Entertainment

ഭയക്കേണ്ടത് കൊറോണയെ മാത്രമല്ല, തൊഴിലില്ലായ്മ ജീവനെടുക്കുന്ന വൈറസെന്ന് മുരളിഗോപി

കൊവിഡ് പശ്ചാത്തലത്തില്‍ ഉയരുന്ന തൊഴിലില്ലായ്മയില്‍ ആശങ്കയറിയിച്ച് നടന്‍ മുരളി ഗോപി. തൊഴിലില്ലായ്മ ജീവനെടുക്കുന്ന വൈറസാണെന്ന് പറഞ്ഞ മുരളി ഗോപി അത് തൊഴിലാളികളില്‍ ഉണ്ടാക്കുന്ന മാനസിക പ്രയാസങ്ങള്‍ വളരെ വലുതാണെന്നും കൂട്ടിച്ചേര്‍ത്തു. കൊറോണയെ മാത്രമല്ല തൊഴിലില്ലായ്മയേയും ഭയക്കണമെന്നും മുരളി ഗോപി പറഞ്ഞു.

''കൊറോണയുടെ മുന്നേറ്റത്തെ തടയേണ്ടത് തന്നെയാണ്. പക്ഷെ,കൊറോണയെ മാത്രമല്ല നാം ഭയക്കേണ്ടത്.

തൊഴിലില്ലായ്മ, ജീവനെടുക്കുന്ന ഒരു വൈറസാണ്. അത് തൊഴിലാളികളില്‍ ഉണ്ടാക്കുന്ന മാനസികവ്യഥ, മൃത്യുദാതാവായ മറ്റൊരു വൈറസാണ്. സാമ്പത്തിക അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന ഭ്രാന്തും അതിതീവ്ര വ്യാപനമുള്ള ഒരു വൈറസാണ്. കരുതല്‍ ഉണ്ടാകട്ടെ, കാവലും,'' മുരളി ഗോപി പറഞ്ഞു

രാജ്യത്ത് രണ്ടാം തരംഗം ശക്തിയാര്‍ജിച്ചതിന് പിന്നാലെ നിരവധി പേര്‍ക്കാണ് തൊഴിലില്‍ നഷ്ടമായത്.

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ ഒരു കോടി പേര്‍ക്ക് ജോലി നഷ്ടമായെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ്ങ് ഇന്ത്യന്‍ എക്കോണമിയുടെ കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. 97 ശതമാനം കുടുംബങ്ങളുടെ വരുമാനം ഇടിഞ്ഞുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

രണ്ടാം തരംഗത്തിന്റെ തീവ്ര വ്യാപനത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇത് കോടിക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടമാകാന്‍ കാരണമായി.

ഏപ്രില്‍ മാസത്തില്‍ 8 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് മെയ് മാസത്തില്‍ 12 ശതമാനമായി ഉയര്‍ന്നു. 2020 മെയ് മാസത്തില്‍ 23.5 എന്ന റെക്കോഡ് ഉയരത്തിലായിരുന്നു രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. ഇതില്‍ നിന്ന് തിരിച്ചുവരുന്നതിനിടെയാണ് വീണ്ടും രണ്ടാം തരംഗം തൊഴില്‍ മേഖലയുടെ താളം തെറ്റിച്ചത്.

തിരിച്ചുവരവ് പെട്ടെന്നുണ്ടാകില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്. അസംഘടിത മേഖല താരതമ്യേന വേഗത്തില്‍ മെച്ചപ്പെടുമെങ്കിലും മറ്റു മേഖലകള്‍ക്ക് സാവധാനത്തില്‍ മാത്രമേ തിരിച്ചു വരാന്‍ സാധിക്കുകയുള്ളൂവെന്നും പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു.

കുടുംബങ്ങളുടെ വരുമാനത്തില്‍ വലിയ കുറവാണ് വന്നിരിക്കുന്നത് എന്നാണ് 1.75 ലക്ഷം വീടുകളില്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ്ങ് ഇന്ത്യന്‍ എക്കണോമിയുടെ സിഇഒ മഹേഷ് വ്യാസ് പറഞ്ഞിരുന്നു.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT