Gulf

സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ അലോസരപ്പെടുത്തുന്നു: ജോസഫ് അന്നംകുട്ടി

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള മോശമായ ഇടപെടലുകള്‍ അലോസരപ്പെടുത്തുന്നതാണെന്ന് യുവ എഴുത്തുകാരനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി ചിന്തകളും അനുഭവങ്ങളും പങ്കുവെക്കുമ്പോള്‍ ഇപ്പോള്‍ സമാധാനം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. എന്ത് പറഞ്ഞാലും വിവാദത്തിലേക്കും പ്രശ്‌നങ്ങളിലേക്കും പോവുകയാണ്. റേഡിയോയില്‍ സംസാരിക്കുമ്പോള്‍ അതിന് കൃത്യമായ ആത്മാവുണ്ട്. ഇപ്പോള്‍ മികച്ച ഉള്ളടക്കം അനുഭവപ്പെടുന്നത് റോഡിയോ പരിപാടികളിലാണ്. എഴുത്തിലും റേഡിയോയിലും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതായും അതിലാണ് നല്ല സംതൃപ്തി ലഭിക്കുന്നതെന്നും ജോസഫ് അന്നംകുട്ടി പറഞ്ഞു.

41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ തന്‍റെ എഴുത്തിന്‍റെ വഴികളെക്കുറിച്ച് വായനക്കാരുമായി സംവദിക്കുകയായിരുന്നു ജോസ്. 'സ്‌നേഹം കാമം ഭ്രാന്ത്' എന്ന തന്‍റെ മൂന്നാമത്തെ പുസ്തകത്തിന്‍റെ കവര്‍ പ്രകാശനവും ചടങ്ങില്‍ നിര്‍വ്വഹിച്ചു. പ്രായമാകുന്തോറും ബോധ്യങ്ങള്‍ മാറുന്നതായും തന്‍റെ എഴുത്തിലും പറച്ചിലുകളിലും മാറ്റങ്ങള്‍ക്ക് വിധേയമാണെന്നും ജോസ് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴികള്‍ കൂടുതല്‍ ബോധ്യപ്പെട്ടുവരികയാണ്. പലപ്പോഴും വീഡിയോ ചെയ്യുമ്പോള്‍ പിന്നീട് അതിന്‍റെ ആത്മാവ് നഷ്ടപ്പെടുന്നതായി അറിയുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ നല്ല ശ്രദ്ധവേണമെന്നും ചിലപ്പോള്‍ അപകടകരമായ പരിസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

തന്‍റെ ആദ്യ പുസ്തകങ്ങളില്‍ നിന്നും പുതിയ പുസ്തകത്തിലേക്ക് നാല് വര്‍ഷത്തെ ദൂരമുണ്ട്. എഴുത്തിനെക്കുറിച്ച് മനസ്സിലാക്കാന്‍ വായനക്കാര്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നത് നല്ലതാണ്. നിത്യജീവിതത്തില്‍ നമ്മെ സ്വാധീനിക്കുന്ന വികാരങ്ങളെ അടിസ്ഥാനമാക്കി 15 മനുഷ്യരുടെ കഥയാണ് ഈ പുസ്‌കത്തിലുള്ളത്. ഇത് ഫിക്ഷനിലേക്കുളള ചുവടുവെപ്പാണ്. നേരില്‍ കണ്ട കുറേ മനുഷ്യരുടെ ജീവിതത്തെക്കുറിച്ച് വെള്ളം ചേര്‍ക്കാതെ എഴുതിയ കഥകളാണ്. ഇതിന്‍റെ അവതാരിക എഴുതിയിരിക്കുന്നത് തന്‍റെ അമ്മയാണെന്നും ജോസഫ് പറഞ്ഞു.

തോല്‍വികളെ അംഗീകരിക്കാനുള്ള മനസ്സുണ്ടായിരിക്കണമെന്നാണ് പുതിയ തലമുറയോട് പറയാനുള്ളത്. തോല്‍വികളോട് അനാവശ്യമായി പോരാടി സമയം കളയരുത്. യാഥാര്‍ത്ഥ്യത്തോടൊപ്പം സഞ്ചരിക്കുക. ഒരു കാര്യം വിലയിരുത്തുമ്പോള്‍ സ്വന്തമായ നിലപാടുണ്ടായിരിക്കണം. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് പിന്നാലെ പോവുന്ന രീതി ശരിയല്ല. ഇതാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്. അവനവന്‍റെ കഴിവില്‍ ഉറച്ചുനില്‍ക്കുക. മതപരമായ കാര്യങ്ങള്‍ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. മത വിശ്വാസം അന്യരെ അലോസരപ്പെടുത്താത്ത കാലത്തോളം അത് നല്ലതാണ്. സെക്‌സും ആത്മീയതയും സ്വകാര്യ വിഷയങ്ങളായി കാത്തുസൂക്ഷിക്കുന്നതാണ് നല്ലതെന്നും ജോസഫ് പറഞ്ഞു.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT