Blogs

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, 20 കിലോയില്‍ താഴെ തൂക്കമുള്ള ഒമ്പതുകാരി കഴുക്കോലില്‍ തൂങ്ങി മരിച്ചെന്ന് അങ്ങ് വിശ്വസിക്കുന്നുണ്ടോ?

കെ ആര്‍ മീര

(എഴുത്തുകാരി കെ ആര്‍ മീര ഡെക്കാന്‍ ക്രോണിക്കിള്‍ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍)

നിലവില്‍, ലൈംഗികാതിക്രമ കേസുകള്‍ കൊണ്ട് രണ്ടു കൂട്ടര്‍ക്കേ ഗുണമുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥരിലെ അഴിമതിക്കാര്‍ക്ക്. പിന്നെ പ്രതിഭാഗം അഭിഭാഷകര്‍ക്ക്. അതിന്റെ ഫലമോ? അതറിയാന്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ പെണ്‍വാണിഭ കേസുകളിലെ പ്രതികളുടെ പട്ടിക പരിശോധിച്ചാല്‍ മതി. മിക്കവാറും പട്ടികകളില്‍ ഒരേ പേരുകള്‍ ആവര്‍ത്തിക്കുന്നതു കാണാം. സീരിയല്‍ റേപ്പിസ്റ്റുകള്‍ എന്നു വിളിക്കപ്പെടുന്ന സ്ഥിരം ലൈംഗികാതിക്രമികള്‍ ലോകമെങ്ങുമുണ്ട്. ഒരേ കുറ്റം ആവര്‍ത്തിക്കാന്‍ എങ്ങനെ ധൈര്യം കിട്ടുന്നു എന്ന ചോദ്യത്തിന് അവരെല്ലാവരും നല്‍കുന്ന ഉത്തരം ഒന്നുതന്നെയാണ്; ആദ്യത്തെ തവണ പിടിക്കപ്പെടാതിരുന്നതില്‍നിന്ന് അല്ലെങ്കില്‍ ആദ്യത്തെ തവണ ശിക്ഷയില്‍നിന്നു രക്ഷപ്പെട്ടതു കൊണ്ട്. മിക്കവാറും അതിക്രമികള്‍ കുട്ടിക്കാലത്ത് ക്രൂരമായ അതിക്രമങ്ങള്‍ക്കു വിധേയരായവരാണ് എന്നതു കൂടി കണക്കിലെടുക്കുമ്പോള്‍ ലൈംഗികാതിക്രമ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്.

വാളയാര്‍ കേസ് കുറച്ചു കൂടി ഗൗരവമുള്ളതാണ്. അതിന്റെ രാഷ്ട്രീയം ജാതീയവും സാമ്പത്തികവും കൂടിയാകുന്നു. മരിച്ച നിലയില്‍ കണ്ടെത്തിയ കുട്ടികളുടെ അച്ഛനമ്മമാര്‍ ദിവസക്കൂലി തൊഴിലാളികളാണ്. തലമുറകളായി സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ അധികാരപദവികളില്‍ നിന്നെല്ലാം അകറ്റിനിര്‍ത്തപ്പെട്ടവരും ചൂഷണം ചെയ്യപ്പെട്ടവരുമായ ജനങ്ങളില്‍പ്പെട്ടവരാണ് അവര്‍.

അച്ഛനും അമ്മയും പണിക്കു പോയാല്‍ മാത്രം അടുപ്പില്‍ തീ പുകയുന്ന കുടുംബമാണ് അവരുടേത്. കുട്ടികളെ പരിചരിച്ചു വീട്ടിലിരിക്കാനുള്ള ആര്‍ഭാടം അവരുടെ അമ്മയുടെ ജീവിതത്തിലില്ല. ആ ഒമ്പതു വയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവളുടെ ആമാശയത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞ ഭക്ഷണപദാര്‍ഥം മാങ്ങയുടെ അംശങ്ങളാണ് എന്നു പറയുന്നുണ്ട്. മറ്റു ഭക്ഷണപദാര്‍ഥങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം കൊഴുത്ത മഞ്ഞ ദ്രവരൂപത്തില്‍ ആയിരുന്നു എന്നും.

അതിന്റെ അര്‍ത്ഥം അവള്‍ കാര്യമായ ഭക്ഷണം കഴിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു എന്നാണ്. അവസാനം കഴിച്ച മാങ്ങ ദഹിക്കുന്നതിനു മുമ്പേ അവളുടെ മരണം സംഭവിച്ചു എന്നും.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഒരു മാങ്ങ തിന്നു വിശപ്പടക്കിയിട്ട്, ഇരുപതു കിലോയില്‍ താഴെ തൂക്കമുള്ള ഒരൊമ്പതു വയസ്സുകാരി തന്റെ ഒറ്റമുറി വീട്ടിലെ കഴുക്കോലില്‍ തൂങ്ങി മരിച്ചു എന്ന് അങ്ങു വിശ്വസിക്കുന്നുണ്ടോ?

ഇല്ലെങ്കില്‍ ഓര്‍ക്കുക, അവളുടെയും സഹോദരിയുടെയും മരണങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ പിടിക്കപ്പെടാത്തതിന്റേയോ ശിക്ഷിക്കപ്പെടാത്തതിന്റേയോ ആത്മവിശ്വാസത്തില്‍, കൂടുതല്‍ ഒമ്പതുകാരികളെയും പതിനൊന്നുകാരികളെയും ഉന്നംവച്ച് നമുക്കിടയില്‍ കറങ്ങി നടക്കുന്നുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT