Opinion

ഏകാധിപത്യത്തിന്റെ ചുഴിയിലേക്ക് വലിച്ചിഴക്കപ്പെടുന്ന ഇന്ത്യൻ ജനാധിപത്യം

ബിജെപി എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ അലക്കൽ യന്ത്രമാണ്. എത്ര കളങ്കിതരായ രാഷ്ട്രീയ നേതാക്കളെയും ആ അലക്കൽ യന്ത്രത്തിലിട്ടാൽ പിന്നീട് ആ നേതാവിനെതിരെ ഒരു കേസ് പോലും ഉണ്ടാകില്ല.

ജനാധിപത്യ വ്യവസ്ഥയിൽ പ്രതിപക്ഷത്തിന്റെ പങ്ക് വളരെ നിർണ്ണായകമാണ്. പ്രതിപക്ഷത്തെ അപ്പാടെ ഇല്ലായ്മ ചെയ്യുക എന്നത് ജനാധിപത്യത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം ആദ്യം തുടങ്ങിയ പ്രക്രിയയും അത് തന്നെയായിരുന്നു. പ്രതിപക്ഷത്തെ ഇല്ലാതാക്കുക, പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കുക. പാർലമെന്റിന്റെ പടിയിൽ സാഷ്ടാം​ഗ പ്രണാമം നടത്തിയാണ് അദ്ദേഹം അകത്തേക്ക് പ്രവേശിച്ചതെങ്കിലും പാർലമെൻ‍റ് സംവിധാനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള പ്രണാമമായിരുന്നു അതെന്ന് പിന്നീടാണ് മനസ്സിലായത്.

പാർലമെന്റിനോട് നിഷേധാത്മകമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. പാർലമെന്ററി സമ്പ്രദായത്തോട് തന്നെ തനിക്ക് താത്പര്യമില്ലെന്ന് പ്രധാനമന്ത്രി പല രൂപത്തിലും ഭാവത്തിലും പ്രഖ്യാപിച്ചു. പാർലമെന്റിൽ അപൂർവ്വമായി മാത്രമാണ് വരിക. ചർച്ചകളിൽ അപൂർവ്വമായി മാത്രമാണ് പങ്കെടുക്കുക. അപൂർവമായി മാത്രമാണ് മറുപടി പറയാറുള്ളതും. പ്രധാനമന്ത്രിയുടെ വകുപ്പുകളിന്മേലുള്ള ചോദ്യങ്ങളിൽ പോലും മറുപടി പറയാൻ സഹമന്ത്രിമാരെ ചുമതലപ്പെടുത്തും.

പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് വേട്ടയാടുക എന്നത് ഈ സർക്കാരിന്റെ ഒരു നയമായി മാറിയിട്ടുണ്ട്. ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അട്ടിമറി നടത്തുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്നു.

പാർലമെന്റിന്റെ പടിയിൽ സാഷ്ടാം​ഗ പ്രണാമം നടത്തിയാണ് പ്രധാനമന്ത്രി അകത്തേക്ക് പ്രവേശിച്ചതെങ്കിലും പാർലമെൻ‍റ് സംവിധാനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള പ്രണാമമായിരുന്നു അതെന്ന് പിന്നീടാണ് മനസ്സിലായത്.

തെരഞ്ഞെടുപ്പിൽ ഏതെങ്കിലും പ്രതിപക്ഷ പാർട്ടിക്ക് വിജയമുണ്ടായാൽ ആ വിജയം ഒരുകാരണവശാലും ഒരു സർക്കാർ രൂപീകരണത്തിലേക്ക് എത്തരുതെന്ന ശാഠ്യം മോദിക്കുണ്ട്. അതിനായി എംഎൽമാരെ വിലക്കെടുക്കുന്നു. കമ്പോളത്തിലെ വിൽക്കൽ വാങ്ങൽ പോലെയുള്ളൊരു പ്രക്രിയയാണ് ജനാധിപത്യമെന്ന് നരേന്ദ്ര മോദി രാജ്യത്തിന് കാട്ടിക്കൊടുത്തു. ഇതിന്റെയൊക്കെ തുടർച്ചയെന്നോണമാണ് രാഹുൽ ​ഗാന്ധിയെ പാർലമെന്റ് അം​ഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ നടപടിയെയും കാണേണ്ടത്. വരാനിരിക്കുന്ന 2024 തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് ഒരു ലെവൽ പ്ലെയിം​ഗ് ​ഗ്രൗണ്ട് ഉണ്ടാകാതിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിത്.

പണാധിപത്യവും പേശീബലവും വർ​ഗീയതയുമാണ് തെരഞ്ഞെടുപ്പ് വിജയത്തിനുള്ള ബിജെപിയുടെ കൈമുതൽ. പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളെ വിലക്കെടുത്ത് പ്രതിപക്ഷത്തെ ദുർബലപ്പെടുത്തുക, പ്രതിപക്ഷ പാർട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്ന വ്യവസായ ​ഗ്രൂപ്പുകളെ കണ്ടെത്തി അവരെ സമ്മർദ്ധത്തിലാക്കുക, മറ്റൊരു രാഷ്ട്രീയ പാർട്ടിക്കുമില്ലാത്ത വർ​ഗീയത എന്ന പടച്ചട്ടയെടുത്തണിയുക. ഈ മൂന്ന് കരുക്കളാണ് പ്രധാനമന്ത്രി 2024ന് വേണ്ടി കരുതിവെക്കുന്നത്.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഒട്ടുമിക്ക തൂണുകളും കേന്ദ്രസർക്കാരിന് വഴിപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ചെറിയ അപസ്വരങ്ങൾ കോടതികളിൽ നിന്നുയരുന്നതല്ലാതെ പൊതുവെ എല്ലാ സ്ഥാപനങ്ങളും ബിജെപിക്ക് കീഴ്പ്പെട്ടു. സൂറത്ത് കോടതിയുടെ വിധി തന്നെ സംശയകരമാണ്. ആ വിധി പറയാനായി ഒരു ജഡ്ജ് മാറാൻ കാത്തുനിന്ന സാഹചര്യം, വിധിപ്രസ്താവത്തിൽ കൃത്യമായി രാഹുൽ ​ഗാന്ധിക്ക് അയോ​ഗ്യത കൽപ്പിക്കപ്പെടുന്ന രീതിയിലുള്ള ശിക്ഷ നൽ‌കിയ സാഹചര്യം, ഇതൊക്കെ ഈ വിധിന്യായത്തിന്റെ സുതാര്യതയെയും സദുദ്ദേശത്തെയും ചോദ്യം ചെയ്യുന്നതാണ്.

പ്രതിപക്ഷത്ത് നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ എത്രയോ കളങ്കിതരായ നേതാക്കൾ‌ ഒറ്റരാത്രികൊണ്ട് പരിശുദ്ധരായിട്ടുണ്ട്. ബിജെപി എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ അലക്കൽ യന്ത്രമാണ്. എത്ര കളങ്കിതരായ രാഷ്ട്രീയ നേതാക്കളെയും ആ അലക്കൽ യന്ത്രത്തിലിട്ടാൽ പിന്നീട് ആ നേതാവിനെതിരെ ഒരു കേസ് പോലും ഉണ്ടാകില്ല. ബിജെപി നേതാക്കൾക്കെതിരായ കേസുകൾക്ക് ഒച്ചിഴയുന്ന വേ​ഗമാണെങ്കിൽ പ്രതിപക്ഷത്തെ നേതാക്കൾ‌ക്കെതിരായ കേസുകൾ നീങ്ങുന്നത് പ്രകാശ വേ​ഗത്തിലാണ്. ഇന്ത്യൻ ജനാധിപത്യത്തെ താങ്ങിനിർത്തുന്ന സ്ഥാപനങ്ങളൊക്കെ ഏകാധിപത്യത്തിന്റെ ഈ ചുഴിയിലേക്ക് വലിച്ചിഴക്കപ്പെടുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിന് മേൽ ആർഐപി എന്ന് എഴുതേണ്ട സമയമായി എന്ന സൂചനയാണ് ഇത്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT