Boxoffice

‘ഇവിടെ എല്ലാവരുടെ മുഖത്തും പുഞ്ചിരിയുണ്ട്, മനോഹരമായ കേരള’ത്തെക്കുറിച്ച് സ്‌പൈഡര്‍മാനിലെ വില്ലന്‍ വില്യം ഡാഫോ 

THE CUE

കേരളം മനോഹരമാണെന്നും ഇവിടെ എല്ലാവരുടെയും മുഖത്ത് പുഞ്ചിരിയുണ്ടെന്നും ഹോളിവുഡ് താരം വില്യം ഡാഫോ. ഭാര്യയും ഇറ്റാലിയന്‍ സംവിധായികയുമായ ഗ്യാഡ കൊളഗ്രാന്‍ഡേയ്‌ക്കൊപ്പം സംസ്ഥാനത്തെത്തിയതിന്റെ അനുഭവം പങ്കുവെയ്ക്കുകയായിരുന്നു വില്യം ഡാഫോ. സ്‌പൈഡര്‍മാനിലെ ഗ്രീന്‍ ഗോബ്ലിന്‍ എന്ന കഥാപാത്രത്തെയടക്കം അനശ്വരമാക്കിയ ഡാഫോ ഇംഗ്ലീഷ് സിനിമാ പ്രേമികളായ മലയാളികളുടെ ഇഷ്ടതാരമാണ്. രണ്ടാഴ്ചത്തെ ഇന്ത്യാ യാത്രയ്‌ക്കെത്തിയതായിരുന്നു താരവും പ്രിയതമയും. ജയ്പൂര്‍,ഡല്‍ഹി എന്നിവിടങ്ങളിലെ സന്ദര്‍ശന ശേഷമാണ് കേരളത്തിലെത്തിയത്. ആലപ്പുഴയിലെ മാരാരിക്കുളത്ത് ഒരാഴ്ച നീളുന്ന ആയുര്‍വേദ ചികിത്സയായിരുന്നു ലക്ഷ്യം.

ഫോര്‍ട്ട് കൊച്ചി കാണണമെന്ന താല്‍പ്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാരാരിക്കുളത്തെ ആയുര്‍വേദ റിസോര്‍ട്ടുകാര്‍ ഇവര്‍ക്ക് ക്രെസ്ബിന്‍ എന്നൊരു ഗൈഡിനെ തരപ്പെടുത്തി. ക്രെസ്ബിനൊപ്പമായിരുന്നു ഇരുവരുടെയും ഫോര്‍ട്ട് കൊച്ചി യാത്ര. കേരളം മനോഹരമാണെന്നും ഏറെ ഇഷ്ടമായെന്നും ഇവിടെ എല്ലാവരുടെ മുഖത്തും പുഞ്ചിരിയുണ്ടെന്നും വില്യം പറഞ്ഞതായി ക്രെസ്ബിന്‍ വ്യക്തമാക്കുന്നു. തീര്‍ത്തും എളിമയോടെയായിരുന്നു ഇടപഴകിയത്. നമ്മുടെ രാജ്യത്ത് വിവിധ ഭാഷകളിലുള്ള സിനിമാ വ്യവസായത്തെക്കുറിച്ച് ഞാന്‍ പറഞ്ഞു. സൂപ്പര്‍ സ്റ്റാറുകളെ ദൈവത്തെ പോലെ കാണുന്നവരുണ്ടെന്നൊക്കെ വിശദീകരിച്ചു.

തിരിച്ചറിഞ്ഞ് ആളുകള്‍ ഫോട്ടോയെടുക്കാന്‍ വരുന്നതില്‍ കുഴപ്പമുണ്ടോയെന്ന് ഞാന്‍ ചോദിച്ചിരുന്നു. അതിലൊന്നും വില്യത്തിന് പ്രശ്‌നമുണ്ടായിരുന്നില്ല. ഫോര്‍ട്ടുകൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പോലും അദ്ദേഹത്തെ തിരിച്ചറിഞ്ഞ് ഒപ്പം നിന്ന് ഫോട്ടോയെടുത്തു. വളരെ സന്തോഷത്തോടെ തന്നെ അവര്‍ക്കൊപ്പം പോസ് ചെയ്‌തെന്നും ക്രെസ്ബിന്‍ പറയുന്നു. നഗരങ്ങള്‍ ഒഴിവാക്കി ഫോര്‍ട്ട് കൊച്ചിയില്‍ കേന്ദ്രീകരിക്കാന്‍ മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കൊച്ചിയുടെ കൊളോണിയല്‍ ചരിത്രം അദ്ദേഹത്തിന് ഏറെ ഇഷ്ടമായി. സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്, വാസ്‌കോ ഡ ഗാമ സ്‌ക്വയര്‍, ബര്‍ഗര്‍ സ്ട്രീറ്റ്, ധോബി ഖാന, ചീനവല എന്നിവിടങ്ങളിലും വില്യമും ഭാര്യയും പോയിരുന്നു.

ആയുര്‍വേദ ചികിത്സയായതിനാല്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിനാണ് വില്യം പ്രാമുഖ്യം നല്‍കിയത്. ഒരിക്കല്‍ മാത്രമാണ് മത്സ്യം കഴിച്ചത്. കഴിക്കാനുള്ളത് അവിടെ നിന്ന് നിന്ന് കൊണ്ടുവന്നിരുന്നതായും ക്രെസ്ബിന്‍ വിശദീകരിച്ചു. മറ്റ് വിനോദ കേന്ദ്രങ്ങളിലൊന്നും പോകണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. ഫോര്‍ട്ട് കൊച്ചി യാത്രയ്ക്ക് ശേഷം അവര്‍ ആലപ്പുഴയിലേക്ക് മടങ്ങി. വെള്ളിയാഴ്ച രാവിലെ കേരളത്തില്‍ നിന്ന് തിരികെ പോയതെന്നും ക്രെസ്ബിന്‍ പറയുന്നു. 4 തവണ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച നടനാണ് അമേരിക്കക്കാരനായ വില്യം ഡാഫോ. പ്ലേറ്റൂണ്‍, സ്‌പൈഡര്‍മാന്‍, ആന്റിക്രൈസ്റ്റ്, ദ ലാസ്റ്റ് ടെംറ്റേഷന്‍ ഓഫ് ക്രൈസ്റ്റ്, ഇന്‍സൈഡ് മാന്‍, ദ ഏവിയേറ്റര്‍ തുടങ്ങിയവ ഡാഫോയുടെ പ്രധാന ചിത്രങ്ങളാണ്.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT