POPULAR READ

ലോക്‌സഭാ മണ്ഡലങ്ങളിൽ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍; വിദേശ റിക്രൂട്ട്‌മെന്റില്‍ മൊബൈൽ കോണ്‍ക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കുടിയേറ്റം വിശ്വാസയോഗ്യവും, സുരക്ഷിതവും, സുതാര്യവുമാക്കാനുള്ള നയരൂപീകരണമാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി. വിദേശ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ഏകദിന ഗ്ലോബല്‍ മൊബിലിറ്റി കോണ്‍ക്ലേവ് തിരുവനന്തപുരത്ത് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാധാരണക്കാരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങളെയും ഏജന്റുമാരെയും തിരിച്ചറിഞ്ഞു അവയെ തടയുക എന്നതാണ് സുരക്ഷിത കുടിയേറ്റം ഉറപ്പാക്കുന്നതിനുള്ള പ്രഥമ നടപടിയെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ഇന്ത്യാ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി അരുണ്‍ കുമാര്‍ ചാറ്റര്‍ജി പറഞ്ഞു. പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ തവനൂരില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉടന്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതോടെ കേരളത്തിലെ എല്ലാ ലോക്‌സഭ മണ്ഡലത്തിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രമോ തപാല്‍ ഓഫീസ് പാസ്സ്‌പോര്‍ട്ട് സേവാ കേന്ദ്രമോ നിലവില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം സ്ഥാപിക്കുന്നതിന് ഇന്ത്യാ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന ഗവണ്മെന്റിന്റെ നേതൃത്വത്തില്‍ മൂന്ന് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ ഉള്ള ഏക സംസ്ഥാനമാണ് കേരളമെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടി. സുരക്ഷിതമായ നിയമപരമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതില്‍ സംസ്ഥാന ഗവണ്മെന്റിന്റെ പ്രതിബദ്ധത ഇത് ചൂണ്ടിക്കാട്ടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യാജ റിക്രൂട്ട്‌മെന്റ് തടയുന്നതിന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിന്റെ നേതൃത്വത്തില്‍ സംസ്ഥാന പോലീസുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷന്‍ മൈഗ്രേഷന്‍ ഷീല്‍ഡ് മറ്റ് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിന് മാതൃകയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി പറഞ്ഞു. കുടിയേറ്റം എന്നത് ഇന്ന് വെറും സംഖ്യകളില്‍ ഒതുങ്ങുന്നതല്ല, മറിച്ച് അന്തസുള്ള, സുരക്ഷിതമായ, പൗരന്മാരുടെ അഭിലാഷങ്ങള്‍ക്ക് അനുസൃതമായ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ക്ലേവ് കാലിക പ്രസക്തമാണെന്നും അരുണ്‍ കുമാര്‍ ചാറ്റര്‍ജി ചൂണ്ടിക്കാട്ടി.

പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് (തിരുവനന്തപുരം & കൊച്ചി) മേജര്‍ ശശാങ്ക് ത്രിപാഠി കൃതജ്ഞത രേഖപ്പെടുത്തി. കേരളത്തെ ഒരു ആഗോള തൊഴില്‍ ശക്തിയായി മാറ്റുന്നതില്‍ നോര്‍ക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മേജര്‍ ശശാങ്ക് ത്രിപാഠി പറഞ്ഞു. വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിമാരായ ജിന ഉയിക, സുരീന്ദര്‍ ഭഗത്, ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അരവിന്ദ് മേനോന്‍, റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ ജീവ മരിയ ജോയ്, ലോക കേരള സഭ സെക്രട്ടേറിയറ്റ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, കെഡിഐഎസ്സി മെമ്പര്‍ സെക്രട്ടറി പി.വി. ഉണ്ണികൃഷ്ണന്‍, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കൊളശ്ശേരി, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ്-ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക വകുപ്പ് സെക്രട്ടറി അനുപമ ടി. വി. തുടങ്ങിയവര്‍ പങ്കെടുത്തു.

കോണ്‍ക്ലേവിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ നയിച്ച പാനല്‍ ചര്‍ച്ചകളും നടന്നു. ഉയര്‍ന്നുവരുന്ന ആഗോള അവസരങ്ങള്‍ എന്ന ആദ്യ സെഷനില്‍ പുതിയ കുടിയേറ്റ വിപണികളിലെ (യുറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, GCC, കാനഡ) ആവശ്യകത മനസ്സിലാക്കല്‍ എന്ന പ്രമേയത്തില്‍ നടന്ന ചര്‍ച്ചയില്‍ നോര്‍ക്ക-റൂട്ട്‌സ് സിഇഒ അജിത് കൊളശ്ശേരി മോഡറേറ്ററായി. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ഓഫീസ് മേധാവി സഞ്ജയ് അവസ്തി, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനിലെ സൗത്ത് ഏഷ്യയിലെ ലേബര്‍ മൈഗ്രേഷന്‍ സ്‌പെഷ്യലിസ്റ്റ് കാതറിന്‍ ലോസ്, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ പോളിസി ഡെവലപ്മെന്റിന്റെ ഇന്ത്യയിലെ കണ്‍ട്രി കോര്‍ഡിനേറ്റര്‍ ഡോ. സുരഭി സിംഗ്, ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്റെ (GIZ) പ്രോഗ്രാം കമ്പോണന്റ് മാനേജര്‍ ലിജു ജോര്‍ജ് (ട്രിപ്പിള്‍ വിന്‍ ഇന്ത്യ), എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കേരളത്തില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ നൈപുണ്യ വികസനം - വൈദഗ്ധ്യമുള്ളതും ഭാവിക്ക് തയ്യാറായതുമായ ഒരു പ്രതിഭാ അടിത്തറ കെട്ടിപ്പടുക്കുക എന്ന വിഷയത്തില്‍ നടന്ന രണ്ടാം സെഷനില്‍ വിജ്ഞാനകേരളം ഉപദേഷ്ടാവ് ഡോ. ടി. എം. തോമസ് ഐസക് മോഡറേറ്ററായി. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) ചെയര്‍പേഴ്സണ്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. ഉഷ ടൈറ്റസ്, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സ് (കെഎഎസ്ഇ) & ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) മാനേജിംഗ് ഡയറക്ടര്‍ സുഫിയാന്‍ അഹമ്മദ്, കേരളത്തിലെ ജര്‍മ്മനിയുടെ ഓണററി കോണ്‍സല്‍ & തിരുവനന്തപുരത്തെ ഗോഥെ സെന്‍ട്രം ഡയറക്ടര്‍ ഡോ. സയ്യിദ് ഇബ്രാഹിം, കേരള ഡെവലപ്മെന്റ് & ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ ഡിസ്‌ക്) മെമ്പര്‍ സെക്രട്ടറി പി.വി. ഉണ്ണികൃഷ്ണന്‍ എന്നിവരായിരുന്നു പാനലിസ്റ്റുകള്‍.

നിയമാനുസൃതവും, സുതാര്യവുമായ കുടിയേറ്റത്തിലേക്കുള്ള വഴികള്‍ എന്ന മൂന്നാം സെഷന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി (ഇപി & ഡബ്ല്യു) ജിന ഉയ്ക നേതൃത്വം നല്‍കി. ലോക കേരള സഭാ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ് മോഡറേറ്ററായി. തിരുവനന്തപുരം റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ ജീവ മരിയ ജോയ്, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ & ഡെവലപ്മെന്റ് (ഐഐഎംഎഡി) ചെയര്‍മാന്‍ ഡോ. ഇരുദയ രാജന്‍, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ മൈഗ്രന്റ് സ്റ്റഡീസിലെ (സിഐഎംഎസ്) റഫീഖ് റാവുത്തര്‍, ആര്‍എ അസോസിയേഷന്‍ എറണാകുളം പ്രസിഡന്റ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കുടിയേറ്റ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തല്‍ എന്ന വിഷയത്തില്‍ നടന്ന നാലാം സെഷനില്‍ പ്രോട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് (തിരുവനന്തപുരം & കൊച്ചി) മേജര്‍ ശശാങ്ക് ത്രിപാഠി മോഡറേറ്ററായി. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി (ഇപി & ഡബ്ല്യു) ജിന ഉയ്ക, കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി (ഒഇ & പിജിഇ) സുരീന്ദര്‍ ഭഗത്, നോര്‍ക്ക റൂട്ട്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കൊളശ്ശേരി, ഇന്ത്യന്‍ പേഴ്സണല്‍ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് അബ്ദുള്‍ കരീം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കുട്ടികള്‍ക്ക് കഫ് സിറപ്പ് കൊടുക്കാമോ? കഫ് സിറപ്പ് കഴിച്ചാല്‍ കുട്ടികളില്‍ സംഭവിക്കുന്നത് എന്ത്? ഡോ.ആര്‍.രമേശ് കുമാര്‍ അഭിമുഖം

പേടിയും ഫണ്ണും നിറഞ്ഞ ‘നെല്ലിക്കാംപൊയിൽ' ട്രിപ്പ് വൈകും; 'നൈറ്റ് റൈഡേഴ്‌സ്' പുതിയ റിലീസ് തീയതി എത്തി

ദുബായ് ഗ്ലോയ്ഗ്ലോബല്‍ വില്ലേജ് ഒക്ടോബർ 15 മുതല്‍

ഋഷഭ് ഷെട്ടി; റിക്കി മുതൽ കാന്താര വരെ

ഒരു ദിർഹത്തിന് 10 കിലോ ബാഗേജ്, യാത്രാക്കാർക്ക് ആനുകൂല്യം പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ് പ്രസ്

SCROLL FOR NEXT