ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹിന്ദി ത്രില്ലര്‍ വെബ്‌സീരീസ് ദ ഫാമിലി മാന്റെ രണ്ടാം സീസണ്‍ ടീസര്‍ പുറത്തിറങ്ങി. മനോജ് ബാജ്‌പേയ്, പ്രിയാമണി, ശരിബ് ഹാഷ്മി എന്നിവര്‍ക്കൊപ്പം സാമന്തയും രണ്ടാം സീസണിൽ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവരാണ് ഫാമിലി മാന്റെ സംവിധായകരും നിര്‍മാതാക്കളും. 2019 ലാണ് ഫാമിലി മാനിന്റെ ആദ്യ സീസണ്‍ റിലീസ് ചെയ്തത്.
സീമാ ബിശ്വാസ്, ധര്‍ശന്‍ കുമാര്‍, ശ്രേയ ധന്വന്തരി, ഷഹാബ് അലി, ദേവദര്‍ശിനി ചേതന്‍ തുടങ്ങിയവരും രണ്ടാം സീസണിലുണ്ട്. നാഷനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍ഐഎ)യുടെ സാങ്കല്‍പിക ബ്രാഞ്ചായ ത്രട്ട് അനാലിസിസ് ആന്‍ഡ് സര്‍വേലന്‍സ് സെല്ലിലെ അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്‌പേയ് എത്തുന്നത്. ജൂണ്‍ നാലിന് സീരീസ് പുറത്തിറങ്ങും.
നേരത്തെ സീരീസ് ദേശവിരുദ്ധതയും ജിഹാദും പ്രചരിപ്പിക്കുന്നതായി ആര്‍എസ്എസ് പ്രസിദ്ധകരണമായ പാഞ്ചജന്യ ലേഖനത്തില്‍ ആരോപിച്ചിരുന്നു. അഫ്‌സ്പ (ആര്‍മ്ഡ് ഫോര്‍സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട്) ഉപയോഗിച്ചും ടെലിഫോണ്‍ ബന്ധവും ഇന്റര്‍നെറ്റും കട്ട് ചെയ്തും കശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്തിയതിനെക്കുറിച്ച് സീരീസില്‍ ദേശീയ കുറ്റാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥയായ ഒരു കഥാപാത്രം പ്രതികരിക്കുന്നുണ്ട്. ഈ രംഗത്തില്‍ ഇന്ത്യന്‍ സൈന്യത്തെയും തീവ്രവാദികളെയും താരതമ്യപ്പെടുത്തന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ആര്‍എസ് എസ് വാദം.