ഇന്ത്യന്‍ ചരിത്രത്തിലും ചരിത്ര ഗവേഷണത്തിലും സുപ്രധാനമായ പേരായിരുന്നു ഡോ.എംജിഎസ് നാരായണന്റേത്. കേരളത്തിലെ ചേര രാജാക്കന്‍മാരെക്കുറിച്ചുള്ള പഠനത്തില്‍ തുടങ്ങി തമിഴകത്തിന്റെ ചരിത്രത്തിലും പ്രാചീന ഇന്ത്യന്‍ ചരിത്രത്തിലും ചരിത്ര രചനയുടെ മെത്തഡോളജി എന്നിവയിലുമൊക്കെയായിരുന്നു അദ്ദേഹം തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കേരളത്തിലെ ചരിത്രകാരന്‍മാരിലെ പ്രധാനികളില്‍ ഒരാള്‍ എന്നതില്‍ ഉപരിയായി രാജ്യന്തര അക്കാഡമിക് മേഖലയിലും അദ്ദേഹം പ്രശസ്തനായിരുന്നു. ചരിത്രത്തിലും അക്കാഡമിക് മേഖലയിലും അദ്ദേഹം നടത്തിയ തുറന്നുപറച്ചിലുകള്‍ പലപ്പോഴും വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. ഇഎംഎസിനെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായി മാറി. ബിജെപി സര്‍ക്കാര്‍ ഐസിഎച്ച്ആര്‍ ചെയര്‍മാനായി നിയമിച്ചെങ്കിലും സര്‍ക്കാരിന് വഴങ്ങാത്ത നിലപാടുകള്‍ എടുത്തത് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കി. അക്കാഡമിക് വിഷയങ്ങളില്‍ മാത്രമല്ല, രാഷ്ട്രീയ വിഷയങ്ങളിലും വ്യക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നയാളായിരുന്നു എംജിഎസ്.
1932ല്‍ പൊന്നാനിയിലാണ് എംജിഎസ് നാരായണന്‍ ജനിച്ചത്. പരപ്പനങ്ങാടിയിലും പൊന്നാനിയിലും പ്രാഥമിക വിദ്യാഭ്യാസവും ഗുരുവായൂരപ്പന്‍ കോളേജ്, ഫാറൂഖ് കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ ചരിത്രത്തില്‍ മാസ്‌റ്റേഴ്‌സ് പൂര്‍ത്തിയാക്കി 22-ാം വയസില്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായി. തുടര്‍ന്ന് 28-ാമത്തെ വയസില്‍ ചരിത്രത്തില്‍ ഗവേഷണം ആരംഭിച്ചു. പെരുമാള്‍സ് ഓഫ് കേരള എന്ന വിഷയത്തിലായിരുന്നു ഗവേഷണം. എഡി 9 മുതലുള്ള കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രമായിരുന്നു അദ്ദേഹം പഠനത്തിനായി തെരഞ്ഞെടുത്തത്. 12 വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവില്‍ പിഎച്ച്ഡി ബിരുദം നേടിയ അദ്ദേഹം 1965ല്‍ കേരള സര്‍വകലാശാലയുടെ കോഴിക്കോട് പഠന കേന്ദ്രത്തില്‍ അധ്യാപകനായി ചേര്‍ന്നു. പിന്നീട് 1968ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രൂപീകരിച്ചപ്പോള്‍ ചരിത്ര വിഭാഗം തലവനായി.
1976 മുതല്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസില്‍ അംഗമാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ അധ്യക്ഷ സ്ഥാനമടക്കം വഹിച്ചിട്ടുണ്ട്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് അദ്ദേഹത്തെ ഐസിഎച്ച്ആര്‍ അധ്യക്ഷനാക്കിയത്. ചേര രാജാക്കന്‍മാരെക്കുറിച്ചുള്ള പഠനത്തിനായി പുരാതന ലിപികളില്‍ അദ്ദേഹം പരിശീലനം നേടിയിരുന്നു. വട്ടെഴുത്ത് മുതലുള്ള പുരാതന ലിപികളിലും സംസ്‌കൃതത്തിലും തമിഴിലും ബ്രാഹ്‌മിയിലും വിദഗ്ദ്ധനായിരുന്നു. ഗവേഷണത്തിലെ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ പെരുമാള്‍സ് ഓഫ് കേരള എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ ചരിത്ര പരിചയം, സാഹിത്യ അപരാധങ്ങള്‍, കോഴിക്കോടിന്റെ കഥ, സെക്യുലര്‍ ജാതിയും സെക്യുലര്‍ മതവും, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകള്‍, ജനാധിപത്യവും കമ്യൂണിസവും തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ അറിയപ്പെട്ടിരുന്ന ചരിത്രകാരനായിരുന്നു എംജിഎസ്. കോമണ്‍വെല്‍ത്ത് അക്കാഡമിക് സ്റ്റാഫ് ഫെല്ലോ, ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആഫ്രിക്കന്‍ സ്റ്റഡീസ് എന്നിവിടങ്ങളില്‍ വിസിറ്റിംഗ് ഫെലോ മോസ്‌കോ യൂണിവേഴ്‌സിറ്റി, ലെനിന്‍ഗ്രാഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിസിറ്റിംഗ് റിസര്‍ച്ച് പ്രൊഫസര്‍, ടോക്യോ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജാലകങ്ങള്‍; ഒരു ചരിത്രാന്വേഷിയുടെ വഴികള്‍, കാഴ്ചകള്‍ എന്ന പേരിലാണ് അദ്ദേഹത്തിന്റെ ആത്മകഥ. 2019ല്‍ ഈ പുസ്തകം കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം നേടി.