യുഎഇ ഇന്‍കാസിന്‍റെ ഓണാഘോഷം ഇന്‍കാസ് ഓണം ഒക്ടോബർ 12 ന് അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കും. യുഎഇ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഓണാഘോഷം നടക്കുന്നത്. കെപിസിസി പ്രസിഡന്‍റ് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ, മുന്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് അധ്യക്ഷന്‍ സാദിഖ് അലി ഷിഹാബ് തങ്ങള്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി തുടങ്ങിയവർ ഓണാഘോഷത്തിന്‍റെ ഭാഗമാകും.
ഒക്ടോബർ 12 ന് രാവിലെ 9 മണിക്കാണ് ഓണാഘോഷം ആരംഭിക്കുക. പതിനൊന്ന് മണിവരെ അത്തപ്പൂക്കള മത്സരം നടക്കും. ഇന്‍കാസിന്‍റെ എട്ട് സ്റ്റേറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ തിരുവാതിരക്കളി ഉള്‍പ്പടെ വിവിധ മത്സരങ്ങള്‍ നടക്കും. വാദ്യമേളത്തോടെ കേരളത്തിന്‍റെ കലാ-സാംസ്‌കാരിക-പൈതൃകം വിളിച്ചറിയിക്കുന്ന ഗംഭീര ഘോഷയാത്ര ഉച്ചക്കഴിഞ്ഞ് മൂന്നിന് തുടങ്ങും. പൊതുസമ്മേളനം വൈകീട്ട് മൂന്നരയ്ക്ക് ആരംഭിക്കും. യുഎഇ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രഥമ ഗ്ലോബല്‍ ഐക്കണ്‍ പുരസ്‌കാരം, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയ്ക്ക് സമ്മാനിക്കും. കഠിനാധ്വാനത്തിലൂടെ, ലോകത്തോളം ഉയര്‍ന്ന ആഗോള മലയാളി എന്ന് വിലയിരുത്തിയാണ് എം എ യൂസഫലിയെ ഗ്ലോബല്‍ ഐക്കണ്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന്, യുഎഇ ഇന്‍കാസ് പ്രസിഡന്‍റ് സുനില്‍ അസീസ് ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാത്രി ഏഴിന് നടനും ഗായകനുമായ സിദ്ധാര്‍ത്ഥ് മേനോന്‍ നയിക്കുന്ന ഗംഭീര സംഗീത പരിപാടിയും നടക്കുമെന്ന് ഭാരാവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, കെപിസിസി മുന്‍ പ്രസിഡന്‍റുമാരായ കെ സുധാകരന്‍ എംപി, എം എം ഹസ്സന്‍, കെ മുരളീധരന്‍, എറണാകുളം എം പി ഹൈബി ഈഡന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി എം ലിജു എന്നിവരും ആഘോഷത്തിനെത്തുമെന്ന് ഇന്‍കാസ് ഭാരവാഹികള്‍ അറിയിച്ചു. യുഎഇ ഇന്‍കാസ് ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ , ട്രഷറർ ബിജു എബ്രാഹം, ഓണം ജനറൽ കൺവീനർ സി.എ ബിജു , ഭാരവാഹികളായ ഷാജി പരേത്, ഷാജി ഷംസുദ്ധീൻ , ഷിജി അന്ന ജോസഫ്, സിന്ധു മോഹൻ, തുടങ്ങിയവർ വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു.