Gulf

ഷാ‍ർജ അന്താരാഷ്ട്ര പുസ്തകോത്സവം: ആദ്യദിനം ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

വായനയുടെ ലോകത്തേക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം വാതിലുകള്‍ തുറന്നപ്പോള്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഷാ‍ർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത്. ബുധനാഴ്ച രാവിലെ മുതല്‍ തന്നെ എക്സ്പോ സെന്‍ററിലേക്ക് സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പൂർണമായും നീക്കിയതിന് ശേഷമെത്തുന്ന ആദ്യപുസ്തകോത്സവം കൂടിയാണ് ഇത്തവണത്തേത്. വാക്കുകള്‍ പരക്കട്ടെയുളളതാണ് ആപ്തവാക്യം. 95 രാജ്യങ്ങളില്‍ നിന്നുളള 2213 പ്രസാധകർ പുസ്തകോത്സവത്തിന്‍റെ ഭാഗമാകും.

പുസ്തകങ്ങള്‍ വായിക്കുക മാത്രമല്ല, ലോകമെമ്പാടുമുളള വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരായവരെ കാണാനും അവരുടെ വാക്കുകള്‍ കേള്‍ക്കാനും ഷാർജ പുസ്തകമേള അവസരമൊരുക്കുന്നു. ഇതൊക്കെ തന്നെയാണ് അന്താരാഷ്ട്ര തലത്തില്‍ ഒന്നാമതാകാന്‍ ഷാർജ പുസ്തകമേളയ്ക്ക് സഹായകമായതെന്നും ഷാർജ ബുക്ക് അതോറിറ്റി ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീരി പറഞ്ഞു. ഷാർജയ്ക്കും ലോകത്തിനുമിടയിലുളള രണ്ട് പാലങ്ങളാണ്, പ്രസാധകരുടെ സമ്മേളനവും, പുസ്തകോത്സവവും. അന്താരാഷ്ട്ര പ്രസാധക സമ്മേളനത്തില്‍ 1041 പ്രസാധകരാണ് പങ്കെടുത്തത്. ലോകത്തിലെ പ്രസിദ്ധീകരണ വ്യവസായത്തിന്‍റെ അന്താരാഷ്ട്ര സംഗമ സ്ഥാനമാണ് ഷാർജയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുസ്തകോത്സവത്തിന്‍റെ ആദ്യവിജയം ഭരണാധികാരിയുടെ സാന്നിദ്ധ്യം തന്നെയാണ്. ദീർഘ വീക്ഷണമുളള ഭരണാധികാരി ഷാർജ സുല്‍ത്താന്‍ നേരിട്ടെത്തി പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുന്നതോടെ വിജയത്തിന്‍റെ ആദ്യപടി കയറുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ പറയുന്നു, ഇനിയുളള 12 ദിവസങ്ങളില്‍ ലോകം ഷാർജയില്‍ നിന്നും വായിക്കുന്നു, അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീരി പറഞ്ഞു.

"ഇനിയുളള 12 ദിവസങ്ങളില്‍ ലോകം ഷാർജയില്‍ നിന്നും വായിക്കുന്നു" അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീരി

എല്ലാത്തവണത്തേയും പോലെ ഇത്തവണയും സജീവ സാന്നിദ്ധ്യമായി മലയാളമുണ്ട്. ഇന്ത്യന്‍ പ്രസാധകരുടെ പ്രദർശനം നടക്കുന്നത് എക്സ്പോ സെന്‍ററിന്‍റെ ഏഴാം ഹാളിലാണ്. ഇവിടെ പകുതിയലധികം മലയാള പ്രസാധകരും പുസ്തകങ്ങളുമാണ്. ഹാളിലെ റൈറ്റേഴ്സ് ഫോറത്തിലാണ് പുസ്തകപ്രകാശനം നടക്കുന്നത്. മലയാളത്തില്‍ നിന്ന് പ്രമുഖ എഴുത്തുകാരും സാമൂഹിക -സാംസ്കാരിക പ്രവർത്തകരും സജീവസാന്നിദ്ധ്യമായി ഇത്തവണയുമുണ്ട്. സിനിമാ പ്രവർത്തകരായ നാദിർഷ, കോട്ടയം നസീർ,ബാലചന്ദ്രമേനോന്‍ എന്നിവരുടെ സാന്നിദ്ധ്യവും ആദ്യദിനം തന്നെ ശ്രദ്ധിക്കപ്പെട്ടു. നടന്‍ ജയസൂര്യയും സംവിധായകന്‍ പ്രജേഷ് സെന്നും എഴുത്തുകാരായ സിവി ബാലകൃഷ്ണനും, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവും, പ്രഭാഷകന്‍ സുനില്‍ പി ഇളയിടവുമൊക്കെ വരും ദിവസങ്ങളില്‍ വേദിയിലെത്തും.

പുസ്തകവായനയെന്നത് മാത്രമല്ല, പ്രവാസലോകത്തെ കൂട്ടുചേരലുകള്‍ കൂടിയാണ് ഓരോ പുസ്തകോത്സവവുമെന്ന് എഴഉത്തുകാരി സർഗ്ഗറോയ് അഭിപ്രായപ്പെട്ടു. പ്രമുഖരായവരെയും പ്രിയപ്പെട്ടവരെയും കാണാനും സൗഹൃദം സ്ഥാപിക്കാനുമെല്ലാമുളള അവസരം കൂടിയാണ് പുസ്തകോത്സവം തരുന്നത്.നമുക്ക് നമ്മളെത്തന്നെ നവീകരിക്കാനുളള വേദിയാകുന്നു ഓരോ പുസ്തകോത്സവവും, സർഗ്ഗ പറയുന്നു.

എഴുത്തുകാരി സർഗ്ഗറോയ്

ഓരോ വർഷവും പുതിയ എഴുത്തുകാരുടേത് ഉള്‍പ്പടെ നിരവധി പുസ്തകങ്ങളാണ് പ്രകാശിതമാകാറുളളത്. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. ആദ്യദിനം തന്നെ 20 ഓളം മലയാള പുസ്തകങ്ങള്‍ പ്രകാശനം ചെയ്യപ്പെട്ടു. ഈ വർഷം 350 ഓളം പുസ്തകങ്ങളാണ് പ്രകാശനത്തിനായി രജിസ്ട്രർ ചെയ്തിട്ടുളളത്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT