വായനോത്സവത്തില്‍ തന്‍റെ ഊഴം കാത്തുനില്‍ക്കുകയാണ് പലസ്തീനിയന്‍ സ്വദേശിയായ ഇഷാം. ഷാർജയിലാണ് താമസം. എല്ലാ വായനോത്സവത്തിനും വരാറുണ്ട്, ചിത്രരചനയടക്കമുളള വിവിധ ശില്‍പശാലകളില്‍ പങ്കെടുക്കാറുണ്ട്. ഇത്തവണയും പറ്റുന്ന ദിവസങ്ങളിലെല്ലാം വരും, അഞ്ചാം ക്ലാസുകാരനായ ഇഷാം പറയുന്നു. കുട്ടികളെ രസിപ്പിച്ചും ചിന്തിപ്പിച്ചും വിവിധ ശില്‍പശാലകളാണ് ഷാർജയിലെ വായനോത്സവത്തില്‍ നടക്കുന്നത്.
സാങ്കേതികവിദ്യയും സയന്‍സും നിത്യജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം നേരിട്ടറിയാന്‍ കഴിയുന്ന രീതിയിലാണ് പല ശില്‍പശാലകളും സംഘടിപ്പിച്ചിരിക്കുന്നത്. ഡിജിറ്റൽ ക്യൂബ് വർക്ക്‌ഷോപ്പില്‍ എല്‍ ഇ ഡി ലൈറ്റുകള്‍ നിർമ്മിക്കുന്നതെങ്ങനെയെന്ന് കുട്ടികളെ പഠിപ്പിക്കുന്നു. കണക്കും സയന്‍സും സാങ്കേതികവിദ്യയും എഞ്ചിനീയറിങ്ങുമെല്ലാം സമന്വേയിപ്പിച്ചൊരു ശില്‍പശാല.
കുട്ടികള്‍ക്ക് ഇഷ്ടത്തിന് അനുസരിച്ച് എല്‍ ഇ ഡി ലൈറ്റുകള്‍ നിർമ്മിക്കാം. ലബനനിൽ നിന്നുള്ള കംപ്യൂട്ടർ ശാസ്ത്രജ്ഞനായ മഹ്മൂദ് ഹഷെമാണ് കുട്ടികള്‍ക്ക് വഴികാട്ടി. സാങ്കേതിക വിദ്യകള്‍ ലളിതമായി മനസിലാക്കാനും ഇഷ്ടപ്പെടാനും ഇത്തരം ശില്‍പശാലകള്‍ സഹായകരമാകുമെന്ന് മഹ്മൂദ് ഹഷെം പറഞ്ഞു.