Blogs

‘ഈ ലോജിക്കൊക്കെ വെച്ചാണ് നിയമപരിപാലനം നടത്തിയതെന്ന് ശിക്ഷിക്കപ്പെട്ടവര്‍ ധരിച്ചാല്‍ വീണ്ടും കോടതിയില്‍ പോകാന്‍ സാധ്യതയുണ്ട്’  

ഡോ. ജിനേഷ് പി.എസ്

പ്രിയ അലക്സാണ്ടർ ജേക്കബ്,

ഒരു അഭ്യർത്ഥനയുണ്ട്. നിങ്ങൾ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന യന്ത്രം നിർത്തിവെക്കണം.

അതുതന്നെ, ഏത് ?

മനോരമ വീക്കിലിയിൽ താങ്കൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന'പ്രതിസന്ധികളെ നേരിടാൻ' എന്ന പംക്തി നിർത്തിവെക്കണം. നിർത്തിവെക്കണമെന്ന് നിർബന്ധമൊന്നുമില്ല, പക്ഷേ സ്ഥിരമായി മണ്ടത്തരങ്ങൾ എഴുതുന്നത് എങ്കിലും അവസാനിപ്പിക്കണം.

നെറ്റിക്ക് വീതി കൂടുതലുണ്ടെങ്കിൽ ബുദ്ധി കൂടുതലായിരിക്കുമെന്ന താങ്കളുടെ വാദം വായിച്ചു. നെറ്റി ഇടതുവശത്തേക്ക് കയറിയിരുന്നാൽ ശാസ്ത്രവിഷയങ്ങളിൽ അഭിരുചി ഉള്ളവർ ആയിരിക്കുമെന്ന് ശാസ്ത്രജ്ഞന്മാരുടെ മുഖലക്ഷണം അടിസ്ഥാനമാക്കിയ പഠനത്തിൽ തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നാണ് താങ്കൾ എഴുതിയിരിക്കുന്നത്. അതുപോലെതന്നെ നെറ്റി വലതുവശത്ത് കയറിയിരുന്നാൽ മാനവിക വിഷയങ്ങളിലും നടുഭാഗത്ത് കയറിയിരുന്നാൽ കണക്ക്-കമ്പ്യൂട്ടർ സയൻസ് എന്നിവയിലും പ്രാവീണ്യം ഉള്ളവർ ആയിരിക്കും എന്ന് താങ്കൾ എഴുതിയിരിക്കുന്നു. നെറ്റി രണ്ടുവശത്തും കയറിയിരിക്കുന്നവർ ഏതു വിഷയവും നന്നായി പഠിക്കും എന്നും താങ്കൾ പറയുന്നു.

അതുകൊണ്ട് ഇൻറർവ്യൂകളിൽ പങ്കെടുക്കുന്നവർ നെറ്റി മറക്കാതെ മുടി ചീകണം എന്നും ഉപദേശമുണ്ട്.

പ്രിയ അലക്സാണ്ടർ ജേക്കബ്,

നെറ്റിയുടെ വീതിയും ബുദ്ധിശക്തിയും ആയി യാതൊരു ബന്ധവുമില്ല. നെറ്റി വല്ലാണ്ട് കൂടിയാൽ കഷണ്ടി എന്നു പറയും. താങ്കളുടെ വാദം മുഖവിലക്കെടുത്താൽ കഷണ്ടി ഉള്ളവർ ഭീകര ബുദ്ധിമാൻമാർ ആകണമല്ലോ.

ബുദ്ധി മനുഷ്യൻറെ മസ്തിഷ്കവും ആയാണ് ബന്ധപ്പെട്ടിരിക്കുന്നത്, മനുഷ്യൻറെ തലച്ചോറിലെ പ്രീ ഫ്രോണ്ടൽ കോർട്ടക്സുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നുകരുതി തലച്ചോറിൻറെ വലിപ്പവും ഭാരവും കൂടുന്നവരിൽ ബുദ്ധി കൂടുകയൊന്നുമില്ല കേട്ടോ. തലച്ചോറിന്റെ വലിപ്പം സാധാരണയിലും കുറഞ്ഞ ചില കണ്ടീഷനുകളിൽ ബുദ്ധി കുറയാൻ സാധ്യതയുണ്ട് എന്ന് മാത്രം.

ബുദ്ധി ജനിതകപരമായ കാരണങ്ങളാൽ നിർണയിക്കപ്പെടുന്നു. അതും നെറ്റിയുടെ വലിപ്പവും ആയി യാതൊരു ബന്ധവുമില്ല.

താങ്കളെപ്പോലെ ഉന്നതതല ജോലിയിൽ ഇരുന്ന, ഉയർന്ന വിദ്യാഭ്യാസം ലഭിച്ച, ജനങ്ങൾ ബഹുമാനിക്കുന്ന ഒരാൾ ഇങ്ങനെ മണ്ടത്തരങ്ങൾ പറയരുത്. അതും 'പ്രതിസന്ധികളെ നേരിടാൻ' എന്നൊക്കെ പേരിട്ടിരിക്കുന്ന ഒരു പംക്തിയിൽ ഇങ്ങനെ ഒരിക്കലും എഴുതരുത്.

ഈ ലോജിക് ഒക്കെ വെച്ചാണ് താങ്കളുടെ കാലത്ത് നിയമപരിപാലനം നടന്നത് എന്ന് ശിക്ഷിക്കപ്പെട്ട ആരെങ്കിലും ധരിച്ചാൽ അവർ വീണ്ടും കോടതിയിൽ പോകാൻ സാധ്യത ഉണ്ട് കേട്ടോ...

മനോരമ വീക്കിലിയോടും ലേഖകൻ ടി ബി ലാലിനോടും,

അലക്സാണ്ടർ ജേക്കബ് എഴുതുന്ന എല്ലാ വിഷയങ്ങളും പ്രസിദ്ധീകരിക്കണമെന്ന് നിങ്ങൾക്ക് നിർബന്ധമുണ്ടോ ? അദ്ദേഹത്തിന് കൃത്യമായി അറിവുള്ള മേഖലയിലെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചാൽ പോരേ ? വെറുതെ എന്തിനാണ് ഇങ്ങനെ മണ്ടത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നത് ? സിസേറിയൻ പ്രസവത്തിലൂടെ ജനിക്കുന്നവർ കുറ്റവാളികൾ ആകാൻ സാധ്യത കൂടുതലാണ് എന്നൊക്കെ മണ്ടത്തരം എഴുതിയിട്ട് കുറച്ചു നാളെ ആയുള്ളൂ.

എല്ലാവർക്കും എല്ലാ വിഷയങ്ങളിലും അറിവ് ഉണ്ടാവണമെന്നില്ല. അത് മനുഷ്യ സാധ്യവുമല്ല. ഇങ്ങനെയുള്ള അവസരങ്ങളിൽ കൃത്യമായി അറിവുള്ള ആരോടെങ്കിലും ക്രോസ് ചെക്ക് ചെയ്തതിനുശേഷം ഇതൊക്കെ പ്രസിദ്ധീകരിച്ചു കൂടേ ?

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT