Cinematic Soulmate

കവിതകൾ ബാക്കി വച്ചു പോയ സമീർ

അനഘ

അവൻ എന്തായിരുന്നു എന്ന് അറിഞ്ഞവർക്കേ അവന്റെ നഷ്ടത്തിന്റെ വിലയറിയൂ.. ചോര തുപ്പി മരിച്ച സമീറിന്റെ മരണത്തിനെക്കുറിച്ചുള്ള മദ്യ സഭയിലെ ചർച്ചയിൽ ഉയർന്നു കേൾക്കുന്നൊരു ശബ്ദമാണത്. നഷ്ടം.. വലിയൊരു വാക്കാണത്. മുമ്പ് എന്തൊക്കെയോ ഉണ്ടായിരുന്നെന്നും ഇപ്പോഴതില്ലെന്നും തോന്നിപ്പിക്കുന്നൊരു വാക്ക്. സമീർ ഒരു നഷ്ടമാണെന്നോ നഷ്ടങ്ങളിലാണ് അയാളുടെ ജീവിതമെന്നോ അനുവാചകന് കഥയുടെ സ‍ഞ്ചാര പഥത്തിൽ എപ്പോഴെങ്കിലും തോന്നിപ്പോകാം, അതുകൊണ്ട് തന്നെ.

"പാമ്പ് കടിയേറ്റേ ഞാൻ ചാവൂ രഘുവേട്ടാ...നൈസാം അലിയുടെ ജന്മോം രവിയുടെ മരണോം.. അതാ ഞാൻ" നൈസാം അലി... ഖസാക്കിലെ ചെതലി മലയുടെ അടിവാരത്ത് നിന്ന് അള്ളാപിച്ച മൊല്ലക്കയ്ക്ക് കണ്ടു കിട്ടുന്ന അനാഥ പയ്യൻ. ‍ഖാസാക്കിലെ സുന്ദരി മെെമുനയോടുള്ള പ്രണയ പരാജയത്തിൽ നാട് വിടുന്ന, പിന്നീട് കാലങ്ങൾക്ക് ശേഷം ഖസാക്കിന്റെ ഖാലിയരായി സ്വയം പരിവർത്തനം ചെയ്യുന്ന നെെജാമലി.

ആദ്യമായി നെെജാമലിയെ കാണുമ്പോൾ എവിടെ പോകുന്നു എന്ന് ചോദിക്കുന്ന മൊല്ലാക്കയോട് അവൻ പറയുന്നത് പാമ്പ് പിടിക്ക പോറേൻ എന്നാണ്.. മൂർക്കൻ, രാജവെമ്പാല തുടങ്ങിയ വലിയ പാമ്പുകളെ.. എന്തിനെ അന്വേഷിച്ച് വന്നുവോ പര്യവസാനത്തിൽ അത് തന്നെയേ തന്നെ കൊണ്ടു പോകുള്ളൂ എന്ന അയാളുടെ പറച്ചിലാണത്. പാപഭാരങ്ങൾ താങ്ങാനാവാതെ ഖാസാക്ക് വിട്ടു പോകുന്ന രവിയെ പാമ്പ് കൊത്തുകയാണ്. ഒരേ കഥയിലെ സമാന്തരമായി ഒരിക്കലും സഞ്ചരിച്ചിട്ടില്ലാത്ത രണ്ട് കഥാപാത്രങ്ങളെയാണ് സമീർ ഒന്നിച്ചു ചേർക്കുന്നത്. അന്വേഷിച്ച് വന്നതെന്തിനെയോ അത് ഈ ജന്മത്തിലെ കർമ്മവും, ആ കർമ്മം കൊണ്ട് തന്നെ മരണവും എന്ന് അത് അർഥമാക്കുന്നു.

കഴിക്കരുതെന്നല്ല മദ്യം കാണരുതെന്നാണ് ഡോക്ടർമാർ അയാളോട് പറയുന്നത്, അന്തമില്ലാത്ത മദ്യപാനം അയാളുടെ ഉള്ളിലെ തീയെ എടുത്തു കാണിക്കുന്നുണ്ട്. പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ മധുരം പടര്‍ന്നൊരു ചുണ്ടുമായി എന്നെഴുതിയ തന്റെ അവസാന കവിത, മീരയ്ക്ക് ട്യുൺ ചെയ്യാനേൽപിച്ച് ഒരു ഗ്ലാസ് മദ്യത്തിന്റെ പുകച്ചിൽ തൊണ്ടക്കുഴിക്കുള്ളിൽ അടക്കി നിർത്തി മരണത്തിലേക്ക് അയാൾ നടന്നു വീഴുന്നത് എന്തെല്ലാമോ ബാക്കി നിർത്തിയാണ്. പ്രണയം മുറിവ് തീർത്തൊരു ഹൃദയമുണ്ടോ അയാൾക്കെന്ന് സന്ദേഹം വരാം അപ്പോൾ.

ഒരു പേടിയുമില്ലാതെ മരണത്തിനോടു പോലും സന്ധി ചേരാതെ വലത് കരത്തിലെ ഇരു വിരലുകളിൽ കത്തിത്തീരുന്നൊരു സിഗരറ്റും മറു കയ്യിൽ ഇരന്ന് വാങ്ങിയ മദ്യവുമായി അയാൾ പൊട്ടിച്ചിരിക്കുന്നു. മരണത്തിന്റെ ഒടുവിലത്തെ ശ്വാസത്തിലും അയാൾ ഉച്ഛരിക്കുന്ന അവസാന ശബ്ദം ഉമ്മാ.. എന്നാണ്.. മരണം അടുത്തെത്തിയ ഒരാൾ തന്റെ അവസാന മിടിപ്പിൽ ഓർത്തെടുക്കാൻ ശ്രമിക്കുന്നത് തനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നിനെയാണെന്നിരിക്കേ ഇതുവരെ പിടി തരാത്ത അയാളുടെ ജീവിത പശ്ചാത്തലത്തിലെവിടെയോ കാത്തിരിക്കുകയോ, മരണമടഞ്ഞു പോവുകയോ ചെയ്ത ആ ഒരു മുഖത്തെ നിമി നേരം കൊണ്ട് ഒരു നെഞ്ചിടിപ്പോടെ പ്രേക്ഷകൻ കണ്ടു കാണും.

ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ.. എരിയുന്ന പൂവിതള്‍ത്തുമ്പുമായി... ഏതോ ഒരു കാത്തിരിപ്പ്. ആർക്കോ വേണ്ടിയുള്ളത്. ഡോക്ടർമാരും സുഹൃത്തുക്കളും എല്ലാവരും അവനോട് തന്റെ ആരോഗ്യത്തെ കുറിച്ച് പറയുമ്പോൾ അയാളതിനൊന്നും ചെവികൊള്ളാതിരുന്നത് എന്ത് കൊണ്ടായിരിക്കും? അയാൾ തുടർന്ന് ജീവിക്കാൻ ആഗ്രഹിച്ചിരുന്നേയില്ല. അല്ലെ? ഈ ചില്ലയിൽ നിന്നും പറന്നു പോയി മറ്റൊരു കാലത്തും ലോകത്തും ജീവിക്കാനുള്ള കൊതി അയാളുടെ വരികളിലുണ്ട്. ഈ ജന്മത്തിൽ നിന്നും പറന്നു പോകാൻ. അയാൾ പോകാൻ തയ്യാറായിരുന്നു. ഈ ജന്മത്തിൽ നമ്മൾ അടിച്ചു തീർക്കേണ്ട കോട്ട നമ്മൾ തന്നെ അടിച്ചു തീർക്കണ്ടേ രഘുവേട്ടാ എന്ന് പറയുമ്പോൾ അയാൾ പാർന്നു കൊണ്ടിരുന്നത് അയാളുടേതിന്റെ അവസാനത്തേതായിരുന്നു. സമീറൊരിക്കലും സങ്കടപ്പെട്ട് പോയതല്ല. പക്ഷെ വേദനിച്ച് പോയതാണ്. ഉള്ള് കീറി അയാൾ ഉമ്മാ എന്നലറി രഘുവിലേക്ക് ചായുമ്പോൾ പ്രേക്ഷകന്റെ ഉള്ള് കായുന്നത് അത് കൊണ്ടാണ്.

ഗുരുവേ, നൈജാമലിയാക്കും.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT