വന്നത്.

ലോകസിനിമാവേദിയില്‍ മലയാള സിനിമയെ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് അഭിമാനമുണ്ടാക്കുന്നുവെന്ന് അനുരാഗ് കശ്യപ്. ഡിജിറ്റല്‍ സ്‌ക്രീനിംഗിലൂടെയാണ് ഇത്തവണ ടൊറന്റോ ഫിലിം ഫെസ്റ്റിവല്‍. സെപ്തംബര്‍ 9 മുതല്‍ 18 വരെയാണ് മേള.

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT