Gulf

ആഘോഷരാവൊരുക്കി എക്‌സ്‌പോ 2020 യുടെ അവസാനദിനം

ആറുമാസക്കാലം നീണ്ടുനിന്ന എക്‌സ്‌പോ 2020 യ്ക്ക് മാര്‍ച്ച് 31 ന് തിരശീലവീഴും. രാത്രി മുഴുവന്‍ നീളുന്ന വെടിക്കെട്ടും കലാപരിപാടികളുമാണ് സമാപനദിനത്തോട് അനുബന്ധിച്ച് എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുളളത്. സെപ്റ്റംബര്‍ 30 ന് നടന്ന ഉദ്ഘാടനചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു ക്ഷണമെങ്കില്‍ സമാപനചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

മാര്‍ച്ച് 31 ന് വൈകീട്ട് 7 മണിക്കാണ് സമാപന ചടങ്ങുകള്‍ ആരംഭിക്കുക.

എക്‌സ്‌പോയിലെ ജൂബിലി സ്റ്റേജും, ഫെസ്റ്റിവല്‍ ഗാര്‍ഡനും സ്‌പോര്‍ട്‌സ് ഹബുകളും ഉള്‍പ്പടെയുളള വിവിധ ഇടങ്ങളില്‍ വലിയ സ്‌ക്രീനുകളില്‍ ആഘോഷപരിപാടികളുടെ തല്‍സമയ സംപ്രേഷണമുണ്ടാകും. വലിയ തോതിലുളള ജനപ്രവാഹം സമാപനചടങ്ങ് വീക്ഷിക്കാന്‍ എക്‌സ്‌പോയിലെത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. ഇതിനായുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. രാത്രി 12 മണിക്കും മൂന്ന് മണിക്കും വര്‍ണാഭമായ വെടിക്കെട്ടുണ്ടാകും.

എക്‌സ്‌പോ വേദി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും, അതേസമയം അല്‍ വാസല്‍ ഡോമിലെ പൂന്തോട്ട മേഖലയിലേക്ക് വിഐപി അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

എക്‌സ്‌പോ 2020 സ്റ്റേഷനിലേക്കുളള മെട്രോ സര്‍വ്വീസ് രാത്രി മുഴുവനുമുണ്ടാകുമെന്നും എക്‌സ്‌പോ 2020 യുടെ ചീഫ് ഇവന്റ്‌സ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് ഓഫീസര്‍ താരെഖ് ഗോഷെ പറഞ്ഞു.

എക്‌സ്‌പോ 2020 യുടെ ഉദ്ഘാടനചടങ്ങ് പ്രതീകാത്മകമായിരുന്നു, സമാപനചടങ്ങും അതുപോലെതന്നെയാകും, അദ്ദേഹം പറഞ്ഞു. 7 മണിമുതല്‍ 8 മണിവരെ നീണ്ടുനില്‍ക്കുന്ന സമാപന ചടങ്ങില്‍ ഏഴിനും ഒന്‍പതിനും ഇടയില്‍ പ്രായമുളള കുട്ടികളാണ് വിഐപി അതിഥികള്‍. ഉദ്ഘാടനചടങ്ങ് ആരംഭിച്ചത് എമിറാത്തി പെണ്‍കുട്ടിക്ക് മുതുമുത്തശ്ശന്‍ നല്‍കിയ അറബ് സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന മോതിരത്തില്‍ നിന്നാണ്. എമിറാത്തി സംസ്‌കാരം അനുവാചകരിലേക്ക് എത്തിച്ചതായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. നമ്മള്‍ എവിടെ നിന്നാണോ തുടങ്ങിയത്, അവിടേക്ക് നാം മടങ്ങിപ്പോകണം, ഇനി വരുന്ന തലമുറകളിലേക്ക് ആ സംസ്‌കാരവും പാരമ്പര്യവും കൈമാറണം, അതാണ് സമാപനചടങ്ങിന്റെ ഉളളടക്കം.

അല്‍ വാസല്‍ ഡോം തന്നെയാണ് എക്‌സ്‌പോ 2020 യുടെ ഹൃദയമിടിപ്പ്. സമാപനചടങ്ങില്‍ ഓര്‍മ്മകളുടെ പൂന്തോട്ടമെന്ന് പേരിട്ട 10 മിനിറ്റ് സമയത്ത് ഈ ആറുമാസക്കാലം നമ്മളോരോരുത്തരും കടന്നുപോയ എക്‌സ്‌പോയിലെ അവിസ്മരണീയ നിമിഷങ്ങള്‍ പെണ്‍കുട്ടിയിലൂടെ കാണാം, അദ്ദേഹം വിശദീകരിച്ചു. രാജ്യങ്ങളുടെ കടല്‍ എന്ന പേരിലവതരിപ്പിക്കുന്ന ഭാഗത്ത് എക്‌സ്‌പോയില്‍ ഭാഗമായ വിവിധ രാജ്യങ്ങളുടെ പങ്കാളിത്തം സ്റ്റേജിലുറപ്പിക്കും.2025 ല്‍ എക്‌സ്‌പോ അടുത്തതായി നടക്കാന്‍ പോകുന്ന ജപ്പാനിലെ ഒസാക്കയ്ക്ക് ഔദ്യോഗികമായി പതാക കൈമാറുന്ന ചടങ്ങുമുണ്ടാകും. ലോകം മുഴുവന്‍ മഹാമാരിക്കെതിരെ പോരാടുന്ന കാലത്ത് കോവിഡിനെ അതിജീവിച്ച് വിജയകരമായി എക്‌സ്‌പോ നടത്തിയെന്നുളളത് ഇതിന്റെ ഭാഗമായ ഓരോരുത്തര്‍ക്കും അഭിമാനമാണ്, താരെഖ് ഗോഷെ പറഞ്ഞു.

96 വേദികളിലായി 30,000 പരിപാടികളാണ് എക്‌സ്‌പോയില്‍ ഇതുവരെ നടന്നത്. അല്‍ വാസല്‍ പ്ലാസയില്‍ മാത്രം 3000 പരിപാടികള്‍ നടന്നു. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമായി 500ലധികം പരിപാടികളാണ് നടന്നത്.

എക്‌സ്‌പോ അതിന്റെ അവസാന അധ്യായത്തിലേക്ക് കടക്കുമ്പോള്‍ എക്‌സ്‌പോയുടെ ഭാഗമായ ഓരോരുത്തരേയും ആഘോഷിക്കുകയാണ് സമാപനചടങ്ങിലൂടെ ലക്ഷ്യമിടുന്നതെന്ന് എക്‌സ്‌പോ 2020 യുടെ എക്‌സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടര്‍ അംന അബുള്‍ഹൗള്‍ പറഞ്ഞു. നമ്മുടെ ജീവന്‍ നമ്മില്‍ നിന്നും വിട്ടുപോകുമ്പോള്‍ അതുവരെ നമ്മുടെ ജീവിതത്തില്‍ നടന്നതെല്ലാം ഒരു ഫ്‌ലാഷ് ബാക്കിലെന്ന പോലെ മനസില്‍ കാണാനാകുന്നതുപോലെ എക്‌സ്‌പോ അവസാനിക്കുന്നതിന് മുന്‍പ് കഴിഞ്ഞ ആറുമാസക്കാലത്തെ നല്ല മുഹൂര്‍ത്തങ്ങള്‍ നമുക്ക് മുന്നില്‍ അനുഭവവേദ്യമാകും, അവര്‍ പറഞ്ഞു. സൂര്യോദയത്തോടെയാണ് എക്‌സ്‌പോ 2020യുടെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചതെങ്കില്‍ സൂര്യാസ്തമനമാണ് സമാപനചടങ്ങിന്റെ പ്രധാന ആകര്‍ഷണം, എന്നാല്‍ അത് ഒരു പുതിയ തുടക്കമാണെന്ന് മാത്രം അംന അബുള്‍ഹൗള്‍ പറഞ്ഞു.

എക്‌സ്‌പോയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ അവരുടെ പതാകകളേന്തി സ്റ്റേജിലെത്തും, രാജ്യങ്ങളുടെ കടലായി, എക്‌സ്‌പോ 2020 ഇവന്റ്‌സ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് വൈസ് പ്രസിഡന്റ് കാറ്റെ റന്റാല്‍ പറഞ്ഞു.

എക്‌സ്‌പോ ആസ്ഥാനത്ത് തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളത്തിലാണ് സംഘാടകര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

വിജയം ആവ‍ർത്തിക്കാൻ മോഹൻലാൽ; 'വ‍ൃഷഭ' ദീപാവലി റിലീസായെത്തും

ഒടിടിയിൽ ഇനി പേടിയും ചിരിയും നിറയും; സുമതി വളവ് സ്ട്രീമിങ് ആരംഭിക്കുന്നു

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

SCROLL FOR NEXT