Videos

'പഠിക്കാതെ' കളി പഠിച്ചവന്‍; ദൊമ്മരാജു ഗുകേഷ്

വിശ്വനാഥന്‍ ആനന്ദ് എന്ന എണ്ണംപറഞ്ഞ ചെസ് ചക്രവര്‍ത്തിക്ക് ശേഷം ഇന്ത്യയിലേക്ക് ചെസ് ലോക ചാംപ്യന്‍ പട്ടം കൊണ്ടുവന്നിരിക്കുകയാണ് ദൊമ്മരാജു ഗുകേഷ് എന്ന പതിനെട്ടുകാരന്‍ പയ്യന്‍. ഗാരി കാസ്പറോവ് 22 വയസില്‍ സ്ഥാപിച്ച ഏറ്റവും പ്രായം കുറഞ്ഞ ലോക ചാംപ്യന്‍ എന്ന ലോക റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടാണ് ഗുകേഷ് വിജയിയായത്. കൗമാരപ്രായത്തില്‍ ലോക ചാംപ്യനായ താരം, ഫിഡെ ക്യാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ വിജയിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഫിഡെ റേറ്റിംഗ് 2750 കടന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്നീ നേട്ടങ്ങളും ഗുകേഷിന് സ്വന്തം. ആന്ധ്രയില്‍ വേരുകളുള്ള, ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ഡോക്ടര്‍ ദമ്പതികളുടെ മകന്‍ ഗുകേഷിനെക്കുറിച്ച്.

2023 നവംബറില്‍ ഐല്‍ ഓഫ് മാനിലെ ഡഗ്ലസില്‍ നടന്ന ഗ്രാന്‍ഡ് സ്വിസ് ചെസ് ടൂര്‍ണമെന്റില്‍ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനാകാതെ മടങ്ങിയ ഗുകേഷ് ചെസ്സില്‍ നിന്ന് ഒരു ബ്രേക്കെടുക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ച് പിതാവ് രജിനികാന്ത് പറയുന്നുണ്ട്. ഫിഡെ കാന്‍ഡിഡേറ്റ്‌സ് മത്സരത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ഗുകേഷ് ആലോചിക്കുന്നതേയില്ല. രാത്രി വൈകി ഉറങ്ങുകയും ഉച്ചയ്ക്ക് ഉണരുകയും ചെയ്യുന്നശീലമായിരുന്നു അവനുണ്ടായിരുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇതു തന്നെയായിരുന്നു അവന്റെ ലൈഫ് സ്റ്റൈല്‍. പക്ഷേ പെട്ടെന്ന് ഒരു ദിവസം ആ രീതി ഗുകേഷ് തന്നെ മാറ്റി. അത് ഗ്രാന്‍ഡ് സ്വിസ് ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങിയെത്തിയതിന്റെ തൊട്ടടുത്ത ദിവസം മുതല്‍. അടുത്ത ദിവസം രാവിലെ നേരത്തേ ഉണര്‍ന്ന ഗുകേഷ് സൈക്കിളിംഗ് നടത്തുന്നതിനിടെ തൊട്ടയല്‍പക്കത്ത് ഒരു ടെന്നീസ് അക്കാഡമി കണ്ടെത്തുകയും രാവിലെ 6.30ന് തുടങ്ങുന്ന ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആരംഭിക്കുകയും ചെയ്തു. രാവിലെ 5.30ന് ഉണരുക, 6.30ന് ടെന്നീസ് അക്കാഡമിയില്‍ പോകുക, ബ്രേക്ക് ഫാസ്റ്റ് കഴിക്കുക, വൈകിട്ട് 9.30ക്കുള്ളില്‍ ഉറങ്ങുക, അങ്ങനെ ഒരാഴ്ചയോളം ശീലങ്ങള്‍ എല്ലാം മാറ്റി. ലണ്ടന്‍ ചെസ് ക്ലാസിക്കിലേക്കും ചെന്നൈ ഗ്രാന്‍ഡ് മാസ്‌റ്റേഴ്‌സിലേക്കും ക്ഷണം കിട്ടുന്നതു വരെ അത് തുടര്‍ന്നു.

ഡഗ്ലസിലെ മോശം പ്രകടനത്തിന് ശേഷം കോച്ച് വിഷ്ണു പ്രസന്നയുമായി നടത്തിയ ചര്‍ച്ചയിലാണ് കാന്‍ഡിഡേറ്റ്‌സ ടൂര്‍ണമെന്റില്‍ കളിക്കേണ്ട എന്ന് ഗുകേഷ് തീരുമാനിച്ചത്. എന്നാല്‍ ടെന്നീസ് കളിക്കാന്‍ പോയ ഗുകേഷ് ഇതിനിടെ കോച്ചുമായി വീണ്ടും സംസാരിക്കുകയും ലണ്ടനിലും ചെന്നൈയിലും കളിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. ചെന്നൈയിലെ വിജയം കാന്‍ഡിഡേറ്റ്‌സിലേക്കുള്ള വഴി തുറന്നു. പിന്നീട് നടന്നത് ചരിത്രം. ഫിഡെ കാന്‍ഡിഡേറ്റ്‌സില്‍ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ലോക ചാംപ്യന്‍ഷിപ്പിലേക്കുള്ള എന്‍ട്രിയും. പിന്നീട് ഡിംഗ് ലിറനെ തോല്‍പിച്ച് ലോക ചാംപ്യന്‍ പദവിയിലും.

സിംഗപ്പൂരിലെ സെന്റോസ വേള്‍ഡ് റിസോര്‍ട്ടില്‍ നടന്ന ലോക ചെസ് ചാംപ്യന്‍ഷിപ്പിന്റെ നിര്‍ണ്ണായകമായ 14-ാം മത്സരത്തില്‍ വിജയിച്ചതിന് ശേഷം താന്‍ ആറാം വയസില്‍ കണ്ട സ്വപ്‌നത്തില്‍ ഇപ്പോള്‍ ജീവിക്കുകയാണെന്നാണ് ഗുകേഷ് മാധ്യമങ്ങളോട് പറഞ്ഞത്. 2013ല്‍ ചെന്നൈയില്‍ വെച്ച് നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ അച്ഛന്‍ ഡോ.രജിനികാന്തിനൊപ്പം കളി കാണാന്‍ പോയ പയ്യന്‍ ഇപ്പോള്‍ ഡിംഗ് ലിറന്‍ എന്ന ചാംപ്യനെ പരാജയപ്പെടുത്തി ചെസ് ലോക ചാംപ്യനായി മാറിയിരിക്കുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡ് പതിനെട്ടാം വയസില്‍ സ്വന്തമാക്കിയിരിക്കുന്നു. ലോക ചാംപ്യനാകുന്ന കൗമാരക്കാരന്‍ എന്ന വിശേഷണം വേറെ. സാക്ഷാല്‍ ഗാരി കാസ്പറോവ് തന്റെ 22-ാം വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാംപ്യനായി കുറിച്ച റെക്കോര്‍ഡ് ഗുകേഷ് തിരുത്തിക്കുറിച്ചിരിക്കുന്നു. മാഗ്നസ് കാള്‍സണും 22-ാം വയസിലാണ് ലോക ചാംപ്യനായത്.

മാതാപിതാക്കളാണ് ഗുകേഷിന്റെ പിന്‍ബലം. ചെസ്സിലെ ഗുകേഷിന്റെ പ്രതിഭ തിരിച്ചറിഞ്ഞതിനു ശേഷം ശരിയായ സ്‌കൂള്‍ വിദ്യാഭ്യാസം അവന് ലഭിച്ചിരുന്നില്ല. പരീക്ഷകള്‍ക്ക് മാത്രമായാണ് അവന്‍ സ്‌കൂളില്‍ പോയത്. ഡോക്ടര്‍മാരായ മാതാപിതാക്കളും മകന്റെ ചെസ് കരിയറിനായി സ്വന്തം ജോലി ഉപേക്ഷിച്ചു. ഇഎന്‍ടി സര്‍ജനായിരുന്ന ഡോ.രജിനികാന്ത് പ്രാക്ടീസ് പൂര്‍ണ്ണമായി അവസാനിപ്പിച്ച് മത്സര വേദികളിലേക്കുള്ള യാത്രകളില്‍ മകനൊപ്പം പോകുകയാണ് അദ്ദേഹം. മൈക്രോബയോളജിസ്റ്റായ അമ്മ പത്മാവതിയും ജോലി വിട്ട് മകന്റെ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നു. പക്ഷേ ഇതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ഇപ്പോള്‍ ക്രൗഡ് ഫണ്ടിംഗും സമ്മാനങ്ങളില്‍ നിന്ന് ലഭിക്കുന്ന പണവുമൊക്കെയാണ് സാമ്പത്തിക സ്രോതസ്.

ലോക ചാംപ്യന്‍ഷിപ്പിലേക്കുള്ള പാത ഗുകേഷിന് അത്രയെളുപ്പമായിരുന്നില്ല. ഡിങ് ലിറനായിരുന്നു ചാംപ്യനാകാന്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്നത്. 14 മത്സരങ്ങള്‍ നീളുന്ന മത്സരത്തില്‍ ആദ്യ ഗെയിമില്‍ ഡിങ് ലിറന്‍ വിജയിച്ചു. രണ്ടാം ഗെയിം സമനില, മൂന്നാം ഗെയിമില്‍ ഗുകേഷിനായിരുന്നു വിജയം. അതിനു ശേഷം ഏഴു ഗെയിമുകള്‍ തുടര്‍ച്ചയായി സമനിലയില്‍. 11-ാമത്തെ ഗെയിമില്‍ ഗുകേഷ് വീണ്ടും വിജയിച്ചു. 12-ാം ഗെയിമില്‍ ഡിങ് ലിറന്‍ വിജയിച്ചതോടെ 6.6 പോയിന്റുകളുമായി ഇരു താരങ്ങളും സമനിലയില്‍. അതോടെ 13, 14 ഗെയിമുകള്‍ നിര്‍ണ്ണായകമായി. 13-ാം ഗെയിമും സമനിലയില്‍ എത്തി. അതോടെ അവസാന ഗെയിം വിജയിക്കുന്നയാള്‍ ലോക ചാംപ്യനാകുമെന്ന നിലയിലായി. തുടക്കം മുതല്‍ തന്നെ ലിറന് മുന്‍തൂക്കം പ്രവചിച്ചിരുന്നവര്‍ അവസാന മത്സരത്തില്‍ വെള്ളക്കരുവുമായി മത്സരിക്കാനിറങ്ങിയ ചൈനീസ് താരം ലോകചാംപ്യനാകുമെന്ന് തീര്‍ച്ചയാക്കി. പക്ഷേ, 58-ാം നീക്കത്തില്‍ ഗുകേഷ് ലിറനെ പരാജയപ്പെടുത്തി ചരിത്രത്തില്‍ സ്വന്തം പേര് എഴുതിച്ചേര്‍ക്കുകയായിരുന്നു.

2006 മെയ് 29ന് ചെന്നൈയിലാണ് ഗുകേഷ് ദൊമ്മരാജു ജനിച്ചത്. മാതാപിതാക്കള്‍ അന്ധ്രാ സ്വദേശികളായ ഡോക്ടര്‍മാര്‍. ഏഴാം വയസിലാണ് ഗുകേഷ് ചെസ് പരിശീലിക്കാന്‍ ആരംഭിച്ചത്. ആഴ്ചയില്‍ മൂന്നു ദിവസം ഒരു മണിക്കൂര്‍ വീതമായിരുന്നു പരിശീലനം. പിന്നീട് വാരാന്ത്യങ്ങളില്‍ ചെസ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആരംഭിച്ചു. 2015ലെ അണ്ടര്‍-9 ഏഷ്യന്‍ സ്‌കൂള്‍ ചെസ് ചാംപ്യന്‍ഷിപ്പ് നേടിക്കൊണ്ട് രാജ്യാന്തര മത്സരങ്ങളിലെ നേട്ടങ്ങള്‍ക്ക് തുടക്കമിട്ടു. 2018ലെ അണ്ടര്‍ 12 ലോക യൂത്ത് ചെസ്സ് ചാംപ്യന്‍ഷിപ്പും ഗുകേഷ് സ്വന്തമാക്കി. അതേ വര്‍ഷം നടന്ന ഏഷ്യന്‍ യൂത്ത് ചെസ്സ് ചാംപ്യന്‍ഷിപ്പില്‍ 5 സ്വര്‍ണ്ണ മെഡലുകള്‍ നേടി. അണ്ടര്‍ 12 വ്യക്തിഗത റാപ്പിഡ്, ബ്ലിറ്റ്‌സ് റൗണ്ടുകളിലും ടീം റാപ്പിഡ്, ബ്ലിറ്റ്‌സ് റൗണ്ടുകളിലും വ്യക്തിഗത ക്ലാസിക്കല്‍ ഫോര്‍മാറ്റിലുമായിരുന്നു ആ മെഡലുകള്‍.

2017 മാര്‍ച്ചില്‍ നടന്ന 37-ാമത് കാപ്പെല്ല-ലാ-ഗ്രാന്‍ഡെ ഓപ്പണില്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ടൈറ്റില്‍ നേടുമ്പോള്‍ ഗുകേഷിന് 12 വയസും ഏഴ് മാസവും 17 ദിവസവുമായിരുന്നു പ്രായം. മൂന്നാമത്തെ പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്ററായി ഗുകേഷ് അതോടെ മാറി. 2023ല്‍ 2750 എന്ന റേറ്റിംഗിലേക്ക് എത്തിക്കൊണ് ആ നേട്ടം കരസ്ഥമാക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി മാറി. ഒരു മാസത്തിനു ശേഷം ഗുകേഷ് ഇന്ത്യന്‍ റാങ്കിങ്ങില്‍ വിശ്വനാഥന്‍ ആനന്ദിനെ മറികടന്നു. 37 വര്‍ഷം നീണ്ട ആനന്ദിന്റെ തേരോട്ടത്തിനാണ് ഗുകേഷ് അന്ത്യം കുറിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിലും ഗുകേഷ് അംഗമായിരുന്നു. അര്‍ജുന്‍ എരിഗേയ്‌സി, പെണ്ടല ഹരികൃണ്ഷ, പ്രഗ്നാനന്ദ, വിദിത് ഗുജറാത്തി എന്നിവരായിരുന്നു ടീമിലെ മറ്റംഗങ്ങള്‍. ഒളിമ്പ്യാഡില്‍ ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ്ണം നേടുകയും ചെയ്തു.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT