Opinion

നമ്മുടെ ഓരോ പുഞ്ചിരിയിലും ഓരോ കണ്ണീരിലും ഒരു തരി ലാല്‍ ഉണ്ട്

കണ്ണുകള്‍ കൊണ്ട് അഭിനയിക്കുന്നവരെ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍, ഉണ്ടെന്ന ഉത്തരത്തിന് ആന്റണി ഹോപ്കിന്‍സിനോടൊപ്പം ചേര്‍ത്തുവെയ്ക്കാവുന്ന പേരാണ് മോഹന്‍ലാല്‍. മംഗലശ്ശേരി നീലകണ്ഠന്റെ കണ്ണിലെ തീയില്‍ നിന്ന്, ദാസന്റെ കണ്ണിലെ നിസ്സഹായാവസ്ഥയിലേക്ക് വരുമ്പോഴും, സേതുമാധവന്റെ കണ്ണിലെ ദൈന്യതയില്‍ നിന്ന് സത്യനാഥന്റെ കണ്ണിലെ വന്യതയിലേക്കെത്തുമ്പോഴും, നരന്റെ കണ്ണിലെ കുസൃതിയില്‍ നിന്നും, അപ്പുവിന്റെ കണ്ണിലെ നിഷ്‌കളങ്കതയിലേക്ക് എത്തുമ്പോഴും, അങ്ങനെയങ്ങനെ മോഹന്‍ലാലിന്റെ എണ്ണമറ്റ കഥാപാത്രങ്ങളുടെ കണ്ണുകളിലെ ഭാവം മാറിക്കൊണ്ടിരിക്കുമ്പോള്‍, മലയാളിക്കയാള്‍ വെറുമൊരു നടന്‍ എന്ന വികാരമായിരുന്നില്ല, മറിച്ച് നമ്മള്‍ അനുഭവിച്ച് തീര്‍ത്ത ഓരോ ജീവിതങ്ങളുമായിരുന്നു.

'ഞാന്‍ വിചാരിച്ചിരുന്നത് എന്റെ പേനയെക്കാള്‍ നന്നായി സത്യനാഥന്റെ വികാരങ്ങളെ പ്രകടിപ്പിക്കാന്‍ ഒരാള്‍ക്കും കഴിയില്ല എന്നായിരുന്നു, എന്നാല്‍ അയാള്‍ (മോഹന്‍ലാല്‍) എന്റെ തോന്നലുകള്‍ തെറ്റാണെന്ന് തെളിയിച്ചു. അയാള്‍ ചിരിക്കുകയായിരുന്നോ അതോ കരയുകയായിരുന്നോ അതോ അതിനിടയിലെ വേദനകളിലായിരുന്നോ എന്നത് അയാള്‍ക്ക് മാത്രം അറിയാവുന്ന കാര്യമാണ്.'

'സദയം' എന്ന ചിത്രത്തിനുവേണ്ടി, താനെഴുതിയ കഥാപാത്രമായ സത്യനാഥനെ കുറിച്ച് എം ടി പറഞ്ഞ വാക്കുകളാണിത്. ആ സിനിമ കണ്ട ഒരാള്‍ക്കും ഈ പറഞ്ഞത് അതിശയോക്തിയാണെന്ന് തോന്നാനിടയില്ല.

'പേടി, മിനിക്കുട്ടിക്കും പേടി, പേടിക്ക് എന്താ നിറം?'

നിഗൂഢമായ എന്നാല്‍ പേടിപ്പിക്കുന്ന കണ്ണുകളോടെ, ഒരു പ്രത്യേക ചിരിയോടെ മിനിക്കുട്ടി എന്ന കഥാപാത്രത്തെ ചേര്‍ത്തു പിടിച്ചുകൊണ്ട് സത്യനാഥന്‍ ഈ ഡയലോഗ് പറയുന്ന രംഗത്തേക്കുറിച്ച് സിബി മലയില്‍ തന്നെ പറഞ്ഞത്, അദ്ദേഹം അത് എങ്ങനെ അഭിനയിച്ചു എന്നത് ഒരത്ഭുതമാണെന്നാണ്. ആ രംഗത്ത് ലാലിന്റെ കണ്ണില്‍ കാണുന്ന തിളക്കം ഒരു ഗ്ലിസറിനോ ടച്ചപ്പോ കൂടാതെ വന്നതാണെന്നും, ഉന്മാദത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ചില രോഗികളുടെ കണ്ണുകളില്‍ ഇത്തരത്തില്‍ നനവോടുകൂടിയുള്ള ഒരു തിളക്കം കാണാറുണ്ടെന്നും, എങ്ങനെയാണെന്ന് അറിയില്ല അത് അയാള്‍ക്ക് അങ്ങ് വരികയാണെന്നുമാണ് സിബി ഓര്‍ത്തെടുക്കുന്നത്.

മോഹന്‍ലാലിന്റെ ഫിലിമോഗ്രഫി എടുത്തു നോക്കിയാല്‍, മറക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങളുടെ ഒരു നിധിശേഖരം തന്നെ നമുക്ക് കാണാനാവും. സ്വന്തമായ ഐഡന്റിറ്റിയും ആത്മാവുമുള്ള ഒരു കൈക്കുടന്ന നിറഞ്ഞുകവിഞ്ഞു പോകുന്നത്രയും കഥാപാത്രങ്ങള്‍. ഓരോ കഥാപാത്രത്തെയും അതിലെ പ്രകടനവും എടുത്തുനോക്കിയാല്‍ അത് കേവലം ഒരു കഥാപാത്രം മാത്രമായിരുന്നില്ല മറിച്ച്, അവയെല്ലാം നമ്മോടൊപ്പം തലമുറകളോളം ചേര്‍ന്നുനിന്ന ഓരോ ജീവിതങ്ങളുമായിരുന്നു.

'നിനക്കെന്നോട് ദേഷ്യമുണ്ടോ? നിന്റെ കല്ല്യാണം ഇങ്ങനെയൊന്നുമല്ല ഞാന്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നത്'. 1986ല്‍ സത്യന്‍-ശ്രീനിവാസന്‍ കോമ്പിനേഷനില്‍ ആദ്യമായി പുറത്തിറങ്ങിയ 'ടി.പി. ബാലഗോപാലന്‍ എംഎ' എന്ന ചിത്രത്തിലെ ഒരു രംഗമാണിത്. അനിയത്തിയുടെ കല്ല്യാണം കഴിഞ്ഞ് പോകുമ്പോള്‍ അവള്‍ക്കൊരു അമ്പത് രൂപ കൈയില്‍ വെച്ച് കൊടുത്ത്, ഉടുത്തിരിക്കുന്ന മുണ്ടിന്റെ കോന്തലകൊണ്ട് കണ്ണ് തുടച്ചു നില്‍ക്കുന്ന പരാജിതനായ, എന്നാല്‍ പച്ചയായ, സാധുവായ ഒരു മനുഷ്യന്‍. ഈ രംഗത്ത് കട്ട് പറയാന്‍ മറന്നതായാണ് സത്യന്‍ അന്തിക്കാട് മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളത്.

ഈ സിനിമ റിലീസായി ഏതാനും മാസങ്ങള്‍ക്കിപ്പുറം ഇറങ്ങിയ 'രാജാവിന്റെ മകന്‍' എന്ന ചിത്രത്തിലെ വിന്‍സെന്റ് ഗോമസ് എന്ന കഥാപാത്രം മോഹന്‍ലാല്‍ അവതരിപ്പിച്ചാല്‍ ശരിയാകുമോ എന്ന് ഡെന്നിസ് ജോസഫിന് നൂറ് ശതമാനം സംശയം ഉണ്ടായിരുന്നെങ്കിലും തമ്പി കണ്ണന്താനത്തിന് അത്തരമൊരു സംശയമേ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വളരെ കോണ്‍ഫിഡന്റ് ആയിരുന്നുവെന്നുമാണ് ഡെന്നിസ് തന്നെ പില്‍ക്കാലത്ത് പറഞ്ഞിട്ടുള്ളത്.

'അടുത്തേക്ക് വരരുത്'... കത്തിയും പിടിച്ച് ശൂന്യതയുടെയും നെര്‍വസ്‌നെസ്സിന്റെയും, കുറ്റബോധത്തിന്റെയുമെല്ലാം ഭാവങ്ങള്‍ മിന്നിമറഞ്ഞ കണ്ണുകളോടെ വായില്‍ എന്തോ ചവച്ചുകൊണ്ട് സാനിറ്റിയുടെ നേര്‍ത്ത വരമ്പില്‍ നിന്ന് ഇന്‍സേനിറ്റിയുടെ പടവിലേക്ക് ഇറങ്ങാനായി കാലാട്ടി നില്‍ക്കുന്ന സേതുമാധവനെ മലയാളിക്ക് മറക്കാനാകുമോ.

മോഹന്‍ലാലിന്റെ അഭിനയ പാടവത്തിന്റെ ഏറ്റവും റിമാര്‍ക്കബിളായ വശം എന്നത് അദ്ദേഹത്തിന്റെ അഭിനയത്തിലെ സൂക്ഷ്മതയാണ്. എക്‌സ്പ്രസീവ് ആയിട്ടുള്ള കണ്ണുകളും, വളരെ ഫ്‌ളെക്‌സിബിളായ ശരീരവുംകൊണ്ട്, വളരെ കോംപ്ലക്‌സായ ഇമോഷന്‍സിനെപ്പോലും മിനിമല്‍ ഡയലോഗുകളിലൂടെയും, വോയിസ് മോഡുലേഷനിലൂടെയും നിസ്സാരമെന്നപോലെ കണ്‍വേ ചെയ്യാനയാള്‍ക്കായി. സമാനതകളില്ലാത്ത റിയലിസത്തിലൂടെ ഒരു നിമിഷത്തെ നിശബ്ദ ദുഃഖത്തെയും, ഒരു നിമിഷത്തെ പൊട്ടിത്തെറിയെയും, നിശബ്ദമായ ആത്മപരിശോധനയെയും എല്ലാം നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതെന്ന തോന്നലുണ്ടാക്കി അയാള്‍ സ്‌ക്രീനില്‍ നിറഞ്ഞാടി. അയാളുടെ കണ്ണിലെ കുസൃതിയും നിഷ്‌കളങ്കമായ ചിരിയും അങ്ങനെ കാഴ്ച്ചക്കാരുടെ ചുണ്ടിലേക്കും പടര്‍ന്നു. അയാളുടെ കണ്ണുകളിലെ വേദനയുടെ നനവ് കാഴ്ച്ചക്കാരുടെ ഹൃദയത്തിലെയും കണ്ണുകളിലെയും നീറ്റലായി.

'It's such a dream to have an actor on the set who delivers, where you don't have to worry about the scene. You just have to capture it. You know you don't have to stage it with very difficulty. You don't have to worry about setting it right, but just be there to capture the performances. So your job becomes lot more simple. It was such an ease to work with Mohanlal.' 'ഇരുവര്‍' എന്ന ചിത്രത്തെക്കുറിച്ച് സംവിധായകന്‍ മണിരത്‌നം ഓര്‍ത്തെടുത്തതാണിത്.

'കണ്ണില്‍ മന്ദഹാസവും വാക്കില്‍ പ്രേമത്തിന്റെ മാധുര്യവുമായി അടുക്കുന്ന സുന്ദരനായ ഈ ആരാധകന്റെ കൈകളില്‍ സൂക്ഷിച്ച് നോക്കൂ, ചോര' എന്ന തലവാചകത്തോടെ 1984ല്‍ റിലീസായ 'ഉയരങ്ങളിലെ' നായകനായ പ്രതിനായകന്‍ ജയരാജനായി മോഹന്‍ലാല്‍ നിറഞ്ഞാടിയപ്പോള്‍ അദ്ദേഹത്തിന് വെറും 24 വയസ്സായിരുന്നു പ്രായം. നിഷ്ഠൂരമായ കൊലപാതകത്തിന് തൊട്ടടുത്ത നിമിഷത്തില്‍ ശാന്തനായി തന്റെ ചെയ്തികളെ കണ്ണാടിയില്‍ നോക്കി സ്വയം ഇവാലുവേറ്റ് ചെയ്യുന്ന ഒരു നാര്‍സിസിസ്റ്റിക്ക് വില്ലനെയാണ് ആ പ്രായത്തില്‍ അയാള്‍ വളരെ സ്വാഭാവികമായി സസൂക്ഷ്മം അവതരിപ്പിച്ചത്. അടിമുടി വില്ലനായി സ്‌ക്രീനില്‍ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലൂടെ അരങ്ങേറ്റം കുറിച്ചതിന്റെ നാലാം വര്‍ഷത്തില്‍ അയാള്‍ അവതരിപ്പിച്ച പ്രതിനായകത്വമുള്ള നായക കഥാപാത്രം.

മാതുപ്പണ്ടാരം ശൃംഗാരത്തിന്റെ മൂര്‍ത്തീഭാവമാണ്. എന്നാല്‍ പിന്നീട് അതിന്റെ പശ്ചാത്താപത്തില്‍ നീറുന്നവനും. കുട്ടപ്പന്‍ ജനനം മുതലേ അപമാനവും, അവഗണനയും പരിഹാസവും, നൊമ്പരങ്ങളും ഏറ്റുവാങ്ങേണ്ടി വന്നവനാണ്. അങ്ങേയറ്റം വ്യത്യസ്തമായ രണ്ടു കഥാപാത്രങ്ങള്‍. തന്റെ 28-ാം വയസ്സിലാണ് മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ ഇതൊക്കെ ചെയ്തുവെച്ചതെന്നത് ഒരത്ഭുതമാണ്. ഇത്രയധികം അനായാസമായി അതിഭാവുകങ്ങളില്ലാതെ മനോഹരമായി ആ രണ്ടു കഥാപാത്രങ്ങളെ അയാള്‍ അഭ്രപാളിയില്‍ വരച്ചിട്ടു. അഭിനയത്തിന്റെ പാഠപുസ്തകത്തില്‍ ഏതൊരുവനും തീര്‍ച്ചയായി പഠിച്ചിരിക്കേണ്ട ഒരധ്യായമാണ് പാദമുദ്രയിലെ മാതുവും കുട്ടപ്പനും.

അഭിനയത്തില്‍ മോഹന്‍ലാല്‍ എന്ന പ്രതിഭയ്ക്ക് പ്രത്യേകിച്ചൊന്നും തെളിയിക്കാനില്ല. അതെല്ലാം അയാള്‍ അയാളുടെ മുപ്പത് വയസ്സിനു മുന്നേ തന്നെ തെളിയിച്ചതാണ്. യോദ്ധയിലും, തച്ചോളി വര്‍ഗീസ് ചേകവരിലും, ആറാംതമ്പുരാനിലും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മലൈക്കോട്ടെ വാലിബനിലും, തുടരും എന്ന ചിത്രത്തിലുമെല്ലാം ആയോധനകലകളില്‍ അഗ്രഗണ്യനായ നായകനെ കണ്ടിട്ടുണ്ട്. നിത്യേന പരിശീലനമുള്ള, ആയോധന കലയില്‍ അഭ്യാസിയായൊരാളെന്ന് വിശ്വസിപ്പിക്കുന്ന മെയ്വഴക്കവും, അടവുകളുടെ താളവുമെല്ലാം അയാള്‍ നമുക്ക് മുന്നില്‍ കാഴ്ച്ചവെച്ചു.

വാനപ്രസ്ഥത്തിലെ ക്ലൈമാക്‌സ് ഒന്ന് മാത്രം മതി മോഹന്‍ലാല്‍ എന്ന നടന്റെ റേഞ്ച് ആന്‍ഡ് ആക്ടിങ് സ്‌കില്‍ മനസ്സിലാക്കാന്‍. ജീവിതത്തില്‍ എല്ലാവരാലും തിരസ്‌കരിക്കപ്പെടുകയും എന്നാല്‍ ആട്ടത്തിന് വേഷമിട്ടാല്‍ എല്ലാവരാലും ആദരിക്കപ്പെടുകയും ചെയ്യുന്ന കുഞ്ഞുകുട്ടന്‍. പ്രണയത്തിലും മറിച്ചല്ല സംഭവിച്ചതെന്നതു കൂടിയാവുമ്പോള്‍ എല്ലാവിധത്തിലും തകര്‍ന്ന തന്റെ പൂതനാമോക്ഷം എന്ന ആട്ടത്തിലൂടെ സ്വയം മോക്ഷം ലഭിക്കുകയും ചെയ്തവന്‍. ആ അവസാനരംഗത്ത്, അവസാനമായി മൂക്കിന് താഴെ അനങ്ങിക്കൊണ്ടിരുന്ന മൂക്കുത്തിയിലെ മണിപോലും നിശ്ചലമായിക്കഴിഞ്ഞു ഭാരമേതുമില്ലാതെ പിന്നിലേക്ക് മറിഞ്ഞു വീഴുന്ന രംഗം.

ശാസ്ത്രീമായോ അല്ലാതെയോ നൃത്തം അഭ്യസിച്ചിട്ടില്ലാത്ത ലാല്‍ എത്രയോ സിനിമകളില്‍ താളനിബിഡമായി നൃത്തം ചെയ്തു നമ്മെ വിസ്മയിപ്പിച്ചു. അതുപോലെ എടുത്തുപറയേണ്ട ഒന്നാണ് അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകള്‍ക്ക് അദ്ദേഹം കൊടുക്കുന്ന ചുണ്ടനക്കങ്ങള്‍. നസീര്‍ സാറിന് ശേഷം ഇത്രയേറെ തന്മയത്വത്തോടെ പാട്ടുകള്‍ക്ക് ചുണ്ടനക്കുന്ന വേറൊരു നടനെ കണ്ടിട്ടില്ലെന്നാണ് സംഗീത സംവിധായകന്‍ രവീന്ദ്രന്‍ ഒരിക്കല്‍ പറഞ്ഞിട്ടുള്ളത്.

മലയാള സിനിമാസ്വാദകരുടെ മനസ്സില്‍ കൊത്തിവെച്ച ഒരു വികാരമാണ് മോഹന്‍ലാല്‍. നാലു പതിറ്റാണ്ടിനിപ്പുറം തന്റെ അഭിനയ ജീവിതവുമായി മുന്നോട്ടു പോകുമ്പോള്‍ ബഹുമുഖതയുടെയും, ഗ്രേസിന്റെയും, സമാനതകളില്ലാത്ത അഭിനയപാടവത്തിന്റെയും മൂര്‍ത്തിമദ്ഭാവമെന്ന തലക്കെട്ട് അയാള്‍ വീണ്ടും വീണ്ടും അടിവരയിടുന്നു.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനില്‍ തുടങ്ങി, തുടരും എന്ന ചിത്രത്തിലെ ബെന്‍സില്‍ എത്തി നില്‍ക്കുന്ന മലയാളത്തിന്റെ മോഹന്‍ലാല്‍, സിനിമാലോകത്ത് ഇനിയും തുടരും.

Happy birthday 'The Legend'.

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

മൈക്കിള്‍ ജാക്സന്‍റേത് പോലുള്ള ഗാനങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു: വിധു പ്രതാപ്

SCROLL FOR NEXT