മലയാളത്തിലും തമിഴിലും തരംഗമായി മാറിയ റി റിലീസുകളിൽ മോഹൻലാലിന്റെ തന്നെ ദേവദൂതൻ എന്ന സിനിമ നേടിയ കേരളത്തിലെ റി റിലീസ് തിയറ്റർ കളക്ഷനെ ഏത് ചിത്രം രണ്ടാം വരവിൽ പിന്നിലാക്കുമെന്നായിരുന്നു ആരാധകർക്ക് അറിയേണ്ടത്. അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ചോട്ടാമുംബെ ജൂൺ ആറിന് കേരളത്തിൽ റി റിലീസിനെത്തിയപ്പോൾ ആരാധകരുടെയും പ്രേക്ഷകരുടെയും ആ സംശയം അവസാനിച്ചു. കേരളത്തിലെ വലിയ തിയറ്ററുകളിലൊന്നായ എറണാകുളം ഇവിഎം കവിതയിൽ രാത്രി 12 മണി ഷോയിലും ആളെ നിറച്ചാണ് ഛോട്ടാമുംബൈ റി റിലീസിൽ ആദ്യ ദിവസത്തെ പെർഫോർമൻസ്. പെരുന്നാൾ ദിനത്തിൽ ബുക്ക് മൈ ഷോ ട്രൻഡിംഗിലുള്ള തലയും പിള്ളേരും.
രാജമാണിക്യം എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത സിനിമയാണ് ഛോട്ടാമുംബൈ. മണിയൻപിള്ള രാജുവാണ് സിനിമ നിർമ്മിച്ചത്. അൻവർ റഷീദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ വാസ്കോഡാ ഗാമയായി മോഹൻലാൽ നിറഞ്ഞാടിയിരുന്നു. തല എന്ന് കൂട്ടുകാർ വിളിക്കുന്ന ഫോർട്ട് കൊച്ചിയിലെ തലതെറിച്ചവനായ ഗാമയും ചങ്ങാതിമാരും ചെന്ന് പെടുന്ന അബദ്ധങ്ങളിലൂടെയാണ് കോമഡി ആക്ഷൻ ഡ്രാമ സ്വഭാവത്തിലുള്ള സിനിമ.
മോഹൻലാലിന്റെ ജന്മദിനമായ മേയ് 21ന് റീ- റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണത്താൽ നടന്നില്ല. ദേവദൂതനുശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ ഫോർ കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്. മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷൻ റസല്യൂഷൻ (HDR) ഫോർമാറ്റിലുള്ള ചിത്രമാണിത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ഛോട്ടാ മുംബൈയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. ബെന്നി പി. നായരമ്പലം ആണ് രചന. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വയലാർ ശരത് ചന്ദ്ര വർമയുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു.
മോഹൻലാലിന്റെ സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ സിനിമകളാണ് മുമ്പ് റി റിലീസ് ചെയ്തത്. ഇതിൽ ദേവദൂതനാണ് മലയാളത്തിലെ റി റിലീസ് സിനിമകളുടെ ചരിത്രത്തിലെ തന്നെ ഉയർന്ന കളക്ഷൻ നേടിയത്. 24 വർഷങ്ങൾക്കുശേഷം ദേവദൂതൻ വീണ്ടുമെത്തിയപ്പോൾ 17 ദിവസം കൊണ്ട് സിനിമ ഗ്രോസ് കളക്ഷനായി നേടിയത് 5.2 കോടി രൂപ. 50 തിയറ്ററുകളിൽ മാത്രം റിലീസ് ചെയ്ത സിനിമ രണ്ടാം വാരം നൂറ് സ്ക്രീനിലേക്കും പിന്നീട് 200നടുത്ത് സ്ക്രീനിലേക്കും വ്യാപിപ്പിച്ചു. മോഹൻലാലിന്റെ വൻ വിജയചിത്രങ്ങളിലൊന്നായ സ്ഫടികം ഫോർ കെയിൽ റീ മാസ്റ്റർ ചെയ്ത് 2023ൽ റീ റിലീസ് ചെയ്തപ്പോൾ 3 കോടി 20 ലക്ഷമാണ് ആകെ ഗ്രോസ് കളക്ഷനായി നേടിയത്. ഇതിനെയും മറികടന്നാണ് ദേവദൂതന്റെ നേട്ടം. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ സിയാദ് കോക്കറാണ് നിർമ്മിച്ചത്.
ഇറങ്ങിയ സമയത്ത് സംവിധായകനെയും നിർമാതാവിനെയും തളർത്തിയും വിഷാദത്തിലാഴ്ത്തിയും പരാജയം സമ്മാനിച്ചൊരു ചിത്രം 24 വർഷങ്ങൾക്കിപ്പുറമുള്ള ഒരു റീ റീലിസിൽ തിയറ്ററുകൾ ഹൗസ് ഫുള്ളാക്കുന്നു. പരാജയ ചിത്രമെന്ന് പണ്ടേതോ കാലത്ത് തഴഞ്ഞു കളഞ്ഞൊരു സിനിമ കാണാൻ ആ സിനിമ ഇറങ്ങിയ കാലത്ത് ജനിച്ചിട്ടു പോലുമില്ലാത്തൊരു തലമുറ കാത്തിരിക്കുന്നു. മലയാളത്തിൽ ഒരു പക്ഷേ ദേവദൂതൻ എന്നൊരു ചിത്രത്തിന് മാത്രം അവകാശപ്പെടാൻ കഴിയുന്നൊരു വിശേഷണമായിരിക്കും ഇത്.