ഷാർജയില്‍ കുട്ടികളുടെ വായനോത്സവത്തിന് ബുധനാഴ്ച തുടക്കമാകും. ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തില്‍ ഷാർജ എക്സ്പോ സെന്‍ററിലാണ് വായനോത്സവത്തിന്‍റെ 16 മത് പതിപ്പ് നടക്കുന്നത്. 12 ദിവസം നീണ്ടുനില്‍ക്കുന്ന വായനോത്സവത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുളള 30 ഓളം എഴുത്തുകാരും സാഹിത്യപ്രതിഭകളും ഭാഗമാകും.
'പുസ്തകങ്ങളിലേക്കിറങ്ങാം' എന്ന ആശയത്തിലൂന്നിയാണ് ഏപ്രില്‍ 23 മുതല്‍ മെയ് 4 വരെ വായനോത്സവം നടക്കുന്നത്. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് വായനോത്സവം നടക്കുന്നത്. അക്ഷരങ്ങളിലൂടെ അറിഞ്ഞ എഴുത്തുകാരെ കാണാനും സംവദിക്കാനുമുളള അവസരവും ഷാർജ വായനോത്സവം മുന്നോട്ടുവയ്ക്കുന്നു.
ടിമ്മി ഫെയ്ലയറിന്‍റെ രചയിതാവ് സ്ഫീഫന്‍ പാസ്റ്റിസ്, ദ നോയ്സി പുഡില്‍ എ വെർണല്‍ പൂള്‍ ത്രോ ദ സീസണ്‍സ് രചയിതാവ് ലിന്‍റാ ബൂത്ത് സ്വീനി, ടാഗിങ് ഫ്രീഡം എഴുത്തുകാരി റോന്‍ഡാ റൗമനി തുടങ്ങിയവർ വായനോസ്തവത്തില്‍ അതിഥികളായെത്തും. ഡോറ വാങ്, സർവാത് ചദ്ദ, ബ്രെന്‍ഡന്‍ വെന്‍സേല്‍ തുടങ്ങിയവരും വായനോത്സവത്തില്‍ സംഗമിക്കും. വരുന്‍ ദുഗ്ഗിരാല, ലാവന്യ കാർത്തിക്, ഉള്‍പ്പടെ ഇന്ത്യയില്‍ നിന്ന് അഞ്ച് എഴുത്തുകാരും വായനോത്സവത്തിന്‍റെ ഭാഗമാകും. പാകിസ്ഥാനില്‍ നിന്ന് രണ്ട് എഴുത്തുകാരെത്തും.