

ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് പരിഗണിക്കപ്പെട്ട കുട്ടികളുടെ സിനിമകൾക്ക് ഒന്നിനും നിലവാരമില്ലായിരുന്നുവെന്ന ജൂറിയുടെ വിലയിരുത്തലിന് പിന്നാലെ പ്രതിഷേധമറിയിച്ച് ‘സ്കൂൾ ചലേ ഹം’ എന്ന സിനിമയുടെ സംവിധായകൻ ശ്രീകാന്ത് ഇ.ജി. മികച്ച നടൻ അല്ലെങ്കിൽ നടി എന്നീ അവാർഡ് പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് മികച്ച ബാല താരത്തിന് ഉള്ള അവാർഡ് എന്ന കാര്യം മനസ്സിലാകാത്ത ഇടത്താണ് അവാർഡ് പ്രഖ്യാപനം പരാജയപ്പെട്ടത്. കഴിഞ്ഞ 55 വർഷത്തിൽ ഒരിക്കലെങ്കിലും മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ എന്നും ശ്രീകാന്ത് ഇ.ജി ചോദ്യം ഉന്നയിച്ചു.
ശ്രീകാന്ത് ഇ.ജി.യുടെ വാക്കുകൾ:
55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ നിന്നും കുട്ടികളുടെ 'perspective'വിൽ കഥ പറയുന്നില്ല എന്ന കാരണത്താൽ തഴയപ്പെട്ട ചിത്രമായ "സ്കൂൾ ചലെ ഹം" എന്ന ചിത്രം, ഫിൻലൻഡിൽ നടക്കുന്ന നാല്പത്തി നാലാമത്തെ അന്താരാഷ്ട്ര കുട്ടികളുടെ ചലച്ചിത്രോത്സവത്തിൽ 300' ൽ പരം ചിത്രങ്ങൾക്കിടയിൽ നിന്നും competition വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 8 ചിത്രങ്ങളിൽ ഒന്നായ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരേ ഒരു ചിത്രം കൂടിയാണ് "സ്കൂൾ ചലേ ഹം".
മികച്ച നടൻ അല്ലെങ്കിൽ നടി എന്നീ അവാർഡ് പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് മികച്ച ബാല താരത്തിന് ഉള്ള അവാർഡ് എന്ന കാര്യം മനസ്സിലാകാത്ത ഇടത്താണ് ഇന്നലത്തെ അവാർഡ് പ്രഖ്യാപനം പരാജയപ്പെട്ടുപോയത് . കഴിഞ്ഞ 55 വർഷത്തിൽ ഒരിക്കലെങ്കിലും മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ? എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി മികച്ച കുട്ടികളുടെ സിനിമയ്ക്ക് അവാർഡ് കൊടുത്തില്ല എന്നത് കുട്ടികളുടെ സിനിമകളോടുള്ള അവഗണന ആയി തന്നെ വേണം കരുതാൻ.
പിന്നെ 10 രൂപ ഇട്ട് 100 രൂപ ഉണ്ടാക്കാനായി ചെയ്യുന്ന വാണിജ്യ സിനിമകളുമായി ഈ സിനിമകളെ താരതമ്യം ചെയ്താൽ ചിലപ്പോൾ ഈ സിനിമകൾക്ക് പകിട്ട് കുറവായി തോന്നിയേക്കാം, കാരണം ഒരു രൂപ പോലും തിരിച്ച് കിട്ടില്ലെന്നും ഒരു തിയറ്ററും ഒടിടിയും റിലീസ് ചെയ്യില്ലെന്നും അറിഞ്ഞുകൊണ്ട് പരസ്പര സഹായത്തോടെ അഞ്ചും പത്തും ചേർത്ത് വെച്ച് ചെയ്യുന്ന സിനിമകളാണ് ഇവയൊക്കെ, സിനിമ എന്ന ഒറ്റ വികാരം മാത്രമാണ് ഇവ ഉണ്ടാക്കാൻ മേക്കർസ്ന് ഉള്ള പ്രചോദനം. അങ്ങനെ നോക്കിയാൽ ഈ കൊച്ചു സിനിമകൾ മേൽപറഞ്ഞ താര പകിട്ടുള്ള സിനിമകളെക്കാൾ ഒരുപാട് മുകളിൽ തന്നെ വയ്ക്കേണ്ടിവരും.
ജൂറി ചെയർമാൻ ഇതിന് പറഞ്ഞ കാരണങ്ങൾ കേൾക്കുമ്പോഴാണ് കൂടുതൽ വിഷമം ഞങ്ങൾ ‘സ്കൂൾ ചലേ ഹം’ ക്രൂവിന് വരുന്നത്. കുട്ടികളുടെ 'perspective'വിൽ കഥ പറയുന്ന സിനിമ ഇല്ല എന്ന്. ഇതിൽ നിന്ന് ഒരുകാര്യം മനസ്സിലാകുന്നത് ജൂറി ചെയർമാൻ സ്കൂൾ ചലേ ഹം എന്ന സിനിമ എന്തായാലും കണ്ടിട്ടില്ല, പരിപൂർണ്ണമായും കുട്ടികളുടെ വീക്ഷണ കോണിൽ കാര്യങ്ങൾ പറയുന്ന, 80% ത്തിൽ അധികം സമയം കുട്ടികൾക്ക് മാത്രം സ്ക്രീൻ സ്പേസ് ഉള്ള ഒരു സിനിമയാണിത്.
ഇന്ന് ഇങ്ങനെയൊരു കുറിപ്പ് എഴുതാൻ കാരണം അടുത്ത വർഷം വരുന്ന കുട്ടികളുടെ സിനിമയ്ക്ക് എങ്കിലും ഈ ഗതികേട് വരരുത് എന്ന് കരുതിയാണ്. കൂടെ ഒരു സന്തോഷ വാർത്ത കൂടി പറയട്ടെ, ആദ്യം സൂചിപ്പിച്ച പോലെ ഫിൻലൻഡിൽ നടക്കുന്ന നാൽപ്പത്തി നാലാമത് അന്താരാഷ്ട്ര കുട്ടികളുടെ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി അവിടെയുള്ള എല്ലാ സ്കൂളുകളിലും ‘സ്കൂൾ ചലേ ഹം’ കാണിക്കാൻ പോകുകയാണ്. അപ്പോഴും ബാക്കിയാവുന്ന ഒരു ദുഖം ഈ സിനിമ ഇതിൽ അഭിനയിച്ച ഞങ്ങളുടെ കുട്ടികളെ അവരുടെ മുഖം വലിയ സ്ക്രീനിൽ കാണിക്കാൻ പറ്റിയില്ലല്ലോ എന്നതാണ്.