Memoir

കെ.കെ. കൊച്ച്: കേരളീയ ബൗദ്ധിക മണ്ഡലത്തിന്റെ അഞ്ച് പതിറ്റാണ്ട്

ധൈഷണികലോകത്തേക്കാള്‍ സര്‍ഗ്ഗാത്മകമായ ഭാവനാലോകമായിരുന്നു തുടക്കത്തില്‍ കെ.കെ.കൊച്ചിന്റെ ജീവിതത്തിനുണ്ടായിരുന്നത്. അതുകൊണ്ടാണ് 1971ല്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ സാഹിത്യമത്സരത്തില്‍ അദ്ദേഹത്തിന്റെ നാടകത്തിന് രണ്ടാം സ്ഥാനം കിട്ടുന്നത്. ആ സമയത്താണ് എന്‍.എസ്.മാധവന്റെ ശിശു എന്ന കഥയ്ക്ക് ഒന്നാം സ്ഥാനം കിട്ടുന്നത്. 1971 മുതല്‍തന്നെ കെ.കെ.കൊച്ച് ഒരുതരത്തില്‍ പറഞ്ഞാല്‍ മുഖ്യധാരയില്‍ അറിയപ്പെടേണ്ട വ്യക്തിയായിരുന്നു. പക്ഷേ, പിന്നീട് ഏറെക്കാലം അദ്ദേഹം ആക്ടിവിസവും, പ്രത്യേകിച്ച് ജനകീയ സാംസ്‌കാരിക വേദിയും തീവ്ര ഇടതുപക്ഷ സംഘടനകളുമായുള്ള സഹകരണവുമൊക്കെ തുടര്‍ന്നു. 70കളുടെ ഒടുവില്‍ യെനാന്‍ എന്നൊരു മാസികയ്ക്ക് ആ പേര് നിര്‍ദേശിച്ചത് കെ.കെ.കൊച്ചാണ്. ചൈനീസ് സാംസ്‌കാരിക വിപ്ലവം മാവോ സെ തുങ് പ്രഖ്യാപിക്കുന്നത് ചൈനയിലെ യെനാന്‍ എന്നൊരു ഗ്രാമത്തില്‍ വെച്ചാണ്. ആ ഗ്രാമത്തിന്റെ പേരാണ് ഈ മാസികയ്ക്ക് പ്രസാധകര്‍ ഇട്ടത്. അതിന്റെ എഡിറ്റോറിയലില്‍ ചെറുപ്പക്കാരായിരുന്ന വി.സി.ശ്രീജന്‍, സിവിക് ചന്ദ്രന്‍ തുടങ്ങിയവരായിരുന്നു ഉണ്ടായിരുന്നത്. ആ മാസിക അധികകാലം തുടര്‍ന്നില്ല. പിന്നീട് നവംബര്‍ ബുക്‌സ് എന്നൊരു പ്രസാധക സംരംഭം കെ.കെ. കൊച്ച് മാനേജിംഗ് എഡിറ്ററായും കെ.കെ.ബാബുരാജ് എഡിറ്ററായും മുന്‍കൈയെടുത്ത് തുടങ്ങി. വി.സി.ശ്രീജന്റെ ആദ്യ പുസ്തകം, യാ ദേവി സര്‍വ്വഭൂതേഷു എന്ന തലക്കെട്ടില്‍ നവംബര്‍ ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. ചുരുക്കത്തില്‍ സാംസ്‌കാരിക രംഗത്തുള്ള അദ്ദേഹത്തിന്റെ പരിചയവും മറ്റ് വ്യക്തികളുമായുള്ള അടുപ്പവുമൊക്കെ ഏറെക്കാലം മുമ്പേ ദൃശ്യമായിരുന്നു.

1975ലാണ് സീഡിയന്‍ എന്ന പ്രസ്ഥാനം ആരംഭിക്കുന്നത്. മധ്യതിരുവിതാംകൂറിലെ വിദ്യാസമ്പന്നരായ ദളിത് ചെറുപ്പക്കാരുടെ മുന്‍കയ്യിലുണ്ടായ ഒരു പ്രസ്ഥാനമാണ് സീഡിയന്‍. കെ.കെ.എസ്.ദാസ്, ഡോ.കെ.കെ.മന്മഥന്‍, ഇ.എം.കോശി, എം.ജെ.പ്രസാദ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ എഡിറ്ററായിരുന്ന വി.പത്മനാഭന്‍, എരുമേലി വിജയന്‍ തുടങ്ങി അന്നത്തെ വിദ്യാസമ്പന്നരായ ആളുകളുടെ മുന്‍കയ്യിലുണ്ടായ ഒരു സാംസ്‌കാരിക പ്രസ്ഥാനമായിരുന്നു അത്.

എണ്‍പതുകളോടുകൂടി കെ.കെ.കൊച്ച് സീഡിയനുമായി സഹകരിക്കാന്‍ ശ്രമിച്ചു. അങ്ങനെ അദ്ദേഹത്തെ സീഡിയന്റെ എഡിറ്ററായി നിയമിച്ചു. മൂന്ന് വര്‍ഷത്തോളം അദ്ദേഹം എഡിറ്റര്‍ സ്ഥാനം വഹിച്ചു. അങ്ങനെയാണ് തീവ്ര ഇടതുപക്ഷ സംഘാടനത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും ഒരു വ്യതിചലനം കെ.കെ.കൊച്ചിന്റെ പ്രവര്‍ത്തനങ്ങളിലും എഴുത്തിലുമൊക്കെ ഉണ്ടാകുന്നത്. 1989ലാണ് അദ്ദേഹത്തിന്റെ ആദ്യ പുസ്തകം പുറത്തു വരുന്നത്, 'കലാപവും സംസ്‌കാരവും'. ആ പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ ആദ്യ ഭാഗം ആറ്റൂര്‍, അയ്യപ്പപ്പണിക്കര്‍, സിവിക് ചന്ദ്രന്‍ തുടങ്ങിയവരുടെ കവിതകളെക്കുറിച്ചുള്ള പഠനമാണ്. രണ്ടാം ഭാഗം അധഃസ്ഥിതജനത അതിജീവിക്കേണ്ട വെല്ലുവിളികള്‍, മറാത്തയിലെ ദളിത് സാഹിത്യം എന്നിവയെക്കുറിച്ചൊക്കെയാണ്. ആ പുസ്തകത്തില്‍ തന്നെ കെ.കെ.കൊച്ചിന്റെ ചിന്താപരമായ രണ്ട് വഴികള്‍ വളരെ വ്യക്തമാണ്. ഒന്ന് അക്കാലത്ത് പ്രബലമായിരുന്ന ആധുനികതാവാദത്തിന്റെ സാഹിത്യ ഭാവുകത്വത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. രണ്ടാം ഭാഗത്തേക്ക് എത്തുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു വഴി സ്വീകരിക്കുന്നതായി കാണാം.

അതിന്റെ തുടര്‍ച്ചയാണ് 1993ല്‍ രണ്ടാമത്തെ പുസ്തകം, അംബേദ്കര്‍ ജീവിതവും ദൗത്യവും വരുന്നത്. വടക്കന്‍ പറവൂരുള്ള നവയാന എന്ന ഒരു പ്രസാധകരാണ് അത് പ്രസിദ്ധീകരിച്ചത്. സാമ്പത്തിക ശാസ്ത്രജ്ഞനായ നരേന്ദ്ര ജാദവ്, സാമൂഹ്യശാസ്ത്ര ഗവേഷകയായ ഗെയില്‍ ഓംവെദ് തുടങ്ങി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ബുദ്ധിജീവികള്‍ ഉള്‍പ്പെടെയുള്ളവരുടെ ലേഖനങ്ങളും കേരളത്തിലെ അന്നത്തെ പ്രമുഖരായ എഴുത്തുകാരുടെ അംബേദ്കറെ കുറിച്ചുള്ള നിലപാടുകളും സമാഹരിച്ചതാണ് ഈ പുസ്തകം. കെ.കെ. കൊച്ചിലെ സവിശേഷമായ വൈജ്ഞാനിക വിച്ഛേദം ഈ പുസ്തകത്തിന്റെ എഡിറ്റിംഗിലൂടെയാണ് സംഭവിക്കുന്നത്. നമുക്കറിയാം കേരളം വളരെയധികം ഇടതുപക്ഷ സാംസ്‌കാരിക രാഷ്ട്രീയത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹമാണ്. അക്കാലത്തുണ്ടായ ഒരു ചര്‍ച്ച ഇടതുപക്ഷം എന്തുകൊണ്ട് ജാതിയെ അഭിസംബോധന ചെയ്തില്ല എന്നതായിരുന്നു. ചെറിയ ചെറിയ ഇടതുപക്ഷ ഗ്രൂപ്പുകളിലാണ് അതുണ്ടായത്. ഉദാഹരണത്തിന് കെ.വേണുവും എം.ഗീതാനന്ദനും ഈ പറഞ്ഞ ആശയസംവാദങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. അങ്ങനെ ജാതി എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു സാമൂഹിക സ്ഥാപനമായിട്ടും അതിന്റെ എല്ലാത്തരം വ്യവഹാരങ്ങളും നമ്മുടെ എല്ലാ മേഖലകളെയും സ്വാധീനിക്കുന്നുവെന്നും അതിനെ അഭിസംബോധന ചെയ്യേണ്ടത് ഇന്ത്യയിലെ സാമൂഹിക സന്ദര്‍ഭത്തില്‍ വളരെ പ്രധാനമാണെന്നുമുള്ള ചര്‍ച്ച മുന്നോട്ടു കൊണ്ടുപോയി. ഈ ചര്‍ച്ചയില്‍ സീഡിയന്‍ പ്രസ്ഥാനവും കെ.കെ. കൊച്ചും തങ്ങളുടേതായ രീതിയില്‍ ഇടപെടുന്നുണ്ട്. അങ്ങനെയാണ് ഇടതുപക്ഷത്തില്‍ നിന്ന് കൃത്യമായ വ്യതിയാനത്തിലേക്ക് അദ്ദേഹം മാറുന്നത്. തീര്‍ച്ചയായും , നിരവധി അടരുകളുള്ള ഒരു സാംസ്‌കാരിക - രാഷ്ട്രീയ പരിണാമമാണ് അദ്ദേഹത്തിന്റെ ധൈഷഷണിക വ്യക്തിത്വത്തിനുണ്ടായിട്ടുള്ളത്.

രണ്ടായിരത്തിലേക്ക് എത്തുമ്പോള്‍ അദ്ദേഹത്തിന്റെ പ്രധാന പഠനമേഖല രാഷ്ട്രീയത്തില്‍ നിന്ന് മാറി സാഹിത്യത്തിലേക്ക് വ്യതിചലിക്കുന്നുണ്ട്. അദ്ദേഹം സാഹിത്യത്തോട് വളരെ ആഭിമുഖ്യമുള്ളയാളാണ്, സാഹിത്യം വായിക്കുന്നയാളാണ്. അങ്ങനെ സാഹിത്യത്തിലെ ചില പ്രശ്നങ്ങള്‍, അതിന്റെ അധികാരം, സാംസ്‌കാരികമായ വരേണ്യത തുടങ്ങിയവയെ വിമര്‍ശിക്കുവാനും അങ്ങനെ പുതിയ ഒരു വിമര്‍ശനശാഖ, ഇന്നത്തെ കാലത്ത് ദളിത് വിമര്‍ശനമെന്നോ ദളിത് സാംസ്‌കാരിക പഠനമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന തരത്തില്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധയൂന്നുന്നുണ്ട്. വളരെ ഗൗരവമായിട്ടുള്ള പഠനങ്ങള്‍ അദ്ദേഹം ഇതിനായി നടത്തി. അതിനും മുന്‍പ് കുറേയാളുകള്‍ ഈ വിഷയത്തില്‍ പഠിക്കുന്നുണ്ടെങ്കിലും അതിനൊന്നും ഏകീകൃതമായ, ഫോക്കസ്ഡായ വാദങ്ങളോ വളരെ മികച്ച രീതിയില്‍, വളരെ സൂക്ഷ്മമായി എഴുതാനുള്ള ശ്രമമോ ഉണ്ടായിട്ടില്ല. പക്ഷേ കെ.കെ.കൊച്ചിന്റെ എഴുത്ത് രീതി ശ്രദ്ധിച്ചാലറിയാം അദ്ദേഹം ഈ കാര്യങ്ങള്‍ വിശദീകരിക്കുന്നത് പൊതുസമൂഹത്തിന് കൂടി സ്വീകാര്യമാകുന്ന, അല്ലെങ്കില്‍ പൊതുസമൂഹത്തെക്കൂടി അഡ്രസ് ചെയ്യുന്ന ഭാഷയും ആവിഷ്‌കാര രീതിയും പിന്തുടര്‍ന്നുകൊണ്ടാണെന്ന് മനസിലാക്കാം. അന്നത്തെ പ്രധാനപ്പെട്ട മുഖ്യധാരാ പ്രസിദ്ധീകരണങ്ങളായ മാധ്യമം, മാതൃഭൂമി തുടങ്ങിയ ആഴ്ചപ്പതിപ്പുകള്‍ സ്ഥിരമായി അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഒരുപക്ഷേ അതിന് മുന്‍പുണ്ടായിരുന്ന, ദലിത് സമുദായത്തില്‍ നിന്നുയര്‍ന്നുവന്ന ഒരു എഴുത്തുകാരനും ഈ പറഞ്ഞ ഒരു അവസരമോ പ്രാപ്തിയോ ഉണ്ടായിരുന്നില്ല എന്നതാണ് വ്യക്തിപരമായ നിരീക്ഷണം.

അങ്ങനെയാണ് പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതി വിജയത്തെക്കുറിച്ചുള്ള വിമര്‍ശനം പ്രസിദ്ധീകരിക്കപ്പെടുന്നത്. 'കേരളം മറന്ന സാമൂഹ്യപരിഷ്‌കരണം'. എംജി സര്‍വകലാശാല മലയാള സാഹിത്യ വിമര്‍ശനത്തില്‍ സിലബസില്‍ ഉള്‍പ്പെടുത്തിയ ഒരു ലേഖനം അതായിരുന്നു. ആ ലേഖനം സാഹിത്യത്തെ എങ്ങനെ സമീപിക്കാം എന്നതില്‍ വലിയ ഉള്‍ക്കാഴ്ച നല്‍കിയ ഒന്നായിരുന്നുവെന്ന് ഡോ.ഷംഷാദ് ഹുസൈന്‍ വ്യക്തിപരമായ ഒരു സംഭാഷണത്തില്‍ പറഞ്ഞിട്ടുണ്ട്. ടി.കെ.സി.വടുതലയെ എല്ലാവരും ദളിത് കഥാകൃത്ത് എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കഥകളിലെ സവര്‍ണ്ണ മുദ്രകളെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്നു, കറുത്ത കലകളിലെ സവര്‍ണ്ണ മുദ്രകള്‍ എന്ന പേരില്‍. തകഴിയുടെ ഏറ്റവും പ്രഖ്യാതമായ വെള്ളപ്പൊക്കത്തില്‍ എന്ന കഥയെ, വെള്ളപ്പൊക്കത്തില്‍ മൃഗകഥയോ എന്ന് ചോദ്യമുന്നയിക്കുന്ന ശ്രദ്ധേയമായ ഒരു ലേഖനം എഴുതുന്നു. ആ ലേഖനങ്ങള്‍ സമാഹരിച്ചുകൊണ്ടാണ് 2005ല്‍ വായനയുടെ ദളിത് പാഠം എന്ന പുസ്തകം വരുന്നത്. അതിനുശേഷം അദ്ദേഹത്തിന്റെ വൈജ്ഞാനിക പാഠങ്ങള്‍ പൊതുമണ്ഡലത്തില്‍ ലഭ്യമാണ്. സ്ഥിരമായിട്ട് ആനുകാലികങ്ങളില്‍ അദ്ദേഹം എഴുതുമായിരുന്നു.

പലരും പറയുന്നതുപോലെ കാഞ്ചാ ഐലയ്യയെപ്പോലെയുള്ളവര്‍ ദേശീയ തലത്തില്‍ ആഘോഷിക്കപ്പെടുമ്പോള്‍ ഐലയ്യയുടെ ചില പുസ്തകങ്ങളിലെങ്കിലും കാണാവുന്ന വൈകാരികമായ എഴുത്ത് രീതിയേക്കാള്‍ കൂടുതല്‍ ആഴത്തിലുള്ളതും വിശകലന സ്വഭാവമുള്ളതുമായ എഴുത്തുകളായിരുന്നു കെ.കെ.കൊച്ചിന്റേത്. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടാത്തതിനാല്‍ അദ്ദേഹം മലയാളികള്‍ക്കിടയില്‍ ഒതുങ്ങിപ്പോയി എന്നാണ് എന്റെ അഭിപ്രായം. കാരണം അത്രയും വ്യത്യസ്തമായി, ആഴത്തില്‍ സാഹിത്യത്തെയും സംസ്‌കാരത്തെയുമൊക്കെ വിശകലനം ചെയ്യുന്ന രീതി അദ്ദേഹത്തിന് ഉണ്ടായിരുന്നു.

അദ്ദേഹം മുന്നോട്ടുവെച്ച വളരെ പ്രധാനപ്പെട്ട ആശയം സമുദായവാദമാണ്. കേരളത്തിലെ നവോത്ഥാന പ്രക്രിയയില്‍ നായര്‍ സമുദായമൊക്കെ പല വിഭാഗങ്ങള്‍ ചേര്‍ന്ന് ഒന്നായി മാറുന്നത് നമ്മള്‍ കാണുന്നുണ്ട്. ഇതിന് സമാനമായിട്ട് കേരളത്തിലെ ദളിത് സമൂഹത്തിലെ ഉപജാതിവിഭാഗങ്ങള്‍ ഒരു കുടക്കീഴില്‍ വരികയും ഒരു സമുദായമെന്ന നിലയില്‍ അവര്‍ സ്വയം നിര്‍വചിക്കപ്പെട്ട്, പൊതുമണ്ഡലത്തിലും രാഷ്ട്രീയത്തിലും ഇടപെടുകയും വേണമെന്ന ആശയമൊക്കെ സമുദായവാദമെന്ന ആശയത്തിലൂടെ അദ്ദേഹം മുന്നോട്ടു വെയ്ക്കുന്നുണ്ട്. അത് എത്രത്തോളം പ്രായോഗികമായി എന്നതൊക്കെ ആലോചിക്കേണ്ട കാര്യമാണ്. ഉപജാതി സംവരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളൊക്കെ വരുമ്പോള്‍ അദ്ദേഹം ഉയര്‍ത്തിയ ആശയത്തിന് എത്രത്തോളം സ്വീകാര്യത കിട്ടിയെന്നുള്ളത് വിമര്‍ശനാത്മകമായ പഠിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇങ്ങനെയുള്ള ചില ആലോചനകളാണ് അദ്ദേഹത്തിന്റെ ബുദ്ധനിലേക്കുള്ള ദൂരം എന്ന പുസ്തകം.

അക്കാലത്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങള്‍ സൈദ്ധാന്തികമായി മാര്‍ക്സിസത്തോട് അങ്ങേയറ്റം വിയോജിക്കുന്നതായിരുന്നു. മാര്‍ക്സിസമെന്നത് ലോകത്തെ വിമോചിപ്പിക്കാനുള്ള ആശയമാണെങ്കിലും അത് ഇന്ത്യയിലെ കീഴാളരെയും ദളിതരെയും സംബന്ധിച്ചിടത്തോളം അതിന് കൂടുതല്‍ പ്രായോഗികതയില്ലെന്ന ഒരു വിമര്‍ശനം അദ്ദേഹം മുന്നോട്ടു വെക്കുന്നുണ്ട്. സ്വത്വരാഷ്ട്രീയം എന്നൊക്കെ പറഞ്ഞ് പിന്നീട് വിവാദമായ ചില ആശയങ്ങളൊക്കെ അദ്ദേഹത്തിന്റേതായുണ്ട്. സ്വത്വരാഷ്ട്രീയം ഒരിക്കലും വിഭാഗീയമല്ല, മറിച്ച് അധികാരത്തില്‍ നിന്നും സമ്പത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും സാമൂഹികമായി പുറന്തള്ളപ്പെട്ട എല്ലാ മനുഷ്യരുടെയും പ്രാതിനിധ്യത്തിനു വേണ്ടിയുള്ള രാഷ്ട്രീയമാണ് അദ്ദേഹം സ്വത്വരാഷ്ട്രീയം എന്ന് ഉദ്ദേശിച്ചത്. കേരളത്തിലെ പ്രബലമായിട്ടുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളോ പുരോഗമന പ്രസ്ഥാനങ്ങളോ അതിനെ ആ രീതിയില്‍ കണ്ടില്ല. വളരെ വിവാദപരമായ ചില നിലപാടുകള്‍ അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. സി.കെ.ജാനുവിന്റെ സമരത്തില്‍ അദ്ദേഹം ചില സന്ദര്‍ഭങ്ങളില്‍ വിയോജിച്ചിട്ടുണ്ട്. മറ്റു പല സമരങ്ങളോടും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പുലര്‍ത്തിയിട്ടുണ്ട്. ചെങ്ങറ സമരത്തില്‍ അദ്ദേഹത്തിന് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു. ഒരിക്കലും യോജിക്കാന്‍ കഴിയാത്ത വ്യക്തിയായി ളാഹ ഗോപാലനെ കണ്ടിട്ടുണ്ട്.

കേരളത്തിലെ ദലിത് - ആദിവാസി മുന്‍കൈയിലുണ്ടായ എല്ലാ സമരങ്ങളോടും അദ്ദേഹം അനുഭാവം പുലര്‍ത്തിയില്ലെങ്കിലും സംസ്ഥാനത്ത് നടന്നിട്ടുള്ള ചെറുതും വലുതുമായ പ്രക്ഷോഭങ്ങളിലും സമരങ്ങളിലും അദ്ദേഹം പങ്കാളിത്തമോ സംഘാടകത്വമോ ഒക്കെ വഹിച്ചിട്ടുണ്ട്. സി.ടി.സുകുമാരന്‍ ഐഎഎസ് മരിച്ചപ്പോഴുണ്ടായ ആക്ഷന്‍ കമ്മറ്റിയിലും അതുപോലെ, മഅദ്നിയുടെ വിമോചനത്തിന് വേണ്ടിയുള്ള സമരം അങ്ങനെ ചെറുതും വലുതുമായിട്ടുള്ള സാമൂഹികനീതിക്കു വേണ്ടിയുള്ള സമരങ്ങളില്‍ അദ്ദേഹത്തിന്റേതായ രീതിയില്‍ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.

ഒരു എഴുത്തുകാരന്‍ എന്നനിലയില്‍ കേരളീയ സമൂഹത്തില്‍ വലിയ സ്ഥാനവും അംഗീകാരവും കിട്ടിയതിന്റെ തെളിവാണ് 2020ലെ സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌ക്കാരം ലഭിച്ചത്. ആത്മകഥയായ ദലിതന്‍ അതേപേരില്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ടു. ശ്രീദേവി പി. നായരാണ് വിവര്‍ത്തക. ഇനിയീ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് എഴുത്തിലേക്ക് ഒതുങ്ങിക്കൂടേ എന്ന് പലസന്ദര്‍ഭങ്ങളിലും ഞാന്‍ ചോദിച്ചിട്ടുണ്ട്. കര്‍മ്മമാണ് ജീവിതം എന്നാണ് അദ്ദേഹത്തിന്റെ മറുപടി. വാക്കും പ്രവൃത്തിയും ഒന്നായിരിക്കണം. എന്റെ വാക്കുകളെ പൂരിപ്പിക്കുന്നത് എന്റെ പ്രവൃത്തി കൂടിയാണ്. അതുകൊണ്ട് സമുദായ പ്രവര്‍ത്തനത്തില്‍ നിന്നോ മറ്റ് ആക്ടിവിസത്തില്‍ നിന്നോ പിന്‍വാങ്ങിക്കൊണ്ടുള്ള എഴുത്തില്‍ യാതൊരു താല്‍പര്യവുമില്ല എന്ന് അദ്ദേഹം പല സന്ദര്‍ഭങ്ങളിലും പറഞ്ഞിട്ടുണ്ട്.

ഒരുതരത്തില്‍ സൈദ്ധാന്തികമായി മാര്‍ക്സിസത്തോട് വിയോജിക്കുമ്പോഴും പില്‍ക്കാലത്ത് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് അദ്ദേഹത്തിന് ഒരു അനുഭാവമുണ്ടാകുന്നതും നമ്മള്‍ കാണുന്നുണ്ട്. പ്രത്യേകിച്ച് കെ-റെയില്‍ പോലെയുള്ള പ്രശ്നങ്ങളോട്. അതില്‍ പ്രധാനപ്പെട്ട ഒരു സംഗതിയായി തോന്നുന്നത് കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് വളരെ വ്യക്തമായ വിമര്‍ശനവും വിയോജിപ്പും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ 'ചാച്ചന്‍ ഒരു സമാന്തര ജീവിതം 'എന്ന ദീര്‍ഘലേഖനത്തില്‍ ഈ വിയോജിപ്പിന്റെ അനുഭവപാഠം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അച്ഛന്‍ ഒരു കമ്യൂണിസ്റ്റുകാരനായിരുന്നു. വിമോചന സമരകാലത്ത് അദ്ദേഹത്തെ അധിക്ഷേപിക്കുന്നതിന് വേണ്ടി വീടിന് മുന്നില്‍ ഒരു പട്ടിയെ കെട്ടിയിട്ട് അധിക്ഷേപ മുദ്രാവാക്യങ്ങള്‍ വിളിച്ച സംഭവം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാല്യകാല അനുഭവങ്ങളാണ്. ചാച്ചന്‍ ഒരു സമാന്തര ജീവിതം എന്ന കുറിപ്പില്‍ അതേക്കുറിച്ച് പറയുന്നുണ്ട്. കോണ്‍ഗ്രസ് എന്നത് കേരളത്തിലെ സമ്പന്നരുടെയും വരേണ്യരുടെയും പാര്‍ട്ടിയാണെന്നും അത് സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നില്ലെന്നുമുള്ള വിമര്‍ശനം അദ്ദേഹത്തിന് അന്നുമുണ്ട് ഇന്നുമുണ്ട്. രാമചന്ദ്രഗുഹയെപ്പോലെയുള്ള ചരിത്രകാരന് ഗാന്ധി കുടുംബത്തോടുള്ള നിതാന്തമായ ശത്രുത പോലെയാണ് കോണ്‍ഗ്രസിനോടുള്ള കൊച്ചേട്ടന്റെ ശത്രുതയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ ശത്രുതയില്‍ നിന്നാകാം ഒരു പക്ഷേ പില്‍ക്കാലത്ത് അദ്ദേഹത്തിന് ഇടതുപക്ഷത്തോട് കൂടുതല്‍ താല്‍പര്യം തോന്നുകയും അങ്ങനെ 2021ല്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ രണ്ടാം സര്‍ക്കാര്‍ വരുമെന്ന ആശയമൊക്കെ പങ്കുവെച്ചതെന്നുമാണ് എനിക്ക് തോന്നുന്നത്.

കൊച്ചേട്ടന്റെ പരന്ന വായനയാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.തത്വചിന്ത സാഹിത്യം, സാമ്പത്തികശാസ്ത്രം, രാഷ്ട്രീയചരിത്രം, ഭാഷാ- സൗന്ദര്യശാസ്ത്രം തുടങ്ങി വിശാലവും വൈവിധ്യവുമാര്‍ന്ന വിഷയങ്ങളിലുള്ള വായനാതാല്‍പര്യം അദ്ദേഹത്തിനുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ വളരെ പ്രധാനപ്പെട്ട പുസ്തകമാണ് കേരള ചരിത്രവും സമൂഹരൂപീകരണവും. ഏതാണ്ട് നാല് വര്‍ഷത്തോളം അധ്വാനിച്ചിട്ടാണ് അദ്ദേഹം ആ പുസ്തകം എഴുതുന്നത്. നിരവധി ചരിത്രപണ്ഡിതരുടെ സഹായത്തോടുകൂടി പുസ്തകങ്ങള്‍ വരുത്തി, ബാഗ്ലൂരിലും ചെന്നൈയിലുമൊക്കെ പോയി ലൈബ്രറികളില്‍ ഇരുന്ന് പരിശോധിച്ച് എഴുതിയ പുസ്തകമാണ് കേരളചരിത്രവും സമൂഹരൂപീകരണവും. ഒരു പ്രൊഫഷണല്‍ ചരിത്രകാരനോ അക്കാദമീഷ്യനോ അല്ലാത്തതുകൊണ്ട് പലപ്പോഴും മുഖ്യധാരാ ചരിത്രപണ്ഡിതന്‍മാര്‍ അദ്ദേഹത്തിന്റെ രീതിശാസ്ത്രത്തെയോ നിഗമനങ്ങളെയോ ഒന്നും പൂര്‍ണ്ണമായി സ്വീകരിച്ചിട്ടില്ല. സനല്‍മോഹനെപ്പോലെയൊരു ചരിത്രപണ്ഡിതന്‍ അദ്ദേഹത്തിന്റെ മോഡേണിറ്റി ഓഫ് സ്ലേവറി എഴുതുമ്പോള്‍ അയ്യങ്കാളിയെക്കുറിച്ചുള്ള റഫറന്‍സുകള്‍ ശേഖരിച്ചിരിക്കുന്നത് ടി.എച്ച്.പി.ചെന്താരശ്ശേരിയുടെ പുസ്തകത്തില്‍ നിന്നാണ്. ചെന്താരശ്ശേരി ഏജീസ് ഓഫീസിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം പ്രൊഫഷണല്‍ ചരിത്രം എഴുത്തുകാരനായിരുന്നില്ല. അക്കാഡമിക് ആയിരുന്നില്ല. പലപ്പോഴും അക്കാദമിക് പണ്ഡിതന്‍മാര്‍ പോലും പ്രാഥമികവിവരങ്ങള്‍ക്ക് വേണ്ടി ഇത്തരം പണ്ഡിതന്‍മാരെ ആശ്രയിക്കുന്നത് നാം കണ്ടിട്ടുണ്ട്. പെരിന്തല്‍മണ്ണയില്‍ വെച്ച് ഈ പുസ്തകത്തിന്റെ പ്രകാശനം നടക്കുമ്പോള്‍ എം.ജി.എസ്. നാരായണന്‍ ഈ പുസ്തകത്തിലെ പല നിഗമനങ്ങളെയും വിമര്‍ശിക്കുന്നുണ്ട്. എങ്കിലും കേരളത്തിലെ ഒരു വിഷയത്തെ സംബന്ധിച്ച് ഒരു രീതിശാസ്ത്രം ആ പുസ്തകത്തിലൂടെ ഇവോള്‍വ് ചെയ്തെടുക്കുന്ന പ്രക്രിയ കൊച്ചേട്ടന്റെ ചരിത്രരചനയ്ക്ക് ഉണ്ടെന്നാണ് തോന്നുന്നത്. അതൊരു വളരെ പ്രധാനപ്പെട്ട കാര്യമാണ്. പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള ചരിത്രത്തെപ്പറ്റിയാണ് അതില്‍ പറയുന്നത്. ആധുനികകേരളത്തിന്റെ ചരിത്രം അത് പരാമര്‍ശിക്കുന്നതേയില്ല. അതിന് അദ്ദേഹം കൂടുതലായി ആശ്രയിക്കുന്നത് ദ്രാവിഡദേശം എന്ന് പറയുന്ന പ്രദേശത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങള്‍, അതിനകത്ത് ഉണ്ടായിട്ടുള്ള അവാന്തരവിഭാഗങ്ങള്‍, പാര്‍ശ്വവല്‍കൃതസമൂഹങ്ങള്‍ ഇന്ത്യയില്‍ അവര്‍ക്കുണ്ടായിട്ടുള്ള മാറ്റങ്ങള്‍ ഇവയെക്കുറിച്ചാണ് അദ്ദേഹം ചര്‍ച്ച ചെയ്യുന്നത്. ജാതിവ്യവസ്ഥ രൂപപ്പെടുന്നതോടു കൂടി അദ്ദേഹത്തിന്റെ ചരിത്രഗ്രന്ഥം അവസാനിക്കുകയാണ്. അതൊരു രണ്ടാം ഭാഗം എഴുതപ്പെടേണ്ട പുസ്തകം ആയിരുന്നെങ്കിലും പിന്നീട് അത്രയും അധ്വാനിക്കാനുള്ള ആരോഗ്യമോ ക്ഷമയോ ഒന്നും തനിക്കുണ്ടായിരുന്നില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

കൊച്ചേട്ടന്റെ എഴുത്ത് രീതി അദ്ഭുതം ജനിപ്പിക്കുന്നതാണ്. പതിനഞ്ച് പേജ് മാറ്റര്‍ എഴുതാന്‍ അദ്ദേഹം 50 പേജെങ്കിലും എഴുതും. അത്രയും കണ്ടന്റില്‍ നിന്നാണ് അദ്ദേഹം 15 പേജുള്ള ഒരു കണ്ടന്റിലേക്ക് ലേഖനത്തെ മാറ്റുന്നത്. അത്രയും അധ്വാനവും ക്ഷമയും അദ്ദേഹത്തിന്റെ എഴുത്തിനുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭാഷയും നിരീക്ഷണങ്ങളും ഇത്രയും സൂക്ഷ്മമാകുന്നത്.

അത്രയും അധ്വാനിക്കാനുള്ള മനസ്സ് അദ്ദേഹത്തിന്റെ എഴുത്തുകള്‍ക്ക് ഉണ്ടായിരുന്നു. നിരന്തരമായ എഡിറ്റിംഗ് എഴുത്തില്‍ വരുത്തിക്കൊണ്ടാണ് അത്രയും സൂക്ഷ്മമായി എഴുതാന്‍ അദ്ദേഹത്തിന് സാധിക്കുന്നത്. അഞ്ചുപതിറ്റാണ്ടിലേറെക്കാലം കേരളീയ പൊതുമണ്ഡലത്തില്‍ വിമര്‍ശനാത്മക ചിന്തയ്ക്കും മാര്‍ജിനിലേയ്ക്കുള്ള അന്വേഷണങ്ങള്‍ക്കും ബലവത്തായ അസ്ഥിവാരവും സ്വീകാര്യതയും സൃഷ്ടിച്ചുവെന്നതാണ് കെ.കെ. കൊച്ചിന്റെ ചരിത്രപ്രസക്തി. ഇന്നത്തെ പുതുതലമുറ സോഷ്യല്‍ മീഡിയാ എഴുത്തുകാരും ആക്റ്റിവിസ്റ്റുകളും പറയുന്ന പല ആശയങ്ങളും മുന്‍പുണ്ടായിരുന്ന പലരും സൃഷ്ടിച്ചതാണെന്നതാണ് വാസ്തവം. ചരിത്രം ഒരു നൈരന്തര്യമാണ്. ആ നൈരന്തര്യത്തിലെ ഏറ്റവും ബലവത്തായ സാന്നിധ്യമാണ് കെ.കെ. കൊച്ചിന്റെ വിയോഗത്തോടെ ഇല്ലാതാകുന്നത് എന്നതാണ് ഖേദകരമായ വസ്തുത.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT