Interview

ചരിത്രം മറച്ചുവെച്ച് പച്ചനുണ പറയാന്‍ കോണ്‍ഗ്രസിനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല

ജനുവരി പത്ത് തിങ്കളാഴ്ചയാണ് ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി ഉള്‍പ്പെടെ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ ആക്രമണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്ന സാഹചര്യത്തില്‍ എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു ദ ക്യുവിനോട് പ്രതികരിക്കുന്നു.

ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ അക്രമ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നത് ഇടതുപക്ഷമാണെന്നും ആദ്യം കൊലക്കത്തി താഴെയിടേണ്ടത് ഇടതുപാര്‍ട്ടികള്‍ ആണെന്നുമാണ് കോണ്‍ഗ്രസ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. ഇതിനോട് എന്താണ് പ്രതികരണം.

'എന്റെ കുട്ടികള്‍ രണ്ടും കല്‍പ്പിച്ചാണ്' എന്നാണ് കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉപയോഗിച്ച വാക്ക്. രണ്ടും കല്‍പ്പിച്ച് എന്നൊക്കെ എന്തിനാണ് മലയാളത്തില്‍ ആളുകള്‍ പൊതുവെ പ്രയോഗിക്കുക എന്ന് നമുക്ക് അറിയാം. അതായത് ആളുകളെ കൊലപ്പെടുത്താനും അക്രമത്തിലൂടെ അവര്‍ക്ക് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥി പിന്തുണ ഭയപ്പെടുത്തി തിരിച്ചു പിടിക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഒരു കൊലപാതകം നടത്തിയതിന് ശേഷം, ആ കൊലപാതകത്തില്‍ പങ്കെടുത്ത, കെ.എസ്.യുവിന്റെ ഭാഗമായി നില്‍ക്കുന്ന ആളുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ തയ്യാറാകാതെ അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. ഇങ്ങനെ ന്യായീകരിക്കുന്നതും മറ്റു വ്യാഖ്യാനങ്ങള്‍ നടത്തുന്നതും കൊലപാതകത്തെക്കാള്‍ നിഷ്ഠൂരവും ഹീനവുമായ കാര്യമാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ മൂന്ന് എസ്.എഫ്.ഐ സഖാക്കളുള്‍പ്പെടെ 21 ഇടതുപക്ഷ പ്രവര്‍ത്തകരാണ് കൊല ചെയ്യപ്പെട്ടത്. ഇത്രയും ആളുകള്‍ കൊലചെയ്യപ്പെട്ടിട്ടും തിരിച്ച് ഒരു അക്രമം പോലും ഇടതുപക്ഷ പാര്‍ട്ടികളുടെ ഭാഗത്ത് നിന്നോ സംഘടനകളുടെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല.

കേരളത്തില്‍ ഒരു പൊതുബോധം നേരത്തെ ഉണ്ടാക്കിവെച്ചിട്ടുണ്ട്. അതില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്. എസ്.എഫ്.ഐക്കാര്‍ അക്രമികളാണ് എന്ന് എല്ലാ കാലത്തും പ്രചരിപ്പിക്കുന്നതാണ്. അതിനെ സാധൂകരിക്കുന്ന ഒരു ഡേറ്റയുടെയും പിന്‍ബലം ഇല്ലാതെ ഇടതുപക്ഷം അക്രമികളാണ് എന്ന് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. കഠാര രാഷ്ട്രീയം അടിയന്തരമായി കെ.എസ്.യുവും കോണ്‍ഗ്രസും അവസാനിപ്പിച്ചില്ലെങ്കില്‍ അത് വലിയ പ്രശ്‌നം കേരളത്തില്‍ ഉണ്ടാക്കും.

ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ്, പൈനാവ്

കെ.എസ്.യുക്കാര്‍ ഇത്തരത്തില്‍ ഒരു കൊലപാതകം ചെയ്ത ചരിത്രമില്ല എന്നാണ് കെ. സുധാകരന്‍ പറഞ്ഞത് ഇതിനോടുള്ള മറുപടിയെന്താണ്?

