സ്റ്റേഡിയത്തിലെ പതിനായിരക്കണക്കിന് ആളുകളെയും ലോകമെമ്പാടുമുള്ള ദശകോടികളെയും ഒരുപോലെ ശ്വാസമടക്കിപ്പിടിച്ച് നിശ്ചലരാക്കിയ, വേഗമേറിയ ട്രാക്കിൽ തീ പിടിപ്പിച്ച ഒരു മനുഷ്യനുണ്ട്. ജമൈക്കൻ മലനിരകളിൽ നിന്ന് ആഞ്ഞടിച്ച ആ കാറ്റിന്റെ പേരായിരുന്നു ഉസൈൻ ബോൾട്ട്. കേവലം ഒരു അത്‌ലറ്റിക്‌സ് താരമെന്നതിനപ്പുറം, മനുഷ്യസാധ്യമായ കായികശേഷിയുടെ അതിരുകൾ മാറ്റിനിശ്ചയിച്ച ഒരു അത്ഭുതമായിരുന്നു ബോൾട്ട്.
1986 ഓഗസ്റ്റ് മാസത്തിലാണ് ജമൈക്കയിലെ ഷെർവുഡ് കണ്ടന്റ് എന്ന ശാന്തമായ ഗ്രാമത്തിൽ ആ കുഞ്ഞ് ജനിക്കുന്നത്. ചെറുപ്പത്തിൽ ഗ്രാമവീഥികളിൽ ക്രിക്കറ്റ് പന്തെറിഞ്ഞും ഫുട്ബോളിന് പിന്നാലെ പാഞ്ഞും നടന്ന ആ പയ്യൻ, താൻ ഭാവിയിൽ വേഗതയുടെ ലോകം ഭരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഒരു ഫാസ്റ്റ് ബൗളറാകാൻ വെമ്പിനടന്ന അവനിലെ യഥാർത്ഥ അത്ഭുതം തിരിച്ചറിഞ്ഞത് സ്കൂളിലെ കായിക പരിശീലകനായിരുന്നു. ട്രാക്കിലേക്ക് കാലെടുത്തുവെച്ച അവൻ 2002-ൽ, തന്റെ പതിനഞ്ചാം വയസ്സിൽ വേൾഡ് ജൂനിയർ ചാമ്പ്യനായി മാറിയപ്പോൾ, ലോകം ആദ്യമായി ആ പേര് ശ്രദ്ധിച്ചു.
പക്ഷേ, ഈ തിളക്കമാർന്ന വിജയങ്ങൾക്കെല്ലാം പിന്നിൽ ഒരു വലിയ നിഴൽ മൂടിയിരുന്നു. ജന്മനാ നട്ടെല്ലിന് വളവുള്ള 'സ്കോലിയോസിസ്' എന്ന അവസ്ഥ അവനെ അലട്ടിയിരുന്നു. ഇതുകാരണം അവന്റെ വലതുകാലിനേക്കാൾ അര ഇഞ്ചോളം നീളം കുറവായിരുന്നു ഇടതുകാലിന്. കായികരംഗത്തുനിന്ന് ഏതൊരു അത്‌ലറ്റിനെയും എന്നെന്നേക്കുമായി പുറന്തള്ളാൻ പോന്ന ഈ ശാരീരിക വെല്ലുവിളിയെ അവൻ പക്ഷേ തോൽപ്പിച്ചുകളഞ്ഞു. നീളം കുറഞ്ഞ ഇടതുകാൽ കൊണ്ട് ട്രാക്കിൽ കൂടുതൽ ശക്തിയോടെ ആഞ്ഞുവെട്ടുന്ന 'സ്ട്രൈഡുകൾ' (Strides) അവൻ വികസിപ്പിച്ചു. സ്വന്തം പരിമിതിയെത്തന്നെ അവൻ തന്റെ ഏറ്റവും വലിയ ആയുധമാക്കി മാറ്റി.
ബോൾട്ടിന്റെ ജീവിത ശൈലിയും ചിട്ടകളും വരെ സകല ശാസ്ത്രീയ വിചാരണകളെയും ചിരിച്ചുകൊണ്ട് നേരിടുന്നതായിരുന്നു. 2008-ൽ ബെയ്ജിംഗ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ ചൈനയിലെത്തിയപ്പോൾ അവിടുത്തെ പ്രാദേശിക ഭക്ഷണം ആമാശയത്തിന് അസ്വസ്ഥതയുണ്ടാക്കുമെന്ന് ഭയന്ന് അവൻ പത്തുദിവസം കൊണ്ട് തിന്നുതീർത്തത് ആയിരത്തിലധികം ചിക്കൻ നഗറ്റുകളായിരുന്നു!
2008 ബെയ്ജിംഗ് ഒളിമ്പിക്സിലെ 100 മീറ്റർ ഫൈനൽ. വിസിൽ മുഴങ്ങി, ആദ്യ 30 മീറ്ററിൽ മറ്റുള്ളവർക്കൊപ്പം പതറിത്തുടങ്ങിയ ബോൾട്ട്, 50 മീറ്റർ കഴിഞ്ഞതും അക്ഷരാർത്ഥത്തിൽ ട്രാക്കിലൂടെ പറക്കുകയായിരുന്നു. ഫിനിഷിംഗ് ലൈനിന് 20 മീറ്റർ മുൻപേ താൻ ഒന്നാമതാണെന്ന് ഉറപ്പായപ്പോൾ, ഓട്ടത്തിനിടയിൽത്തന്നെ സ്വന്തം മാറത്തടിച്ച് ആഘോഷിച്ച്, അഴിഞ്ഞുവീണ ഷൂലേസുമായി അവൻ ലൈൻ ക്രോസ് ചെയ്തു . 9.69 സെക്കൻഡ്, ചരിത്രത്തിലെ അയാളുടെ ആദ്യത്തെ അൺബിലീവബിൾ വേൾഡ് റെക്കോർഡ്!
തൊട്ടടുത്ത വർഷം, 2009 ബെർലിൻ ലോക ചാമ്പ്യൻഷിപ്പിൽ ലോകം കണ്ടത് വേഗതയുടെ പരകോടിയാണ്. ഇത്തവണ ആഘോഷിക്കാൻ അയാൾ വേഗത കുറച്ചില്ല. 100 മീറ്ററിന്റെ ട്രാക്കിൽ ബോൾട്ട് കുറിച്ചത് 9.58 സെക്കൻഡ് എന്ന അത്ഭുതം. ട്രാക്കിലെ ഏറ്റവും ഉയർന്ന വേഗതയായ മണിക്കൂറിൽ 44.72 കിലോമീറ്റർ (27.78 mph) വേഗതയിലാണ് അയാൾ ആ നിമിഷങ്ങളിൽ ഓടിയത്. തുടർന്ന് 200 മീറ്ററിൽ 19.19 സെക്കൻഡ് എന്ന അമാനുഷിക റെക്കോർഡും അയാൾ കുറിച്ചു. ഇന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും ആ സമയങ്ങളിലേക്ക് എത്തിനോക്കാൻ പോലും ലോകത്ത് മറ്റൊരു മനുഷ്യനായിട്ടില്ല.
2008 ബെയ്ജിംഗ്, 2012 ലണ്ടൻ, 2016 റിയോ , തുടർച്ചയായ മൂന്ന് ഒളിമ്പിക്സുകളിൽ 100m, 200m, 4x100m റിലേ ഇനങ്ങളിൽ സ്വർണ്ണം വാരിക്കൂട്ടി ഉസൈൻ ബോൾട്ട് തികച്ചും അപൂർവ്വമായ 'ട്രിപ്പിൾ-ട്രിപ്പിൾ' (9 ഒളിമ്പിക് സ്വർണ്ണങ്ങൾ) എന്ന ചരിത്ര നേട്ടം സ്വന്തമാക്കി. എന്നാൽ, അപ്രതീക്ഷിതമായ ഒരു വില്ലൻ വിധി അയാളെ കാത്തിരിപ്പുണ്ടായിരുന്നു. 2008-ലെ ബെയ്ജിംഗ് റിലേ ടീമംഗമായിരുന്ന നെസ്റ്റാ കാർട്ടർ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി എട്ട് വർഷങ്ങൾക്ക് ശേഷം 2017-ൽ കണ്ടെത്തിയതോടെ, ആ ഒരൊറ്റ മെഡൽ അയാളിൽ നിന്ന് തിരിച്ചെടുത്തു. തന്റെ പിഴവുകൊണ്ടല്ലാതെ ആ ഒരൊറ്റ സ്വർണ്ണം നഷ്ടമായെങ്കിലും, "ജീവിതത്തിൽ ഇതൊക്കെ സംഭവിക്കാം, അതിലൊരു പരാതിയുമില്ല" എന്ന് പുഞ്ചിരിയോടെ പറഞ്ഞ് അദ്ദേഹം അത് അംഗീകരിച്ചു.
ഓടിയ സമയത്തിന്റെ കണക്കെടുക്കുമ്പോൾ ആ കരിയർ ഒരു അത്ഭുതക്കാഴ്ചയാണ്. 2008, 2012, 2016 എന്നീ മൂന്ന് ഒളിമ്പിക്സുകളിലായി അയാൾ നേടിയത് ആകെ എട്ട് സ്വർണ്ണമെഡലുകളാണ്. എന്നാൽ, ഈ മൂന്ന് ഒളിമ്പിക്സിലെയും മുഴുവൻ റൗണ്ട് മത്സരങ്ങളും കൂടി കൂട്ടിയാൽ ട്രാക്കിൽ ചെലവഴിച്ചത് വെറും 5 മിനിറ്റും 25 സെക്കൻഡും മാത്രമാണ്! കൂടുതൽ വിസ്മയകരമായ വസ്തുത, അയാളെ ലോകത്തിന്റെ അമരത്തെത്തിച്ച ഒളിമ്പിക് ഫൈനലുകളിൽ മാത്രമായി അവൻ ഓടിത്തീർത്തത് വെറും 115 സെക്കൻഡുകൾ മാത്രമായിരുന്നു എന്നതാണ്!
8 ഒളിമ്പിക്സ് സ്വർണ്ണങ്ങളും, 11 ലോക ചാമ്പ്യൻഷിപ്പ് സ്വർണ്ണങ്ങളുമായി 2017-ൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യൻ ട്രാക്കിനോട് വിടപറഞ്ഞു. എങ്കിലും, ഓട്ടത്തിന്റെ അവസാന മീറ്ററുകളിൽ ക്യാമറകളെ നോക്കി വശ്യമായി ചിരിച്ച്, ഫിനിഷ് ചെയ്ത ശേഷം വില്ലുപോലെ വളഞ്ഞ് ആകാശത്തേക്ക് വിരൽചൂണ്ടുന്ന ആ 'ലൈറ്റ്‌നിംഗ് പോസ്' കായികപ്രേമികളുടെ ഹൃദയങ്ങളിൽ ഒരു ഐതിഹാസിക സിനിമയുടെ ഒരിക്കലും മറക്കാനാവാത്ത ക്ലൈമാക്സ് രംഗം പോലെ നിലകൊള്ളുന്നു.