Opinion

പരിസ്ഥിതിക്ക് വേണ്ടി സർക്കാരും വിദ്യാർത്ഥികളും നേർക്കുനേർ, ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ സംഭവിക്കുന്നതെന്ത്?

രാജ്യത്തെയാകെ പിടിച്ച് കുലുക്കിയ രോഹിത് വെമുല മൂവ്മെന്റിന് കൃത്യം ഒമ്പത് വർഷങ്ങൾക്കിപ്പുറം ഹൈദരാബാദ് കേന്ദ്ര സർവകലാശാല വീണ്ടും രാജ്യത്താകെ സംസാരവിഷയമാവുകയാണ്. തെലങ്കാനയിലെ കോൺഗ്രസ്‌ സർക്കാർ 2025 മാർച്ച്‌ ആദ്യ വാരം ഹൈദരാബാദ് നഗര പരിധിക്കകത്തെ കാഞ്ചാ ഗച്ചിബൗളി വനമേഖലയിൽ ഉൾപ്പെടുന്ന 400 ഏക്കർ ഭൂമി ലേലനടപടികൾ നടത്തി വിറ്റഴിക്കാനും, അത് വഴി 10000 കോടി ആസ്തി വകയിൽ കണ്ടെത്താനും Telangana Industrial Infrastructure Corporation (TGIIC) യെ ചുമതലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് HCU വിൽ സമരം ആരംഭിക്കുന്നത്.

നിർദ്ധിഷ്ട പ്രദേശം ഐടി മേഖല വികസനത്തിനായി സ്വകാര്യ സ്ഥാപനങ്ങൾക്ക് തീറെഴുതുന്ന പദ്ധതിയിൽ HCU ഈസ്റ്റ്‌ ക്യാമ്പസ്സിന്റെ ഭാഗമായ 400 ഏക്കർ ഭൂമി ഉൾപ്പെടുന്നു എന്നതാണ് സമരത്തിന്റെ അടിസ്ഥാന കാരണം. 1960-70 കലാഘട്ടത്തിൽ അന്നത്തെ സംയുക്ത ആന്ദ്ര സംസ്ഥാനത്തിലെ ‘thelangana’ പ്രദേശത്തിനു സ്വതന്ത്ര സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള Thelangana പ്രക്ഷോപത്തിന്റെ ഭാഗമായി രൂപപ്പെട്ടു വന്ന 6 Point Formula പ്രകാരം 1974 -ൽ മുപ്പത്തി രണ്ടാം ഭരണഘടന ഭേദഗതി വഴി ഇന്ദിരാ ഗാന്ധി സർക്കാരാണ് HCU സ്ഥാപിക്കുന്നത്. പ്രക്ഷോഭങ്ങളിലൂടെ പിറവി കൊണ്ട സർവകലാശാല അതിന്റെ തുടക്കകാലത്ത് സരോജിനി നായിഡുവിന്റെ നഗരത്തിലെ വസതിയിയായിരുന്ന ഗോൾഡൻ ത്രിഷോൾഡിലാണ് പ്രവർത്തിച്ചിരുന്നത്.

1975 ൽ ഗച്ചിബൗളിയിലെ 2300 ഏക്കർ വിസ്തീർണ്ണമുള്ള സ്ഥിരം ക്യാമ്പസിലേക്ക് പ്രവർത്തനം മാറ്റി. സർവകലാശാലയുടെ ആദ്യ വിസി ആയിരുന്ന പ്രൊഫസർ ഗുർഭക്ഷ് സിംഗിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഈ പ്രദേശം യൂണിവേഴ്സിറ്റി വിട്ട് നൽകുന്നത്. കൈമാറ്റ ഉടമ്പടി പ്രകാരം യൂണിവേഴ്സിറ്റിക്ക് 2300 ഏക്കർ ഭൂമി വിദ്യാഭാസ - അനുബന്ധ പ്രവർത്തനങ്ങൾക്കായി വിട്ട് നൽകുന്നു എന്നും, ഈ ഭൂമി മറ്റു പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നത് സംസ്ഥാന സർക്കാരിന്റെയും യൂണിവേഴ്സിറ്റിയുടെയും പരസ്പര ധാരണ പ്രകാരം മാത്രമേ സാധ്യമാവുകയുള്ളൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

ക്യാമ്പസ്‌ പ്രവർത്തനമാരംഭിച്ചതിനു ശേഷം വിവിധ ആവശ്യങ്ങൾക്കായി പല തവണ സർവകലാശാല ഭൂമി വിട്ട് നൽകിയിട്ടുണ്ട്. അപ്പോഴെല്ലാം അക്കാദമിക്ക് ആവശ്യങ്ങൾക്കോ, പൊതു മേഖല സ്ഥാപനങ്ങൾക്കോ വേണ്ടി മാത്രമാണ് അത്തരം നടപടികൾ ഉണ്ടായിട്ടുള്ളത്. 1998 ൽ സ്ഥാപിതമായ IIIT യും, 2001 ൽ പ്രവർത്തനമാരംഭിച്ച ഗച്ചിബൗളി സ്റ്റേഡിയവുമെല്ലാം മുമ്പ് HCU ക്യാമ്പസിന്റെ ഭാഗമായിരുന്ന ഭൂമിയിലാണ് നിർമ്മിക്കപ്പെട്ടത്. എന്നാൽ 2004 ൽ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള അവിഭക്ത ആന്ധ്ര പ്രദേശ് സർക്കാർ ക്യാമ്പസിന്റെ ഭാഗമായ 400 ഏക്കർ ഭൂമി IMG ഭാരത എന്ന സ്പോർട്സ് അക്കാദമി കമ്പനിക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് നിലവിലെ പ്രശ്നങ്ങളുടെ തുടക്കം.

യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ കായിക അടിസ്ഥാന സൗകര്യം നിലവിൽ വരാനുള്ള സാധ്യത പരിഗണിച്ചാണ് യൂണിവേഴ്സിറ്റി ഭൂമി വകമാറ്റുന്നതുമായി സഹകരിച്ചത്. പിന്നീട് 2007ൽ വൈ എസ് രാജശേഖര റെഡ്‌ഡി സർക്കാർ IMG യുമായി നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നത് ചൂണ്ടി കാണിച്ച് ഭൂമി അനുവദിച്ചത് റദ്ദു ചെയ്യുകയും ചെയ്തു. തുടർനടപടികളുമായി ബന്ധപ്പെട്ട് IMG ഭാരത ഒരു കടലാസ് കമ്പനിയാണെന്നും, അവർ അവകാശപ്പെട്ട പ്രകാരം IMG ഫ്ലോറിഡാ എന്ന കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നും പിന്നീട് വ്യക്തമാവുകയുമുണ്ടായി. തുടർന്നുണ്ടായ നിയമ പോരാട്ടങ്ങൾക്ക് 2023 ലാണ് സുപ്രീം കോടതി തീർപ്പ് കൽപ്പിക്കുന്നത്. വിധി പ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം തെലങ്കാന സർക്കാരിലാണ് നിക്ഷിപ്പ്തമായിട്ടുള്ളത്. 1975 മുതൽ നിലവിലുള്ള യൂണിവേഴ്സിറ്റി നാളിതുവരെ കൈവശമുള്ള ഭൂമിയിൽ ഒരു ഇഞ്ച് പോലും സ്ഥാപനത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന വസ്തുത ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് തെലങ്കാന സർക്കാർ ലേലനടപടികൾ ആരംഭിച്ചത്. സർവകലാശാല അധികൃതരോട് ചർച്ച നടത്തുകയോ സർവ്വേ നടപടികൾ പൂർത്തീകരിക്കുകയോ ചെയ്യുന്നതിന് മുമ്പ് ഇത്തരത്തിൽ ഒരു നടപടി അപ്രതീക്ഷിതമായിട്ടാണ് സർവകലാശാലയിലെ വിദ്യാർത്ഥികളും അധ്യാപകരും അറിയുന്നത്.

1974 ൽ സ്ഥാപിതമായ സർവകലാശാല അതിന്റെ ഗോൾഡൻ ജുബിലി വർഷത്തിലൂടെ കടന്നു പോയിട്ട് ഒരു വർഷം തികയുന്നതേയുള്ളു. ഇക്കാലയളവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നായി മാറാൻ സർവകലാശാലക്കു കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും എത്തിപ്പെടുന്ന അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന, ജീവിക്കുന്ന ക്യാമ്പസാണ് മേൽപ്രതിപാദ്യ ഭൂപ്രദേശം. സമൂഹത്തിലെ അധസ്ഥിതരും , പിന്നോക്കക്കാരുമായ വിദ്യാർത്ഥികൾക്ക്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് എല്ലാ കാലത്തും ഈ രാജ്യത്തെ പൊതുമേഖല സർവകലാശാലകൾ ആശ്രയമായിട്ടുണ്ട്, HCU വും നമ്മോടു മറിച്ചൊരു ചരിത്രമല്ല പറയുന്നത്. പൊതു വിദ്യാഭ്യാസ മേഖല കനത്ത തിരിച്ചടി നേരിടുന്ന കാലത്ത്, രാജ്യം ഭരിക്കുന്ന നവലിബറൽ സർക്കാരിന്റെ നയങ്ങൾക്കെതിരെ നിലപാടുയർത്തേണ്ട കോൺഗ്രസ്‌, തങ്ങൾ ഭരിക്കുന്ന സംസ്ഥാനത്ത ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സർവകലാശാലകളൊന്നിന്റെ ഭൂമിയിലേക്ക് കടന്നു കയറുന്നതും, സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പോലീസിനെ ഉപയോഗപ്പെടുത്തി അടിച്ചമർത്തുന്നതുമായ വിരോധാഭാസമാണ് ഹൈദരാബാദിൽ നടന്നുകൊണ്ടിരിക്കുന്നത്. 400 ഏക്കർ ഭൂമി സംസ്ഥാന സർക്കാരിന്റേതാണ് എന്ന വാദം അംഗീകരിച്ചാൽ, സർവകലാശാല നിലനിൽക്കുന്ന ഭൂമിയിൽ എവിടെയും ഇത്തരം അവകാശവാദങ്ങൾ സംസ്ഥാനത്തിന് ഉന്നയിക്കാം, രാജ്യത്തിന്റെ അഭിമാനമായ ഒരു സ്ഥാപനത്തിന്റെ അടിവേരറക്കാനുള്ള കോപ്പ് ഒരുക്കി വെക്കലാണ് സർവകലാശായിലെ തന്നെ രണ്ടു പൂർവ വിദ്യാർത്ഥികൾ കൂടി ഉൾപ്പെടുന്ന തെലങ്കാന മന്ത്രിസഭ ചെയ്യുന്നത്.

പൊതുമേഖല വിദ്യാഭ്യാസത്തിനു നേരെയുള്ള അതിക്രത്തിനുപുറമെ, വലിയ പാരിസ്ഥിതീക മാനങ്ങൾ കൂടി ഈ നടപടിക്കുണ്ട്. നിർദ്ധിഷ്ട പദ്ധതി പ്രദേശം ഉൾക്കുന്ന HCU ക്യാമ്പസ്‌ ഹൈദരാബാദ് നഗരത്തിലെ അവശേഷിയ്ക്കുന്ന രണ്ടേ രണ്ടു നഗരവനങ്ങളിൽ ഒന്നാണ്. 2010 ൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (WWF) സർവകലാശാലയിലെ വിദഗ്ധരുമായി നടത്തിയ പാരിസ്ഥിതിക പഠനത്തിൽ 455 ഇനം സസ്യ മൃഗാദികളുടെ ആവാസ കേന്ദ്രമാണ് പ്രദേശം എന്ന് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഇന്ത്യൻ റോക്ക് പൈത്തൺ, നക്ഷത്ര ആമ, മാൻ, മയിൽ തുടങ്ങി സംരക്ഷിത വന്യജീവികളുടെയും, അനേകം ദേശാടന കിളികളുടെയും ആവാസ വ്യവസ്ഥയാണ് HCU ക്യാമ്പസ്‌. വന നശികരണം മൂലം വലിയ പാരിസ്ഥിതിക പ്രതിസന്ധി നേരിടുന്ന നഗരമാണ് ഹൈദരാബാദ്.

രേവന്ത റെഡ്ഢി

കഴിഞ്ഞ ഡിസംബറിൽ ഗ്രീൻപീസ് ഇന്ത്യ പുറത്തു വിട്ട പഠന പ്രകാരം ഗച്ചിബൗളി പ്രദേശം നൈട്രിക് ഒക്സൈഡ് പാർട്ടിക്കിൾ മാറ്റർ മലിനീകരണ നിരക്കിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും മുമ്പിലാണ്. ഇതേ പ്രദേശത്താണ്, നഗാരത്തിന്റെ ശ്വാസകോശം എന്ന് വിളിക്കപ്പെടുന്ന വനം വലിയ തോതിൽ കയ്യേറുകയും, നശീകരണം നടത്തുകയും ചെയ്യുന്നത്. ഹൈദരാബാദിന്റെ പരിസ്ഥിതിക പൈതൃകമായി കണക്കാക്കപ്പെടുന്ന ഡക്കാൻറോക്ക് ഫോർമേഷൻസിന്റെ ഭാഗമായ പാറക്കൂട്ടങ്ങളും, മൂന്നു താടാകങ്ങളും, അതിനു ചുറ്റും നിലനിൽക്കുന്ന അനേകം ജന്തു ജീവജാലങ്ങളും ഇന്ന് നിലനിൽപ്പിനു ഭീഷണി നേരിടുകയാണ്.

രണ്ടാഴ്ചയിൽ കൂടുതലായി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ ശക്തമായ ചെറുത്തു നിൽപ്പ് നടക്കുകയാണ്. ക്യാമ്പസിലെ അധ്യാപക, അനധ്യാപക, തൊഴിലാളി സംഘടനകളുമായി ചേർന്നു ജോയിന്റ് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും, സിവിൽ പൊതുജനങ്ങളുടെയും, തെലങ്കാനയിലെ പ്രതിപക്ഷ കക്ഷികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി ക്യാമ്പസിനകത്തും പുറത്തും പ്രതിരോധം തുടരുകയാണ്. മാർച്ച്‌ 29 നു ക്യാമ്പസ്സിൽ തെലങ്കാന സർക്കാരിന്റെ കോലം കത്തിച്ചു പ്രതിഷേധിക്കാൻ എത്തിയ വിദ്യാർത്ഥികളെ പോലീസ് അക്രമിക്കുകയും, ബലമായി കോലം പിടിച്ചെടുക്കുകയുമുണ്ടായി.

അടുത്ത മൂന്നു ദിവസം ക്യാമ്പസ്‌ അവധിയാണെന്നിരിക്കെ മാർച്ച്‌ മുപ്പത് മുതൽ ക്യാമ്പസിൽ കനത്ത പോലീസ് സന്നാഹം വിന്യസിക്കുകയും, ക്യാമ്പസിന്റെ മൂന്നു അക്കാഡമിക് ബ്ലോക്കുകൾ നിലനിൽക്കുന്ന ഈസ്റ്റ്‌ ക്യാമ്പസ്‌ റോഡ് ബാരിക്കേടുകൾ വെച്ച് തടഞ്ഞു വെക്കുകയും ചെയ്തു. പ്രദേശത്തേക്ക് അന്വേഷണാർത്ഥം എത്തിയ വിദ്യാർത്ഥികളെയും, യൂണിയൻ ജനറൽ സെക്രെട്ടറിയും മലയാളിയുമായ നിഹാദ് സുലൈമാൻ, വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് ഈസ്റ്റ്‌ ക്യാമ്പസിലേക്ക് യൂണിയൻ നയിച്ച പ്രതിഷേധ മാർച്ച്‌ പോലീസിന്റെ ക്രൂരമായ ആക്രമണത്തിലാണ് അവസാനിച്ചത്. അമ്പതിലധികം വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുക്കുകയും, നൂറോളം വിദ്യാർത്ഥികളെ അക്രമത്തിനു വിധേയരാക്കുകയുമുണ്ടായി.

യൂണിവേഴ്സിറ്റി അഡ്മിൻ വിശിഷ്യാ വിസി, രജിസ്ട്രാർ എന്നിവർ തെലങ്കാന സർക്കാരിന്റെ കയ്യേറ്റത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം സർവകലാശാലയിൽ വ്യാപകമായി ഉയരുന്നുണ്ട്, ഇതേ ആവശ്യം ഉന്നയിച്ച് ക്യാമ്പസിലെ അധ്യാപക സംഘടന ഏപ്രിൽ രണ്ടിന് വിസി ഓഫീസിലിക്ക് മാർച്ച്‌ നടത്തിയിരുന്നു. ഏപ്രിൽ ഒന്ന് മുതൽ ക്യാമ്പസിന്റെ പ്രധാന കവാടത്തിലും അഡ്മിൻ ഓഫീസിലും വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം നടത്തുന്നതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു മാർച്ച്‌. എന്നാൽ സർവകലാശാല അഡ്മിൻ ഇപ്പോഴും കുറ്റകരമായ നിശബ്ദത തുടരുകയാണ്‌, യൂണിവേഴ്സിറ്റി ഭൂമിയെ പറ്റിയോ, വിദ്യാർത്ഥികളെ ക്യാമ്പസിനകത്തു കയ്യേറ്റം നടത്തിയ പോലീസ് നടപടിയെ പറ്റിയോ അധികൃതർ ഇത് വരെ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല.

ഹൈദരാബാദ് ഹൈക്കോടതിയിൽ വാറ്റാ ഫൌണ്ടേഷൻ സമർപ്പിച്ച പൊതു താൽപ്പര്യ ഹർജിയിയിൽ മേൽ വാദം കേട്ട ബെഞ്ച് ഏപ്രിൽ ഏഴിലേക്ക് തുടർ നടപടികൾ മാറ്റി വെച്ചിരിക്കുകയാണ് നിലവിൽ. വിദ്യാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാമ്പസിന് പുറത്ത് എത്തിയ പൊതു പ്രവർത്തകരെയും, പരിസ്ഥിതി പ്രവർത്തകരെയും പോലീസ് ബലമായി സ്ഥലത്ത് നിന്ന് മാറ്റുകയും അക്രമിക്കുകയും ചെയ്തു. ഹൈദരാബാദ് നഗരത്തിലും തെല്ലങ്കാനയിൽ ഉടനീളവും വിവിധ രാഷ്ട്രീയ കക്ഷികളുടെയും, പൊതു സമൂഹത്തിന്റെയും പ്രതിഷേധ പരിപാടികൾ പോലീസ് അടിച്ചമർത്തിയ സംഭവങ്ങളുണ്ടായി.

ഏപ്രിൽ മൂന്നിന് യൂണിയന്റെയും വ്യത്യസ്ത സംഘടനകളുടെയും നേതൃത്വത്തിൽ ക്യാമ്പസ്സിൽ നിരാഹാര സമരം തുടങ്ങിയിരുന്നു. ഹൈദരാബാദ് നഗരം അതിന്റെ വേനലിലേക്ക് കാലെടുത്തു വെച്ച വേളയിൽ ഏറെ ദുഷ്ക്കരമായ ഈ സമരം പക്ഷെ 18 വിദ്യാർത്ഥികൾ ആവേശത്തോടെ ഏറ്റെടുത്തു നടപ്പിലാക്കി. സമരപ്പന്തലിലേക്ക് ആദ്യമെത്തിയ സന്തോഷ വാർത്ത സുപ്രീം കോടതി വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ചു സ്വമേധയ കേസ് എടുത്തു എന്നതാണ്. തെലങ്കാന ഹൈക്കോടതി രജിസ്ട്രാരോട് അന്നേ ദിവസം 3:30 നു മുമ്പ് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട്‌ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്‌ പ്രകാരം മൂന്നു ദിവസം കൊണ്ട് നൂറ് ഏക്കറിലധികം വനമാണ് മണ്ണ് മാന്തികൾക്കിരയായത്. റിപ്പോർട്ട്‌ പരിഗണിച്ച കോടതി ഏപ്രിൽ പതിനാറിനു വീണ്ടും വാദം കേൾക്കും വരെ പ്രദേശത്തെ എല്ലാ പ്രവർത്തനങ്ങളും നിർത്തി വെക്കാൻ ഉത്തരവിടുകയുണ്ടായി. ഈ ഉത്തരവും, കാലം തെറ്റി പെയ്ത വേനൽ മഴയും വിദ്യാർത്ഥികൾ വലിയ ആരവങ്ങളോടെയാണ് വരവേറ്റത്.

ചെറുതെങ്കിലും കഴിഞ്ഞ രണ്ടാഴ്ച്ചക്ക് മുകളിൽ തുടരുന്ന പ്രതിരോധത്തിന് ആദ്യമായി കിട്ടിയ 'ചെറിയ വലിയ വിജയം’ അവർ മുദ്രവാക്യങ്ങളും, തോരാതെ പെയ്ത മഴയിൽ നൃത്ത ചുവടുകളുമായി ആഘോഷിച്ചു. ക്യാമ്പസിന് മുകളിൽ ആശങ്കകളുടെ മേഘം പൂർണ്ണമായും നീങ്ങിയിട്ടില്ല, അല്പ ദിനത്തേക്കുള്ള ആശ്വാസം മാത്രമാണിതെന്നു സമരമുഖത്തുള്ള സകലർക്കും ധാരണയുണ്ട് താനും, എന്നിരുന്നാലും ഈ നവലിബറൽ കാലത്ത് ചെറുത്തു നിൽപ്പിന്റെ പാതയിലെ ഏതു ചെറിയ വിജയവും ആഘോഷിക്കപ്പെടേണ്ടതുണ്ട്. തെലങ്കാന നിയമസഭയിൽ വിഷയത്തിൽ ഉയർന്ന ചോദ്യ ശരങ്ങളെ നേരിട്ട് കൊണ്ട് മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി പറഞ്ഞത് HCU ക്യാമ്പസിൽ മാനുകളും, കടുവകളുമല്ല ഉള്ളത്, ഈ സംസ്ഥാനത്തിന്റെ വികസനത്തിനെതിരായ കൗശലക്കാരായ കുറുക്കന്മാരാണ് എന്നാണ്.

വിദ്യാർത്ഥി സമരത്തിൽ അവരുയർത്തിയ പ്ലാകാർഡുകളിൽ മറുപടിയായി അവരെഴുതിയത് ഇങ്ങനെയാണ്, ഞങ്ങൾ കുറുക്കന്മാർ, ഞങ്ങളുടെ മാടം, ഞങ്ങളുടെ നിലം, ഞങ്ങളുടെ അവകാശം. 400 ഏക്കർ പൂർണ്ണമായും സംരക്ഷിക്കപ്പെടും എന്നുറപ്പ് ലഭിക്കും വരെ സമരം തുടരുക തന്നെ ചെയ്യും എന്ന നിലപാടിലാണ് വിദ്യാർത്ഥി യൂണിയൻ, HCU ക്യാമ്പസ്‌ അതിന്റെ രാഷ്ട്രീയ തീക്ഷണത എന്നത്തേയും പോലെ ചോരാതെ പൊതിഞ്ഞു പിടിക്കുന്ന കാഴ്ച്ചക്ക് തുടർച്ചയുണ്ടാവും എന്ന് തന്നെയാണ് ഇവിടുത്തെ വിദ്യാർത്ഥികൾ പറഞ്ഞു വെക്കുന്നത്.

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ എംഎ ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർത്ഥിയാണ് ലേഖക

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

മൈക്കിള്‍ ജാക്സന്‍റേത് പോലുള്ള ഗാനങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു: വിധു പ്രതാപ്

SCROLL FOR NEXT