പാലക്കാട് ആനക്കരയില്‍ മൊബൈല്‍ വാങ്ങിവെച്ചതിന് അധ്യാപകനെതിരെ അതിരുകടന്ന പ്രയോഗങ്ങള്‍ നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സോഷ്യല്‍ മീഡിയ വിചാരണ ചെയ്യുകയാണ്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുടെ ഭാഗത്ത് നിന്നുവന്ന പിഴവിനെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ ലിഞ്ചിംഗിന് വിട്ടുകൊടുക്കുകയാണോ അധ്യാപകര്‍ ചെയ്തത്? കുട്ടികളുടെ പിഴവുകളെ, തെറ്റുകളെ പരിഹരിക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ നിരവധിയുണ്ടെന്നിരിക്കെ, ഇത്തരത്തില്‍ ഒരു പെരുമാറ്റമായിരുന്നോ അധ്യാപകരില്‍ നിന്ന് ഉണ്ടാകേണ്ടിയിരുന്നത്? സ്‌കൂളില്‍ തന്നെ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് പരിഹരിക്കാമായിരുന്ന ഒരു പ്രശ്‌നത്തെ സോഷ്യല്‍ മീഡിയ വിചാരണയ്ക്ക് വിട്ടുകൊടുത്തതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് അഭിനേത്രിയും ലൈഫ് കോച്ചുമായ അശ്വതി ശ്രീകാന്ത് സംസാരിക്കുന്നു.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയാണ് വിഷയത്തിലെ പ്രധാന കഥാപാത്രം. വിദ്യാര്‍ത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രശ്നത്തിന്റെ ഗൗരവം അംഗീകരിക്കുമ്പോഴും വിദ്യാര്‍ത്ഥിയുടെ പ്രൈവസി കൂടി പ്രധാനമല്ലേ? വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുകൊണ്ട് ഒരു കൗമാരക്കാരനെ ഇത്തരത്തില്‍ വിചാരണ ചെയ്യുന്നത് അവനില്‍ ഉണ്ടാക്കുന്ന മാനസിക പ്രത്യാഘാതം ചെറുതായിരിക്കില്ലല്ലോ?
തീര്‍ച്ചയായും, ഞാന്‍ മനസിലാക്കുന്നത് സ്‌കൂളിലെ അധ്യാപകര്‍ക്കും കുട്ടിയുടെ പേരന്റ്‌സിനും പരസ്പരം സംസാരിച്ച് പരിഹരിക്കാവുന്ന ഒരു വിഷയമായിരുന്നു ഇത്. ആവശ്യമെങ്കില്‍ ഒരു മനഃശാസ്ത്ര വിദഗ്ധനെ കൂടി ഇടപെടുത്താം. ഇത്തരത്തില്‍ സോഷ്യല്‍ ജഡ്ജ്മെന്റിന് ഒരു പതിനേഴ് വയസുകാരനെ ഇട്ടുകൊടുത്തത് മൂലം അവന് ഭാവിയില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ല. ഇനി അവന്‍ ജീവിതത്തില്‍ ഒരു തെറ്റും ചെയ്തില്ലെങ്കില്‍ പോലും ഈ ഒരു ലേബല്‍ അവന് വന്നുകഴിഞ്ഞില്ലേ? ആ വീഡിയോ ഷെയര്‍ ചെയ്ത ഓരോരുത്തരും ആ വിദ്യാര്‍ത്ഥിയുടെ പ്രൈവസിയെ മാനിക്കേണ്ടതായിരുന്നു.
സ്‌കൂളില്‍ നിന്നുള്ള വീഡിയോ ആണ്. അധ്യാപകരോ സ്‌കൂളിലെ മറ്റുള്ളവരോ അറിയാതെ വീഡിയോ പുറത്ത് വരില്ലല്ലോ? കുട്ടിയെ നേര്‍വഴി കാണിച്ചു കൊടുക്കേണ്ട സ്‌കൂളില്‍ നിന്നുതന്നെ ഇത്തരത്തില്‍ വീഡിയോ പുറത്ത് വരുന്നത് ഗൗരവമായി കാണേണ്ടതില്ലേ?
വീഡിയോ ഏത് വിധേന പുറത്തെത്തി എന്ന കാര്യത്തില്‍ എനിക്ക് വ്യക്തതയില്ല. പക്ഷെ ആ ദൃശ്യം ഈ രീതിയില്‍ പ്രചരിപ്പിക്കപ്പെടരുതായിരുന്നു എന്നതാണ് പ്രധാനം. അധ്യാപകര്‍ക്കെതിരെ പലവിധത്തിലുള്ള ആക്രമണങ്ങള്‍, സമര പരിപാടികള്‍ എല്ലാം നാം കണ്ടിട്ടുണ്ട്. ഇന്ന് പ്രതികരിക്കുന്ന പലരുടെയും യൗവ്വനകാലം ക്ഷുഭിതമായിരുന്നല്ലോ. അന്നത്തെ പ്രീഡിഗ്രിക്കാലം അവര്‍ക്കും പതിനാറും പതിനേഴും വയസ്സ് തന്നെയായിരുന്നല്ലോ. അവരെല്ലാം ഇന്നും ആ സ്വഭാവക്കാരാണെന്ന് സമൂഹം വിലയിരുത്തുന്ന രീതി ഉണ്ടാകരുതല്ലോ. അതേ കാര്യമാണ് ഇവിടെയും ഉള്ളത്.
വിഷയത്തിന്റെ സാഹചര്യം, കാരണം എന്നിവ അവ്യക്തമായിരിക്കെയാണ് വിദ്യാര്‍ത്ഥിയെ 'കഞ്ചാവാണെന്ന്' വിമര്‍ശിക്കുന്നതും കുറ്റപ്പെടുത്തുന്നതും. പുതിയ തലമുറയിലെ ഒരാളില്‍ നിന്ന് ഒരു പ്രശ്‌നം സംഭവിച്ചാല്‍ അവരെ ഈ രീതിയില്‍ മുദ്രകുത്തുന്ന ഒരു രീതി ഇപ്പോഴുണ്ടല്ലോ?
എനിക്ക് ഏറ്റവും വിഷമം തോന്നുന്ന കാര്യം അതാണ്. നമ്മളായിട്ട് ഓരോ ജഡ്ജ്മെന്റിലേക്ക് എത്തിച്ചേരുകയാണല്ലോ. നമുക്ക് അവരുടെ ബാക്ഗ്രൗണ്ട് അറിയില്ലല്ലോ. അവരുടെ സാഹചര്യം അറിയാതെ ഞാന്‍ പോലും ഇതേക്കുറിച്ച് സംസാരിക്കരുത് എന്നാണ് എന്റെ പക്ഷം. പേരന്റിംഗില്‍ ആണോ പ്രശ്‌നം എന്ന കാര്യം നമുക്ക് വ്യക്തമല്ല. ഇവരുടെ സ്‌കൂളിലെ ഒരു അധ്യാപികയാണെന്ന് പറഞ്ഞ് ഒരാള്‍ എനിക്ക് അല്‍പം മുമ്പ് മെസേജ് അയച്ചു. നിങ്ങള്‍ അധ്യാപകര്‍ക്കെതിരായും കുട്ടിയെ പിന്തുണച്ചുമാണ് സംസാരിച്ചത് എന്നാണ് മെസേജില്‍ അവര്‍ പറഞ്ഞത്. ഇതാണ് സ്ഥിതി, പുതിയ കാലത്തെ പേരന്റിങ് രീതിയെ കുറിച്ച് പറഞ്ഞപ്പോഴേക്ക് ഈ രൂപത്തിലാണ് അതിനെ വ്യാഖ്യാനിക്കുന്നത്. നാളെ ആ കുട്ടി പുറത്തിറങ്ങിയാല്‍ സമൂഹം ഇതേ കണ്ണോടെയല്ലേ കാണുക.
കൈകാര്യം ചെയ്ത രീതിയാണ് ഈ വിഷയത്തെ വഷളാക്കിയത് എന്ന് തോന്നുന്നുണ്ടോ? അധ്യാപകര്‍ക്ക് വിഷയത്തെ എങ്ങനെ പരിഹരിക്കാമായിരുന്നു?
ആ ഫോണില്‍ എന്താണ് ഉണ്ടായിരുന്നത്, അവന്‍ പ്രകോപിതനാകാനുള്ള സാഹചര്യം എന്തായിരുന്നു എന്നതൊന്നും നമുക്ക് അറിയില്ല. അധ്യാപകര്‍ കൈകാര്യം ചെയ്ത രീതി എന്തെന്നും നമുക്ക് വ്യക്തമല്ല. വീഡിയോ പൊതുമധ്യത്തില്‍ വരാന്‍ പാടില്ലായിരുന്നു എന്നതാണ് ഇവിടെ പ്രധാനം.
മൈനര്‍ ആയ വിദ്യാര്‍ത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവിനെ ടെലിവിഷന്‍ ചാനലുകള്‍ കൈകാര്യം ചെയ്തതും പ്രശനമാണല്ലോ? ആദ്യഘട്ടത്തില്‍ കുട്ടിയുടെ മുഖം ദൃശ്യമാകുന്ന വിധത്തിലാണ് ചാനലുകള്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തത്. വിഷയം വഷളാക്കിയതില്‍ മാധ്യമങ്ങള്‍ക്കും പങ്കില്ലേ?
ഒരു കുട്ടിയെ സംബന്ധിച്ചുള്ള വാര്‍ത്ത ഷെയര്‍ ചെയ്യുന്ന സമയത്ത് പാലിക്കേണ്ട മര്യാദകള്‍ സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് ഒരു പ്രോട്ടോക്കോള്‍ ഉണ്ടാകില്ലേ? ഞാന്‍ പഠിച്ചത് ജേര്‍ണലിസം അല്ലാത്തതിനാല്‍ അക്കാര്യത്തില്‍ വ്യക്തതയില്ല. മുഖ്യധാരാ മാധ്യമങ്ങളെല്ലാം കുട്ടിയുടെ മുഖം കാണിച്ചാണ് ആദ്യ ഘട്ടത്തില്‍ വീഡിയോ സംപ്രേഷണം ചെയ്തത്. അക്കാര്യത്തില്‍ വിഷമം തോന്നുന്നുണ്ട്.
'അടി കിട്ടിയവരെല്ലാം നന്നായിട്ടുമില്ല, നശിച്ചിട്ടുമില്ല', അശ്വതി ഈ വിഷയത്തില്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ ഇങ്ങനെ പറയുന്നുണ്ട്. പുതിയ കാലത്തെ പേരന്റിങ് രീതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കേണ്ടതില്ലേ?
ഞങ്ങളൊക്കെ കുട്ടികളെ വളര്‍ത്തിയവരാണ്. നിങ്ങള്‍ ഈ പറയുന്ന കാര്യങ്ങള്‍ ഒന്നുമല്ല ശരി എന്ന രീതിയില്‍ പ്രയമായവര്‍ പറയുന്നത് പോലെയല്ല നിലവിലെ കാര്യങ്ങള്‍. ഇത്രയേറെ ടെക്നോളജി വിപുലമായ സാഹചര്യത്തില്‍ അന്നത്തെപ്പോലെയല്ല കാര്യങ്ങള്‍ എന്നതാണ് അവരെ പറഞ്ഞ് മനസിലാക്കേണ്ടത്. കുട്ടികള്‍ മുഴുവന്‍ ഹൈപ്പര്‍ കണക്ടഡ് ആണ്. ലോകത്ത് സംഭവിക്കുന്ന കാര്യങ്ങളെല്ലാം അവര്‍ അറിയുന്നുണ്ട്. സിനിമകളിലും വാര്‍ത്തകളിലും എന്നിങ്ങനെ എല്ലാ തലത്തിലും വയലന്‍സ് നിറഞ്ഞ കാലമാണ്. കുട്ടികളും ഇത് കാണുന്നുണ്ടല്ലോ, 'കണക്ട് ബിഫോര്‍ യു കറക്ട്' എന്ന ഒരു വാചകമുണ്ട്. തിരുത്തും മുമ്പ് ബന്ധം സ്ഥാപിക്കാനാകണം. ഇക്കാര്യങ്ങളെല്ലാം പറയുമ്പോള്‍ കുട്ടി ചെയ്ത പ്രവൃത്തിയെ ഞാന്‍ പിന്തുണക്കുന്നു എന്നല്ല, ആ വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ല എന്നാണ്. ഒരു ഘട്ടത്തിലും ഈ രീതിയില്‍ സോഷ്യല്‍ ജഡ്ജ്മെന്റ് നടത്തുന്ന സാഹചര്യം ഉണ്ടാകരുത്.