Blogs

'ഭക്ഷണം വലിച്ചെറിയരുത്' എന്നതൊരു പൊതുബോധമാണ്

'ഭക്ഷണം വലിച്ചെറിയരുത്' എന്നതൊരു പൊതുബോധമാണ്. എല്ലാ പൊതുബോധങ്ങളും ഒരുപോലെ തള്ളിക്കളയപ്പെടേണ്ടവയല്ല; ഭക്ഷണത്തെ സംബന്ധിച്ചുള്ള കാഴ്ച്ചപ്പാടും. അതിൽ അതിജീവനചരിത്രത്തിന്റെയും പട്ടിണി കിടക്കുന്നവരോടുള്ള ഐക്യദാർഢ്യത്തിന്റെയും അംശങ്ങളുണ്ട്. വ്യക്തികൾക്ക് ആവശ്യമുള്ളത്ര മാത്രം സിസ്റ്റത്തിൽ നിന്ന് എടുക്കുക എന്നതാണ് ആ നിലപാടിന്റെ ആത്യന്തികരാഷ്ട്രീയം. ഒരു നൈതിക നിലപാട് എന്ന നിലയിൽ വ്യക്തിജീവിതത്തിൽ അത് പുലർത്താൻ നാം ഉത്തരവാദിത്തപ്പെട്ടിരിക്കുന്നു. സാംസ്കാരികമായ തലമാണ് ആ നിലപാടിൽ ഉള്ളതെന്നതിനാൽ ഭരണകൂടത്തിന് നേരിട്ടതിൽ പങ്കൊന്നുമില്ല. ഭക്ഷണം വേസ്റ്റാക്കുന്നത് ഒരു കുറ്റകൃത്യമായി ആധുനിക ഭരണകൂടങ്ങൾ കരുതാത്തതിന്റെ കാരണവും മറ്റൊന്നല്ല.

ഭക്ഷണം കളയുമ്പോൾ പട്ടിണി കിടക്കുന്നവരെ ഓർക്കാതെ പോയതെന്ത് എന്നൊരു കവിക്കോ മതപുരോഹിതനോ ചോദിക്കാം. ഒരു ജനാധിപത്യ ഭരണാധികാരി വിശിഷ്യാ മാർക്സിസ്റ്റ് പ്രതിനിധി ആ ചോദ്യമുന്നയിക്കുമ്പോൾ അത് അപഹാസ്യമായിത്തീരും.

പട്ടിണിയെ (എന്നല്ല ഏതു ഭൗതികമായ പ്രശ്നത്തെയും) സമ്പത്തിന്റെയും വരുമാനത്തിന്റെയും അസമമായ വിതരണത്തിന്റെ അനന്തരഫലമായും മുതലാളിത്ത ഉത്പാദനരീതിയുടെ സാമാന്യതയായും മനസ്സിലാക്കുക എന്നത് മാർക്സിസത്തിന്റെ അടിസ്ഥാനങ്ങളിലൊന്നാണ്. വ്യക്തികൾ ഭക്ഷണം വേസ്റ്റാക്കുന്നതുകൊണ്ടാണ് പട്ടിണിയുണ്ടാവുന്നത് എന്നൊക്കെ കരുതുകയും ഭക്ഷണത്തിന് ദിവ്യത്വം കല്പിച്ചുകൊടുക്കലുമൊക്കെ മറ്റെന്താണെങ്കിലും മാർക്സിസ്റ്റ് വിശകലനമല്ല. വ്യവസ്ഥാപരമായ ഒരു പ്രശ്നത്തിൽ വ്യക്തികൾ കുറ്റക്കാരല്ല; വ്യക്തിപരമായി പരിഹരിക്കാവുന്നതല്ല താനും അവയൊന്നും.

ശുചീകരണത്തൊഴിലാളികൾക്ക് തങ്ങളുടെ ആത്മാഭിമാനം മുറിപ്പെട്ടു എന്നു തോന്നുകിൽ, ഏത് പ്രതീകമുപയോഗിച്ച് സമരം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അവർ തന്നെയാണ്. ഭക്ഷണം വലിച്ചെറിയലിനെ ഒരു സമരരീതിയായി അവർ സ്വീകരിച്ചെങ്കിൽ ആ സമരത്തിന്റെ മൂലകാരണത്തെ അഭിസംബോധന ചെയ്യാനാണ് ബന്ധപ്പെട്ടവർ തയ്യാറാകേണ്ടത്. മേൽപ്പറഞ്ഞ സാംസ്കാരിക പ്രശ്നത്തെ അതിലേക്ക് കൂട്ടിക്കലർത്താനല്ല. 'ചെയ്തുകൂടാത്തത്' എന്നു പൊതുസമൂഹം കരുതിപ്പോരുന്നത് ഒരു സമരസന്ദർഭത്തിൽ 'ചെയ്യപ്പെടുന്നത്' സമരത്തിന്റെ ഷോക് വാല്യു വർധിപ്പിക്കാനാണ്. അത്രത്തോളം ആ തൊഴിലാളികളുടെ അഭിമാനം മുറിപ്പെട്ടിരിക്കണം. അതെന്താണ് എന്നു കണ്ടെത്തുകയും പണിയെടുക്കുന്നവരുടെ അഭിമാനത്തെ വ്രണപ്പെടുത്തിയ യഥാർത്ഥ കുറ്റക്കാരാര് എന്നു തിരിച്ചറിയുകയും ചെയ്യുന്നിടത്താണ് ഒരു ഭരണസ്ഥാപനം ജനകീയമാവുന്നത്. പട്ടിണി മാറ്റാൻ ഭൗതികാധ്വാനം വിൽക്കുന്ന അടിസ്ഥാന വർഗത്തിന്റെ പ്രതീകാത്മക സമരമുറകളെ മാനവികവാദത്തിന്റെ മാനദണ്ഡത്തിൽ മാർക്കിടുമ്പോഴല്ല.

പ്രശ്ന(problem) ത്തെ വ്യവസ്ഥാപരമായി കാണാതിരിക്കുക എന്നത് വലതുപക്ഷത്തിന്റെ രീതിശാസ്ത്രമാണ്. പിരിച്ചുവിടപ്പെട്ട ശുചീകരണത്തൊഴിലാളികളെ നിരുപാധികമായി തിരിച്ചെടുക്കാനും അവർ നേരിട്ട അഭിമാനക്ഷതത്തിന് ആനുപാതികമായി പരിഹാരം നൽകാനും തിരുവനന്തപുരം കോർപ്പറേഷൻ ബാധ്യതപ്പെട്ടിരിക്കുന്നു.

'ഒരു കൊച്ചു ദുഃഖം' എന്ന പേരിൽ ഒ എൻ വി യുടെ പഴയ ഒരു കവിതയുണ്ട്.

"താർമഷിയിട്ട നിരത്തിലൂടെ, ഇണ

വേർപെട്ടുരുണ്ടുപോം പാത്രവും മൂടിയും

പിന്നാലെ ചെന്നെടുത്താരോ തിരികെയാ

കുഞ്ഞിക്കരങ്ങളിലേൽ‌പ്പിച്ചുപോരവേ

കുട്ടിതൻ കണ്ണു നിറഞ്ഞുപോയ് ഉച്ചയ്ക്കു

പട്ടിണിയാകുമെന്നോർത്തല്ല തൻ

ചോറ്റുപാത്രത്തിൽ നിന്നൂർന്നു വീണതു

നാലഞ്ചുകപ്പക്കഷണമാണാളുകൾ കണ്ടുപോയ്“

തീർച്ചയായും പട്ടിണിയോളം പ്രധാനമാണ് ആത്മാഭിമാനവും.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT