Blogs

'പിണറായി ഡാ' എന്ന് പോസ്റ്റിടാൻ വേണ്ടി മുൻകൂട്ടി കളമൊരുക്കുകയാണീ അഭിനവ വിമർശകർ: വി.ടി.ബല്‍റാം

ഭര്‍തൃപീഡനം പരാതിപ്പെട്ട സ്ത്രീയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെ വിമര്‍ശിച്ച് വി.ടി ബല്‍റാം. വി.ടി ബല്‍റാം ഫേസ്ബുക്കില്‍ എഴുതിയത്‌

അഞ്ച് വർഷമാണ് കേരളത്തിൽ വനിതാ കമ്മീഷൻ്റെ കാലാവധി. ഇപ്പോഴത്തെ കമ്മീഷൻ വന്നിട്ട് നാലര വർഷം കഴിയാറായി. എന്നിട്ടിപ്പോൾ മാത്രമാണ് പല ''ഇടതുപക്ഷ", "സ്ത്രീപക്ഷ", "നവോത്ഥാന പക്ഷ" പ്രൊഫൈലുകൾക്കും എംസി ജോസഫൈൻ അത്ര ഫൈനല്ല എന്ന് പറയാൻ നാവു പൊന്തുന്നത്. ജോസഫൈൻ പുതുതായി അപ്രതീക്ഷിതമായ തരത്തിൽ എന്തോ പെരുമാറി എന്ന മട്ടിൽ.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു ദലിത് വനിതയെ സിപിഎം സംസ്ഥാന സെക്രട്ടറി അശ്ലീല ഭാഷയിൽ അധിക്ഷേപിച്ചപ്പോൾ "അദ്ദേഹത്തെ പലരും ശക്തമായ ഭാഷയിൽ വിമർശിച്ചിട്ടുണ്ടല്ലോ, അത് തന്നെയാണ് ഏറ്റവും വലിയ ശിക്ഷ" എന്ന് വിധിയെഴുതിയ പാർട്ടിക്കാരിയാണ് സഖാവ് എംസി ജോസഫൈൻ

ഈ നാലര വർഷവും വനിതാ കമ്മീഷൻ അധ്യക്ഷയുടെ രീതികൾ ഇങ്ങനെത്തന്നെയായിരുന്നു എന്ന് കേരളത്തിലാർക്കും അറിയാത്തതല്ല. ഒരു അർദ്ധ ജുഡീഷ്യൽ അധികാര സ്ഥാനത്തിരിക്കുന്ന നിഷ്പക്ഷയും നീതിബോധവുമുള്ള വ്യക്തി എന്ന നിലയിലല്ല, സിപിഎം എന്ന പാർട്ടിക്ക് വേണ്ടി പാർട്ടി നിയമിച്ച വെറും പാർട്ടിക്കാരി എന്ന നിലയിൽത്തന്നെയായിരുന്നു ജോസഫൈൻ എന്നും പ്രവർത്തിച്ചിരുന്നത്. അവരുടെ ഈ അറഗൻസും എമ്പതിയില്ലായ്മയും തുടക്കം മുതലേ പ്രകടമായിരുന്നു. സിപിഎം നേതാക്കൾക്കെതിരെ ആരോപണങ്ങളുയർന്ന ഘട്ടങ്ങളിലൊക്കെ ജോസഫൈൻ സ്വീകരിച്ച ഇരട്ടത്താപ്പുകൾ ഇപ്പോഴത്തെ പല വിമർശകരും അന്ന് കണ്ടതായിപ്പോലും നടിച്ചിരുന്നില്ല. പീഡനത്തിനിരയാകുന്ന വനിത സഖാക്കളെ നിശ്ശബ്ദരാക്കാൻ സിപിഎമ്മിൻ്റെ ഖാപ് പഞ്ചായത്ത് തീവ്രതാ മാനദണ്ഡങ്ങളുപയോഗിച്ച് കടന്നു വരുമ്പോഴും "ഞങ്ങളുടെ പാർട്ടി ഒരു കോടതിയാണ്, പോലീസാണ്" എന്ന് പറഞ്ഞ് പാർട്ടിയെ മഹത്വവൽക്കരിക്കാനാണ് ജോസഫൈൻ ശ്രമിച്ചത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു ദലിത് വനിതയെ സിപിഎം സംസ്ഥാന സെക്രട്ടറി അശ്ലീല ഭാഷയിൽ അധിക്ഷേപിച്ചപ്പോൾ "അദ്ദേഹത്തെ പലരും ശക്തമായ ഭാഷയിൽ വിമർശിച്ചിട്ടുണ്ടല്ലോ, അത് തന്നെയാണ് ഏറ്റവും വലിയ ശിക്ഷ" എന്ന് വിധിയെഴുതിയ പാർട്ടിക്കാരിയാണ് സഖാവ് എംസി ജോസഫൈൻ. അന്നൊക്കെ അതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയവരെ വട്ടം കൂടി വന്ന് ആക്രമിക്കാനായിരുന്നു പലർക്കും തിടുക്കം.

അല്ലെങ്കിൽത്തന്നെ സിപിഎമ്മിൻ്റെ എല്ലാ നിയമനങ്ങളും ഇങ്ങനെത്തന്നെയാണല്ലോ. അതിൽ ചിലത് എങ്ങാനും ക്ലിക്കായാൽ ഉടനെ അവരെ "വളർത്തിയെടുത്ത സംവിധാന''ത്തിന് ക്രഡിറ്റ് എടുക്കണം, വാഴ്ത്തിപ്പാടണം. ക്ലിക്കായില്ലെങ്കിലോ, ആ വ്യക്തികളെ സെലക്റ്റീവായി തള്ളിപ്പറഞ്ഞ് "സംവിധാന"ത്തിൻ്റെ മഹത്വ പരിവേഷം അപ്പോഴും സംരക്ഷിക്കണം. 53 ലക്ഷത്തോളം ഹോണറേറിയവും യാത്രാബത്തയും ഇതിനോടകം കൈപ്പറ്റിയ വനിതാ കമ്മീഷനും 11 കോടിയിലേറെ പൊതു ഖജനാവിന് ബാധ്യതയായ ഭരണ പരിഷ്ക്കരക്കമ്മീഷനുമൊക്കെ എന്ത് ക്രിയാത്മക സംഭാവനയാണ് കേരളത്തിന് നൽകിയത് എന്നതിനുത്തരം പറയേണ്ടത് ആ വ്യക്തികൾ മാത്രമല്ല, അവരെ നിയമിച്ച "സംവിധാനം" കൂടിയാണ്.

ചുരുക്കിപ്പറഞ്ഞാൽ, ഏതാനും മാസങ്ങൾക്കുള്ളിൽ കാലാവധി കഴിഞ്ഞ് എംസി ജോസഫൈനെ ആ സ്ഥാനത്തു നിന്ന് സ്വാഭാവികമായി മാറ്റുമ്പോഴോ, നിൽക്കക്കള്ളിയില്ലാതെ അതിന് മുൻപ് തന്നെ അവർക്ക് ഒഴിഞ്ഞു പോവേണ്ടി വന്നാലോ "പിണറായി ഡാ" എന്ന് പോസ്റ്റിടാൻ വേണ്ടി മുൻകൂട്ടി കളമൊരുക്കി വക്കുകയാണീ അഭിനവ വിമർശകർ. അപ്പോഴും അവരെ അഞ്ച് വർഷം കേരള ജനതക്ക് മേൽ കെട്ടിയേൽപ്പിച്ച "സംവിധാന"ങ്ങൾക്ക് യാതൊരു ഓഡിറ്റിംഗും ഉണ്ടാകരുത് എന്ന് അവർക്ക് നിർബ്ബന്ധമുണ്ടെന്ന് മാത്രം.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT