<div class="paragraphs"><p>Artist and cartoonist Sageer</p></div>

Artist and cartoonist Sageer

 
Interview

പൊങ്ങച്ചങ്ങളുടെ ബലൂൺ കുത്തിപ്പൊട്ടിക്കാനാണ് ഞാൻ ശ്രമിച്ചത്: ആർട്ടിസ്റ്റ് സഗീർ അഭിമുഖം

പ്രവാസജീവിതത്തിന്റെ ദുരിതങ്ങൾ കാർട്ടൂണുകളിലൂടെ മലയാളികളിലേക്കെത്തിച്ച കലാകാരനാണ് സഗീർ. ഗൾഫ് ജീവിതത്തിന്റെ പ്രതിഫലനങ്ങളെ സാമൂഹികവിമർശനത്തിന് വിധേയമാക്കുന്ന അദ്ദേഹത്തിന്റെ ഗൾഫുംപടി പി. . എന്ന കാർട്ടൂൺ പരമ്പര സാമൂഹിക വിമർശനത്തിലൂന്നിയ ചുരുക്കം പരമ്പരകളിൽ ഒന്നാണ്. പത്തുവർഷത്തോളം പ്രവാസജീവിതം നയിച്ച അദ്ദേഹം മാധ്യമം, ചന്ദ്രിക തുടങ്ങിയ ആഴ്ചപ്പതിപ്പുകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഇലസ്ട്രേഷനുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, കോഴിക്കോട് ആർട്ടിസ്റ്റ് ഫോറത്തിന്റെ എ.എസ്. ഇലസ്ട്രേഷൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. വരയുടെ അരനൂറ്റാണ്ട് പിന്നിടുന്ന അവസരത്തിൽ അദ്ദേഹത്തോടു സംസാരിക്കുകയാണ് ഗവേഷകനായ രാജേഷ് പഞ്ഞത്തൊടി.

വരയുടെ തുടക്കം, കാർട്ടൂണിസ്റ്റാകാനുള്ള പ്രചോദനം എന്നിവയെക്കുറിച്ച് പറയാമോ?

വളരെ ചെറുപ്പത്തിൽ തന്നെ ഞാൻ കാർട്ടൂൺ രൂപങ്ങൾ വരച്ചിരുന്നു. പിന്നീട് പഠിക്കുന്ന കാലത്ത് പാക്കനാരിലും മറ്റും പ്രസിദ്ധീകരിച്ചിരുന്നു. എനിക്ക് തോന്നുന്നത് ഒരു നാൽപ്പത് കൊല്ലം മുൻപ് ചന്ദ്രികയിൽ പത്ത്‌ ലക്കങ്ങളിലായി ‘കോരുവും ഭൂതവും’എന്ന ഒരു കാർട്ടൂൺ പരമ്പര വരച്ചിരുന്നു. അന്ന് ചന്ദ്രികയിൽ നിന്ന് ലഭിച്ച മുന്നൂറു രൂപയാണ് എനിക്ക് ലഭിച്ച ആദ്യത്തെ പ്രതിഫലം. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ സഗീർ ആർട്സ് എന്ന പേരിൽ എനിക്ക് ഒരു പരസ്യകലാസ്ഥാപനം ഉണ്ടായിരുന്നു. ആ സമയത്താണ് മാതൃഭൂമിയിലെ യുവരശ്മി എന്ന കോളത്തിൽ എൻറെ ആദ്യത്തെ കാർട്ടൂൺ അച്ചടിച്ച് വരുന്നത്. ആ സമയത്ത് ആസ്ത്മയ്ക്കുള്ള മരുന്നു കണ്ടുപിടിച്ച എന്ന പേരിൽ പത്രത്തിൽ വാർത്ത വന്നിരുന്നു. വാർത്തയുടെ കൂടെ മനുഷ്യൻ ജീവനുള്ള ഒരു എലിയെ വിഴുങ്ങുന്ന ഒരു ചിത്രമുണ്ടായിരുന്നു. ആ ചിത്രം ഞാൻ തിരിച്ച് വരച്ചു; മനുഷ്യനെ എലി വിഴുങ്ങുന്ന ഒരു കാർട്ടൂൺ ആയിരുന്നു അത്. വിഴുങ്ങുമ്പോൾ ഉണ്ടാകുന്ന ശബ്ദം പ്ലേഗ്... പ്ലേഗ്... എന്നാണ് ഞാൻ വരച്ചത്.

പ്രവാസം കേരളത്തിലുണ്ടാക്കിയ സാമൂഹിക മാറ്റങ്ങളെ വിമർശനത്തിനു വിധേയമാക്കുന്ന 'ഗൾഫുംപടി പി. ഓ.' എന്ന കാർട്ടൂൺ സീരീസ് വരക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു?

ഗൾഫുംപടി എന്ന കാർട്ടൂൺ വരയ്ക്കാൻ ഉണ്ടായ സാഹചര്യം പത്തുവർഷത്തെ എൻറെ ഗൾഫ് ജീവിതം തന്നെയാണ്. അതുതന്നെയായിരുന്നു അതിന്റെ പ്രചോദനവും. ചന്ദ്രിക ആഴ്ച്ചപ്പതിപ്പിന്റെ അവസാനത്തെ പേജ് എനിക്കുള്ളതായിരുന്നു. അതിൽ ഞാൻ കുഞ്ഞായിൻ മുസ്ലിയാർ തുടങ്ങിയ ചിത്രകഥാ രൂപത്തിലുള്ള കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചു വരികയായിരുന്നു. ആ സമയത്ത് എനിക്ക് തന്നെ ചെറുതായി ബോറടിച്ചു തുടങ്ങി. അപ്പോഴാണ് എന്തായാലും എനിക്ക് ഒരു പേജ് അവിടെ ഉണ്ടല്ലോ അതിൽ എന്റെയും ഗൾഫിലെ സഹപ്രവർത്തകരുടെയും ബന്ധുക്കളുടെയും മറ്റും അവസ്ഥകളെ ചിത്രീകരിക്കുന്ന രീതിയിലുള്ള ഒരു കാർട്ടൂൺ ആവാം എന്ന് ചിന്തിച്ചത്. അങ്ങനെയാണ് ഗൾഫുംപടി എന്ന പേരിൽ കാർട്ടൂൺ വരയ്ക്കാൻ തുടങ്ങിയത്.

പരമ്പരാഗത ഹാസ്യത്തിൽനിന്ന് മാറി പ്രവാസജീവിതം എന്ന വിഷയത്തിൽ കാർട്ടൂൺ വരച്ചുതുടങ്ങിയപ്പോൾ വായനക്കാരിൽ നിന്നുണ്ടായ പ്രതികരണം എങ്ങിനെയായിരുന്നു?

പ്രവാസജീവിതം എന്ന വിഷയത്തിൽ കാർട്ടൂൺ വരച്ചു തുടങ്ങിയപ്പോൾ വായനക്കാരിൽ നിന്നും നല്ല പ്രതികരണമല്ല തുടക്കത്തിൽ ഉണ്ടായത്. പക്ഷേ, ഒരു എട്ടു-പത്തു ലക്കം വരച്ചു കഴിഞ്ഞപ്പോൾ നല്ല അഭിപ്രായങ്ങൾ വന്നുതുടങ്ങി. പല പ്രമുഖരും അതിനെക്കുറിച്ച് കത്തുകളും ലേഖനങ്ങളും എഴുതി. കാർട്ടൂൺ കണ്ട് ആദ്യം സിവിക് ചന്ദ്രൻ ചന്ദ്രികയിലേക്ക് ഒരു കത്തെഴുതിയിരുന്നു. അതുപോലെ എഴുത്തുകാരനും കവിയുമായിരുന്ന പി. ട്ടി. അബ്ദുറഹ്മാൻ ചന്ദ്രികയിൽ ഒരു നീണ്ട കത്ത് ഇതിനെക്കുറിച്ച് പ്രസിദ്ധീകരിച്ചിരുന്നു. എഴുത്തുകാരൻ എൻ. എസ്. മാധവൻ, സംവിധായകൻ കെ. എസ്. സേതുമാധവൻ തുടങ്ങി പലരും ഇതിനെക്കുറിച്ച് പിന്നീട് എഴുതി. ഇത് ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ വലിയ സ്വീകരണമാണ് ലഭിച്ചത്. മുതിർന്ന കാർട്ടൂണിസ്റ്റ് പി. വി. കൃഷ്ണൻ, ഡോക്ടർ എം. എ. റഹ്മാൻ, പി. സുരേന്ദ്രൻ തുടങ്ങിയവർ ഗൾഫുംപടിയെക്കുക്കുറിച്ച് ലേഖനങ്ങൾ എഴുതുകയുണ്ടായി.

സ്വന്തം പ്രവാസജീവിതത്തിന്റെ വെളിച്ചത്തിൽ വരച്ചതായതു കൊണ്ട് ഗൾഫുംപടിയിൽ എത്രത്തോളം ആത്മാംശം ഉണ്ടെന്നു പറയാനാകും?

സ്വന്തം പ്രവാസജീവിതത്തിന്റെ വെളിച്ചത്തിൽ വരച്ചതായതുകൊണ്ട്ആ ത്മാംശം ഉണ്ടെന്നുള്ളത് തീർച്ചയാണ്. പക്ഷേ അതിൽ എന്റെ ഗൾഫിലുള്ള പരിചയക്കാർ, സഹപ്രവർത്തകർ എന്നിവരുടെ അനുഭവങ്ങൾ കൂടിയുണ്ട്. ഇതിൽ ഞാൻ ഫോക്കസ് ചെയ്തത് പ്രവാസജീവിതം നാട്ടിലുണ്ടാക്കുന്ന ആർഭാടവും ധൂർത്തും, അതുപോലെ ഗ്രാമങ്ങളിൽ പ്രവാസം കൊണ്ടുവന്ന മാറ്റവും ഒക്കെയാണ്. അതുകൊണ്ടുതന്നെ ആത്മാംശത്തിലേറെ പുറത്തുള്ള പലരുടെയും ജീവിതങ്ങളും അതിൽ വന്നിട്ടുണ്ട്.

മുല്ലാക്കഥകളും സർദാർജി ഫലിതങ്ങളും വരച്ചതിൽനിന്നും ഗൾഫുംപടിയിലേക്ക് വന്നപ്പോൾ വരയുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന മാറ്റങ്ങൾ എന്തെല്ലാമായിരുന്നു?

സഗീർ

മുല്ലാക്കഥകളും സർദാർജി ഫലിതങ്ങളും വരയ്ക്കുമ്പോൾ ഏതാണ്ട് ഒരു ഉത്തരേന്ത്യൻ രീതിയിലുള്ള വസ്ത്രധാരണവും കാര്യങ്ങളും ഒക്കെയുള്ള ചിത്രങ്ങളാണ് ഞാൻ വരച്ചിരുന്നത്. അതിൽ പലതും യഥാർഥത്തിൽ ഉണ്ടായിരുന്ന ഫലിതങ്ങളാണ്. അത് വരയ്ക്കുക എന്ന ഒരു കാര്യം മാത്രമാണ് എനിക്ക് ചെയ്യാനുണ്ടായിരുന്നത്. പക്ഷേ ഗൾഫുംപടി വരയ്ക്കാൻ തുടങ്ങിയപ്പോൾ അങ്ങനെയായിരുന്നില്ല. ജീവിതത്തിൽ ഞാൻ കണ്ടറിഞ്ഞതിന്റെ ഒരു നേർകാഴ്ച്ച വരച്ചു പിടിപ്പിക്കണം എന്നുള്ള ചിന്തയും അതിനുള്ള ആലോചനയും ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. അതൊരു വലിയൊരു വെല്ലുവിളിയായിരുന്നു. അപ്പോഴത്തെ തിരക്കിൽ കാര്യമായി നന്നായി ചെയ്യാൻ പറ്റിയില്ല എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. പക്ഷേ, അത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞു എന്നുള്ളതിൽ സംതൃപ്തിയുണ്ട്.

കാർട്ടൂണുകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് എപ്പോഴാണ്?

ഗൾഫുംപടി പുസ്തകരൂപത്തിൽ ആക്കണം എന്നൊന്നും ആഗ്രഹിച്ചിരുന്നില്ല. ഇത് വരച്ചു തുടങ്ങിയപ്പോൾ കിട്ടിയ പ്രചാരവും വായനക്കാരുടെ പിന്തുണയും ഒക്കെ കണ്ടപ്പോൾ ഇത് ഗൾഫുംപടി പി. ഓ. എന്ന പേരിൽ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കണം എന്ന് ആദ്യം പറഞ്ഞത് ചന്ദ്രികയുടെ അന്നത്തെ എഡിറ്ററായിരുന്ന റഹീം മേച്ചേരി ആയിരുന്നു. ചന്ദ്രിക തന്നെ ഒരു പുസ്തകമാക്കി ഇറക്കുന്ന രീതിയിലാണ് അദ്ദേഹം പറഞ്ഞിരുന്നത്. പക്ഷേ അതിനിടയിൽ അദ്ദേഹം മരിച്ചു പോയി. പിന്നീട് ഡോക്ടർ എം. കെ. മുനീന്റെ നേതൃത്വത്തിലുള്ള ഒലീവ് ബുക്സിൽ നിന്നാണ് പുസ്തകമാക്കി ഇറക്കുന്നത്.

പ്രവാസ ജീവിതത്തിൻറെ യാതനകൾ പുറത്തുകൊണ്ടുവരുന്ന ഒട്ടേറെ സാഹിത്യ/ കലാസൃഷ്ടികൾ മലയാളികൾക്ക് പരിചിതമാണ്. ഇതിൽ നിന്നെല്ലാം വേറിട്ട് ഗൾഫിന്റെ കേരളത്തിലെ പ്രതിഫലനങ്ങൾ മാത്രം ഒപ്പിയെടുത്തതിന് പ്രത്യേക ഉദ്ദേശങ്ങളുണ്ടോ?

പ്രവാസ ജീവിതത്തിൻറെ യാതനകൾ പുറത്തുകൊണ്ടുവരുന്ന സാഹിത്യ കലാസൃഷ്ടികൾ ഉണ്ടായിട്ടുണ്ട് എന്നുള്ളത് സത്യമാണ്. മിക്കവാറും എല്ലാ സാഹിത്യ സൃഷ്ടികളിലും ഗൾഫുകാരൻ അവിടെ അനുഭവിക്കുന്ന ദുരിതങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടാണ്. എന്നാൽ കാർട്ടൂണുകളിൽ നേരെ മറിച്ചും; കൂളിംഗ് ഗ്ലാസും ടേപ്പ് റിക്കോർഡറും ബെൽ ബോട്ടം പാന്റും കള്ളി ഷർട്ടും ഇട്ട് ചെത്തി നടക്കുന്ന ഒരു കോമാളി വേഷം ആയിട്ടാണ് ഗൾഫുകാരനെ ചിത്രീകരിച്ചിരുന്നത്. പക്ഷേ ഒരു പ്രവാസി എന്ന രീതിയിൽ എൻറെ മനസ്സിൽ വന്ന ചിത്രം അങ്ങനെയല്ല. കാരണം അവൻ അവിടെ അധ്വാനിച്ചുണ്ടാക്കുന്ന പണം ഇവിടെ വേണ്ടപ്പെട്ടവരും കുടുംബക്കാരും ബന്ധുക്കളും ആർഭാടമായി ചെലവഴിക്കുന്ന അവസ്ഥ കണ്ടപ്പോൾ ഞാനെന്റെ കാഴ്ച്ച അതിലേക്കാണ് കൊടുത്തത്. ഇവിടെയുണ്ടാകുന്ന അത്തരം പൊങ്ങച്ചങ്ങളുടെ ബലൂൺ കുത്തിപ്പൊട്ടിക്കാനാണ് ഞാൻ ശ്രമിച്ചത്.

ഗൾഫ് മേഖല കേരളത്തിലുണ്ടാക്കിയ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക ചലനങ്ങൾ വലിയ രീതിയിലുള്ള പഠനങ്ങൾക്ക് വിഷയമായിട്ടുണ്ട്. ഇത്തരത്തിലുള്ള പഠനങ്ങളിൽനിന്ന് കാർട്ടൂൺ മാറ്റിനിർത്തപ്പെടുന്നു എന്ന് തോന്നിയിട്ടുണ്ടോ?

കാർട്ടൂൺ അത്ര പ്രോത്സാഹിപ്പിക്കുന്ന സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. കാർട്ടൂൺ പലമേഖലകളിലും മാറ്റിനിർത്തപ്പെടുകയാണ് ചെയ്യുന്നത്. പത്രത്തിലൊക്കെ ഒരു കോളം രാഷ്ട്രീയ കാർട്ടൂൺ വരും എന്നല്ലാതെ സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കാർട്ടൂണുകൾക്ക് അവസരം കിട്ടുന്നില്ല എന്നുള്ളത് സത്യമാണ്. വാർഷികപ്പതിപ്പിൽ വരുന്ന ഒന്നോ രണ്ടോ പേജിലുള്ള സാമൂഹിക കാർട്ടൂണുകൾ മാത്രമാണ് ഒരു അവസരമായി ഉണ്ടായിരുന്നത്, അതും ഇപ്പോൾ വളരെ പിന്നോട്ട് പോകുന്നു എന്ന് തോന്നിയിട്ടുണ്ട്.

ഗൾഫിൽ ഉയർന്നുവരുന്ന സ്വദേശിവൽക്കരണവും കൊവിഡ് മൂലമുള്ള ജോലി നഷ്ട്ടവുമെല്ലാം മലയാളികളെ സംബന്ധിച്ച് ആശങ്കാജനകമാണ്. കൂടുതൽപേർ തിരിച്ചുവരുന്ന ഈ സാഹചര്യത്തിൽ ഗൾഫുംപടിയുടെ രണ്ടാം പതിപ്പിന്റെ പ്രസക്തിയെക്കുറിച്ച പറയാമോ?

ഗൾഫിൽ നിന്നും ആളുകൾ തിരിച്ചു വരുന്നു എന്നുള്ളതും അവിടെ ജോലി അവസരങ്ങൾ കുറഞ്ഞു വരുന്നു എന്നുള്ളതും സത്യമാണ്. ആ വിഭാഗക്കാർക്ക് ചേർത്തുപിടിക്കുക്കാനുള്ള ഒരു പുസ്തകം എന്ന നിലയ്ക്ക് മാത്രമല്ല ഗൾഫുംപടിയുടെ പ്രസക്തി. ഇന്ന് ഗൾഫുമായി ബന്ധപ്പെടാത്ത ഒരു കുടുംബവുമില്ല എന്നുള്ളതാണ് അതിന്റെ കാരണം. അവർക്കെല്ലാം ചേർത്തുപിടിക്കാനും, വായിച്ചാസ്വദിക്കാനും, ചിന്തിക്കാനും, കണ്ണു നനയാനുമുള്ള ഒരു പുസ്തകം ആയിട്ടാണ് ഞാൻ ഗൾഫുംപടിയുടെ രണ്ടാം പതിപ്പിനെ കാണുന്നത്. കാർട്ടൂണിസ്റ്റ് അനിൽ വേഗയുടെ കോട്ടയത്തെ ഡോൺ ബുക്സ് ആണ് പ്രസാധകർ. എന്റെ വരയുടെ അരനൂറ്റാണ്ട് പ്രമാണിച്ച് സുഹൃത്തുക്കളും കലാകാരന്മാരും കോഴിക്കോട് ആർട്ട് ഗാലറിയിൽ വെച്ച് നടത്തിയ പരിപാടിയിലാണ് അത് പ്രകാശിപ്പിച്ചത്. പ്രശസ്ത കാർട്ടൂണിസ്റ്റായ ഗോപീകൃഷ്ണനാണ് പ്രകാശിപ്പിച്ചത്, ഏറ്റുവാങ്ങിയത് കവി സിവിക് ചന്ദ്രനും.

ഗൾഫുംപടി സിനിമയാകുന്നു എന്ന വാർത്ത കേട്ടിരുന്നു, കൂടുതൽ പറയാമോ?

ഗൾഫുംപടി സിനിമയാകും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഷൈജു ഗോവിന്ദ് എന്ന സംവിധായകൻ ഇതിൻറെ ചർച്ചകളുമായി മുന്നോട്ട് വന്നിരുന്നു. ഒന്ന് രണ്ട് തരത്തിൽ അതിനുവേണ്ടി സ്ക്രിപ്റ്റ് എഴുതുകയും ചെയ്തിട്ടുണ്ട്. അവസാനം ഗൾഫുംപടിയിലെ നായികയായ സൈനുവിനെ ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള ഒരു സ്ക്രിപ്റ്റ് എഴുതി കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് ഉണ്ടായത്. എന്തായാലും നടക്കുമെന്ന് തന്നെയാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. നമുക്ക് കാത്തിരിക്കാം.

മാറിവരുന്ന മാധ്യമ സംസ്കാരത്തിൽ കാർട്ടൂണിസ്റ്റിന്റെ പ്രസക്തി എത്രത്തോളമുണ്ട് ?

സമൂഹത്തിൽ പോരായ്മകൾ നിലനിൽക്കുന്ന കാലത്തോളം കാർട്ടൂണുകൾ പ്രസക്തമാണ്. എല്ലാം തികഞ്ഞ സ്വർഗത്തിൽ മാത്രമേ കാർട്ടൂണിസ്റ്റിനു മരണമുള്ളൂ.

ഹോങ് കോങ്ങ് സർവ്വകലാശാലയിൽ ഗവേഷകനാണ് രാജേഷ് പഞ്ഞത്തൊടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT