ലണ്ടനിലെ ക്രെഡിറ്റ് അഗ്രികോള്‍ ബാങ്കിലെ ഉയര്‍ന്ന പദവിയുപേക്ഷിച്ച് യൂട്യൂബറായി മാറിയ ഇന്ത്യന്‍ വംശജയുടെ വരുമാനം 8 കോടി രൂപ. നിസ്ച ഷാ എന്ന യുവതിയാണ് യൂട്യൂബിലൂടെ ഇത്രയും വരുമാനം നേടുന്നത്. ബാങ്കിന്റെ അസോസിയേറ്റ് ഡയറക്ടര്‍ പദവിയില്‍ പ്രതിവര്‍ഷം 2 കോടി രൂപ വരുമാനം ലഭിച്ചുകൊണ്ടിരിക്കെയാണ് നിസ്ച രാജിവെച്ച് യൂട്യൂബ് വീഡിയോകള്‍ ചെയ്യാന്‍ ആരംഭിച്ചത്. 2023 ജനുവരിയില്‍ ജോലി രാജിവെച്ച് മുഴുവന്‍ സമയ കണ്ടന്റ് ക്രിയേറ്ററായി അവര്‍ മാറി. പേഴ്‌സണല്‍ ഫിനാന്‍സിംഗില്‍ ഊന്നിയുള്ള നിസ്ചയുടെ വീഡിയോകള്‍ വൈറലായി മാറുകയും 2023 മെയ് മുതല്‍ 2024 മെയ് വരെയുള്ള കാലയളവില്‍ അവര്‍ 8 കോടി രൂപ വരുമാനം നേടുകയും ചെയ്തു. യൂട്യൂബ് മോണിറ്റൈസേഷനിലൂടെ മാത്രമല്ല, കോഴ്‌സുകളും പ്രോഡക്ടുകളും നല്‍കിയതിലൂടെയും ബ്രാന്‍ഡ് പാര്‍ട്‌നറിംഗിലൂടെയും കോര്‍പറേറ്റ് ടോക്കുകളിലൂടെയുമൊക്കെയാണ് അവര്‍ കാഴ്ചക്കാരെയും പണവും സമ്പാദിച്ചത്.
ഒന്‍പത് വര്‍ഷത്തെ ബാങ്കിംഗ് കരിയറിനൊടുവിലാണ് കണ്ടന്റ് ക്രിയേറ്ററാകാന്‍ നിസ്ച രണ്ടും കല്‍പിച്ചിറങ്ങിയത്. ബാങ്കിംഗ് ജോലി ഒട്ടും ചാലഞ്ചിംഗല്ലെന്നും ബൗദ്ധികമായി ഒന്നും തനിക്ക് നല്‍കുന്നില്ലെന്നും മനസിലാക്കിയാണ് അത് ഉപേക്ഷിച്ചതെന്ന് നിസ്ച പറയുന്നു. ബാങ്കിംഗില്‍ കോര്‍പറേഷനുകളെയും സര്‍ക്കാരുകളെയുമൊക്കെയാണ് താന്‍ സഹായിച്ചുകൊണ്ടിരുന്നത്. പണമുണ്ടാക്കുന്നതിനൊപ്പം മറ്റുള്ളവരെ സഹായിക്കണമെന്നു കൂടി തനിക്ക് ആഗ്രഹമുണ്ടായിരുന്നു. ആ പാഷനാണ് താനിപ്പോള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ബാങ്കിംഗിനേക്കാള്‍ കൂടുതല്‍ പണം തനിക്കുണ്ടാക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ പണത്തിനു പിന്നാലെ പായാതെ തന്റെ ഇഷ്ടങ്ങള്‍ക്കു പിന്നാലെയാണ് താനിപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ സിഎന്‍ബിസി ചാനലിനോട് പറഞ്ഞു.
ബാങ്ക് ജോലി വിട്ട് യൂട്യൂബ് ആരംഭിക്കുമ്പോള്‍ 9 മാസത്തേക്ക് കഴിയാനുള്ള എമര്‍ജന്‍സി ഫണ്ട് അവര്‍ സൂക്ഷിച്ചിരുന്നു. ഇതാണ് തന്റെ ഇഷ്ടത്തിനു പിന്നാലെ പോകാനുള്ള ആത്മവിശ്വാസം അവരിലുണ്ടാക്കിയത്. എങ്കിലും യൂട്യൂബില്‍ അവരുടെ യാത്ര അത്ര അനായാസമായിരുന്നില്ല. ആയിരം സബ്‌സ്‌ക്രൈബേഴ്‌സിനെ സമ്പാദിക്കാന്‍ 11 മാസമെടുത്തു. ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ എന്ന നിലയിലുള്ള നിസ്ചയുടെ ജീവിതത്തെക്കുറിച്ച് ചെയ്ത വീഡിയോ വഴിത്തിരിവായി മാറി. അതോടെ 50,000 സബ്‌സ്‌ക്രൈബര്‍മാരിലേക്ക് ചാനല്‍ കുതിച്ചു. മാസം മൂന്നു ലക്ഷത്തിലേറെ രൂപ വരുമാനമായി ലഭിച്ചു തുടങ്ങി. പിന്നീട് അവരുടെ വീഡിയോകള്‍ക്ക് ഒരു ലക്ഷം മുതല്‍ 90 ലക്ഷം കാഴ്ചക്കാരെ വരെ ലഭിക്കാന്‍ തുടങ്ങി. പേഴ്‌സണല്‍ ഫിനാന്‍സ് മേഖലയില്‍ ഉപദേശങ്ങള്‍ തേടാന്‍ വിശ്വസ്തമായൊരു യൂട്യൂബ് ചാനല്‍ എന്ന പേര് സമ്പാദിക്കാനും അവര്‍ക്ക് സാധിച്ചു.