ഒളിമ്പിക്‌സില്‍ വെങ്കലം നേടി വിരമിച്ച ഗോള്‍ കീപ്പറും ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനുമായ പി.ആര്‍.ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം. ശ്രീജേഷ് ധരിച്ചിരുന്ന 16-ാം നമ്പര്‍ ജേഴ്‌സിയും വിരമിച്ചതായി ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. പതിനെട്ട് വര്‍ഷമായി ശ്രീജേഷ് അണിഞ്ഞ ജേഴ്‌സി ഇനി ഇന്ത്യ സീനിയര്‍ ടീമില്‍ ആര്‍ക്കും നല്‍കില്ല. പാരീസ് ഒളിമ്പിക്‌സിലും ടോക്യോ ഒളിമ്പിക്‌സിലും ഇന്ത്യ വെങ്കലം നേടുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച താരമെന്ന നിലയില്‍ ശ്രീജേഷിന് അര്‍ഹിക്കുന്ന യാത്രയയപ്പാണ് ഹോക്കി ഇന്ത്യ ഒരുക്കുന്നത്. ജൂനിയര്‍ ടീമിന്റെ കോച്ചായി ശ്രീജേഷ് ചുമതലയേല്‍ക്കുകയാണെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ഭോലാനാഥ് സിംഗ് പറഞ്ഞു. സീനിയര്‍ ടീമിന്റെ 16-ാം നമ്പര്‍ ജേഴ്‌സിയാണ് വിരമിക്കുന്നത്. ജൂനിയര്‍ ടീമിന്റേത് അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാരീസില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ ടീമിന് ഒരുക്കിയ സ്വീകരണത്തിലാണ് പ്രഖ്യാപനം.
ജൂനിയര്‍ ടീമില്‍ 16-ാം നമ്പര്‍ ജേഴ്‌സിയില്‍ മറ്റ് ശ്രീജേഷുമാരെ അദ്ദേഹം വാര്‍ത്തെടുക്കുമെന്നും ഭോലാനാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. ശ്രീജേഷിന്റെ പേരിലുള്ള ചുവന്ന ജേഴ്‌സിയണിഞ്ഞാണ് മറ്റു താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തത്. ഒളിമ്പിക്‌സിന് മുന്‍പു തന്നെ ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ശ്രീജേഷിന്റെ അവസാന ഒളിമ്പിക്‌സ് മെഡല്‍ നേട്ടത്തോടെയാകാന്‍ പരിശ്രമിക്കുമെന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് പറഞ്ഞിരുന്നു. സ്‌പെയിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തില്‍ ശ്രീജേഷിന്റെ രണ്ട് തകര്‍പ്പന്‍ സേവുകള്‍ നിര്‍ണ്ണായകമായിരുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ ഒളിമ്പിക്‌സിലും വെങ്കലം നേടാന്‍ ഇന്ത്യക്ക് സാധിച്ചതിനു പിന്നില്‍ ശ്രീജേഷിന്റെ കരങ്ങളുണ്ടായിരുന്നു.
2022 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണ്ണവും അതേവര്‍ഷം ഇംഗ്ലണ്ടില്‍ വെച്ച് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും തൊട്ടടുത്ത വര്‍ഷം നടന്ന ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ സ്വര്‍ണ്ണവും നേടിയിരുന്നു. രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിനിടെ രാജ്യത്തിനായി നിരവധി മെഡലുകള്‍ നേടാന്‍ ശ്രീജേഷിന് കഴിഞ്ഞു.