കെ. സുധാകരന്‍ ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ് 1973ല്‍ കോളേജിലെ എസ്.എഫ്.ഐ യൂണിയന്റെ ജനറല്‍ ക്യാപ്റ്റനായിരുന്ന അഷ്‌റഫ് കൊലചെയ്യപ്പെട്ടത്. അന്ന് ചെയര്‍മാനായിരുന്ന എ.കെ. ബാലനെ ലക്ഷ്യം വെച്ചു വന്ന കത്തിയാണ് അഷ്‌റഫിന്റെ ജീവന്‍ എടുത്തത്. കണ്ണൂരില്‍ തന്നെ ഒരു കോളേജില്‍ കെ.എസ്.യുവിന്റെ തന്നെ മാഗസിന്‍ എഡിറ്ററായിരുന്ന പുതിയ വീട്ടില്‍ ബഷീര്‍ എന്ന് പറയുന്ന വിദ്യാര്‍ത്ഥിയെ, മാഗസിന്റെ ഫണ്ട് തിരിമറി നടത്താന്‍ സമ്മതിക്കാതിരുന്ന കാരണത്താല്‍ വിറകുകൊള്ളി കൊണ്ട് അടിച്ചു കൊന്ന ചരിത്രമാണുള്ളത്. കേരളത്തില്‍ ധീരജ് ഉള്‍പ്പെടെ എസ്.എഫ്.ഐയുടെ 12 പേര്‍ കെ.എസ്.യു പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടു. അതല്ലാതെ അവരുടെ കൂട്ടത്തിലുള്ളവരെ പോലും കൊലപ്പെടുത്തിയതാണ് അവരുടെ ചരിത്രം. ആ ചരിത്രം മറച്ചു വെച്ചുകൊണ്ട് പച്ചനുണ പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല.

എസ്.എഫ്.ഐക്കാരുടെ കൈകൊണ്ട് ഒരാള്‍ പോലും കൊല്ലപ്പെട്ടിട്ടില്ല എന്നത് തന്നെയാണ് ഞങ്ങളുടെ ആത്മവിശ്വാസം. ഞങ്ങള്‍ക്കറിയാം ഒരു കുടുംബത്തിന്റെ പ്രയാസം എന്താണെന്ന്. ഓരോ രക്തസാക്ഷി കുടുംബത്തിലും എല്ലാ വര്‍ഷവും ഒരിക്കലെങ്കിലും സന്ദര്‍ശിക്കുന്നവരാണ് സംസ്ഥാന അഖിലേന്ത്യാ നേതാക്കളൊക്കെ. ജില്ലാ നേതൃത്വം നിരന്തരം ആ കുടുംബങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. ആ കുടുംബത്തിന്റെ പ്രയാസവും അവരുടെ അമ്മമാരുടെ കണ്ണുനീരും കണ്ടിട്ടുള്ളവരാണ് ഞങ്ങള്‍. അതുകൊണ്ട് തന്നെ ഞങ്ങള്‍ ഒരാളുടെയും ജീവന്‍ എടുക്കില്ല.

ധീരജ് രാജേന്ദ്രന്‍

തുടര്‍ച്ചയായി സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ കോണ്‍ഗ്രസിന് പുറമെ സമൂഹത്തിലെ വിവിധ മേഖലയിലുള്ളവര്‍ പോലും സെലക്ടീവ് ആയ മൗനം പാലിക്കുകയാണ് എന്ന് തോന്നുന്നുണ്ടോ?

കേരളത്തില്‍ മാത്രം എസ്.എഫ്.ഐക്ക് 35 സഖാക്കള്‍ രക്തസാക്ഷികളായിട്ടുണ്ട്. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് 589 സഖാക്കളുടെ ജീവന്‍ നഷ്ടമായിട്ടുണ്ട്. അതില്‍ വലിയൊരു വിഭാഗവും കോണ്‍ഗ്രസുകാര്‍ നടത്തിയിട്ടുള്ളതാണ്. ഇതില്‍ ഓരോ കൊലപാതകവും അപലപിക്കേണ്ടതാണ്. ഒരു കൊലപാതകവും നടക്കാന്‍ പാടുള്ളതല്ല. അത് ഏത് സംഘടന നടത്തിയാലും തെറ്റാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കൊലപാതകം ടി.പി. ചന്ദ്രശേഖരന്‍ വധവും പെരിയ ഇരട്ട കൊലപാതകവുമാണ്. അതിനപ്പുറത്തേക്ക്, ഹക്ക് മുഹമ്മദിന്റെയും മിഥിലജിന്റെയുമടക്കമുള്ള ഇരട്ട കൊലപാതകങ്ങള്‍ നടന്നപ്പോഴും മാധ്യമങ്ങളടക്കമുള്ളവര്‍ വളരെ സെലക്ടീവായാണ് പ്രതികരിച്ചത്.

വി.പി സാനു

എപ്പോഴെല്ലാം ഇടതുപക്ഷം ഇരയാക്കപ്പെടുന്നുവോ അന്ന് അതുമായി ബന്ധപ്പെട്ട കാര്യമായ ചര്‍ച്ചകള്‍ പോലും ഉണ്ടാകാറില്ല. മറിച്ച് ഇടതുപക്ഷത്തെ ആളുകളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവര്‍ കൊല്ലപ്പെട്ടാല്‍ അത് വലിയ രൂപത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. അത് ചര്‍ച്ച ചെയ്യേണ്ട എന്നല്ല. പക്ഷേ ഇടതുപക്ഷ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പോലും പ്രശ്‌നങ്ങളുണ്ട്. ധീരജ് കുത്തേറ്റ് മരിച്ചുവെന്നാണ് മാധ്യമങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത് തിരിച്ച് മറ്റൊരു പാര്‍ട്ടിയിലാണ് സംഭവിച്ചിരുന്നതെങ്കില്‍ കൊലചെയ്യപ്പെട്ടു എന്ന് തന്നെ പറയുമായിരുന്നു.

ധീരജിന്റെ കൊലപാതകത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസാണെന്ന് എസ്.എഫ്.ഐ ആരോപിച്ചുവെന്നാണ് വാര്‍ത്തകൊടുക്കുന്നത്. ഇത്തരത്തില്‍ വാര്‍ത്തകളിലൂടെയടക്കം കോണ്‍ഗ്രസിനെ വെള്ളപൂശാനുള്ള ശ്രമം നടക്കുന്നുണ്ട്. അപ്പോള്‍ ആക്രമണങ്ങള്‍ക്ക് മൗനാനുവാദം നല്‍കുക എന്നതിലുപരി, പ്രോത്സാഹനം നല്‍കലാണ് എന്ന് തന്നെ പറയണം. ഞങ്ങള്‍ അക്രമം നടത്തിയാലും കൊന്നാലും ഒന്നും ഒരു പ്രശ്‌നമാകില്ല. അത് ചര്‍ച്ചയാകില്ല എന്ന കോണ്‍ഫിഡന്‍സ് കൂടുതല്‍ അക്രമങ്ങളും കൊലപാതകങ്ങളും നടത്താനുള്ള പ്രോത്സാഹനത്തിനാണ് വഴിയൊരുക്കുക. എസ്.എഫ്.ഐ അക്രമികളാണ് എന്ന് പറഞ്ഞ് പറഞ്ഞ് ഉണ്ടാക്കിയെടുത്തതാണ്. ഒരു ഗീബല്‍സിയന്‍ തന്ത്രമാണ് അവര്‍ ചെയ്യുന്നത്.

ധീരജിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍

പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേത്. അതില്‍ ഇടതുപക്ഷത്തിന് ദുഃഖമല്ല, ആഹ്‌ളാദമാണ് എന്ന പ്രസ്താവനയടക്കം, തുടക്കം മുതല്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലാപാടിനോട് എന്താണ് പ്രതികരണം?

ഒരു കൊലപാതകം നടത്തിയിട്ട് ആ കൊലപാതകത്തെ തള്ളിപറയാതെ അപലപിക്കാതെ, കൊലപാതകം നടത്തിയ ആളുകളെ തള്ളിപ്പറയാനുള്ള മനസ് കാണിക്കാതെ എങ്ങനെ അതില്‍ നിന്ന് മാധ്യമശ്രദ്ധ തിരിക്കാന്‍ പറ്റുമെന്നാണ് തുടക്കം മുതല്‍ സുധാകരനടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും നീചമായ രൂപമാണ് ഇന്ന് കണ്ടിട്ടുള്ളത്. അതിനെക്കുറിച്ച് പറഞ്ഞിട്ടുള്ള ഓരോ കാര്യങ്ങളും ഏറ്റവും നീചമായ വാക്കുകള്‍ ഉപയോഗിച്ചുകൊണ്ടാണ് നടത്തിയിട്ടുള്ളത്. ഇത് മാത്രമല്ല, ഇതിന്റെ അപ്പുറത്തേക്ക് പലതും വരും. ഇനിയും ഇത്തരം പ്രചരണങ്ങള്‍ അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അരിയും തിന്ന് ആളെയും കടിച്ച് പിന്നെയും പട്ടിക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞത് പോലെയാണ്. ചെയ്യാനുള്ളതെല്ലാം ചെയ്തിട്ട് പിന്നെയും രക്തസാക്ഷിത്വത്തെയും സംഘടനയെയും അപമാനിക്കുകയും, ഈ വിഷയത്തില്‍ നിന്ന് മാറി നുണകള്‍ സത്യമാക്കി അവതരിപ്പിക്കുകയുമൊക്കെയാണ് ചെയ്യുന്നത്.

കോണ്‍ഗ്രസിനെതിരായി വിദ്യാര്‍ത്ഥികളുടെയും ജനങ്ങളുടെയും വികാരം ഉയര്‍ന്നുവരുന്നതിനെ തടഞ്ഞുനിര്‍ത്താന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി ഇതിനെക്കാള്‍ നീചമായിട്ടുള്ള വാക്കുകള്‍ സുധാകരന്റെ ഭാഗത്ത് നിന്നും ഉണ്ടാകും.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ള യുവനേതാക്കളുടെ പ്രതികരണവും ഇതിന്റെ തുടര്‍ച്ചയായി ആണോ കാണുന്നത്?

രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് മൂന്ന് സെന്റിമീറ്റര്‍ ആഴത്തില്‍ കത്തി കയറിയാല്‍ എങ്ങനെ മരിക്കും എന്നാണ്. ഹൃദയത്തിലേക്ക് മൂന്ന് സെന്റിമീറ്റര്‍ കയറിയാലാണോ, ആറ് സെന്റിമീറ്റര്‍ കയറിയാലാണോ അല്ലെങ്കില്‍ കരളിലേക്കോ ശ്വാസകോശത്തിലേക്കോ എത്ര സെന്റിമീറ്റര്‍ കയറിയാലാണോ ഒരാള്‍ കൊലചെയ്യപ്പെടുക/ മരിക്കുക എന്നത് എനിക്കറിയില്ല. എന്റെ സംഘടനയിലെ ഒരാള്‍ക്കും അറിയില്ല. ഞങ്ങള്‍ അതല്ല പഠിച്ചിട്ടുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഒക്കെ സംഘടന അതാവും പഠിപ്പിക്കുന്നത്. ഓരോ അവയവത്തിലേക്കും എത്ര സെന്റിമീറ്റര്‍ കഠാര ആഴ്ന്നിറങ്ങിയാല്‍ ഒരാള്‍ കൊല്ലപ്പെടും എന്നായിരിക്കും അദ്ദേഹത്തിന്റെ സംഘടന അദ്ദേഹത്തിന് നല്‍കിയിട്ടുള്ള പരിശീലനം. അത്തരം കാര്യങ്ങളാണല്ലോ അവര്‍ പുറത്ത് വന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്.

നേരത്തെ പറഞ്ഞതു പോലെ ഗ്രൂപ്പ് വൈരത്തിന്റെ പേരില്‍ ആളുകളെ കൊന്നിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കൂടെ നില്‍ക്കുന്ന ആളെ പോലും കൊല്ലുന്ന ചരിത്രം അവര്‍ക്കാണ്. അത് വെച്ചുകൊണ്ടാണ് ന്യായീകരണങ്ങള്‍ നടത്തുന്നത്.

ഇടുക്കിയിലെ കോളേജിലെ അക്രമ സംഭവത്തിന് പിന്നാലെ കേരളത്തിലെ മറ്റു ക്യാംപസുകളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദച്ചതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത്തരം പ്രവണതകള്‍ തടയേണ്ടതായിരുന്നില്ലേ? സംഘടന അതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നോ?

തീര്‍ച്ചയായും ആ സംഭവം വന്ന ഉടനെ തന്നെ അത്തരത്തിലുള്ള ഒരു അക്രമ സംഭവങ്ങളും ഉണ്ടാകാന്‍ പാടില്ല എന്ന് സംസ്ഥാന നേതൃത്വം തന്നെ ക്യാംപസുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് കടന്നും ചില അനിഷ്ട സംഭവങ്ങളുണ്ടായി. പക്ഷെ അത്തരത്തിലേക്കുള്ള ഒരു അക്രമസംഭവത്തിലേക്കും പോകരുതെന്ന് കര്‍ശനമായി തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT