Opinion

ശബരിമലയാണോ നമ്മുടെ ജീവന്‍മരണ പ്രശ്‌നം, ഫലമറിയാന്‍ ഞാന്‍ കാത്തിരിക്കുന്നു

K R Meera

ശബരിമലയിലെ സ്ത്രീപ്രവേശനമാണോ ഈ തിരഞ്ഞെടുപ്പിന്റെ ഫലത്തെ നിര്‍ണയിക്കുന്നത് എന്നു ചോദിച്ചാല്‍ കൃത്യമായ ഒരു മറുപടി എനിക്കില്ല. അങ്ങനെ ഒരു തീരുമാനത്തിലെത്തും മുമ്പ് കേരളത്തില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്യുകയും വോട്ടര്‍മാരോടു സംസാരിക്കുകയും വേണം.അതിന് എനിക്ക് ഇത്തവണ അവസരം ലഭിച്ചില്ല. മാധ്യമങ്ങളിലൂടെ കിട്ടിയ വാര്‍ത്തകളും വിവരങ്ങളും മാത്രമാണ് എന്റെ സ്രോതസ്സ്.

ശബരിമലയാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ണായകമായ പ്രശ്‌നമെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.തിരഞ്ഞെടുപ്പില്‍ ശബരിമല വലിയൊരു പ്രശ്‌നമായിരിക്കും എന്ന് തുടക്കം മുതല്‍ പറയുന്നതും അത് ജനങ്ങള്‍ മറന്നു പോയാലോ എന്നു പേടിച്ച് ഓരോ ദിവസവും അതു കൂടുതല്‍ കൂടുതല്‍ ചര്‍ച്ച ചെയ്തിരുന്നതും നമ്മുടെ മാധ്യമങ്ങളാണ്.

സ്ത്രീ പ്രവേശനത്തില്‍ ശബരിമലയിലെ പ്രതിഷേധം 

ശബരിമല ഒരു സുവര്‍ണാവസരമാണ് എന്ന് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതോടെ ഇതു വിശ്വാസത്തിന്റെ പ്രശ്‌നമല്ല,അധികാരത്തിന്റെ മാത്രം പ്രശ്‌നമാണ് എന്നു തെളിഞ്ഞിരുന്നു. അതേ അധ്യക്ഷന്‍ ശബരിമല ഈ തിരഞ്ഞെടുപ്പില്‍ വിഷയമല്ല എന്നുംപറഞ്ഞു. പക്ഷേ,അങ്ങനെയല്ല,ശബരിമലയാണ് ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്ന് ഓരോ നിമിഷവും വിളിച്ചുകൂവിക്കൊണ്ടിരുന്നതു മാധ്യമങ്ങളാണ്.

മധ്യവര്‍ഗ്ഗക്കാരായ ഒരു വിഭാഗം മാധ്യമങ്ങളെ മുഖവിലയ്‌ക്കെടുത്തിട്ടുണ്ടാകാം.മേല്‍ജാതിക്കാരായ നായകന്‍മാര്‍ഉല്‍സവം നടത്താന്‍ വേണ്ടി ചോര ചിന്തുന്ന സൂപ്പര്‍ സ്റ്റാര്‍ സിനിമകള്‍ കണ്ടു വളര്‍ന്ന ഒരു വിഭാഗം ജനങ്ങള്‍ക്കു ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളെക്കാള്‍ വലുത് ആചാരങ്ങളും ജാതിബോധവുമാണ് എന്ന് തോന്നിയാല്‍ അവരെ തിരുത്തുന്നതിനു പകരം,പ്രതിലോമ ശക്തികളുടെ വാദഗതികള്‍ക്കു ശക്തി പകരുകയാണ് മാധ്യമങ്ങള്‍ ചെയ്തതും ചെയ്യുന്നതും.വര്‍ഗീയതയ്ക്കു വളം വച്ചു കൊടുക്കുന്നതു തീകൊണ്ടു കളിക്കുകയാണ് എന്ന് ആദ്യം മനസ്സിലാക്കേണ്ടതും ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതും മാധ്യമങ്ങളായിരുന്നു.കേരളത്തിലെ പത്രമാധ്യമസ്ഥാപനങ്ങളില്‍ വിവേകമുള്ള എഡിറ്റര്‍മാര്‍ ഇല്ലാതെ പോയതാണ് ശബരിമല വിവാദത്തിനു കാരണം എന്ന് അരുന്ധതി റോയി അഭിപ്രായപ്പെട്ടത് ഓര്‍ക്കുക.

അരുന്ധതി റോയ്‌ 

ഏതായാലും,ആധികാരിക ഗ്രന്ഥങ്ങള്‍ വച്ച് ഇനിയും സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ലാത്ത ശബരിമലയിലെ നൈഷ്ഠികബ്രഹ്മചര്യവും കേവലം അറുപതോ എഴുപതോ വര്‍ഷം മാത്രം പഴക്കമുള്ള ഒരു ആചാരവുമാണോ കേരളജനതയെ പെട്രോളിന്റെ വിലയെക്കാള്‍,തൊഴിലില്ലായ്മയെക്കാള്‍,ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കാള്‍,അഴിമതിയെക്കാള്‍,പരിസ്ഥിതിനാശത്തെക്കാള്‍,വര്‍ഗീയതയെക്കാള്‍ ഒക്കെ വേവലാതിപ്പെടുത്തുന്നത് എന്ന് അറിയാന്‍ ജിജ്ഞാസയോടെ കാത്തിരിക്കുകയാണു ഞാന്‍.ശബരിമല വിധിയാണു മലയാളിയുടെ ജനാധിപത്യബോധത്തെ നിയന്ത്രിക്കുന്നത് എന്ന് ഈ വോട്ടെടുപ്പിലൂടെ തെളിയുമെങ്കില്‍ നല്ലത്. അത് ഉറപ്പു വരുത്തേണ്ടത് നമ്മുടെ ഭാവിതലമുറകള്‍ക്കു വളരെ പ്രധാനമാണ്.

ശബരിമല വിഷയത്തില്‍എന്റെ മതവികാരത്തെ വ്രണപ്പെടുത്തിയതു യുഡിഎഫും എന്‍ഡിഎയുമാണ്. ഹിന്ദു എന്ന നിലയില്‍ എന്റെ കാഴ്ചപ്പാടിലുള്ള ശാസ്താവ് അദ്വൈതത്തിന്റെയും ജാതിമതവര്‍ഗ വര്‍ണ ബോധത്തിന് അതീതമായ ആത്മീയതയുടെയും ബിംബമാണ്. ആ ശാസ്തൃ സങ്കല്‍പ്പമാണ് ഈ വിവാദങ്ങളിലൂടെ തകര്‍ക്കപ്പെടുന്നത്. എങ്ങനെയാണ് ശബരിമല തിരഞ്ഞെടുപ്പു വിഷയമാകുന്നത്?ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതു വഴി ഹിന്ദുക്കള്‍ അപകടത്തിലാണ് എന്ന ഭീതി പരത്തുന്നതു വഴിയാണ്. ഭയമില്ലെങ്കില്‍ മതമൗലിക വാദമില്ല. മതമൗലികവാദം ഒരിക്കല്‍ ആരംഭിച്ചാല്‍ പിന്നെ വീര്യംകൂട്ടുകയല്ലാതെ കുറയ്ക്കാന്‍ സാധ്യവുമല്ല.

രാജ്യം കര്‍ഷക ആത്മഹത്യകളും സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും നേരിട്ടു കൊണ്ടിരിക്കെയാണ് അധികാരം കയ്യാളുന്നബി.ജെ.പി. ശബരിമലയില്‍ യുവതികള്‍ കയറുന്നതു മാത്രമാണ് രാജ്യത്തെ പ്രശ്‌നം എന്നു വരുത്തിത്തീര്‍ക്കുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനം ഒരു സാമൂഹികപ്രശ്‌നമല്ലാതിരുന്നകാലത്ത് അതിനു വേണ്ടി വാദിച്ചതും ലേഖനമെഴുതിയതും ആര്‍.എസ്.എസ്, ബി.ജെ.പി. നേതാക്കളാണ്. സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയില്‍ കേസു കൊടുത്തത് ബി.ജെ.പി.യുമായും ആര്‍.എസ്.എസുമായും അടുപ്പമുള്ള അഭിഭാഷകരാണ്. വിധി വന്നപ്പോള്‍ ബി.ജെ.പി. അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ അതിനെ സ്വാഗതം ചെയ്തു. പിന്നെ പെട്ടെന്നൊരു നിമിഷം മുതല്‍ മുന്‍ നിലപാടുകളില്‍ മലക്കം മറിഞ്ഞു.അതിന് കേരളത്തിലെ യു.ഡി.എഫ്. ഒത്താശ പാടുകയും ചെയ്തു. ഇതൊക്കെയാണ് ജനം ആഗ്രഹിക്കുന്ന രാഷ്ട്രീയ തന്ത്രജ്ഞതയും നേതൃപാടവവുമെങ്കില്‍, അങ്ങനെ കബളിപ്പിക്കപ്പെടാന്‍ ജനം അറിഞ്ഞു കൊണ്ടു തയ്യാറാണെങ്കില്‍പിന്നെ ഇലക്ഷന്‍ എന്തിന്? അതുകൊണ്ട്,ഈ തിരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ചിടത്തോളം ജനാധിപത്യവും അതിന്റെ ഏറ്റവും വലിയ ശത്രുവായ സത്യസന്ധതയില്ലായ്മയും തമ്മിലുള്ളതായിരുന്നു. ഈ സത്യസന്ധതയില്ലായ്മയെ ഭയക്കാതെ, ശബരിമല വിഷയത്തില്‍,ആചാരസംരക്ഷണം,നൈഷ്ഠിക ബ്രഹ്മചര്യം എന്നൊക്കെ പറയുന്നത് തല്‍പ്പര കക്ഷികള്‍ കെട്ടിച്ചമച്ച കഥകള്‍ മാത്രമാണ് എന്ന് ആധികാരികമായി സ്ഥാപിച്ചു കൊണ്ട് ധൈര്യത്തോടെ വോട്ടു ചോദിക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടിയിരുന്നത്. ജനങ്ങളോടു സത്യം പറയാന്‍,പറഞ്ഞു കൊണ്ടേയിരിക്കാന്‍ എന്തിനു പേടിക്കണം?എത്ര കാലം ഇങ്ങനെ ഭാവിയില്‍നിന്നുപേടിച്ചോടും?

അതു കൊണ്ട്, പുരോഗമനാശയങ്ങളുടെ രാഷ്ട്രീയം തിരിച്ചു പിടിക്കുന്ന തിരഞ്ഞെടുപ്പു ഫലം ഞാന്‍ സ്വപ്നം കാണുന്നു. അതു സാധ്യമായാല്‍ പിന്നെ ശബരിമല എന്നെങ്കിലും തിരഞ്ഞെടുപ്പു വിഷയമായാല്‍ അതു സ്ത്രീകളുടെ പ്രവേശനത്തെപ്രതിയാകുകയില്ല, മറിച്ച് അതിലോലമായ അതിന്റെ പരിസ്ഥിതി സംബന്ധിച്ചായിരിക്കും.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT