Memoir

എം.ജി.എസ്. നാരായണന്‍: കേരള ചരിത്രത്തിലെ സാംസ്‌കാരിക സമന്വയം

കോഴിക്കോട് നടന്ന ഇന്ത്യന്‍ ഓഷ്യന്‍ കോണ്‍ഫറന്‍സില്‍ മലബാറില്‍ നിന്ന് സൗത്ത് പസഫിസിലേക്ക് മൈഗ്രേറ്റ് ചെയ്തവരെക്കുറിച്ചുള്ള എന്റെ പോസ്റ്റ് ഡോക്ടറല്‍ പഠനത്തിന്റെ വിശദാംശങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ആ സെഷന്‍ ചെയര്‍ ചെയ്തിരുന്നത് പ്രൊഫസര്‍ എം ജി എസ് നാരായണന്‍ ആയിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഇക്ബാല്‍ ഹസ്‌നൈന്‍ മുന്‍കയ്യെടുത്ത് നടത്തിയ സെമിനാറില്‍ എം ജി എസ് എത്തിയത് ആ സെഷന്‍ ചെയര്‍ ചെയ്യാന്‍ വേണ്ടി മാത്രമായിരുന്നു. മൂറിങ്സ് ഓഫ് മലബാര്‍ ഇന്‍ സൗത്ത് പസഫിക് എന്ന വിഷയം അവതരിപ്പിച്ചു കഴിഞ്ഞ സമയത്ത് എന്റെ കണ്ടെത്തലുകള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ടെന്ന മുഖവുരയോടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയില്‍ ചെയ്ത ആ പഠനം മലയാളി സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ വേദിയായിരുന്നു അത്.

ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിത തൊഴിലിന് കൊണ്ടുപോയവരുടെ കഥകള്‍, 1879നും 1916നും ഇടയില്‍ ഫിജിയിലേക്ക് കപ്പല് കയറ്റിയ നിര്‍ബന്ധിത കരാര്‍ തൊഴിലാളികളുടെ തലമുറയില്‍ നടത്തിയ പഠനമായിരുന്നു അത്. സൗത്ത് ഇന്ത്യയില്‍നിന്ന് പ്രത്യേകിച്ചും മലബാറില്‍ നിന്നും പോയവരുടെ തലമുറയെയാണ് പഠനത്തിനായി നേരില്‍ കണ്ടത്. സൗത്ത് ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ ഫിജിയില്‍ എത്തിയിട്ടുണ്ട്. മലബാറിന് പുറമെ നോര്‍ത്ത് ആര്‍ക്കോട്ട്, മദ്രാസ്, കൃഷ്ണ, ഗോദാവരി, വിശാഖപട്ടണം, തഞ്ചാവൂര്‍, കോയമ്പത്തൂര്‍ എന്നീ ജില്ലകളില്‍ നിന്ന് പോയവരാണ് അവിടെ യുള്ളത്. അവര്‍ക്കിടയിലെ ഇന്റര്‍ കള്‍ച്ചറല്‍ റിലേഷന്‍ ആണ് പ്രധാനമായും പഠന വിധേയമാക്കിയിരുന്നത്. ഇവരും നോര്‍ത്ത് ഇന്ത്യക്കാരും തമ്മില്‍ നല്ല ബന്ധമാണുള്ളത്. പ്രത്യേകിച്ചും ഫിജി ഹിന്ദി എന്ന ഭാഷ ഇവര്‍ക്കിടയില്‍ വലിയ പാലമിട്ടിട്ടുണ്ട്. സൗത്ത് ഇന്ത്യക്കാര്‍ അവരുടെ പ്രാദേശിക ഭാഷയും കൂടെ കൊണ്ടുനടക്കുന്നു. തമിഴും മലയാളവും ഇതില്‍ പ്രധാനം തന്നെയാണ്. എന്നാല്‍ പുതിയ തലമുറയിലുള്ളവര്‍ക്ക് വളരെ ചെറിയ കാര്യങ്ങള്‍ മാത്രമേ മാതൃഭാഷയില്‍ പറയാന്‍ സാധിക്കുകയുള്ളൂ. പലരും പഴയ വീട്ടുപേരുകളും, കുട്ടി, കോയ എന്നീ പൂര്‍വികരുടെ പേരുകളും ഇപ്പോഴും സ്വീകരിച്ചു പോരുന്നു.

എങ്ങിനെയാണ് അവര്‍ വ്യത്യസ്ത സമൂഹവുമായി ചേര്‍ന്ന് നിന്നത് എന്ന അന്വേഷണമായിരുന്നു പേപ്പര്‍. എന്റെ പ്രസന്റേഷന് ശേഷം ഇത്തരത്തിലുള്ള പ്രത്യേക പഠനത്തെ പ്രൊഫസര്‍ എം ജി എസ് പ്രശംസിച്ചു. എനിക്ക് അത് വലിയ ഊര്‍ജ്ജമായിരുന്നു. അവിടേക്ക് തലമുറകള്‍ക്ക് മുമ്പ് നിര്‍ബന്ധിത കുടിയേറ്റത്തിന് വിധേയരായവരുടെ പുതുതലമുറയെ കുറിച്ചും അവരുടെ സാംസ്‌കാരിക ബന്ധങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. മലയാള ഭാഷയുടെയും നമ്മുടെ നാടിന്റെ ചരിത്രത്തെയും കുറിച്ച് പുതു പഠനങ്ങള്‍ക്ക് അദ്ദേഹം പിന്തുണ നല്‍കി. മലയാളം മലബാര്‍ എന്നതിനപ്പുറം കേരളം എന്ന പേര് അവിടെ ആളുകള്‍ ഉപയോഗിക്കുന്നില്ല എന്ന് സൂചിപ്പിച്ചപ്പോള്‍ അതിനു സാധ്യതയുണ്ട് എന്ന് പറഞ്ഞു പ്രോത്സാഹിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ആ കോണ്‍ഫറന്‍സിലെ പുതുമയുള്ള ഒരു സെഷന്‍ ആയിരുന്നു അത്. എന്റെ പേപ്പര്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ നടന്ന സെഷനില്‍ അവതരിപ്പിക്കപ്പെട്ടത്.

പൊന്നാനിയെ കുറിച്ചു ഒരു ഡോക്യുമെന്ററി ചിത്രീകരിച്ചപ്പോള്‍ അദ്ദേഹം അതിന്റെ ഭാഗമായിരുന്നു. കോഴിക്കോട് രണ്ടാം ഇബ്ന്‍ ബത്തൂത്ത അന്താരാഷ്ട്ര സമ്മേളനം നടന്നപ്പോഴും അദ്ദേഹം വളരെയധികം ആവേശത്തോടെ അതിന്റെ പ്രവത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. അക്കാലത്തു അദ്ദേഹത്തിന് നടക്കാന്‍ പ്രയാസമുണ്ടായിരുന്നിട്ടും, വീല്‍ ചെയറില്‍ ഭാര്യയെയും കൂട്ടി വന്നു. അവിടെ കൂടിയിരുന്ന ഇന്റര്‍നാഷണല്‍ ഡെലിഗേറ്റ്‌സിനോടെല്ലാം വളരെ പേഴ്സണലായി ഇടപഴകി. അദ്ദേഹത്തിന്റെ അക്കാദമിക മികവും സമര്‍പ്പണവും അവര്‍ക്കു ഏറെ ഇഷ്ടപ്പെട്ടു. ഉദ്ഘാടകന്‍ മോറോക്കന്‍ അബാസഡര്‍, അമേരിക്കയില്‍ നിന്നുള്ള കീ നോട്ട് സ്പീക്കര്‍ പ്രൊഫ. റോസ് ഡണ്‍ എന്നിവരുമായി അദ്ദേഹം ഒരുപാട് സംസാരിച്ചിരുന്നു. കോഴിക്കോടിന്റെ ചരിത്രം സാംസ്‌കാരിക മഹിമ, സൗഹൃദം എന്നിവ അദ്ദേഹം വിശദീകരിച്ചു. കോഴിക്കോടിന്റെ ചരിത്രം സംരക്ഷിക്കുന്നതില്‍ അദ്ദേഹത്തിന് കീഴില്‍ വലിയ പ്രയത്‌നങ്ങള്‍ നടന്നിട്ടുണ്ട്. ഇനിയും ആഴത്തിലുള്ള പഠനങ്ങള്‍ ആവശ്യമാണ് എന്ന നിലപാടുള്ള വ്യ്കതിയായിരുന്നു അദ്ദേഹം. Calicut: The City of Truth Revisited എന്ന അദ്ദേഹത്തിന്റെ പുസ്തകം ഈ മേഖലയില്‍ ഒരു വലിയ സംഭാവനയാണ്.

അന്നത്തെ കോണ്‍ഫറന്‍സില്‍ ലണ്ടനില്‍നിന്നുള്ള പ്രൊഫ. ഷോകോഹി അവതരിപ്പിച്ച കോഴിക്കോടിനെ കുറിച്ചുള്ള പ്രബന്ധം അദ്ദേത്തിനു ഏറെ ഇഷ്ടപ്പെട്ടിരുന്നു. Muslim Architecture of South India എഴുതിയ പ്രൊഫ. ഷോകോഹിയുടെ മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷമുള്ള കോഴിക്കോട് യാത്രയായിരുന്നു അത്. അദ്ദേഹത്തോട് എം ജി എസ് സംസാരിച്ചപ്പോള്‍ ഷോകോഹിയുടെ പുസ്തകം എങ്ങിനെയാണ് ഇവിടെ ഉപയോഗിച്ചത് എന്നകാര്യവും

ചര്‍ച്ച ചെയ്തിരുന്നു. പ്രത്യേകിച്ചും കുറ്റിച്ചിറയില്‍ നിന്ന് അദ്ദേഹം പകര്‍ത്തിയ പഴക്കം ചെന്ന ആര്‍ക്കിറ്റെക്ചറുകള്‍. പുതിയ കോഴിക്കോട് ഒന്നുകൂടി കാണണമെന്ന് അദ്ദേഹം പറയുകയുമുണ്ടായി. പിന്നീട് എല്ലാ കോണ്‍ഫറന്‍സ് ഡെലിഗേറ്റസിനെയും കൂട്ടി ഒരു ദിവസം ഞങ്ങള്‍ കോഴിക്കോട് കാണാന്‍ പോയി. അതില്‍ മുപ്പത് വര്‍ഷത്തിന് ശേഷം നഗരത്തിന് വന്ന മാറ്റങ്ങള്‍ ഷോകോഹി വിശദീകരിച്ചു. മാറ്റമില്ലാതെ നിന്ന സംസ്‌കാരങ്ങളെയും വാസ്തു രീതികളെയും അദ്ദേഹം പ്രശംസിച്ചു. ആ യാത്രയില്‍ ചാലിയത്തെ പഴയ കോട്ടയുടെ ഭാഗങ്ങളും അതിന് അടുത്തുതന്നെ ഉണ്ടായിരുന്ന സാമൂതിരിയുടെ വീടും അദ്ദേഹം മാപ്പുകള്‍ കാണിച്ചു ആ പ്രദേശത്തുനിന്ന് വിശദീകരിച്ചു.

കേരളത്തിന്റെ സാംസ്‌കാരിക സഹിഷ്ണുതയ്ക്ക് എം ജി എസ് നല്‍കിയ Cultural Symbiosis in Kerala എന്ന അദ്ദേഹത്തിന്റെ രചന ഏറെ പ്രശസ്തമാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും തുറന്നു പറഞ്ഞിരുന്നു. കേരളത്തിലെ ക്രിസ്തു-മുസ്ലിം മതങ്ങളുടെ ആഗമന ചരിത്രത്തില്‍ അദ്ദേഹത്തിന് വ്യത്യസ്ത വീക്ഷണമുണ്ടായിരുന്നു. സാംസ്‌കാരിക സഹവര്‍ത്തിത്വത്തിന്റെ വക്താവ്. ബിജെപിയുടെ ഭരണകാലത്ത് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ തലപ്പത്തിരുന്നു എന്ന ഒരു വലിയ കളങ്കം അദ്ദേഹം മറികടന്നത് അവരോടു തന്നെ കലഹിച്ചു കൊണ്ടാണ്. അവിടെ ചരിത്രത്തിനു ശ്വാസം മുട്ടുന്നുണ്ടെന്നു ദശാബ്ദങ്ങള്‍ക്കു മുമ്പേ അദ്ദേഹം ഉറക്കെ പറഞ്ഞിരുന്നു.

കോഴിക്കോട് സര്‍വകലാശാലയിലെ ചരിത്രവകുപ്പിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ചരിത്രമാണ്. ചരിത്ര വകുപ്പുകളെ കുറിച്ച് ചരിത്രം വ്യവഹാരം എന്ന പുസ്തകത്തില്‍ എം ജി എസ് എഴുതി, 'തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ പേരില്‍ മാറ്റം വരുത്തി കേരള സര്‍വകലാശാലയാക്കിയിട്ടും വളരെ കൊല്ലങ്ങളോളം -1970 വരെ- ചരിത്രം എന്ന വിഷയത്തിന് അയിത്തം കല്‍പിച്ചിരുന്നു.' ചരിത്ര പഠനത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ച് പ്രൊഫസ്സര്‍ എം.ജി.എസിന്റെ വാക്കുകളാണിത്. (ചരിത്രം വ്യവഹാരം കേരളവും ഭാരതവും. കറന്റ് ബുക്‌സ്, 2015). പഠന കേന്ദ്രങ്ങളുടെ പരിമിതികള്‍ നന്നായി അറിഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ പുതിയ പഠനങ്ങളേയും ചിന്താരീതികളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. മലയാളത്തിന്റെയും കേരളത്തിന്റെയും ചരിത്രത്തെക്കുറിച്ചുള്ള നിഗമനങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ അതിനു പ്രോത്സാഹനം നല്‍കിയത് അദ്ദേഹത്തിന് നമ്മുടെ ചരിത്ര പാരമ്പര്യത്തിന്റെ പരിമിതികള്‍ നന്നായി അറിയുന്നതു കൊണ്ടു തന്നെയാണ്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT