ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ 44 മത് പതിപ്പിന് നവംബർ 5 ന് തുടക്കമാകും. പുസ്തകവും നിങ്ങളും തമ്മില്‍ എന്ന സന്ദേശമുയർത്തി എക്സ്പോ സെന്‍ററില്‍ നടക്കുന്ന മേള 16 വരെ നീണ്ടുനില്‍ക്കും. 118 രാജ്യങ്ങളില്‍ നിന്നായി 2350 ത്തോളം പ്രസാധകരും പ്രദർശകരും മേളയുടെ ഭാഗമാകും.
വിനോദവിജ്ഞാനപ്രദമായ 1200 ഓളം പരിപാടികള്‍ പുസ്തകമേളയിലുണ്ടാകും. 66 രാജ്യങ്ങളില്‍ നിന്നുളള 250 അതിഥികളും ഇത്തവണയെത്തും. ഐസ് ലന്‍റ്, ജമൈക്ക, നൈജീരിയ, മാലി, ചാഡ്, അംഗോള, മൊസാബിക്ക്, ഗിനിയ, സെനഗല്‍, വിയറ്റ്നാം എന്നീ പത്ത് രാജ്യങ്ങള്‍ ഇത്തവണ ആദ്യമായി മേളയുടെ ഭാഗമാകും. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഭാഗമാകാന്‍ കഴിയുന്ന വർക്ക് ഷോപ്പുകള്‍ക്ക് 28 വിദഗ്ധരാണ് നേതൃത്വം നല്‍കുന്നത്.
ഓരോ വ്യക്തികളുടെയും വായന വ്യത്യസ്തമാണ്. എന്നാല്‍ ഓരോ വായനക്കാരനും വായിക്കുന്ന പുസ്തകവും തമ്മില്‍ ആഴത്തിലുളള സംവാദമുണ്ട്. മറ്റാർക്കും അറിയാനാകാത്ത ആത്മബന്ധമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഓരോ പുസ്തകങ്ങളും വായനക്കാരന്‍റെ കണ്ണാടിയാണ്, അതുതന്നെയാണ് ഇത്തവണത്തെ പുസ്തകമേളയുടെ സന്ദേശവും. പുസ്തകളും നിങ്ങളും തമ്മില്‍, ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി പറഞ്ഞു. ഒരോ പുസ്തകവും വായനക്കാരന്‍റെ ഭാവനയ്ക്ക് അനുസരിച്ച് വ്യത്യസ്തമായാണ് വായിക്കപ്പെടുന്നത്. കഴിഞ്ഞ 43 വർഷങ്ങളായി പുസ്തകങ്ങളുമായി ഷാർജ അന്താരാഷ്ട്ര പുസ്തകമേള ജനങ്ങളിലേക്കെത്തുകയാണ്. അതിന് പിന്നില്‍ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിശ്ചയദാർഢ്യവും ദീർഘവീക്ഷണവുമുണ്ട്. ഇന്ന് ഈ യാത്ര തുടരുന്നത് ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സണ്‍ ഷെയ്ഖ ബോദൂർ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമുടെ മികച്ച നേതൃത്വത്തിലാണ്. അറിവിന്‍റെയും അക്ഷരങ്ങളുടെയും തലസ്ഥാനമായി, അക്ഷരനഗരമായി ഷാർജ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീസാണ് അതിഥി രാജ്യം
44 മത് പുസ്തകമേളയില്‍ ഗ്രീസാണ് അതിഥി രാജ്യം. എഴുത്തുകാരും, വിവർത്തകരും, സംഗീതജ്ഞരും, അഭിനേതാക്കളുമുള്‍പ്പടെ 70 ലധികം വ്യക്തിത്വങ്ങള്‍ കലാവിജ്ഞാനപരിപാടികളുടെ ഭാഗമാകും. ഗ്രീസിന്‍റെ സാംസ്കാരിക പെരുമ വിളിച്ചോതുന്ന പരിപാടികളും ഇത്തവണയുണ്ടാകും.
അതിഥി രാജ്യമായെത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഗ്രീക്ക് എംബസി പ്രതിനിധി പനഗോറ്റിസ് കൗണ്‍ഗ്യൂ പറഞ്ഞു. യുഎഇയും ഗ്രീസും തമ്മിലുളള സാംസ്കാരിക ബന്ധംകൂടുതല്‍ ദൃഢമാകും. പുസ്തകമേളയിലെത്തുന്ന ഓരോരുത്തർക്കും ഗ്രീസ് എന്ന രാജ്യത്തെ അടുത്തറിയാന്‍ കഴിയുന്ന തരത്തിലുളള പരിപാടികളൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു വ്യക്തിയുടെ അറിവും അനുഭവവുമാണ് ആ വ്യക്തിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതെന്ന് എസ് ഐ ബി എഫ് ജനറല്‍ കോർഡിനേറ്റർ കൗല അല്‍ മുജൈനി പറഞ്ഞു. കാലം മാറിയതിന് അനുസരിച്ച് വായനയിലും മാറ്റങ്ങള്‍ സംഭവിച്ചു. ഓരോ വായനക്കാരനും പുസ്തകത്തെ വായിക്കുന്ന രീതി വ്യത്യസ്തമാണ്. അതാണ് പുസ്തകവും നിങ്ങളും തമ്മില്‍ എന്ന ആശയവും. പുസ്തകമേള ഒരു ക്ഷണമാണ്, പുസ്തകവും വായനക്കാരനും തമ്മിലുളള ആഴത്തിലുളള ഹൃദയബന്ധം അടുത്തറിയാനുളള വേദിയിലേക്കുളള ക്ഷണം, കൗല പറഞ്ഞു.
എസ് ബി എ ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അധികൃതർ പുസ്തകമേളയുടെ വിശദാംശങ്ങള്‍ അറിയിച്ചത്. ഷാർജ ബ്രോഡ് കാസ്റ്റിങ് അതോറിറ്റി ഡയറക്ടർ ജനറല്‍ മുഹമ്മദ് ഹസന്‍ ഖലാഫ്, ഇ ആന്‍റ് യുഎഇ ജനറല്‍ മാനേജർ മുഹമ്മദ് അല്‍ അമീമി, എസ് ബി എ പബ്ലിഷിങ് സർവ്വീസസ് ഡയറക്ടർ മന്‍സൂർ അല്‍ ഹസാനി എന്നിവരും വാർത്താസമ്മേളനത്തില്‍ സംബന്ധിച്ചു.