Blogs

സ്ത്രീധനം ആഗ്രഹിക്കുന്നില്ല എന്ന് പരസ്യമായി പ്രഖ്യാപിക്കാൻ കഴിയുമോ?

ഇത് മറ്റാരുമല്ല, നമ്മൾ തന്നെയാണ്

ഒരിക്കൽ രണ്ട് അദ്ധ്യാപകർ എന്നെ കാണാൻ വന്നു. ആൺകുട്ടികൾ മാത്രമുള്ള നഗരത്തിലെ ഒരു പ്രധാന ഹൈസ്കൂൾ. അവിടത്തെ ഹൈസ്കൂൾ കട്ടികൾക്കായി ഞാൻ ഒരു ക്ലാസ് എടുക്കണം. എച്.ഐ.വി / എയ്ഡ്സിനെപ്പറ്റി. ഞാൻ ഉടൻ സമ്മതിച്ചു. അപ്പോഴാണ് ഒരു കണ്ടിഷൻ പറയുന്നത്. ലൈംഗിക അവയവങ്ങളെപ്പറ്റിയോ ലൈംഗിക ബന്ധത്തെപ്പറ്റിയോ കോണ്ടത്തെപ്പറ്റിയോ ഒന്നും പറയരുതെന്ന്. ഞാൻ ഞെട്ടിപ്പോയി. ഇതൊന്നും പറയാതെ എയ്ഡ്സിനെപ്പറ്റി എങ്ങനെ പറയുമെന്ന് ചോദിച്ചപ്പോൾ ഒരദ്ധ്യാപകൻ പറഞ്ഞ മറുപടി കേട്ട് ശരിക്കും രോഷം വന്നു. ഞങ്ങളുടേത് സന്മാർഗ ചിന്ത പഠിപ്പിക്കുന്ന ഒരു മിഷൻ സ്കൂൾ ആണെന്നും അവിടെ കുട്ടികൾക്ക് ഇത്തരം കാര്യങ്ങൾ അറിയില്ലെന്നും അവരോടിതൊന്നും പറയരുതെന്നുമാണ് മറുപടി. താങ്കളെപ്പോലുള്ള അദ്ധ്യാപകരുള്ള ഒരു സ്കൂളിൽ ഇതൊന്നും പഠിപ്പിച്ചിട്ട് കാര്യമില്ലെന്നും താങ്കളെയാണ് ഒരിക്കൽക്കൂടി സ്കൂളിൽ വിട്ട് പഠിപ്പിക്കേണ്ടതെന്നും ഞാൻ പറഞ്ഞു. അദ്ധ്യാപകനും കലി കയറി. രണ്ടാമത്തെ അദ്ധ്യാപകൻ എന്നെ നന്നായി അറിയുന്ന ആളായിരുന്നതിനാൽ അദ്ദേഹം ഇടപെട്ട് തർക്കം അവിടെ അവസാനിപ്പിച്ചു. ആ സ്കൂളിൽ പതിറ്റാണ്ടുകൾക്ക് മുമ്പേ നീല പുസ്തകങ്ങൾ പ്രചാരത്തിലുണ്ടായിരുന്നത് എനിക്ക് നേരിട്ടറിയാം. അവിടെയാണ് ഇപ്പോഴും ചില അദ്ധ്യാപകർ കണ്ണടച്ച് ഇരുട്ടാക്കുന്നത്.

നമ്മൾ തന്നെയാണ് സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും. നമ്മുടെ സ്വന്തം മകളുടെ കല്യാണക്കാര്യമാണെങ്കിൽ നമ്മൾ സ്ത്രീധനത്തിനെതിരെ എല്ലാ ന്യായവും പറയും. നമ്മുടെ കൈയിൽ കാശ് കുറവാണെങ്കിൽ ന്യായത്തിന്റെ അളവ് കൂടും.

നമ്മൾ വലിയ ഇരട്ടത്താപ്പിന്റെ ആളുകളാണ്. കാര്യങ്ങളെല്ലാം നമുക്കിയാം. പക്ഷേ അറിയാത്തതായി ഭാവിക്കും. നമ്മൾ എല്ലാ വൃത്തികേടിനും കൂട്ടുനിൽക്കും. സ്ത്രീധനക്കാര്യത്തിലും നമ്മൾ ഇതു തന്നെയാണ് ചെയ്യുന്നത്. സ്ത്രീധന ഇടപാടുകളിൽ ഭാഗഭാക്കല്ലാത്ത എത്ര പേരുണ്ട് നമുക്കിടയിൽ? സ്ത്രീധന പ്രശ്നത്തിൽ അഭിപ്രായം പറയുമ്പോൾ എത്ര പേർക്ക് ധൈര്യമായി കണ്ണാടി നോക്കാൻ കഴിയും?

നമ്മൾ തന്നെയാണ് സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും. നമ്മുടെ സ്വന്തം മകളുടെ കല്യാണക്കാര്യമാണെങ്കിൽ നമ്മൾ സ്ത്രീധനത്തിനെതിരെ എല്ലാ ന്യായവും പറയും. നമ്മുടെ കൈയിൽ കാശ് കുറവാണെങ്കിൽ ന്യായത്തിന്റെ അളവ് കൂടും. നമുക്കുള്ളത് മകനാണെങ്കിൽ നേരേ തിരിച്ചാവും ന്യായം. മകളുടെ വിവാഹത്തിന് സ്തീധനം ചോദിച്ചവരെ വിരട്ടിയോടിച്ചിട്ട് മകന്റെ ഭാര്യവീട്ടുകാരിൽ നിന്ന് സ്ത്രീധനം അളന്നും എണ്ണിയും വാങ്ങിയവരെ എനിക്കും അറിയാം. എനിക്ക് അടുത്ത് അറിയുന്നവരിലും അത്തരക്കാർ ഉണ്ട്. ഇതൊക്കെ ചെയ്യുന്നത് നമ്മൾ തന്നെയാണ്. മറ്റാരുമല്ല. നമ്മൾ ഇക്കാര്യത്തിലും ഇരട്ടത്താപ്പിന്റെ ആളുകളാണ്.

മകൾക്ക് ഏറ്റവും നല്ല ചെറുക്കനെ കിട്ടാൻ പരമാവധി നല്ല സ്ത്രീധനത്തിന്റെ വലയെറിയുന്നതും നമ്മൾ തന്നെയാണ്. അതേ നമ്മൾ തന്നെ ധനികന്റെ ഏക മകളെ സ്ത്രീധനം വാങ്ങാതെ കല്യാണം കഴിച്ച് ത്യാഗങ്ങളും ചെയ്യാറുണ്ട്. മകൾക്ക് സ്ത്രീധനം കൊടുക്കാൻ മടികാണിക്കുകയും മകന് കനത്ത സ്ത്രീധനം കിട്ടുമ്പോൾ ഞങ്ങളൊന്നും ചോദിച്ചിരുന്നില്ല എന്ന ത്യാഗത്തിന്റെ കഥ പറയുകയും ചെയ്യും. മകന് സ്ത്രീധനം ചോദിച്ചു വാങ്ങുന്ന സ്ത്രീരത്നങ്ങൾ നമുക്കിടയിൽ തന്നെ ഉണ്ട്. അറിയുന്നവരുടെ കല്യാണത്തിന് എന്ത് കൊടുത്തെന്നും എന്ത് കിട്ടിയെന്നും ഒക്കെ ചോദിക്കാത്ത എത്രപേരുണ്ട്? കണ്ണാടിയിൽ നോക്കുമ്പോൾ ചമ്മൽ തോന്നുന്നില്ലെങ്കിൽ നിങ്ങൾ ആ കൂട്ടത്തിൽ പെടുന്നില്ല

പരസ്യമായി മരുമകന് സത്രീധന കാറും വസ്തുവും പണവും നൽകുന്ന ഗാന്ധിയൻമാരും കമ്മ്യൂണിസ്റ്റുകാരും മനുഷ്യാവകാശ-നിയമപാലകരുമുള്ള നാട്ടിൽത്തന്നെയാണ് നമ്മൾ സത്രീധനത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുന്നത്.

ശത്രുസംഹാര പൂജയും ശയന പ്രദക്ഷിണവും നടത്തുന്ന കമ്മ്യൂണിസ്റ്റ് മന്ത്രിമാരുള്ള നാട്ടിലാണ് നമ്മൾ പുരോഗമനാശയങ്ങൾ പറയുന്നതെന്നും മറക്കരുത്. നമ്മൾ തന്നെയാണ് ഈ ഇരട്ടത്താപ്പിന്റെ ആളുകൾ. അതിനാൽ വലിയ വാചകമടിയിലൊന്നും കാര്യമില്ല.

അവനവന് ഇഷ്ടമുള്ള ഇണയെ തെരഞ്ഞെടുക്കാൻ മനുഷ്യർക്ക് അവകാശമില്ലാത്ത നാട്ടിൽ സ്ത്രീധനം സ്വാഭാവികമാണ്. പ്രേമത്തിന്റെ പേരിൽ ത്യാഗം ചെയ്യാൻ മനുഷ്യർ തയ്യാറായെന്നിരിക്കും. എന്നാൽ കല്യാണത്തിന്റെ പേരിൽ അത് നടന്നെന്ന് വരില്ല. അവനവന്റെ സുരക്ഷ പെണ്ണും ചെറുക്കനും നോക്കും. നമ്മൾ സൃഷ്ടിച്ച മക്കൾക്ക് സാമ്പത്തിക സുരക്ഷയുടെ വഴികൾ ഉണ്ടാക്കിക്കൊടുക്കാൻ നമുക്ക് ഉത്തരവാദിത്വവും ഉണ്ട്. പക്ഷേ അത് വേറൊരുത്തന്റെ പോക്കറ്റിലെ പണവും വീട്ടിലെ സമ്പത്തും കണ്ടിട്ടാവുമ്പോൾ നാണക്കേടാണ്. വൃത്തികേടാണ്.

ആൺകുട്ടികളോട്: നിങ്ങൾ സ്ത്രീധനം വാങ്ങി കല്യാണം കഴിക്കുന്നവനാണെങ്കിൽ പെൺകുട്ടിക്ക് അവരുടെയുള്ളിൽ നിങ്ങളോട് മനഷ്യനെന്ന തരത്തിൽ യാതൊരു ബഹുമാനവും ഉണ്ടാകില്ല. പെൺകുട്ടികൾ ഭർത്താവിനെ ബഹുമാനിക്കണമെന്നല്ല പറയുന്നത്. മനുഷർക്ക് പരസ്പരമുള്ള ബഹുമാനക്കാര്യമാണ് പറയുന്നത്. അപരിചിതനോടു പോലുമുള്ള ബഹുമാനം. അത് നിങ്ങളോടുണ്ടാകില്ല. വലിയ വീട്ടിൽ താമസിച്ച് വലിയ കാറിൽ കറങ്ങാം, നാട്ടുകാരെ പറ്റിക്കാൻ. അവരും ഉള്ളിൽ ചിരിക്കും.

പെൺകുട്ടികളോട്: നിങ്ങളുടെ കല്യാണക്കാര്യത്തിൽ പൂർണ്ണ നിയന്ത്രണം മിക്കവാറും നിങ്ങളുടെ കൈയിൽ ആകണമെന്നില്ല. നിങ്ങളുടെ കാര്യത്തിൽ സർക്കാരിൽ നിന്നോ നിയമവ്യവസ്ഥയിൽ നിന്നോ പൂർണ പരിരക്ഷ കിട്ടുന്നില്ലെന്നതും യാഥാർത്ഥ്യമാണ്. സ്ത്രീധനം ചോദിക്കുന്നവരെ ഒഴിവാക്കാൻ നോക്കുക. സ്ത്രീധനത്തിന്റെ പേരിൽ കല്യാണ ശേഷം പീഡിപ്പിച്ചാൽ അത് പുറത്തുപറയുക. അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുക. നാണക്കേടൊന്നും വിചാരിക്കരുത്. ആത്മഹത്യയേക്കാൾ എത്രയോ ഭേദമാണ് ആ 'നാണക്കേട്'

വാലറ്റം: നിങ്ങളുടെ ആൺമക്കൾക്ക് നിങ്ങൾ സ്ത്രീധനം ആഗ്രഹിക്കുന്നില്ല എന്ന് പരസ്യമായി പ്രഖ്യാപിക്കാൻ കഴിയുമോ? അവിടെയാണ് നിങ്ങളുടെ ആത്മാർത്ഥത തെളിയിക്കേണ്ടത്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT