Memoir

കാർത്തിക് ചെന്നൈ; മലയാള സിനിമയുടെ ചെന്നൈ വിലാസം

അന്തരിച്ച ലെയ്സൺ ഓഫീസർ കാർത്തിക് ചെന്നൈയെക്കുറിച്ച് സംവിധായകൻ ബൈജുരാജ് ചേകവർ എഴുതുന്നു

ലെയ്സൺ ഓഫീസർ : കാർത്തിക് ചെന്നൈ

ഇങ്ങനൊരു ടൈറ്റിൽ പലവട്ടം മലയാള സിനിമയുടെ തിരശീലയിൽ വായിച്ചവരാണ് നമ്മൾ പ്രേക്ഷകർ . കടുത്ത സിനിമാ ആസ്വാദകനായ എന്റെ വിദ്യാഭ്യാസ കാലയളവിലെ പ്രധാന ജിജ്ഞാസകളിൽ ഒന്നായിരുന്നു എന്താണ് ഈ ലെയ്സൺ ഓഫീസർ എന്നത് . സിനിമാ ആസ്വാദന , വിമർശന ചർച്ചകളിലൊന്നും വായിക്കുകയോ കേൾക്കുകയോ ചെയ്തിട്ടില്ല സിനിമയിൽ ഈ ടൈറ്റിലുകാരുടെ സംഭാവനകളെ കുറിച്ച് .

ലെയ്സൺ ഓഫീസർമാരെ പ്രതിനിധീകരിച്ച് അഗസ്റ്റിൻ , കാർത്തിക് ചെന്നൈ, മാത്യു ജെ നെര്യംപറമ്പിൽ , പൊടിമോൻ കൊട്ടാരക്കര തുടങ്ങിയ കുറച്ചുപേരുകൾ മാത്രം ആവർത്തിച്ച് മിക്ക സിനിമകളിലും അക്കാലങ്ങളിൽ കാണാം .

പിന്നീട് സംവിധാന സഹായിയായി സിനിമയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചപ്പോൾ മനസ്സിലെ നിഗൂഡ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു , സിനിമയെന്ന മായാപ്രപഞ്ചത്തിലെ പിടികിട്ടാപുള്ളിയായ ലെയ്സൺ ഓഫീസറെ കണ്ടുകെട്ടുക എന്നത് .

ഒറ്റപ്പാലത്തെ ആദ്യ ഷൂട്ടിങ്ങ്‌ ലൊക്കേഷനിൽ സംവിധായകനും സംവിധായക ഡിപ്പാർട്ട്മെന്റിനും പുറമെ ക്യാമറമേനും സഹായികളും ആർട്ട് ഡയറക്ടറും സെറ്റ് അസിസ്റ്റൻസും പ്രൊഡക്ഷൻ കൺട്രോളറും പ്രൊഡക്ഷൻ മാനേജർമാരും പ്രൊഡക്ഷൻ ബോയ്സും ഡ്രൈവർമാരുംമൊക്കെ അടങ്ങുന്ന സിനിമാ ലൊക്കേഷനെ സജീവമാക്കി നിർത്തുന്ന വല്ലഭന്മാരിൽ ലെയ്സൺ ഓഫീസറെ മാത്രം മുഖാമുഖം തടഞ്ഞു കിട്ടിയില്ല . ആരാണീ ടീമ്സെന്നും എന്താണിവരുടെ പണിയെന്നും ചോദിച്ചറിയണമെന്നുണ്ട് . പക്ഷെ പേടിയാണ് . ഇതുപോലും അറിയാതെയാണോ സിനിമയിൽ വന്നതെന്ന് അലറി ചോദിച്ച് ആസ്ഥാന മണ്ടപ്പട്ടം തലയിൽ കെട്ടിവെക്കുമോ എന്ന പേടി . ചോദ്യം ചോദിക്കുന്നവനെ ഉത്തരം കൊടുക്കാതെ മണ്ടനാക്കുന്ന കലാപരിപാടി സിനിമയിൽ തലകുത്തി തകർക്കുന്ന കാലമാണ് .

ഷൂട്ടിങ്ങ് കഴിഞ്ഞു .

എഡിറ്റിങ്ങ് , ഡബ്ബിങ്ങ് പണിക്ക് ചെന്നൈയിലേക്ക് പോകേണ്ടവരുടെ കൂട്ടത്തിൽ എനിക്കും നറുക്ക് വീണപ്പോഴാണ് ലെയ്‌സൺ ഓഫീസർ എന്ന സാധ്യത കേൾവിയിലേക്ക് വരുന്നത്

സംവിധായകനൊപ്പം ഷൂട്ടിങ്ങ് ലൊക്കേഷൻ ഭരിച്ച ക്യാമറാമാനോ , ആർട്ട് ഡയറക്ടറോ , പ്രൊഡക്ഷൻ കൺട്രോളറോ ... നാട്ടിലെ പുലികളൊന്നും ചെന്നൈയിൽ എത്തിയിട്ടില്ല . എപ്പോഴെങ്കിലും എത്തുന്ന എസ് റ്റി ഡി ഫോൺ ശബ്ദം മാത്രമായി അവരുടെ സാന്നിധ്യം ചെന്നൈയിൽ പരിമിതപ്പെട്ടു .

പക്ഷെ ചെന്നൈയിലെ രാജാവ്‌ ലെയ്സൺ ഓഫീസർ ആണെന്ന് ഞാൻ പുറപ്പെട്ട ട്രെയിൻ , ചെന്നൈ റയിൽവേ സ്റ്റേഷൻ പിടിക്കും മുന്നേ എനിക്ക് പിടികിട്ടിയിരുന്നു . ഷൂട്ടിങ്ങിനാവശ്യമായ ഡേ , നൈറ്റ് ഫിലിം കേനുകൾ ഒറ്റപ്പാലത്ത് എത്തിച്ചതും ഷൂട്ട് ചെയ്‌ത ഫൂട്ടേജുകൾ എഡിറ്റർക്ക് തിരികെ എത്തിച്ചുകൊടുത്തും ഇങ്ങേര് പണി നേരത്തെ തുടങ്ങിയെന്നത് വൈകിയാണ് ഞാനറിഞ്ഞത് . ലെയ്സൺ ഓഫീസറുടെ പണിയായ പണിയൊക്കെ ഇനിയാണ് പോലും..!!

പോസ്റ്റ് പ്രൊഡക്ഷന് ആവശ്യമായ A to Z കാര്യങ്ങൾ ഒരുക്കുകയാണ് ലെയ്സൺ ഓഫീസറുടെ പ്രധാന കർത്തവ്യം . മികച്ച സംഘാടകനും , ആസൂത്രകനും , സാങ്കേതിക ജ്ഞാനമുള്ള ആളുകൂടിയാവണം ലെയ്സൺ ഓഫീസർ .

യാത്രാ ടിക്കറ്റുകൾ , താമസം , ഭക്ഷണം , എഡിറ്റിങ്ങ് സ്റ്റുഡിയോ , ഷൂട്ടിങ്ങ് , നെഗറ്റിവ് ഫിലിം , സ്‌പെഷൽ എഫ്ക്ടുകൾക്ക് ആവശ്യമായ ഇന്റർമീഡിയറ്റ് ഫിലിംസ്‌ , സ്റ്റുഡിയോ സമയം , ജീവനക്കാരുടെ ബാറ്റ , ഡബ്ബിങ്ങ് സ്റ്റുഡിയോ , ഡബ്ബ് ചെയ്യാനുള്ള ആർട്ടിസ്റ്റുകളുടെ ഡേറ്റ് , യാത്ര , താമസം , പാച്ചപ്പ്‌ ഷൂട്ടുകൾ , സൗണ്ട് എഫക്ട് , റീ റിക്കോർഡിങ്ങ്, അതിന് വേണ്ട സൗകര്യങ്ങൾ , ബാലൻസ് പേയ്‌മെന്റുകൾ , സെൻസർ സ്ക്രിപ്റ്റ് , മറ്റ് അവസാന ഘട്ട പ്രവർത്തനങ്ങൾ എല്ലാം പ്ലാൻ ചെയ്യുന്നതും ഒരുക്കുന്നതും സമയബന്ധിതമായി തീർക്കേണ്ടതും ലെയ്സൺ ഓഫീസറുടെയും സഹായികളുടെയും ഉത്തരവാദിത്തമാണ് . ചുരുക്കം പറഞ്ഞാൽ ഷൂട്ടിങ്ങ് ലൊക്കേഷനിലെ പ്രൊഡക്ഷൻ കൺട്രോളർ ആണ് പോസ്റ്റ് പ്രൊഡക്ഷനിലെ ലെയ്സൺ ഓഫീസർ ..!!

പട്ടാളത്തിൽ നിന്ന് വിരമിച്ച മാത്യു ജെ നേര്യംപറമ്പിൽ സിനിമയിലും ആ അച്ചടക്കവും കാർക്കശ്യവും കാത്തുസൂക്ഷിക്കുന്ന ആളായിരുന്നു . അദ്ദേഹത്തിന് എല്ലാവരും ഒരു സ്‌കൂൾ ഹെഡ് മാസ്റ്ററുടെ ബഹുമാനവും പരിഗണനയും നൽകി . പക്ഷെ സഹപ്രവർത്തകർ എത്ര ജൂനിയർ ആയിരുന്നാലും ഒരു തോഴൻ ഫീലിങ്ങ്‌ പകർന്നാണ് സിനിമയിൽ ഡ്രൈവറായി പ്രവർത്തനം ആരംഭിച്ച കാർത്തി അണ്ണൻ ഇടപെട്ടിരുന്നത് . സൗഹൃദത്തിന്റെ കുളിർമ്മയും പുഞ്ചിരിയും ചേർത്തുപിടിക്കലും ഓരോ ആളിലേക്കും അദ്ദേഹം പ്രസരിപ്പിച്ചു പോന്നു .

റിലീസ്‌ ഡേറ്റും തിയേറ്ററുകളും നിശ്ചയിച്ചാണ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് സിനിമാ സംഘം ചെന്നൈയിൽ എത്തുന്നത് .

നിശ്ചയ സമയത്തിനുള്ളിൽ ആർട്ടിസ്റ്റുകളെയും സാങ്കേതിക പ്രവർത്തരെയും എത്തിക്കുക , സ്റ്റുഡിയോ ലഭ്യത ഉറപ്പുവരുത്തുക എന്നതിനൊപ്പം ഏറ്റവും പ്രധാനമാണ് അവസാന ഘട്ടം , ഫൈനൽ മിക്സിന് തൊട്ട് മുമ്പ് മൂന്നോ നാലോ സ്റ്റുഡിയോകളിൽ അതിവേഗതയിൽ സമാന്തരമായി വർക്കുകൾ നടക്കുമ്പോൾ ആവശ്യമായ റീലുകൾ അതാത് സ്റ്റുഡിയോവിൽ എത്തിച്ചു കൊടുക്കുക എന്നുള്ളത് . ഇങ്ങനെ ഒരേ സമയം ഒട്ടേറെ സ്റ്റുഡിയോകളിലായി പല വർക്കുകളാണ് ഇവരുടെ കീഴിൽ നടക്കുന്നത് എന്ന് കൂടി ഓർക്കുക .

We transfer , My air bridge. com പോലുള്ള ഓൺലൈൻ സാങ്കേതിക പിന്തുണയിൽ ഫയലുകൾ അയക്കുന്ന ഇന്നത്തെ സൗകര്യങ്ങളെ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാലത്ത് ചെന്നൈയിലെ പൊരിവെയിലിൽ വിയർത്തുകുളിച്ച് റീലുകളുമായി സ്റ്റുഡിയോകൾ കയറിഇറങ്ങുന്ന കാർത്തിക് അണ്ണന്റെ രൂപം കണ്ടവരൊന്നും മറക്കില്ല .

ഫെഫ്കയൊക്കെ വരുന്നതിന് മുമ്പാണ് , കാക്കാശ് പ്രതിഫലം കിട്ടാതെ വീട്ടിലേക്ക് പോകുന്ന അസിസ്റ്റന്റ് ഡയറക്ടർമാർക്ക് അദ്ദേഹം പലപ്പോഴും താൽക്കാലിക ആശ്വാസം പകർന്നിരുന്നു . ഏത് തിരക്കിനിടയിലും ചെന്നൈ റയിൽവേ സ്റ്റേഷനിലെത്തി പ്രിയപ്പെട്ടവരേ സ്വീകരിക്കാനും മടക്കയാത്രയ്ക്ക് ടിക്കറ്റ് എടുത്തുകൊടുക്കാനും കാർത്തിക് അണ്ണൻ പുഞ്ചിരിയോടെ ധൃതിപ്പെട്ടു .

ഫിലിമിൽ നിന്ന് സിനിമ ഡിജിറ്റൽ ഫോമിലേക്ക് മാറിയതോടെ , ലാൽ മീഡിയ പോലുള്ള സ്റ്റുഡിയോകളുടെ കൊച്ചി പ്രവേശനത്തോടെ , തമിഴകത്തിന്റെ ബാന്ധവം ചുരുക്കി മലയാള സിനിമ എറണാകുളത്ത് കേന്ദ്രീകൃതമായതോടെ ചെന്നൈ ലെയ്സൺ ഓഫീസർമാരുടെ പ്രസക്തി പതിയെ കുറഞ്ഞു തുടങ്ങി .

പക്ഷെ കാർത്തിക് ചെന്നൈ പച്ചകുത്തിയ സ്നേഹപ്പകർച്ചകളൊന്നും മലയാള ചലച്ചിത്ര പ്രവർത്തകർ മറന്നില്ല .

മലയാള സിനിമയുടെ ചെന്നൈ വിലാസമായി തന്നെ കാർത്തി അണ്ണൻ അനസ്യൂതം തുടർന്നു .

മോഹൻലാൽ , ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബന്റെ ചെന്നൈ ഷെഡ്യുളിനാവശ്യമായ ലൊക്കേഷൻ പെർമിഷൻ വാങ്ങുന്ന വർക്ക് കഴിഞ്ഞ് ഹോട്ടൽ മുറിയിലേക്ക് പോയതായിരുന്നു , ഇന്നലെ രാത്രി . രാവിലെ കേൾക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ദുഃഖകരമായ വാർത്ത .

ആള് പൊയീന്ന് .

സംസ്കാരം നാളെ രാവിലെ 11 മണിയ്ക്ക് ചെന്നൈയിൽ വെച്ച് .

ഒരാളെക്കുറിച്ച് ആലോചിച്ചെടുക്കുമ്പോൾ വ്യക്തിനിഷ്ഠമായ ഓർമ്മകൾക്കപ്പുറം എളിയ തോതിലെങ്കിലും അയാളുടെ കർമ്മമണ്ഡല ചരിത്രം കൂടി അനാവൃതമാകുന്നു എന്നത് തന്നെയാണ് ലെയ്സൺ ഓഫീസർ കാർത്തിക് ചെന്നൈയുടെ പ്രസക്തി .

പ്രണാമം .

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT