Opinion

ആരിഫ് മുഹമ്മദ് ഖാൻ വലവീശുന്നതെന്തിനു വേണ്ടി?

ഉന്നതവിദ്യാഭ്യാസ രംഗത്തെ തകർക്കുക എന്ന വലിയ അജണ്ട ആരിഫ് മുഹമ്മദ് ഖാൻ്റെ മേലാളന്മാർക്കുണ്ട് എന്നത് പകൽ പോലെ വ്യക്തമായ കാര്യമാണ്. സർവകലാശാലകളുടെ സ്വഭാവത്തെ ഇല്ലാതാക്കി അവയെ നശിപ്പിക്കുക എന്നത് ഹിന്ദുത്വ അജണ്ടയുടെ ദീർഘകാല ലക്ഷ്യമാണ്. ഇതിനെ വളരെ കരുതലോടെ വേണം നേരിടാൻ. അതൊരു പാൻ ഇന്ത്യാ പ്രൊജക്ടാണ്. പലേടത്തും സംഭവിച്ചു കഴിഞ്ഞു. എൻ.ഇ സുധീർ എഴുതുന്നു

ആരിഫ് മുഹമ്മദ് ഖാൻ എന്ന വ്യക്തിയെ കേരളത്തിൻ്റെ ഗവർണറായി നിയമിച്ച് ഇവിടേക്കയക്കുമ്പോൾ ആ തീരുമാനമെടുത്തവർ തീർച്ചയായും ചില ജോലികൾ അദ്ദേഹത്തെ ഏല്പിച്ചിട്ടുണ്ടാവുമല്ലോ. അവരത് സമയോചിതമായി നിരന്തരം പുതുക്കി നൽകുന്നുമുണ്ടാവും. ഇന്ത്യയിലെ വർത്തമാനകാല യാഥാർത്ഥ്യങ്ങളിലൊന്നാണിത്.

മുമ്പും അങ്ങനെയൊക്കെ തന്നെയാവും. എന്നാലിന്നത് കൃത്യവും ദുരുദ്ദേശപരവുമാണ്.

കേരളത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയസമവാക്യങ്ങളെ പൊളിച്ചു കൊണ്ട് ഹിന്ദുത്വരാഷ്ട്രീയത്തിന് ആവുന്നത്ര വേരോട്ടമുണ്ടാക്കുക എന്നതാവും ആ ലക്ഷ്യം. അതത്ര എളുപ്പമല്ലെന്നും അതിനാദ്യം ഇവിടെ ശക്തമായ വേരോട്ടമുള്ള ഇടതു രാഷ്ട്രീയത്തെ എല്ലാ തലത്തിലും അക്രമിച്ച് നശിപ്പിക്കണമെന്നും സംഘപരിവാർ നേതൃത്വത്തിനറിയാം.

ആരിഫ് മുഹമ്മദ് ഖാൻ

അവരുടെ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ മാത്രം അത് നടക്കില്ലെന്നും മറ്റാരേക്കാളും അവർക്കറിയാം. അവരാൽ നയിക്കപ്പെടുന്ന കേന്ദ്രഭരണകൂടത്തിൻ്റെ പ്രതിനിധി എന്ന നിലയിൽ ആരിഫ് മുഹമ്മദ് ഖാൻ ഇക്കാര്യത്തിൽ വേണ്ട വിധം പ്രവർത്തിക്കും എന്ന ധാരണയിൽ തന്നെയാവും അദ്ദേഹത്തെ കവടിയാറിലെ രാജ്ഭവനിലേക്ക് അയച്ചിരിക്കുക.

ഇത് തിരിച്ചറിഞ്ഞവരാണ് കേരളത്തിലെ രാഷ്ടീയബോധമുള്ള ജനത. ഈ സംഘപരിവാർ മുന്നേറ്റങ്ങളെ മുന്നിൽക്കണ്ട് കരുതലോടെ പെരുമാറും എന്ന വിശ്വാസത്തിലാണ് പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ സർക്കാരിനെ ജനങ്ങൾ രണ്ടാമതും അധികാരത്തിലേറ്റിയത്. കേരളത്തിലെ കോൺഗ്രസ്സ് നയിക്കുന്ന മുന്നണിക്ക് അതിനു കഴിയില്ല എന്നും ജനങ്ങൾ മനസ്സിലാക്കിയിരുന്നു. അതിനാലാണ് അപ്രതീക്ഷിത നേട്ടത്തിലൂടെ ഇടതുപക്ഷം രണ്ടാമതും അധികാരത്തിൽ വന്നത്. ഇത്തരം വിശകലനങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ടല്ലോ. തുടർന്ന് എന്താണ് സംഭവിച്ചത്? ജനങ്ങളുടെ പ്രതീക്ഷ അസ്ഥാനത്തായോ? അത്തരം സംശയങ്ങളിലേക്കാണ് നമുക്ക് മുന്നിൽ ദിനംപ്രതി അരങ്ങേറുന്ന സംഭവവികാസങ്ങൾ വിരൽചൂണ്ടുന്നത്. വലിയ തോതിലുള്ള ജാഗ്രതക്കുറവാണ് റിപ്പോർട്ടു ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.

ഗവർണർ എന്ന ഓഫീസിനെ ഒരു ശ്രദ്ധാകേന്ദ്രമാക്കി മാറ്റാൻ ആരിഫ് മുഹമ്മദ് ഖാൻ ആദ്യം മുതലേ ശ്രമിച്ചിരുന്നു. അതിലദ്ദേഹം വിജയിക്കുകയും ചെയ്തു. വീണു കിട്ടിയ അവസരങ്ങൾ ഒന്നും അദ്ദേഹം പാഴാക്കിയില്ല. വർദ്ധിച്ച ഉത്സാഹത്തോടെ അദ്ദേഹം കാര്യങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നു.

അതേ സമയം ആരിഫ് മുഹമ്മദ് ഖാൻ താൻ ഏറ്റെടുത്ത ജോലിയിൽ വളരെ ശ്രദ്ധാലുവായിരുന്നു. ഗവർണർ എന്ന ഓഫീസിനെ ഒരു ശ്രദ്ധാകേന്ദ്രമാക്കി മാറ്റാൻ ആരിഫ് മുഹമ്മദ് ഖാൻ ആദ്യം മുതലേ ശ്രമിച്ചിരുന്നു. അതിലദ്ദേഹം വിജയിക്കുകയും ചെയ്തു. വീണു കിട്ടിയ അവസരങ്ങൾ ഒന്നും അദ്ദേഹം പാഴാക്കിയില്ല. വർദ്ധിച്ച ഉത്സാഹത്തോടെ അദ്ദേഹം കാര്യങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നു. ഗവർണർക്ക് ഇടപെടാനുള്ള പഴുതുകൾ ഇല്ലാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോവുക എന്നത് മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉത്തരവാദിത്തമായിരുന്നു. ജനങ്ങൾ എല്പിച്ച ഉത്തരവാദിത്തം. എന്നാൽ അക്കാര്യത്തിൽ വലിയ അലംഭാവം ഉണ്ടായിക്കൊണ്ടിരുന്നു. അല്പമെങ്കിലും ശ്രദ്ധിച്ചിരുന്നുവെങ്കിൽ എപ്പോഴുമിങ്ങനെ പ്രതിരോധത്തിലായിക്കൊണ്ട് മുന്നേറേണ്ട അവസ്ഥയുണ്ടാവുമായിരുന്നില്ല. വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മാത്രം കണക്കിലെടുത്താൽ ഇത് വ്യക്തമാവും.

ഉന്നതവിദ്യാഭ്യാസ രംഗത്തെ തകർക്കുക എന്ന വലിയ അജണ്ട ആരിഫ് മുഹമ്മദ് ഖാൻ്റെ മേലാളന്മാർക്കുണ്ട് എന്നത് പകൽ പോലെ വ്യക്തമായ കാര്യമാണ്. സർവകലാശാലകളുടെ സ്വഭാവത്തെ ഇല്ലാതാക്കി അവയെ നശിപ്പിക്കുക എന്നത് ഹിന്ദുത്വ അജണ്ടയുടെ ദീർഘകാല ലക്ഷ്യമാണ്. ഇതിനെ വളരെ കരുതലോടെ വേണം നേരിടാൻ. അതൊരു പാൻ ഇന്ത്യാ പ്രൊജക്ടാണ്. പലേടത്തും സംഭവിച്ചു കഴിഞ്ഞു.

സർവകലാശാലകളെ രാഷ്ട്രീയവൽക്കരിച്ച് അക്കാദമിക് ഗുണനിലവാരത്തെ ഇല്ലായ്മ ചെയ്തതിൽ കേരളം മാറിമാറി ഭരിച്ചു കൊണ്ടിരിക്കുന്ന എൽ.ഡി.എഫ് മുന്നണിയും യു. ഡി. എഫ് മുന്നണിയും പ്രതിക്കൂട്ടിലുണ്ട്.

അക്കാദമിഷ്യനും പ്രശസ്ത ചരിത്രകാരനുമായ രാമചന്ദ്ര ഗുഹ കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഇതേപ്പറ്റി വിശദമായി എഴുതിയിട്ടുണ്ട്. എട്ട് ഐ.ഐ.ടി.കളിലെങ്കിലും നിലവിൽ ഡയറക്ടർമാരില്ലത്രേ! പഴയ ഡയറക്ടർമാരുടെ കാലാവധി തീർന്ന മുറയ്ക്ക് പുതിയ ആളെ കണ്ടെത്തുന്നതിനുള്ള സെർച്ച് കമ്മറ്റികൾ രൂപവത്കരിച്ചിരുന്നു. പക്ഷേ, അവർ ശുപാർശ ചെയ്ത ഒരാളെപ്പോലും നിയമിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. സെർച്ച് കമ്മറ്റി ശുപാർശ ചെയ്ത എട്ടു പേരോടും വ്യക്തിപരവും ബൗദ്ധികവുമായുള്ള അഭിപ്രായവ്യത്യാസം കാരണം ആ പേരുകൾ 'നാഗ്‌പുർ' തള്ളിയെന്നാണ് ഗുഹ എഴുതിയിരിക്കുന്നത്! സംഘപരിവാറിനോടുള്ള ആശയപരമായ അടുപ്പം ഇത്തരം ഉന്നതപദവികളിലും ഇപ്പോൾ മാനദണ്ഡമായിരിക്കുന്നു എന്നു വ്യക്തം. കേരളത്തിലെന്തായാലും വി.സി.മാരാവാൻ പ്രാഥമിക യോഗ്യതയുള്ള ഒൻപത് സംഘാനുയായികളെ തൽക്കാലം കിട്ടാനിടയില്ല. അതോ അതും നമ്മുടെയൊക്കെ മിഥ്യാധാരണയാണെന്നു വരുമോ? പൊതുവിലിപ്പോൾ ഞെട്ടിക്കുന്ന തിരിച്ചറിവുകളുടെ കാലമാണല്ലോ!

രാമചന്ദ്ര ഗുഹ

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പല അനീതികളും നിലവിൽ കൊടികുത്തിവാഴുന്നുണ്ട് എന്ന പച്ച പരമാർത്ഥം എല്ലാവർക്കും അറിയാവുന്നതാണ്. സർവകലാശാലകളെ രാഷ്ട്രീയവൽക്കരിച്ച് അക്കാദമിക് ഗുണനിലവാരത്തെ ഇല്ലായ്മ ചെയ്തതിൽ കേരളം മാറിമാറി ഭരിച്ചു കൊണ്ടിരിക്കുന്ന എൽ.ഡി.എഫ് മുന്നണിയും യു. ഡി. എഫ് മുന്നണിയും പ്രതിക്കൂട്ടിലുണ്ട്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഗുണനിലവാരത്തിലും ഗണ്യമായ ശോഷണം വന്നിട്ടുണ്ട്. വിദ്യാർത്ഥികളുടെ ആശയലോകത്തെ വികസിപ്പിക്കുന്നതിൽ നമ്മുടെ സർവകലാശാലകൾ പരാജയപ്പെട്ടിരിക്കുന്നു. കേരളത്തിലെ വിദ്യാർത്ഥി രാഷ്ടീയത്തെ നോക്കിയാൽ ഇത് വ്യകതമാവും. അതൊക്കെ മാറ്റിയെടുക്കുക എന്ന വലിയ ലക്ഷ്യം ഇടതുപക്ഷം ഏറ്റെടുക്കേണ്ടതുണ്ട്. അതിനിടയിലാണ് ഇത്തരം പിഴവുകൾ സംഭവിക്കുന്നത്. ഇത് വഴിയൊരുക്കുക മറ്റൊരു രാഷ്ട്രീയത്തിനുള്ള കടന്നുകയറ്റത്തിനാണ്.

അക്കാദമിക് സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ അവസരം പാർത്തിരിക്കുന്നവർക്ക് എളുപ്പവഴികൾ നമ്മളായിട്ട് ഉണ്ടാക്കിക്കൊടുക്കരുത്. ആരിഫ് മുഹമ്മദ് ഖാന് ഒന്നും നഷ്ടപ്പെടാനില്ല. അഭിമാനം പോലും! സംഘപരിവാർ ആനുകൂലിയായപ്പോഴേ അതദ്ദേഹത്തിന് കൈമോശം വന്നല്ലോ. പിന്നെ സ്ഥാനം. ഗവർണർ സ്ഥാനം അദ്ദേഹത്തിൻ്റെ രാഷ്ട്രീയജീവിതത്തിലെ ബോണസ്സാണ്. ഇതുപോലെ നടനമാടിയാൽ ഇനിയും വല്ലതുമൊക്കെ തടഞ്ഞെന്നു വരും. അതിനാൽ തുടർനാടകങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. അരങ്ങൊരുക്കി കൊടുക്കുന്നതിൽ നിന്നു പിണറായി സർക്കാർ പിന്മാറുകയാണ് വേണ്ടത്. കഴമ്പില്ലാത്ത ആരോപണങ്ങളെന്നും കല്ലുവെച്ച നുണകളെന്നും പറഞ്ഞ് അവഗണിച്ചിട്ടും പല വിവാദങ്ങളും അരങ്ങൊഴിഞ്ഞു പോകുന്നില്ല എന്ന യാഥാർത്ഥ്യം നമ്മുടെ മുന്നിലുണ്ട്. ജാഗ്രതക്കുറവ് ഒരു യാഥാർത്ഥ്യമാണ്. ജനങ്ങൾ വിശ്വാസമർപ്പിച്ചു തന്ന രണ്ടാമൂഴം കേവലം പ്രതിരോധത്തിനുള്ള ഊഴമായി തരം താഴ്ന്നു പോവരുത്. അതു മാത്രമാണ് ഇപ്പോൾ അരങ്ങത്ത് നടമാടിക്കൊണ്ടിരിക്കുന്നത്. പലപ്പോഴും ലജ്ജാകരമാണ് ഈ നടനം.

നമ്മുടെ സർവകലാശാലകളെ ഇങ്ങനെ കുരുതി കൊടുക്കരുത്. ഉന്നതവിദ്യാഭ്യാസത്തിൻ്റെ ക്ഷേത്രങ്ങളിലേക്ക് ഹിന്ദുത്വ അജണ്ടകൾ കടന്നു വരാതെ സംരക്ഷിക്കേണ്ടതുണ്ട്. രാഷ്ട്രീയാധികാരത്തെക്കാൾ സംഘപരിവാർ ലക്ഷ്യമിടുന്നത് അത്തരം നേട്ടങ്ങളിലാണ്. ഇതൊക്കെ തിരിച്ചറിയുന്ന വിവേകത്തിൻ്റെ പേരു കൂടിയാണ് ഇടതുപക്ഷം എന്നത്. ആരിഫ് മുഹമ്മദ് ഖാൻ കേവലമൊരു ഉപകരണം മാത്രം. ആ വലയിൽ ഇരകളിനിയും നിറയാൻ ഇടയാവരുത്.

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

'കണ്ണാടിച്ചില്ല് വെള്ളേ കണ്ണ്-ക്കുത്തലേ'; 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

SCROLL FOR NEXT